Monday, October 26, 2009

ഇതൊരുമാതിരി മറ്റേടത്തെ റാഗിംഗ് ആയിപ്പോയി അണ്ണാ...

"എവിട്രാ നിണ്റ്റെ വീട്‌?" മെസ്സില്‍ രാവിലെ ഇഡ്ഡലി എന്നു കുശിനിക്കാരന്‍ പറയുന്ന സാധനവും,എരുവ്‌ പുളി ഉപ്പ്‌ എന്ന മൂന്ന്‌ ഗുണങ്ങള്‍ എങ്ങിനിരിക്കും എന്നു ഈ ജന്‍മത്തിലും വരാന്‍ പോകുന്ന ജന്‍മത്തിലും അറിയാനേ പാടില്ലാത്ത ചമ്മന്തി (അതും ലവന്‍ വിളിക്കുന്നതാ) എന്ന പേരില്‍ ഒരു വെള്ള കറിയും ഗതി കെട്ടാല്‍ അഫി ഇതും തിന്നും എന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്‌ തിന്നു കൊണ്ടിരിക്കേ എണ്റ്റെ മുന്നിലിരിക്കുന്ന സീനിയറിണ്റ്റെ ചോദ്യം... "ആലപ്പുഴ.." വിനയാന്വിതനായ്‌ ഞാന്‍.(എന്നെ സമ്മതിക്കണം.. എന്താ അഭിനയം)ഇതു കേട്ടപ്പോല്‍ തന്നെ എണ്റ്റെ ഒപ്പമുണ്ടായിരുന്ന സഹമുറിയന്‍,ഞാന്‍ സ്നേഹപുരസ്സരം വീരപ്പന്‍ എന്ന്‌ വിളിക്കുന്ന ഫൈസ്‌..(ആ പേരു അവസാനം അവണ്റ്റെ എച്‌.ഓ.ഡി വരെ വിളിക്കാന്‍ തുടങ്ങി)അവണ്റ്റെ തീറ്റയുടെ സ്പീഡ്‌ കൂട്ടി,കാരണം അവനു മനസ്സിലായ്‌..യെവന്‍ കുടുങ്ങി...ഇതു റാഗിംഗിണ്റ്റെ തുടക്കമാണു..ചിലപ്പോ ലവന്‍ തിന്നതിണ്റ്റെ ബാക്കി തിന്നേണ്ടി വരും.. മാരത്തോണ്‍ ഓട്ടവും,സാങ്കല്‍പിക യജ്ഞങ്ങളും ഒക്കെയല്ലാതെ കാര്യമായ റാഗിംഗ്‌ ഒന്നും കിട്ടാതിരുന്ന ഞാന്‍ ഇതെങ്കിലും ഒന്നു മര്യാദയ്ക്ക്‌ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്നാഗ്രഹിച്ച്‌ ഉഷാറായ്‌ ഇരുന്നു. റവ പോലത്തെ ഒരു സാധനം വച്ചുണ്ടാക്കുന്ന ആ ഇഡ്ഡലി ഞാന്‍ എപ്പോളും ഒരെണ്ണമേ തിന്നാറുള്ളു(ലതു മതി,ഒരു രണ്ട്‌ ദിവസത്തേക്ക്‌ ദഹിക്കാതെ കിടന്നോളും..നാട്ടില്‍ കൂലിപ്പണിക്കാര്‍ക്ക്‌ കൊടുത്തിരുന്നെങ്കില്‍ ലവര്‍ ഹാപ്പി ആയേനേ)ആ ഇഡ്ഡലി എങ്ങാനും പട്ടിയെ എറിഞ്ഞാല്‍ ആ പട്ടി തിരികെ വന്ന്‌ നമ്മുടെ മാതാപിതാക്കളെ പറ്റി പരാമര്‍ശം നടത്തി തിരികെ പോകും..