Saturday, November 6, 2010

കൊചാപ്പാക്കൊരു മുട്ടന്‍ പണി


അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.....

ഒരു വിഷുവിനു കൂടും കുടുക്കയുമൊക്കെ എടുത്തു തറവാട്ടിലേക്ക് എക്സ്കര്ഷന് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാരുന്ന മോഹം....ഒരല്പം അതിമോഹം തന്നെ ആരുന്നു...വേറൊന്നുമല്ല...ഇപ്രാവശ്യമെങ്കിലും പടക്കം പൊട്ടിക്കണം...

സാധാരണ എനിക്ക് അനുവദിച്ചിരിക്കുന്ന റേഷനില്‍ പൊട്ടുന്ന ഐറ്റംസിനോന്നിനും സാന്ക്ഷന്‍ ഇല്ലാരുന്നു...

അങ്ങനെ അപ്രാവശ്യം വാപ്പാടെ കുടുംബ വീടായാ ചൂനാട്ടു ചെന്ന്...എന്റെ സമപ്രായക്കാരനായ എന്റെ അളിയന്‍ (അപ്പചീടെ മോന്‍) ഉണ്ടാരുന്നു.....

അതിനു മുമ്പത്തെ പ്രാവശ്യം കൊച്ചാപ്പ പറഞ്ഞു വിട്ടിട്ട് ഞാനും അളിയനും കൂടി പലചരക്ക് സാധനം വാങ്ങാന്‍ പോയ സമയത്ത്..പോയി വരുമ്പോളാണ് അത് സംഭവിച്ചത്....അളിയന്റെ കയ്യിലിരുന്ന വെളിച്ചെണ്ണ കുപ്പി (ഹോര്‍ലിക്സിന്റെ ഒരു പന്നക്കുപ്പി) അളിയന്റെ കയ്യില്‍ നിന്നും സ്കൂട്ട് ആവാന്‍ ശ്രമിച്ചത് ...അതിനെ നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ കയ്യിലിരുന്ന കടലയും മറ്റും താഴെ വീണു...

ഒരു അക്രോബാറ്റിനെ വെല്ലുന്ന മെയ്‌വഴക്കത്തോടെ ആ കുപ്പി കയ്യില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും “ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ KK ജോസഫ്".എന്ന റോളിൽ ആ  കുപ്പി കയ്യില്‍ നിന്നും ചാടി താഴെ വീണു..ഹവ്വെവർ,..പൊട്ടിയില്ല...അടപ്പ് തുറന്നു പകുതിയോളം എണ്ണ മണ്ണിനോട് അലിഞ്ഞു ചേര്‍ന്ന്...

ഞങ്ങള്‍ പരസ്പരം നോക്കി..വല്ല വിനാഗിരിയോ മറ്റോ ആരുന്നെങ്കില്‍ അല്പം വെള്ളം ഒഴിചെങ്കിലും ലെവല്‍ ആകാരുന്നു..ഇത് നോ രക്ഷ...

അന്ന് സാധനങ്ങള്‍ വാങ്ങാന്‍ വിടുമ്പോ വല്ലീമിച്ചയെ പോലെ  ദയാലു അല്ലാരുന്നു കൊച്ചാപ്പ...അഞ്ചു രൂപ അറുപതു പൈസയുടെ സാധനത്തിനു അഞ്ചു രൂപ അമ്പതു പൈസ തന്നിട്ട് “ബാക്കി പത്തു പൈസ അടുത്ത തവണ തരാമെന്നു പറഞ്ഞെരെ..” എന്ന് പറഞ്ഞു വിടുന്ന സൈസ്‌ ആണ് കക്ഷി .......അത് സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങിയതിനു ശേഷം.........അതിനു മുന്‍പ് പുള്ളി വന്‍ ടീം ആരുന്നു...എന്റെ വാപിച്ച &; മിച്ച ജോലി ചെയ്തു കിട്ടുന്ന കാശ് കൊടുത്തു മേടിച്ചു കൊണ്ടുവരുന്ന ഫ്ലാസ്ക്,പ്ലെയിട്ടുകള്‍,ഗ്ലാസ്സുകള്‍ അങ്ങനെ പല വിധ ഐടംസ്‌ ഒക്കെ ദേഷ്യം തോന്നുമ്പോള്‍ പുള്ളിക്ക എറിഞ്ഞു പോട്ടിക്കാനുള്ളവ ആരുന്നു......സ്വന്തം അധ്വാനം തുടങ്ങി സമ്പാദിച്ചു മേടിക്കാന്‍ തുടങ്ങയതിനു ശേഷം ...വീട്ടില്‍ മേടിച്ച തലമുടി കോതുന്ന ചീപ്പിന്റെ പല്ലിന്റെ എണ്ണം കുറഞ്ഞാല്‍ വരെ പുള്ളി പൊട്ടിത്തെറിക്കും.ആ പേടിയിൽ വന്നു വന്നു  മൂപ്പര് മേടിക്കുന്ന മുട്ട ബുൾസൈ ഉണ്ടാക്കാൻ വേണ്ടി പൊട്ടിക്കാൻ പോലും ലോകം ഭയന്ന്  .അത്ര ഫീകരനായ്‌ മാറി...

അങ്ങനെ ഉള്ള ഒരു വ്യക്തി തന്ന കാശിനു മേടിച്ച എണ്ണയില്‍ നിന്ന് ഇരുന്നൂറു മില്ലിയോളം വെളിച്ചെണ്ണ കളഞ്ഞു പോയാലത്തെ പുകില്‍ അറിയാനുണ്ടോ...

ഞങ്ങള്‍ തിരിച്ചു എത്താറായപ്പോഴേക്കും പാവം എന്റെ അളിയന്റെ കണ്ണ് നിറഞ്ഞിരുന്നു....പേടിച്ചു വിറയ്ക്കാനും തുടങ്ങി....

അല്പം പോലും കനിവ് കാട്ടാതെ മിസ്റര്‍ കൊചാപ്സ് അളിയനെ തല്ലി....എന്നെ തല്ലാനും മാത്രം മൂപ്പിലാന്‍ വളര്‍ന്നിട്ടില്ലാത്തത് കൊണ്ട് എനിക്കുള്ളതും അളിയന് കൊടുത്തു.....തെറ്റ് ചെയ്തതിനു ആവശ്യത്തിന് തല്ലുന്നതുപോലെ അല്ല പുള്ളിയുടെ ശിക്ഷ....തേപ്പുപെട്ടി ഒക്കെ ചൂടാക്കി കയ്യില്‍ വച്ച് തരും...ഒരിക്കല്‍ എനിക്കും കിട്ടിയിട്ടുണ്ട്...പണ്ട് വാപിച്ച പൂനയിലും മിച്ച തിരുവനന്തപുരത്ത് പോയി വന്നു നിന്ന സമയത്തും ഒക്കെ)..

ഹൈക്കമാൻഡ്  ഉടനെ ഇടപെട്ടു അളിയനെ രക്ഷ പെടുത്തി...

അളിയന്‍ ഒരു പാവമാരുന്നത് കൊണ്ട് ഒക്കെ മറന്നു...പക്ഷെ എനിക്ക് അത് പറ്റില്ലല്ലോ..(ആഫ്ടര്‍ ഓള്‍...മോനാരാ ഞാന്‍!!!)


പല സംഭവങ്ങളുടെ കൂടെ കൊചാപ്സിനെ മാര്‍ക് ചെയ്യാന്‍ ഒരെണ്ണം കൂടി എനിക്ക് കിട്ടി....എന്റെ വേറെ ഒരു കൊച്ചാപ്പ മേടിച്ച ഗിറ്റാര്‍ എന്റെ വാപിച്ചയുടെ കയ്യില്‍ നിന്നും മേടിച്ചു കൊണ്ട് പോയി തല്ലിപോട്ടിച്ചു അലമാരയുടെ മുകളില്‍ ഇട്ടു .....എന്നറിഞ്ഞ അന്ന് ഞാന്‍ പുള്ളിയെ മാര്‍ക്ക്‌ ചെയ്തതാണ്....

അങ്ങനെ വിഷയത്തിലേക്ക് വരാം....

ആ വിഷുവിനു....മിചാടെം വല്ലിമിചാടെം കയ്യീന്ന് പൈസ മേടിച്ചു ഞാനും അളിയനും കമ്പിത്തിരിയും,ചക്രവും,ആട്ടയും,പൂക്കുറ്റിയും ഒക്കെ മേടിക്കാന്‍ ചൂനാട്ടെക്ക് പോയി...നടന്നായത് കൊണ്ട് ഒരുപാട് സമയം എടുക്കും....ഒന്ന് കൊണ്ട് പോയി മേടിച്ചു തരാന്‍ കൊചാപ്പയോടെങ്ങാനും പറഞ്ഞാല്‍ പുള്ളി അന്നരം വാളെടുക്കും....സൊ..ഞാനും അളിയനും നേരെ നടന്നു....ഐറ്റംസിന്റെ കൂടെ ആരും കാണാതെ നാല് റോക്കറ്റ്‌ (വാണം ) കൂടി മേടിച്ചു....