അത്ര കട്ടിയാ... വീരപ്പണ്റ്റെ സ്പീഡിലുള്ള തീറ്റ കണ്ടപ്പോ നമ്മുടെ സീനിയര്‍ അണ്ണനു അത്ര പിടിച്ചില്ല... "എന്താടാ നിനക്കു ഇവിടുത്തെ ഇഡ്ഡലി അത്ര ഇഷ്ടമാണോ. ?" വീര്‍ ആലോചിച്ചു (ആണെന്ന്‌ പറഞ്ഞാല്‍ ചിലപ്പോ ലവന്‍ തരുന്ന ഇഡ്ഡലി കഴിക്കണ്ടി വരും... ) "ഏയ്‌ ഒട്ടും ഇഷ്ടമല്ല.. " സീനിയര്‍"അതേയോ,എന്നാ നീ ദാ ഈ നാലു ഇഡ്ഡലി കൂടി തിന്ന്‌" വീര്‍.."വേണ്ട ചേട്ടാ.. " സീനിയര്‍ "പ്ഭ പന്ന​@##@ തിന്നെടാ പന്ന @@@ മോനേ" ഇതു കേള്‍കേണ്ട താമസം വീരപ്പന്‍ ചാര്‍ജായ്‌..'ങാഹാ അത്രയ്ക്കായോ..നിനക്കെന്നെ അറിഞ്ഞു കൂടാ..ഇതു നാലെണ്ണം തിന്നിട്ട്‌ തന്നെ ബാക്കി കാര്യം' എന്നുമ്പറഞ്ഞ്‌ നാലെണ്ണം എടുത്ത്പ്ളേറ്റിലിട്ടിട്ട്‌..കുറെ ചമ്മന്തി(?) എടുത്തൊഴിച്ചു ഇടിച്ച്‌ പറിച്ച്‌ (പിച്ചിയാലൊന്നും ആ സാധനം മുറിയില്ല) തിന്നാന്‍ തുടങ്ങി.. സീനിയര്‍ "അങ്ങനെ തിന്നണ്ട.. നീ വിഴുങ്ങിയാ മതി" പാവം വീര്‍ അതു വിഴുങ്ങാനുള്ള ഒരു ഭഗീരഥപ്രയത്നം തുടങ്ങി... ലവന്റെ കണ്ണ്‌ തള്ളി വരുന്നത്‌ കണ്ട്‌ ഞാന്‍ പേടിച്ചിട്ടാണൊ ലവനോടുള്ള സഹതാപം കൊണ്ടാണൊ എന്നറിയില്ല,ഞാന്‍ അറിയാതെ ഒന്നു പൊട്ടിച്ചിരിച്ചു പോയി... എന്നില്‍ നിന്നുള്ള പിടി വിട്ടിരുന്ന സീനിയറണ്ണന്‍ തിരികെ എന്നിലെത്തി.. "എന്താടാ (ഏതാണ്ട്) മോനേ തൊലിക്കുന്നത്‌" എന്ന കോമണ്‍ ചോദ്യവും ചോദിച്ചു(ഞാന്‍ ഹാപ്പി ആയ്‌) "എന്താ നീ വിഴുങ്ങുന്നോ ഇഡ്ഡലി.." 'മൊനേ ആ സൈസ്‌ ഇവിടെടുക്കില്ലാ..ഇതിണ്റ്റെ മറുപടി എനിക്കറിയാം" എന്ന്‌ മനസ്സില്‍ പറഞ്ഞ്‌ കൊണ്ട്‌ ഞാന്‍ പറഞ്ഞു "ങും അണ്ണന്‍ പറഞ്ഞാ വിഴുങ്ങാം.." അതേറ്റു.. "അണ്ണന്‍ പറയുന്നില്ല..നിനക്കുള്ള പണി യെവന്‍ ഇതു മൊത്തം വിഴുങ്ങുന്നത്‌ വരെ കൂട്ടിരിക്കണം..