അത് എങ്ങനാ പൊട്ടിക്കുന്നത് എന്നൊക്കെ ഉള്ള സ്പെസിഫിക്കേഷന്‍ പോലും അറിയാതെ ഞങ്ങള്‍ അതുമായി വീട്ടിലെത്തി....അപ്പോള്‍ കണ്ട കാഴ്ച...കൊചാപ്സ് മുണ്ടോക്കെ മടക്കി കുത്തി ചിഹ്നം വിളിച്ചു കൊണ്ട് നിക്കുന്നു....(ലെയിറ്റ്‌ ആയിട്ടും കാണുന്നില്ല എന്ന റീസണിൽ  രണ്ടെണ്ണം തരാന്‍) ഞങ്ങള്‍ ഓടി പോയി വല്ലീമിച്ചാടെ അടുത്ത് അഭയം നേടി...പെണ്പില്ലെരായ സഹ കസിന്‍സിന്റെ മുന്നില്‍ വച്ച് ഞങ്ങള്‍ നാറിവെളുത്തു....

അങ്ങനെ കമ്പിത്തിരിയും പൂക്കുറ്റിയും ഒക്കെ കത്തിക്കാന്‍ തുടങ്ങി.....കൊചാപ്സ് വെളിയില്‍ തന്നെ നില്പുണ്ട്...’ഏതെങ്കിലും വിധത്തില്‍ രണ്ടു കൊട്ടേഷന്‍ വിടണം’ എന്ന ഉദ്ദേശത്തില്‍....

അങ്ങനെ ഓരോന്നും തീരുംമ്പോളും ഞങ്ങള്‍ക്ക് ഹ്രദയം ഇടിപ്പ്‌ കൂടിക്കൂടി വന്നു...ലാസ്ടിരിക്കുന്ന റോക്കറ്റ്‌ കണ്ടാല്‍ വഷളാവുമല്ലോ എന്നോര്‍ത്ത്...കുറച്ചു കഴിഞ്ഞപ്പോലെക്കും കൊചാപ്സ് അകത്തേക്ക് പോയി....ആ ഗ്യാപ്പില്‍ ഞാന്‍ വല്ലീമിചാടെ അടുതൂന്നു അനുവാദം വാങ്ങി റോക്കറ്റ്‌ എടുത്തു...തിരിച്ചും മറിച്ചും നോക്കി അത് കത്തിക്കുന്ന സ്ഥലം കണ്ടു പിടിച്ചു.....

എന്നിട്ട് അവിടെ ഇറക്കി വച്ചിരിക്കുന്ന ഇഷ്ടികകളില്‍ നിന്നും ഒരു നാലെണ്ണം എടുത്തു മണ്ണില്‍ വച്ച്...റോക്കറ്റ്‌ അതില്‍ കുത്തി നിര്‍ത്തി....

ഒരു സെയിഫ് ഡിസ്ടന്‍സ് സൂക്ഷിച്ചു കൊണ്ട് ഞാന്‍ ആ തിരിയില്‍ തീ വെച്ചിട്ട് ഒറ്റ ഓട്ടം......

“ശ്.. ശ്.. ശ്.. ശ്.. ഠമാര്‍.............!!!!!!!!”

ദിഗന്തങ്ങള്‍ ഞെട്ടും വിധം ലവന്‍ ആ ഇഷ്ടികക്കുള്ളില്‍ ഇരുന്നു പൊട്ടി...

ഒച്ച കേട്ട് കൊചാപ്സ് ഓടി എത്തി...

“...മര മോയിന്‍ മാരെ..നിന്നോടൊക്കെ പറഞ്ഞു വിട്ടതല്ലേ പൊട്ടുന്നത് മേടിക്കരുത് എന്ന്....” എന്നും പറഞ്ഞു ചാടി ഇറങ്ങി...പക്ഷെ ഹൈക്കമാൻഡ്  നില്‍കുന്നത് കണ്ടു അധികം ജാഡ കാണിക്കാതെ പുള്ളി അവിടെ നിന്നു...

അളിയന്‍ പറഞ്ഞു:”അളിയാ...അത് കട്ടയ്ക്കകത്തു കുത്തി നിര്‍ത്തുന്നതിനു പകരം നമുക്ക് ചാരി നിര്‍ത്താം...”

അങ്ങനെ അളിയന്റെ നാട്ടിൻപുറത്തുള്ള എക്സ്പീരിയന്സിനെ ഞാന്‍ പിന്താങ്ങിക്കൊണ്ട് നാലെണ്ണം ഉള്ളതില്‍ രണ്ടാമത്തേതിനെ എടുത്തു ചാരി നിര്‍ത്തി...

തീ കൊടുത്തു...

ഓടി....

ഇന്ത്യക്കാര്‍ വിട്ട റോക്കറ്റ്‌ പോലെ തന്നെ അത് ഒറ്റ പാച്ചില്‍....നേരെ കെഴിക്കെലെ പശുതോഴുതിലേക്ക്.....

പക്ഷെ ഇപ്രാവശ്യം പോട്ടലിനു ഒരു വെറൈറ്റി ഉണ്ടാരുന്നു...

“ശ്.. ശ്.. ശ്.. ശ്.. ഠമാര്‍.............!!!!!!!!” + “ഉമ്മേ....ഹേയ്....” 
എന്ന് കോറസ് ആയി പശുക്കളുടെ ഉമ്മയെ വിളിച്ചു കൊണ്ടുള്ള കൂവല്‍..(ഞങ്ങക്ക് പണിയുണ്ടാക്കാനായ്‌ മാത്രം)

കൊചാപ്പാടെ മുഖത്ത് ദേഷ്യം ഇരച്ചു കേറുന്നത് കണ്ടാല്‍ മനസ്സിലാക്കാന്‍ വല്ല്യ പാടാ...കാരണം പുള്ളിക്ക് ആനച്ചന്തമാ...നിറത്തിന്റെ കാര്യത്തില്‍....

ഞങ്ങള്‍ നേരെ തൊഴുത്തിലേക്ക് ഓടി..വല്ലതും പറ്റിയോന്നറിയാന്‍ ....പശുക്കൾ ഞങ്ങളെ കലിപ്പിച്ചു 
 നോക്കി "ചത്തൊന്നറിയാൻ വന്നതാണല്ലേടാ" എന്ന ലൈനിൽ ..ഭാഗ്യത്തിന് അതുങ്ങളുടെ ദേഹത്തല്ല പടക്കം വീണത് എന്ന് മനസ്സിലായപ്പോ അവറ്റകളോട്  ..”സൂക്ഷിചിരുന്നോണെ...ഇനിയും രണ്ടെണ്ണം കൂടി ഉണ്ട്...” എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ തിരികെ ഗോദായിലെത്തി...

കൊച്ചാപ്പ ആക്രോശിച്ചു..”ഇനി എത്രെണ്ണം ഉണ്ട്രാ ഊളകളെ...”

വിളിച്ചത് ഞങ്ങളെ അല്ല എന്നാ ഭാവത്തില്‍ ഞാന്‍ മൂന്നാമത്തെ റോക്കറ്റ്‌ എടുത്തിട്ട് ചരിവ് അല്പം മാറ്റി അഡ്ജസ്റ്റ്‌ ചെയ്തു വെച്ച്...

എന്നിട്ട് കത്തിച്ചു...

ഓടി....

“ശ്.. ശ്.. ശ്.. ശ്.. ഠമാര്‍.............!!!!!!!!”

ഞാനും അളിയനും ഒഴികെ എല്ലാവരും കണ്ണും പൂട്ടി നിന്നു.....കാരണം ഇതെങ്ങോട്ടാണ് ലക്‌ഷ്യം വച്ചിരിക്കുന്നത് എന്ന് കാണാനുള്ള ആമ്പിയര്‍ ഇല്ല...അത് തന്നെ...ഹും ഭീരുക്കള്‍...

പക്ഷെ അവര്‍ കണ്ണ് തുറന്നിരുന്നെങ്കില്‍ ഭീരുക്കളെപോലെ ഞങ്ങള്‍ ഓടിയേനെ...കാരണം ലവന്‍ പോയത് നേരെ ഭക്തിമാര്ഗത്തില്‍ ആണ്......ഞങ്ങടെ വീടിനോട് ചേര്‍ന്ന് വല്ല്യാപ്പ പണിയിപ്പിച്ച തൈക്കാവിലേക്ക്..(നമസ്കരിക്കനോക്കെ ഉള്ളത്...പണ്ട് ഏതോ ഒരു തങ്ങള്‍ വന്നപ്പോ പുള്ളിക്ക് താമസിക്കാനായ്‌ പണിയിപ്പിച്ചതാനെന്നാണ് ഹിസ്ററി)

അവിടുന്ന് ബഹളം ഒന്നും കേള്‍ക്കാഞ്ഞപ്പോ അതില്‍ ആരുമില്ല എന്ന് മനസ്സിലായി...