ഇല്ലേ മൊത്തം നിന്നെ കൊണ്ട്‌ വിഴുങ്ങിക്കും.. " അതു പണിയാകും എന്ന്‌ ഉറപ്പായ്‌.. ഞാന്‍ വീരപ്പനെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി "അളിയാ എങ്ങനേലും നീ വിഴുങ്ങളിയാ...തൊണ്ട വരെ എത്തിച്ചിട്ട്‌ ഒന്നു പ്രസ്സ്‌ ചെയ്താ മതി.. " ഞാന്‍ അവണ്റ്റെ പുറമൊക്കെ തടകി കൊടുത്ത്‌..അവന്‍ വിഴുങ്ങിയില്ലേ ഞാന്‍ വിഴുങ്ങണ്ടേ.. 'ഗുപ്പ്‌..ഗ്ളാജ്‌..ഗുവ്വ..ഇംഗി..ഗാഷ്‌....' ഇതെന്താണെന്നു മനസ്സിലാവണമെങ്കില്‍ ഒരു ഇഡ്ദലി എടുത്ത്‌ വിഴുങ്ങിയിട്ട്‌ തൊണ്ടയില്‍ 'അക്കരെ യിക്കരെ നിന്നാലെങ്ങനെ ആശ തീരും' എന്ന അവസ്ഥയില്‍ നില്‍കുമ്പോ അറിയാവുന്ന പുളിച്ച തെറി വിളിച്ചു നോക്കിയാ മതി...സെയിം സൌണ്ടുകളാവും പുറത്ത്‌ വരിക. അങ്ങനെ ലവനെ കൊണ്ട്‌ ആവശ്യത്തിനു ഇഡ്ഡലിയും തീറ്റിപ്പിച്ചിട്ട്‌ റൂമിലെത്തി..ഇഡ്ഡലി തിന്ന ക്ഷീണത്തില്‍ വീരു നേരേ കയറി കിടന്നു..അന്ന്‌ ഗെയിംസിണ്റ്റെ ദിവസമായത്‌ കൊണ്ട്‌ അവധിയാരുന്നു.. ഞാനും സൈഡില്‍ മാറി എണ്റ്റെ ബെഡ്ഡില്‍ കയറി കിടന്നു.. ഞാന്‍ ചോദിച്ചു "അളിയോ! എങ്ങനുണ്ട്‌,വെള്ളം വല്ലതും വേണോഡേ,ഇഡ്ഡലിയൊക്കെ വിഴുങ്ങിയിട്ട്‌ തൊണ്ട ഇപ്പോ പൂരം കഴിഞ്ഞ പറമ്പ്‌ പോലായി കാണുമല്ലോ " വീരുവിണ്റ്റെ മറുപടി "വേണ്ടളിയാ.."(ഇതു ഞാന്‍ കുറേ കഷ്ടപ്പെട്ട്‌ എടിറ്റ്‌ ചെയ്തെഴുതിയ മറുപടിയാ.. കാരണം ഈ ബ്ളോഗ്‌ ചിലപോ എണ്റ്റെ വീട്ടുകാരും വായിക്കുന്നതാണേയ്‌,ലവന്‍ പറഞ്ഞ ബാക്കി വാക്കുകള്‍ കേട്ടാല്‍ കൊടുങ്ങല്ലൂരമ്മ പോലും ഓടിയൊളിക്കും) അങ്ങനെ കിടക്കുന്ന ലവനെ ചൊറിഞ്ഞിട്ട്‌ ഇന്നു പ്രത്യേകിച്ചൊന്നും കിട്ടില്ല എന്നുറപ്പായതു കൊണ്ട്‌ ഞാന്‍ പതിവു പോലെ കുളിച്ച്‌ റെഡി ആയി(സത്യമായിട്ടും ഡെയ്ളി കുളിക്കും) നല്ല ഉടുപ്പും ലുങ്കിയുമൊക്കെ ഉടുത്ത്‌ റൂമില്‍ ചീട്ട്‌ കളിക്കാനായ്‌ ഇരുന്നു..