അങ്ങനെ....ഞങ്ങള്‍ ലാസ്ടതവനെ...അഥവാ


കഥാനായകനെ (അതോ വില്ലനോ) പുറത്തെടുത്തു...

അന്നരം എല്ലാവരും (കൊചാപ്സിന്റെ വാമാഭാഗമായ ഞങ്ങടെ കൊച്ചുമ്മ ഉള്‍പ്പെടെയുള്ള) കാണികള്‍ തയ്യാറായി നിന്നു...പടക്കം പോട്ടിക്കലിനു ശേഷമുള്ള കൊചാപ്പാടെ വക “ഭരണിപ്പാട്ട് അവസാനഭാഗവും..മൂലത്തിനൊരു പൊട്ടു കുത്തല്‍..സോറി ചൂരല്‍ വെക്കല്‍” പരിപാടിയും കാണാന്‍ എല്ലാവരും തയ്യാറായി നിന്നു...ബാട്സ്മാന്‍ ബൌണ്ടറി പായിക്കാനുള്ള ഗ്യാപ്‌ നോക്കുന്നത് പോലെ .. കത്തിച്ചതിനു ശേഷം എങ്ങോട്ട് ഓടും എന്ന് ഞാനും അളിയനും നോക്കി...

അവസാനം ഞാന്‍ തന്നെ അതിനും തിരി കൊളുതാം എന്ന് തീരുമാനിച്ചു...

എന്നിട്ട് നേരെ...ലവനെ ചാരിക്കിടത്തി...

തീ കൊടുത്തു...

ഓടി.....

“സു..ശ്..ശ്...ശര്‍..........” ++ “ഹൈ..ഓയ്‌...ശേ..ശു....ഹോ................................................യെ............ന്റും.........മ്മോ ....”

++++

"ഠമാര്‍.............!!!!!!!!

"ബട്ട് ഓടി തീരുന്നതിനു മുന്‍പേ ഞാന്‍ കണ്ടു, അത് വരെ അനങ്ങാതെ നിന്ന അളിയന്‍ നൂറേ നൂറില്‍ പായുന്നു...എന്തോ പിശകുണ്ടെന്ന് മനസ്സിലായ ഉടനെ ഞാനും തിരിഞ്ഞു നോക്കാതെ ഓടി...അളിയന്‍ നിന്നപ്പോ ഞാനും നിന്നു .......തിരിഞ്ഞു നോക്കി..

നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച കൊച്ചുമ്മ ഉള്‍പ്പടെ ഉള്ള കാണികള്‍ വയറും പൊത്തി കുത്തി ഇരുന്നു ചിരിയോടു ചിരി...

ഞാന്‍ ചിന്തിച്ചു..ഇനി പടക്കം എങ്ങാനും ചീറ്റിയോ...പക്ഷെ പൊട്ടുന്ന ഒച്ച കേട്ടാരുന്നല്ലോ...ഞാന്‍ കൊചാപ്പാടെ റിയാക്ഷന്‍ അറിയാന്‍ പുള്ളിയെ നോക്കിയപ്പോഴാണ്  സംഭവം മനസ്സിലായത്‌...

പുള്ളി നിന്നു തുള്ളുന്നു...രണ്ടു കയ്യിലും വിലങ്ങു വച്ചവൻറെ  മൂട്ടില്‍ കട്ടുറുമ്പ് കടിച്ച മാതിരി ഒരു സ്പെഷല്‍ തുള്ളല്‍....

മുണ്ടോക്കെ അഴിഞ്ഞോ..ഉടുതെക്കുന്നോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു പരുവം...

ഞാന്‍ അളിയനോട് കിതപ്പോട് കൂടി ചോദിച്ചു :” എന്താ അളിയാ എന്തുവാ പറ്റിയെ ...?”