അന്നരം വാതിലില്‍ മുട്ട്‌ (എല്ലാ മഹാന്‍മാരും മിക്കവാറും ഒത്ത്‌ കൂടുന്നത്‌ ഞാനും എണ്റ്റെ സഹമുറിയന്‍മാരും താമസിക്കുന്ന വലിയ റൂമിലായത്‌ കൊണ്ട്‌ ഞങ്ങടെ വാര്‍ഡന്‍ മഹാന്‍ അതിനെ മീറ്റിംങ്ങ്‌ റൂം എന്നൊരു ബോര്‍ഡ്‌ വരെ എഴുതി തൂക്കിയിട്ടുണ്ട്‌..അതു കൊണ്ട്‌ വരുന്നവരും പോകുന്നവരുമൊക്കെ ഞങ്ങടെ റൂമില്‍ ഒന്നു മുട്ടിയിട്ടേ പോകാറുള്ളു..ഞങ്ങള്‍ ചീട്ടൊക്കെ ഒളിപ്പിച്ച്‌ വാതില്‍ തുറന്നു..അത നില്‍കുന്നു ഒരു സീനിയര്‍ മഹാന്‍..റൂം നിശബ്ദ്ധമായ്‌.. ' ഇന്നിനി ആരാണാവോ അടുത്ത ഇര എന്ന്‌ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. ഞാന്‍ വീരുവിനെ ഒന്നു പാളി നോക്കി.. അവന്‍ തല സ്പീഡില്‍ ഒരു വെട്ടിക്കല്‍ വെട്ടിച്ചു,കണ്ണൊക്കെ ഉരുട്ടിയിട്ട്‌..അതിണ്റ്റെ അര്‍ഥം 'നിനക്കിനിയും മതിയായില്ലേഡേ..ഇവിടെന്താടാ ഞാന്‍ തുണിയില്ലാണ്ടിരിക്കുന്നോ..നേരേ നോക്കെടാ പി കെ ഡിടെ മോനേ' എന്നാണെന്നു എനിക്ക്‌ ഉടനേ മനസ്സിലായ്‌ ( കയ്യിലിരുപ്പ്‌ അതായതു കൊണ്ട്‌ ഈ സൈസ്‌ നോട്ടം ഞാന്‍ പല തവണ കണ്ടിരിക്കുന്നു... ഞാനാരാ മൊതലു) ഉടനേ സീനിയര്‍ എന്നോട്‌.."യെഡേയ്‌ നീ ഇന്നാളു ബാസ്കറ്റ്‌ ബോള്‍ കളിക്കുന്നതു കണ്ടാരുന്നല്ലീ..നീ തന്നേയ്‌.?" (ഈശ്വരാ അതാരുന്നോ ബാസ്കറ്റ്‌ ബോള്‍,അപ്പോ ബോളീ വോള്‍ ഏതാ.. ?) ഞാന്‍ വീണ്ടും വിനയാന്വിതനായ്‌(എന്നെ വീണ്ടും സമ്മതിക്കണം..ശ്ശോ..)"അതേ.. പക്ഷേ അത്ര കാര്യമായ്‌ കളിക്കാനറിയില്ല ചുമ്മ ഒന്നു ട്രയല്‍ നോക്കിയതാ "നീ കോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ടോ,അത്‌ മതിയെഡേ ക്വാളിഫിക്കേഷന്‍... നീ വേഗം കുറച്ച്‌ പേപ്പറൊക്കെ ഏടുത്ത്‌ വേഗം കോര്‍ട്ടിലേക്ക്‌ വാ" പേപ്പറൊക്കെ എടുത്തു പോയിട്ട്‌ എന്തിനാ.. ...തമ്പുരാനേ സ്കോര്‍ എഴുതാന്‍... .....