അളിയന്‍ പറഞ്ഞു:”അളിയാ...കൊഴപ്പവായി....ഇല്ലെ റോക്കറ്റ്‌ കൊചാപ്പാടെ നേരെ പോകുന്നത് കണ്ടാ ഞാന്‍ ഓടിയത്....പിന്നെ എവിടെ വെച്ച് പൊട്ടി എന്നറിയില്ല...”

തള്ളെ കലിപ്പ്...’പണ്ടേ തൂറ്റല്‍ ...അതിന്റെ കൂടെ ചുമയും..’ എന്ന് പറഞ്ഞ പോലായി കാര്യങ്ങള്‍...

ആനന്ധലബ്ധിക്കിനി എന്ത് വേണം കൊച്ചാപ്പാക്ക്..തല്ലാന്‍ ഇതിനേക്കാള്‍ നല്ലൊരു കാരണം ഇനി അടുത്ത കാലത്തൊന്നും കിട്ടില്ല....

എല്ലാവരുടെയും ചിരി കണ്ടു ഞങ്ങടെ ഉള്ളു തകര്‍ന്നു..

“ഈ കലിപ്പ് പഹയന്‍ ഞങ്ങടെ നെഞ്ച ത്താവുമല്ലോ തീര്‍ക്കുക “എന്നോര്‍ത്ത്...

സംഭവം ഞാന്‍ കരുതിയത്‌ പോലെ തന്നെ എന്ന് വല്ലീമിച്ച പറഞ്ഞു പിന്നീടാണ് ഞാന്‍ അറിഞ്ഞത്...

രംഗബോധമില്ലാത്ത ആ കോമാളിയായ റോക്കറ്റ്‌ നേരെ പുറപ്പെട്ടത്‌ കൊചാപ്പാടെ കേന്ദ്രത്തെ ലക്ഷ്യമാക്കി ആരുന്നു...ലവന്റെ വരവ് തന്റെ നേരെ ആണെന്ന് കണ്ട കൊചാപ്സ് , ....പൊക്കി മടക്കി ഉടുത്തു മൂലമറ്റവും കാണിച്ചു നിന്ന തന്റെ മുണ്ടിനെ ഭയ ഭക്തി ബഹുമാന പുരസ്സരം അഴിചിട്ടതും ലവന്‍ ഉള്ളിലെത്തി...പുള്ളിക്കാരന്‍ നേരത്തെ പറഞ്ഞ ശബ്ദ കൊലാഹലതോടൊപ്പം ഒഴിഞ്ഞു ചാടി ....ഞെരിഞ്ഞമര്‍ന്ന്..ഇടതു കുത്തി...വലതു മാറി...മുണ്ടഴിച്ചു...ഓടി മറിഞ്ഞതും .....ലവന്‍ പൊട്ടി....

പ്രതീക്ഷിക്കാതെ നടത്തിയ കാസർത്തിന്റെ ഫലമായി പുള്ളി രണ്ടു കയ്യും പുറകില്‍ ആക്കി നിലത്ത് കുത്തി കാലും നീട്ടി ഇരുന്നു..........ബീച്ചില്‍ കാറ്റ് കൊള്ളാന്‍ ഇരിക്കും പോലെ...

എന്നെ നോക്കിയ നോട്ടത്തില്‍..” മോനെ....നീ എന്നോട് ക്ഷമി.....” എന്നാ ഒരു ഭാവമാരുന്നു...

കൊച്ചുംമാടെ മുന്നില്‍ ഒരു ഭീകരനായി സ്വയം ചിത്രീകരിച്ചു പോന്ന പുള്ളിയുടെ സകല ഗമയും അതോടെ പോയി...

വല്ലീമിച്ച എനിക്കും അളിയനും അന്ന് ദിവാകരന്റെ പലചരക്ക് കടയില്‍ നിന്നും വയറു നിറയെ മുറുക്ക് മേടിച്ചു തന്നു...

ഞങ്ങള്‍ ഹാപ്പി...

========================================================

പക്ഷെ എന്നെ ഇന്നും അലട്ടുന്ന ഒരു ചോദ്യമുണ്ട്....

മുണ്ടിനകത്തു വച്ച് പടക്കം പൊട്ടിയാല്‍ എങ്ങനാ മുണ്ട് നനയുന്നത് എന്ന്....

സാരമില്ല...ഇനി കൊചാപ്പായെ കാണുമ്പോ ചോദിക്കാം...

നമ്മളെക്കൊണ്ട് ഇത്രേ ഒക്കെയല്ലേ ഒക്കൂ ....യേത്