തൊലഞ്ഞു.. "അളിയാ എഡേ ഈ ബാസ്കറ്റ്‌ ബോളിണ്റ്റെ സ്കോര്‍ എങ്ങനാ ഗോള്‍ ആണോ അതോ റണ്‍സ്‌ ആണോ?" എണ്റ്റെ ചോദ്യം കേട്ട്‌ സഹമുറിയന്‍മാര്‍ ഞെട്ടി..എന്നു നിങ്ങല്‍ തെറ്റിധ്ഹരിക്കണ്ടാ,കാരണം എണ്റ്റെ സ്വഭാവത്തിനു ഇതൊന്നും കിട്ടിയാ പോരാ എന്ന്‌ അവര്‍ക്ക്‌ നന്നായറിയാം. റൂമിലുണ്ടായിരുന്ന ___റാന്‍ മുട്ടി എന്നു നീട്ടിയും ____റു എന്നു ചുരുക്കിയും ഞങ്ങള്‍ വിളിക്കുന്ന (ആ ഡാഷില്‍ ഫില്‍ ചെയ്യെണ്ട അക്ഷരത്തിണ്റ്റെ ഒരു ക്ളൂ വേണേ തരാം 'തൂക്കി കൊല്ലുന്നതിലുണ്ട് ഞെക്കി കൊല്ലുന്നതിലില്ല' ആ പേരും ഹിറ്റായ്‌) സിയാദ്‌ പറഞ്ഞു "അളിയാ ലവന്‍മാര്‍ ബാസ്കറ്റിലേക്ക്‌ ഗോള്‍ അടിക്കുമ്പോ 'ഓണേഴ്സ്‌" വിളിച്ചാ മതി.. " ക്രിക്കറ്റ്‌ റ്റീമിണ്റ്റെ സ്റ്റേറ്റ്‌ പ്ളേയറാണെന്ന്‌ അവകാശപ്പെടുന്ന സിയാദ്‌ പറഞ്ഞതു ഞാന്‍ വേദവാക്യമാക്കി...എണ്റ്റെ പുതിയ നോട്ട്‌ ബൂക്കില്‍ നിന്നും ഒരു എട്ട്‌ പത്ത്‌ ഷീറ്റും വലിച്ചു കീറി എണ്റ്റെ പ്രിയപ്പെട്ട ഹീറോ പേനയും (അറ്റത്ത്‌ സ്വര്‍ണ്ണകളറിലെ ക്യാപ്പൊക്കെ ഉള്ള പേനയില്ലെ..ങാ ലതു തന്നെ) അതുമെടുത്ത്‌..നല്ല പുത്തന്‍ ഷര്‍ട്ടും പാണ്റ്റ്സും ഷൂസുമൊക്കെ ഇട്ട്‌ ഞാന്‍ ഇറങ്ങി..കൂട്ടത്തില്‍ ഒരു തൊപ്പിയും സന്‍ഘടിപ്പിച്ച്‌ എല്ലാരോടും യാത്ര ചോദിച്ചു ഞാന്‍ ഇറങ്ങി.. ലവന്‍മാര്‍ ഉപദേശിച്ചു.."ഡേ!നോക്കിയും കണ്ടും സ്കോര്‍ എഴുതണേ..സീനിയേര്‍സിണ്റ്റെ കളിയാ തോക്കുന്നവന്‍മാര്‍ നിന്നെ പഞ്ഞിക്കിടും.." കളിയില്‍ ജയിക്കാത്ത റ്റീം തോല്‍ക്കും എന്ന ശാസ്ത്രം നില നില്‍കുന്നത്‌ കൊണ്ട്‌ എണ്റ്റെ പഞ്ഞിക്കിടല്‍ ചടങ്ങിണ്റ്റെ കാര്യം ഉറപ്പായ്‌..പീന്നെ ഒരു വഴി കളി സമം ആക്കുക എന്നതാണു ..പക്ഷേ അതിനെന്താ വഴി എന്നൊക്കെ ചിന്തിച്ച്‌ കോര്‍ട്ടിലെത്തിയത്‌ അറിഞ്ഞില്ല..പക്ഷേ ആരേയും കാണുന്നില്ല,കോര്‍ട്ടില്‍ ഒന്നു രണ്ട്‌ പേര്‍ എന്തൊക്കെയോ തപ്പി നോക്കുന്നു..എന്നെ വിളിക്കാന്‍ വന്ന അണ്ണനും വേറേ ഒന്നു രണ്ട്‌ പേരും അവിടെ നില്‍ക്കുന്നു... "കുരുപ്പുകളേ റാഗ്‌ ചെയ്യാനുള്ള പുതിയ അടവാണോഡേ" എന്ന്‌ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെന്നു.. "നീയെന്താടാ കല്യാണത്തിനു പോകുന്നോ... എവിടേടാ പേപ്പര്‍" ഞാന്‍ കയ്യില്‍ ചുരുട്ടി വച്ചിരുന്ന പേപ്പര്‍ എടുത്തു കാണിച്ചു.. "നീയാരാഡേ ബ്രൂണെയ്‌ സുല്‍താണ്റ്റെ മോനോ..വേസ്റ്റ്‌ പേപ്പറ്‍ ഒന്നുമില്ലാരുന്നോഡേ.." എന്തു ചിന്തിക്കണം എന്നു പോലും ചിന്തിക്കാന്‍ വയ്യാതെ ഞാന്‍ നിന്നു 'വേസ്റ്റ്‌ പേപ്പറില്‍ എങ്ങനാഡേ സ്കോര്‍ എഴുതുന്നെ' എന്നു മനസ്സില്‍ ചോദിക്കുകയും ചെയ്തു.. അപ്പോള്‍ അതാ വരുന്നു ഓര്‍ഡര്‍.. "ഡാ ഈ കോര്‍ട്ടില്‍ നിറച്ച്‌ അവിടെയും ഇവിടെയും ചാണകം കിടക്കുന്നത്‌ കണ്ടില്ലേ..അതൊക്കെ പെറുക്കി കളയണം അതിനാ നിന്നെ വിളിച്ചെ... ഉണങ്ങിയതൊക്കെ നീ കയ്യ്‌ കൊണ്ട്‌ തന്നെ എടുത്തു കളഞ്ഞോ,ഇടക്ക്‌ നല്ല പച്ച ചാണകം കാണും അതു നീ പേപ്പര്‍ വച്ച്‌ എടുത്തു കളഞ്ഞാ മതി" ഡില്ലേന്‍...... വിമന്‍സ്‌ കോളേജിണ്റ്റെ മുന്നില്‍ വച്ച്‌ വല്ല പിച്ചക്കാരും നമ്മടെ കൊങ്ങായ്ക്ക്‌ പിടിക്കുമ്പോ ഉണ്ടാകുന്ന ഒരു സുഖമില്ലെ..ഏതാണ്ട്‌ അതുപോലത്തെ ഒരു സുഖമുള്ള അനുഭൂതി എനിക്ക്‌ അന്നരം തോന്നി...ഈ ചാണകം വാരാനാരുന്നോ ഈശ്വരാ ഞാന്‍ പുതിയ ഉടുപ്പുമിട്ട്‌ ഇവിടെ വന്നത്‌..വീട്ടില്‍ ഒരു പല്ലിക്കാട്ടം പോലും എടുത്ത്‌ കളയാതിരുന്ന എനിക്ക്‌ ഇതു തന്നെ വരണം.. "പശുക്കളേ...നായിണ്റ്റെ മക്കളേ..നീയൊന്നും ഒരുകാലത്തും ഗതി പിടിക്കില്ല...ഈ കോര്‍ട്ടില്‍ വന്ന് അപ്പിയിടാന്‍ ഇതു നിണ്റ്റെ അപ്പന്റെ സ്ഥലമാണോഡ ഡേഷ്‌ മക്കളേ" അങ്ങനെ ഞാന്‍ ചാണകം വാരി കോര്‍ട്ട്‌ വ്രിത്തിയാക്കി..ഇത്രേം പണി ചെയ്തതിനു ലവന്‍മാര്‍ ഒരു സോഡ പോലും വാങ്ങിച്ചു തരാതെ എന്നോട്‌ പറഞ്ഞു.. "ങാ റൂമില്‍ പൊയ്ക്കോ.. ഇനി വിളിക്കുമ്പം വരണം" 'വിളിക്കുമ്പം വരാന്‍ ഞാനാര വിളമ്പുകാരനോ' എന്ന് മനസ്സിലും,"ഉവ്വ.." എന്നു ഉറക്കെയും പറഞ്ഞു കൊണ്ട്‌ റൂമിലേക്ക്‌ പോയി.. എങ്ങനെ ലവന്‍മാരെ ഫെയിസ്‌ ചെയ്യും..ങും ഏതായാലും നടന്നത്‌ പറയണ്ടാ എന്നൊക്കെ ചിന്തിച്ച്‌ ഞാന്‍ റൂമിലേക്ക്‌ നടന്നു.. "എന്താഡാ കളി നടന്നില്ലേ..?" തലയില്‍ ഷഡ്ഡിയിട്ടു കൊണ്ട്‌ നൈസാമിണ്റ്റെ ചോദ്യം(ചിന്തിച്ച്‌ തല പുണ്ണാക്കണ്ടാ നാട്ടില്‍ ചീട്ടു കളിയിടെ ഇടയില്‍ കുണ്ണുക്ക്‌ കേറുക എന്നൊരു സംഭവമുണ്ട്‌,കുണുക്കു കയറുന്നയാള്‍ ഈര്‍കിലി വളച്ചു വെള്ളയ്ക്കയില്‍ കുത്തിയ ഒരു കുണുക്ക്‌ ചെവിയില്‍ തൂക്കണം..ഇവിടെ ഈര്‍ക്കിലിക്കും വെള്ളയ്ക്കക്കും സ്കോപ്പില്ലാത്തത്‌ കൊണ്ട്‌ അലക്കാനിട്ടിരിക്കുന്ന ഏതേലും ഷഡ്ഡി തലയില്‍ ഇടണം..ഷഡ്ഡിയുടെ കാര്യം പറഞ്ഞപ്പഴാ അതു വാങ്ങാന്‍ പോയപ്പോ ഞാന്‍ പറഞ്ഞു "അളിയാ പന്ത്രണ്ടെണ്ണം വാങ്ങാം,കാരണം വര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസമുണ്ടല്ലോ"..അന്നേരം നൈസാം പറഞ്ഞു.."അങ്ങനാണേല്‍ എനിക്ക്‌ നാലെണ്ണം മതി"..ആഴ്ചയിലെ ഏഴു ദിവസവും വര്‍ഷത്തിലെ പന്ത്രണ്ട്‌ മാസവും മുന്നൂറ്ററുപത്തഞ്ച്‌ ദിവസവും മാത്രമറിയാവുന്ന ഞങ്ങള്‍ക്കാര്‍ക്കും നാലിണ്റ്റെ കണക്ക്‌ പിടികിട്ടിയില്ല,ആറാണേലും സഹിക്കാം കാരണം ആറു ദിവസം ക്ളാസ്‌ ഉണ്ട്‌ ഏഴാമത്തെ ദിവസം ഫുള്‍ സ്വന്തന്ത്രരാണല്ലോ (യേത്‌..) ...എല്ലാ അര്‍ഥത്തിലും...അപ്പോല്‍ നൈസാമിണ്റ്റെ നാലിണ്റ്റെ കണക്കു വെളിപ്പെടുത്തി.."ഡെയ്‌ മണ്ടക്ണാപ്പുകളേ..എഞ്ചിനീയറിംഗ്‌ കോഴ്സ്‌ എത്ര വര്‍ഷമാ"...ഞങ്ങള്‍ ഞെട്ടി...ലപ്പോ അതാണല്ലേ കാര്യം) ഞാന്‍ പറഞ്ഞു.."ഇല്ലെഡേ കളി വൈകുന്നേരമാ,ഇപ്പോ ഗ്രൌണ്ട്‌ ഒന്ന് ചെക്ക്‌ ചെയ്യാന്‍ പോയതാ.. ഡേ എനിക്കും ഒരു കയ്യ്‌ ഇട്‌,ഞാനുമുണ്ട്‌ കളിക്കാന്‍.." എന്നു പറഞ്ഞ്‌ ഞാന്‍ കൂട്ടത്തില്‍ ഇരുന്നു.. ""ഹും..എന്തെഡേ ഒരു വല്ലാത്ത സ്മെല്ല്"..ഒരിക്കലും കുളിക്കാത്ത ദുഷ്ടന്‍ ____റുവിണ്റ്റെ കമണ്റ്റ്‌" "വായുടെ മുകളിലല്ലേ മൂക്ക്‌,അതിണ്റ്റെയാവും.. "ഞാന്‍ അങ്ങിനെ കളി തുടങ്ങി,ഉടനേ റൂമില്‍ അടുത്ത മുട്ട്‌.. 'തമ്പുരാനേ എന്തിനീ പരീക്ഷണം' തുറന്നപ്പോല്‍ അടുത്ത റൂമിലെ മാര്‍പ്പു എന്നു ഞങ്ങള്‍ ചുരുക്കി വിളിക്കുന്ന ഫൈസല്‍.. "ഡാ നീ ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ എന്തൊക്കെയോ തപ്പുന്നതു കണ്ടല്ലോ,റാഗിംഗ്‌ തന്നേ?" ഞാന്‍ പറഞ്ഞു "അതു കോര്‍ട്ടിണ്റ്റെ പിച്ച്‌ പരിശോദിച്ചതാ.." "അതേയോ ഞാന്‍ കരുതി നിന്നെ റാഗ്‌ ചെയ്തതാവൂന്ന്.. " "ഏയ്‌ അല്ല.. "ഞാന്‍ "അല്ലെഡെ മര്‍പ്പു,നീ എവിടെ നിന്ന് കണ്ടു... ?"ഞാന്‍ "ഞാനും ഇടയ്ക്കു പിച്ച്‌ പരിശോധിക്കുന്നുണ്ടാരുന്നു,ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ട്‌ പരിശോധിച്ചു കഴിഞ്ഞ്‌ ഞാന്‍ വോളി ബോള്‍ കോര്‍ട്ടിലേക്ക്‌ പോയ്‌ അതാ നീ എന്നെ കാണാഞ്ഞത്‌.. " ലവണ്റ്റെ മറുപടി കേട്ടതും ഞാന്‍ വീണ്ടും ഇല്ലെ പറഞ്ഞ സുഖമുള്ള അനുഭൂതിയിലേക്ക്‌ വഴുതി വീണു...അപ്പോ അവനും.....!!!... പിന്നെ എന്നെ പിടിച്ചാ കിട്ടില്ല...ഞാന്‍ ലവന്‍മാരോടു പറഞ്ഞു.."അളിയാ! എന്നെക്കൊണ്ട്‌ ലവന്‍മാര്‍ ചാണകം വാരിച്ചെഡേയ്‌..അല്ലാതെ സ്കോര്‍ എഴുതിക്കാനല്ല വിളിച്ചോണ്ട്‌ പോയെ..."(ഹൊ സമാധാനമായ്‌.. ) പണ്ടേ അങ്ങനാ ഒരു രഹസ്യവും എണ്റ്റെ ഉള്ളിലിരിക്കില്ല,അതേ സമയം എല്ലാരോടും പറയണേ എന്നു പറഞ്ഞ്‌ എന്നോട്‌ എന്തേലും പറഞ്ഞു നൊക്കിയേ,ഒരു കുഞ്ഞും അറിയില്ല..അതാ ഞാന്‍... മ്മളാരാ മൊതലു

No comments: