Monday, December 20, 2021

ന്യൂട്ടന്റെ ചലനനിയമം

 സ്വന്തമായി ഒരു BSA SLR ന്റെ നീല സൈക്കിൾ ഉണ്ടെങ്കിൽ അത് ഇന്നത്തെ കാലത്തു ഒരാൾ  ഹാർലി ഡേവിഡ്‌സൺ ബൈക്കിനെ കൊണ്ട് നടക്കുന്നതിനേക്കാൾ ഗമയോടെ കൊണ്ട് നടന്നിരുന്ന അന്തക്കാലം..സീറ്റിന്റെ ഉയരം കൂട്ടുക, കുറയ്ക്കുക, ഹാന്റിലിന്റെ പൊസിഷൻ പൊക്കുക താഴ്ത്തുക,ബ്രെക് ലിവർ അഡ്ജസ്റ് ചെയ്യുക, ബ്രെക് പിടിച്ചാൽ ടയർ ഉരയുന്ന രീതിയിലും അല്ലാതെയും ഉള്ള ടൈറ്റിങ് പ്രോസസ്, ഇങ്ങനെ ഒരുവിധം ലൊട്ടു ലൊടുക്ക് പണികൾ എല്ലാം അന്നത്തെ പിള്ളേർ പ്രഗല്ഭമായി ചെയ്തിരുന്നു..ആ കൂട്ടത്തിൽ മ്മളും പെടും.അങ്ങനെ ഓരോരുത്തരുടെ സൈക്കിളിനും ഓരോരോ സ്പെഷ്യാലിറ്റി ആണ് ഉണ്ടായിരുന്നത്..

മിക്ക ശനിയാഴ്ചകളിലും ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ വേണ്ടി ഉള്ള ഒരു യാത്ര ബഹു രസമാണ്...എല്ലാവരും മുപ്പാലം എന്ന gathering പോയിന്റിൽ എത്തി ചേർന്നിട്ടു അവിടെ നിന്ന് ഗ്രൗണ്ടിലേക്ക് മത്സരിച്ചു ഉള്ള പോക്കാണ്..ആദ്യം എത്തുന്ന ആൾ ഏതേലും നല്ല പിച്ച് നോക്കി ബുക്ക് ചെയ്തു നിൽക്കണം..അവനാവും ഒരു ടീമിന്റെ ക്യാപ്റ്റനും സ്വന്തം ടീമിനെ ആദ്യമേ സെറ്റ് ചെയ്യാൻ ഉള്ള അവകാശവും  (അവിടെ ഒരുപാട് കുട്ടികൾ കളിക്കാൻ വരും, അതുകൊണ്ടു തന്നെ കുറെ പിച്ചുകളും ഉണ്ട്..ഓഫ് സൈഡിലേക്ക് കളി ഇല്ല, ലെഗ് സൈഡിൽ മാത്രം..)

ലെവൽ ക്രോസ് കഴിഞ്ഞു ചെറിയ ഒരു ഇറക്കമാണ്, അതോടൊപ്പം തന്നെ റോഡിന്റെ സൈഡിൽ നിന്നും ഒരാൾ താഴ്ചയിലേക്ക് ഗ്രൗണ്ടിലേക്ക് ഒരു ഷോർട്ട് കട്ടും  ഉണ്ട്, ചില സമയം ഞങ്ങൾ അതിൽ കൂടി ഇറങ്ങും, അല്പം ഡേഞ്ചർ ആണെങ്കിലും നല്ല സ്പീഡിൽ പറക്കാം.അങ്ങനെ ഒരിക്കൽ അങ്ങനെ ഒരു മത്സരം നടത്തി പോകാൻ നേരം അരുൺ അവന്റെ സൈക്കിളിൽ നല്ല രീതിയിൽ മുന്നേറുവാണ് , മൂന്നാമതായി ഞാനും ഉണ്ട് . ലെവൽ ക്രോസ് തുറന്നു കിടക്കുന്നതു കൂടി കണ്ടപ്പോൾ അവൻ ഒന്നൂടി സ്പീഡ് കൂട്ടി,അവന്റെ ബാക്കിലെ കാര്യരിൽ ബാറ്റും പിടിച്ചു സിയാദും ഇരിപ്പുണ്ട്..അത് വരെ മൂപ്പിച്ചു മൂപ്പിച്ചു ഇരുന്ന സിയാദ്, ലെവൽ ക്രോസ് കഴിഞ്ഞതും ഇറക്കത്തിൽ ഉണ്ടാവാൻ സാധ്യത ഉള്ള അപകടം മണത്തു, അതോടൊപ്പം ഒറ്റ ബുദ്ധി സ്വഭാവം ചില സമയങ്ങളിൽ കാണിക്കുന്ന അരുൺ ഒരു പക്ഷെ ഷോർട്ട് കട്ട് റൂട്ട് എടുത്താൽ മൊത്തപ്പടി ഫിസിക്കൽ ഡാമേജ് ഉണ്ടാവും എന്ന് ഉറപ്പുള്ള സിയാദ് "അളിയാ മതി!!! ബ്രേക്ക് പിടി ബ്രേക്ക് പിടി" എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്, പക്ഷെ ക്യാപ്റ്റൻസി എന്നും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന അരുൺ അതിനു വേണ്ടി എന്ത് റിസ്കും എടുക്കും എന്ന് ഉറപ്പുള്ള സിയാദ്, ലെവൽ ക്രോസ്സ് കഴിഞ്ഞതും അരുൺ  അതെ സ്പീഡിൽ തന്നെ വലത്തേക്ക് വണ്ടി തിരിക്കുന്നത് കണ്ട സിയാദ് ബാറ്റും താഴെ ഇട്ടു സൈക്കിളിൽ നിന്നും എടുത്തു ചാടി ...

"Newtons Law Of Motion : Every body continues to be in its state of rest or of uniform motion in a straight line unless compelled by an unbalanced external force"

പരിഭാഷ :

 "ന്യൂട്ടന്റെ ചലനനിയമം : ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണ്"

(പരിഭാഷ കടപ്പാട് ഗൂഗിൾ അമ്മച്ചിക്ക് )

...........

..ഇറക്കത്തിൽ നൂലിൽ പിടിച്ച പോലെ നേരെ പറന്നു പൊക്കോണ്ടിരുന്നു സൈക്കിളിൽ നിന്നും സൈക്കിൾ തിരിയുന്ന സമയം നോക്കി സിയാദ് ചാടി ഇറങ്ങി.....,ഇതേ സീനിൽ തന്നെ മറ്റൊരു ഫ്രയിമിൽ താൻ വലത്തേക്ക് തിരിച്ച സൈക്കിൾ തന്റെ കാല്കുലേഷൻ തെറ്റില്ല എന്ന് തെളിയിച്ചു കൊണ്ട് നേരെ ഷോർട്ട് കട്ട് വഴി ഒരു പിച്ചിൽ ചെന്ന് നിന്നു ..

കേട്ടറിവിനേക്കാൾ വലുതാണ് ന്യൂട്ടന്റെ നിയമങ്ങൾ എന്ന സത്യം അന്ന് സിയാദ് ആണ് ഞങ്ങൾക്ക് മനസിലാക്കി തന്നത് ചാടി  ഇറങ്ങിയ സിയാദ്, ന്യൂട്ടനെ മനസ്സിൽ സ്മരിച്ചു കൊണ്ട്, "ൻറെ റബ്ബേ!!!!"ന്നും വിളിച്ചു കൊണ്ട്  നേരെ പാഞ്ഞു ..നിയമത്തിൽ പറഞ്ഞിരുന്ന "അസന്തുലിതമായ ബാഹ്യബലം" ആയി അവിടെ ഒരു മരത്തടി കൊണ്ടുള്ള പഴയ ഇലക്ട്രിക് പോസ്റ്റ് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ആ നിയമത്തിന്റെ അനന്ത സാധ്യതകളെ പറ്റി  പുതിയ ഒരു അന്വേഷണം തുടങ്ങേണ്ടി വന്നേനെ..രണ്ടു കാലും രണ്ടു കയ്യും ഒഴികെ ബാക്കി മുഴുവൻ ബോഡി പാർട്സും കൊണ്ട് പോസ്റ്റിനെ നേരിട്ട സിയാദ്, ന്യൂട്ടന്റെ ചലന നിയമത്തിന്റെ അന്തസ്സ് നില നിർത്തി..(ഇല്ലാരുന്നേൽ ന്യൂട്ടൻ തല വഴി മുണ്ടിട്ടു നടക്കേണ്ടി വന്നേനെ)

അപ്രതീക്ഷിതമായി മൂക്കും മുഖവും ഒക്കെ എവിടെ എങ്കിലും ഇടിച്ചാൽ ഉണ്ടാവുന്ന സ്വാഭാവികമായും കാണുന്ന  നക്ഷത്രങ്ങളുടെ കാഴ്ചകൾ ഒക്കെ കണ്ടു ആസ്വദിച്ചു അവിടെ ഒരു കുറ്റിക്കാട്ടിൽ "കിടന്നു" വിശ്രമിച്ച സിയാദ് ആ മരവിപ്പ് ഒക്കെ മാറി എണീറ്റ് ഗ്രൗണ്ടിലേക്ക് നടക്കുമ്പോൾ അകമ്പടിയായി തലയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കിളികളുടെ കളകളാരവം  കേൾക്കുന്നുണ്ടാരുന്നു..ഈ സമയം കൊണ്ട് ബാക്കി സഹോസ്‌ ഗ്രൗണ്ടിൽ എത്തി ചേരുകയും സ്വാഭാവികമായും ടീം ഒക്കെ വിളിച്ചു തുടങ്ങുകയും ചെയ്തിരുന്നു..

ഈ സമയം കൊണ്ട് യോദ്ധയിൽ 'തോറ്റു തുന്നം പാടി വരുന്ന 'മോൻ'' വരുന്ന അതെ ഷേപ്പിൽ  ഒരു വിധം ഗ്രൗണ്ടിൽ എത്തിയ സിയാദ് "ഹണിയാ, ഞ്ഹാൻ ഹേതു ഹീമിലാ ??" എന്ന് തന്റെ ടീം ഏതാണെന്നു അറിയാൻ ഉള്ള വ്യഗ്രതയിൽ നിന്നപ്പോൾ ആണ് അരുൺ പോലും സിയാദിനെ ഓർത്തത്.."ടീം വിളിക്കുന്ന നേരത്തു നീ വെറ്റില മുറുക്കാൻ പോയോ ക്ണാപ്പാ" എന്ന ചോദ്യത്തിന് സിയാദ് 'പര തെണ്ടീ!!! ഇത് മുറുക്കിയതല്ല, ചുണ്ടു പോസ്റ്റിൽ ഇടിച്ചു പൊട്ടിയതാ' എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പൊട്ടിയ ചുണ്ടും ചതഞ്ഞ മൂക്കും കാണിച്ചു എക്സ്പ്ലനേഷൻ കൊടുത്തു..

സിംപതിയുടെ പേരിൽ സിയാദിനു ഫസ്റ്റ് ബാറ്റിങ്ങും കൊടുത്തു..

ഇപ്പോഴത്തെ ജെനെറേഷന് ഇത്തരം ഒരു വീഴ്ച ഒക്കെ ഉണ്ടായാൽ അന്ന് നമ്മൾ കണ്ടിരുന്ന ലാഘവത്തോടെ കാണാൻ കഴിയുമോ എന്ന് സംശയമാണ്..


 

മുല്ലശ്ശേരി ഇന്റർനാഷണൽ.-സ്‌പെഷൽ കോണ്ടിനെന്റൽ

 പ്രീഡിഗ്രി പരൂക്ഷ കഴിഞ്ഞ സമയത്തു 'എൻട്രൻസ് കോച്ചിങ്ങ് "പഠനം" ' നടത്താൻ വേണ്ടി ഇരുമ്പുപാലത്തിനു അടുത്തുള്ള യൂണിവേഴ്സ്‍ലിൽ ചേർന്ന കാലം..രാവിലെ 8 മണിക്ക് കയറി ഒരു ഇരുപ്പു ഇരുന്നാൽ  പിന്നെ ഒരു നല്ല ശ്വാസം കിട്ടണമെങ്കിൽ ഉച്ചയ്ക്ക് ലഞ്ച് ബ്രെക് ആവണം...അതിനിടയിൽ ഫിസിക്സ് കെമിസ്ട്രി മാത്‍സ് ഒക്കെ ഓരോരുത്തരായി വന്നു പഠിപ്പിക്കും, നമ്മൾ അത് കേട്ട് കുത്തിക്കുറിച്ചു ഇരിക്കും, ഇടയ്ക്കു ഓരോ ചോദ്യങ്ങൾ വരുമ്പോൾ നമ്മൾ 'ജബ-ജബ മോഡിൽ ആവും....

ഇതിനു തൊട്ടു താഴെ ആണ് ഒരു ചെറിയ ഹോട്ടൽ ഉള്ളത്..മുല്ലശ്ശേരി എന്നാണു അതിന്റെ പേര്..ക്ലാസ് അങ്ങനെ നീങ്ങി നീങ്ങി ഉച്ചയ്ക്ക് ഒരു 11 മണി ആവുമ്പോളേക്കും മുല്ലശ്ശേരിയിലെ അടുക്കളയിൽ നിന്നും ഉള്ള ഗന്ധം ഇങ്ങനെ ക്ളാസിലേക്ക് വരും.തോരൻ, മീൻ കറി,സാമ്പാർ,വറുത്ത മീൻ അങ്ങനങ്ങനെ ..വയറിനുള്ളിലെ  വിശപ്പ് നടത്തുന്ന ഗാനമേള ഒന്ന് സ്റ്റോപ്പ് അടിപ്പിക്കാൻ,കൊതി കൊണ്ടു വായിൽ നിറയുന്ന  ഉമിനീരിനെ കൊണ്ട് പറ്റില്ല എന്നത് വേദനയോടെ മനസിലാക്കുന്ന നിമിഷങ്ങൾ..ഇന്നത്തെ സ്‌പെഷൽ എന്തായിരിക്കും എന്നാവും പിന്നെ 1 മണി വരെ ഉള്ള ഞങ്ങളുടെ "കോച്ചിങ്ങ്"...ഇനിയും 2 മണിക്കൂർ ആ സഹനം തുടർന്നാൽ മാത്രമേ ഊണിനു പോകാൻ പറ്റൂ...

അങ്ങനെ 1 മണി ആവുമ്പോൾ മാഷ് പോയാലും ഇല്ലേലും ഖല്ലിവല്ലീ ന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങിയോടും..താഴെ എത്തിക്കഴിഞ്ഞാൽ പക്ഷെ എന്തോ ഒരു മന്ത്രം പോലെ മുല്ലശ്ശേരിയിലേക്കു പോകാൻ തോന്നില്ല..ആലപ്പുഴയിലെ തന്നെ ഫേമസ് ആയ ബ്രദേഴ്‌സിലേക്കു പോകാൻ ആണ് മനസ്സ് മന്ത്രിക്കുക...അന്ന് ഊണിനു 15 രൂപ  (വിത്ത് മീൻ കറി ).ആണ് ബ്രദേഴ്‌സിലെ ചാർജ്.(ഒപ്പം ലഡ്ഡുവിലെ ബോണസ്സായ ഉണക്കമുന്തിരി പോലെ ഭാഗ്യമുണ്ടെങ്കിൽ വല്ല സിനിമ നടനെയോ നടിയെയോ ഒക്കെ  കാണാനും പറ്റും ).ഇരുമ്പു പാലത്തിൽ നിന്നും ബസ്സിൽ കയറി മിനിമം ചാർജ് കൊടുത്തു ബ്രദേഴ്‌സിൽ പോയി ഊണും കഴിച്ചു തിരിച്ചു വന്നാൽ പിന്നെ മുല്ലശ്ശേരി ഒന്നും മ്മൾ വക വയ്ക്കില്ല...

അങ്ങനെ ഈ കലാപരിപാടി തുടർന്ന് തുടർന്ന് അവസാനം യൂണിവേഴ്സലിലെ ലാസ്റ്റ് ദിവസം ഞങ്ങൾ തീരുമാനിച്ചു..ഇന്ന് മുല്ലശ്ശേരിയിൽ നിന്നും കഴിക്കാം..കുറെ നാൾ ആയി നമ്മൾ കൊതി വിട്ടതല്ലേ ...അങ്ങനെ ഉച്ചയ്ക്ക് അവിടെ കയറി...

ആദ്യം പാത്രം എത്തി, പിന്നെ ചോറ്, ബാദ് മേം ബാക്കി അക്‌സെസ്സറിസ്...ആദ്യം തന്നെ നമ്മളെ ഡൈലി ഹഠാദാകര്ഷിച്ചിരുന്ന തോരൻ എടുത്തു ടേസ്റ്റ് ചെയ്തു...രുചിയുടെ പോരായ്മ ഉപ്പിന്റെ അധികപ്രസരം കവർ ചെയ്തു എങ്കിലും,എരുവ് മാറ്റാൻ ചൂട് വെള്ളം തന്നെ വേണ്ടി വന്നു...പിന്നെ സാമ്പാർ,ഒറ്റ നോട്ടത്തിൽ രസം പോലെ ലൂസ് ആയി  തോന്നുമെങ്കിലും മുകളിൽ കിടന്ന പച്ച വെണ്ടയ്ക്ക ആണ് അത് സാമ്പാർ ആണ് എന്ന സത്യം ഞങ്ങളെ മനസിലാക്കിയത്...മീൻ കറിയിൽ നിന്നും മീൻ കിട്ടുന്നവനെക്കൊണ്ട് അടുത്ത ഓണം ബമ്പർ എടുപ്പിക്കാൻ ഞങ്ങൾ കൂട്ടമായി തീരുമാനിച്ചു...പിന്നെ ആകെ ഒരു ആശ്വാസം വറുത്ത മീൻ ആയിരുന്നു...സൈസ് കണ്ടു അയല  പൊരിച്ചതാണു  എന്ന് കരുതിയെങ്കിലും മസാലയുടെ കോട്ടിങ്ങും റവയുടെ പാക്കിങ്ങും കൊണ്ട് അയലയുടെ സൈസ് ആയ ആ മീൻ ശരിക്കും മത്തി ആയിരുന്നു എന്ന സത്യം വേദനയോടെ ഞങ്ങൾ മനസിലാക്കി...ചുരുക്കി പറഞ്ഞാൽ ഈ വിസിറ്റ് ആദ്യ ദിവസം നടത്തിയിരുന്നെങ്കിൽ ആ കോച്ചിങ്ങ് കഴിയുന്ന ദിവസം വരെ ഉണ്ടായിരുന്ന 11 മണി മുതലുള്ള കൊതിവിടലുകൾ ഒഴിവാക്കി പഠനത്തിൽ അല്പമെങ്കിലും ശ്രദ്ധ കൊടുക്കാമായിരുന്നു...

ഒപ്പം ഉണ്ടായിരുന്ന മുതുകുളം കാരൻ അരുൺ ആണ് മുല്ലശ്ശേരി എന്ന ആ കടയെ ഒരു ഇന്റർനാഷണൽ തെറി വിളിച്ചത്...അവന്റെ നാട്ടിലെ ഹോട്ടലുകളിൽ നിന്നും ഒരിക്കലും ഇത്രയും വൃത്തികെട്ട അനുഭവം ഉണ്ടായിട്ടില്ല പോലും...

അന്നേരം ആണ് ഓർമ്മകൾ ഒരു ടൈം ട്രാവൽ നടത്തി സ്‌കൂളിലേക്ക് എത്തിച്ചത്..

പത്തിൽ പഠിക്കുമ്പോ വീട്ടുകാർ  അറിയാതെ സ്‌കൂൾ ഓർക്കസ്ട്രയിൽ പരിപാടികളുമായി നടന്നിരുന്ന കാലം..സബ്‌ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം വാങ്ങിയതിന് ശേഷമുള്ള ജില്ലാ കലോത്സവം അറവുകാട് ഹൈസ്‌കൂളിൽ നടക്കുന്നു..മ്യൂസിക് ഡിപ്പാർട്മെന്റിലെ ജോബ്‌സാർ ഒപ്പമുണ്ട്...സ്‌കൂളിൽ നിന്നും ഫണ്ട് ഒന്നും അധികം കിട്ടില്ല,അതുകൊണ്ടു തന്നെ വല്ല ബസ്സിലും ഒക്കെ തൂങ്ങിപ്പിടിച്ചു വേണം പരിപാടികൾക്ക് പോകാൻ, അത്രയ്ക്ക് ദാരിദ്ര്യം..നമ്മടെ ഗ്രൂപ്പിന്റെ പെർഫോമൻസിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ട് മാഷ് അന്ന് പറഞ്ഞു..."ഈ മത്സരത്തിലും ഫസ്റ്റ് അടിച്ചാൽ എല്ലാവര്ക്കും ഒരു കിടിലൻ ട്രീറ്റ് എന്റെ വഹ "

അങ്ങനെ എല്ലാവരും ഉഷാറായി,മത്സരം തുടങ്ങി..റിസൾട്ട് വന്നപ്പോ പ്രതീക്ഷിച്ച പോലെ ഞങ്ങൾക്ക് ഫസ്റ്റ്,പക്ഷെ എന്തുകൊണ്ടോ ഗ്രേഡ് "B " ആയി...അതുകൊണ്ടു തന്നെ സ്റ്റേറ്റ് ലെവലിൽ പോകാൻ പറ്റില്ല..പക്ഷെ നമ്മക്ക് അതൊന്നും വിഷയമായില്ല..ഫസ്റ്റ് വാങ്ങണമെന്ന് പറഞ്ഞു, ഞങ്ങൾ വാങ്ങി..അതുകൊണ്ടു തന്നെ ഓഫർ ചെയ്ത ട്രീറ്റ് തരാൻ ഞങ്ങൾ മാഷോട് പറഞ്ഞു...

അവസാനം മാഷ് ഞങ്ങളെയും കൊണ്ട് അറവുകാട് തന്നെ ഉള്ള ഒരു ചെറിയ ഹോട്ടലിലേക്ക് കയറി,..!

പുറത്തു നിന്ന് നോക്കുമ്പോൾ ഒരു ചെറിയ കടയാണെങ്കിലും അകത്തു കയറിയാൽ വിശാലത അറിയാൻ ഉള്ള വെളിച്ചം ലവലേശം ഇല്ല,മുന്നേ നടന്നവന്റെ വക  "ഇയ്യോ" ന്നൊരു വിളി കേട്ടപ്പോൾ ഡെസ്കിൽ എത്തി എന്ന് മനസിലായി..പിന്നെ തപ്പിപ്പിടിച്ചു അവിടെ ഓരോരുത്തരായി ഇരുന്നു..സിനിമ തിയറ്ററിൽ ഇന്റർവെലിന് ലൈറ്റ് ഇടുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ നേരിയതായ  ഒരു വെളിച്ചം മാത്രം,മുന്നിൽ ഉള്ള ഇലയുടെ ബൗണ്ടറിയേ കുറിച്ച് ഒരു ഗ്രാഹ്യം ഇല്ലെങ്കിൽ ഒരുപക്ഷെ അച്ചാർ ആണെന്ന് കരുതി എടുത്തു നൽകുന്നത് അടുത്തവൻറെ  ഇലയിലെ എച്ചിൽ ആയേക്കാം...So Crucial, u know ??

അങ്ങനെ വിളമ്പാനുള്ള ഇലയുമായി ഒരു മഹാൻ നടന്നു വരുന്നു,കരിപിടിച്ച കരിച്ചട്ടിയിൽ എണ്ണ ഒഴിച്ച പോലെ ഉള്ള രീതിയിൽ ബോഡി ഫുൾ തിളക്കം...വയറാണോ മൺകുടം ആണോ എന്ന് തിരിച്ചറിയാൻ ആരും അല്പം പാട് പെടും. ഇല ടേബിളിൽ കൊണ്ട് ഇട്ടിട്ടു തിരിച്ചു നടക്കുന്ന കണ്ടാൽ ഒരു ആഢ്യത്വം ഒക്കെ തോന്നും..ഇലയിടാൻ വരുന്ന വഴിക്കു കൈ തട്ടി താഴെ വീണ ഗ്ളാസ് തിരിച്ചു പോകുന്ന വഴിക്കാണ് കുനിഞ്ഞു എടുത്തത്... ഹൗവെവർ ,കൈലി മടക്കിക്കുത്തി ഉടുത്തിരുന്നെങ്കിലും ആവശ്യത്തിന് വെളിച്ചം ഇല്ലാതിരുന്നതിനാൽ മൂപ്പര്‌ടെ ആ "ശുഷ്‌കാന്തി" അധികമാരും കണ്ടില്ല, എന്നിരുന്നാലും ഗ്ളാസ് വീണിരുന്നതിനു തൊട്ടടിത്തിരുന്നു ഉണ്ടുകൊണ്ടിരുന്ന ഒരു പാവം "ഛേ..യ്യ് ......" എന്നും പറഞ്ഞു എണീറ്റ് ഇല മടക്കുന്നതു കണ്ടപ്പോൾ  നമ്മക്ക് മനസിലായി  അവിടെ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരുന്നു..എന്നും കക്ഷിയുടെ ശുഷ്‌കാന്തി ആ എണീറ്റ വ്യക്തി ക്രിസ്റ്റൽ ക്ലിയർ ആയി കണ്ടു ..എന്നും 

6 -7 ടേബിളുകൾ ഉള്ള ഒരു ഹോട്ടലിൽ ഞങ്ങൾ എത്തിയ അന്നാണ് അവിടം ആദ്യമായി ഹൗസ്‌ഫുൾ ആയതു എന്ന് ആ കൗണ്ടറിൽ ഇരുന്ന ആൾടെ മുഖത്തെ സന്തോഷത്തിൽ നിന്നും മനസിലാക്കി..അവിടെ ഡെയ്‌ലി ബാക്കി ആവുന്ന ഫുഡ് സപ്പ്ളയർ ആണ് തീർത്തിരുന്നതു എന്നത് കൊണ്ടു അന്ന് അങ്ങേര്ക്കുള്ള ഫുഡിന് എന്ത് ചെയ്യും എന്ന ഒരു അങ്കലാപ്പ് ആ സപ്പ്ലയർ മഹാന്റെ മുഖത്തും കാണാമായിരുന്നു.അതുകൊണ്ടു തന്നെ യാതൊരു താല്പര്യവുമില്ലാതെ ആണ് മൂപ്പർ ഇലയും ഭക്ഷണവും എല്ലാം വിളമ്പിയത്..ചോറ് ഒക്കെ ഇടുന്നതു ചീട്ടു കളിക്കുമ്പം ക്ലാവർ ഇട്ടു വെട്ടുന്ന ശൈലിയിൽ ആണ്. സാമ്പാർ ഒക്കെ തലവഴി ഒഴിക്കാത്തത് ഭാഗ്യം..പിന്നെ എടുത്തു പറയേണ്ടത് രുചിയുടെ കാര്യമാണ്...നേരത്തെ പറഞ്ഞ മുല്ലശ്ശേരിയിലേക്കുള്ള സപ്പ്ളൈ ഇവിടെ നിന്നാണെന്നു തോന്നിപ്പോകും...ഒരുവിധം എങ്ങനെയെങ്കിലും തിന്നു തീർത്തിട്ട് പോകാം എന്ന് കരുതി തിന്നുകൊണ്ടിരുന്നപ്പോ സപ്ലയറോട് അവിടെ കഴിച്ചു കൊണ്ടിരുന്ന ഏതോ ഒരാൾ "പരിപ്പ് കറി ഇല്ലേ?" എന്ന് ചോദിച്ചതും സപ്പ്ലയറുടെ ഭാഗത്തു നിന്നും ഒരു മറുപടി വന്നു....പക്ഷെ ആ മറുപടി വന്നത് മൂപ്പരുടെ താഴ്ഭാഗത്തു നിന്നും ആയിരുന്നു..!! അതെ,..ആ വാഴയിൽ നിന്നും ഒരു വല്ല്യ കിളി പോയി..!!!ഒപ്പം മൂപ്പരുടെ ഡയലോഗും .."ക്ഷമിക്കണേ, ഇരിക്കാൻ നേരം കൈലി കീറിയ സൗണ്ട് ആണ്,തെറ്റിദ്ധരിക്കല്ലേ.."ന്നു...

'ഇങ്ങനെ ഒച്ച കേൾക്കാൻ ആ കൈലി ശിവകാശി പടക്ക കമ്പനിയിൽ നിന്നും ഉണ്ടാക്കിച്ചതാണോ?' എന്ന് ഒരു മറുചോദ്യവും ആരോ ചോദിച്ചു 

ആ വലിയ വയറിൽ നിന്നും ഇത്രയുമല്ലേ പോയുള്ളൂ എന്ന് ആശ്വസിക്കാമെങ്കിലും അതോടെ മ്മടെ കഴിക്കാനുള്ള മൂഡ് പോയി..

ഇല മടക്കി എണീറ്റ് കൈ കഴുകാൻ ചെന്ന നേരമാണ് അന്തസ്സുള്ള ആ കാഴ്ച കാണുന്നത്..ഇത്രയ്ക്കു ദാരിദ്ര്യം ആണെങ്കിലും കൈ കഴുകാൻ സോപ്പ് വച്ചിരിക്കുന്നു..പൊതുവെ ലൈഫ്ബോയ് സോപ്പ് ആണ് ഈ പരിപാടിയ്ക്ക് ഉണ്ടാവാറ് ..പക്ഷെ അവിടെ ഇരിക്കുന്നത് മ്മടെ 501 ബാർ സോപ്പിന്റെ ഒരു ചെറിയ കട്ട..കൈ കഴുകി കഴുകി ഊപ്പാട് വന്നാലും പത തീരാത്ത ഒരു സോപ്പ് ആണ് ങ്കിലും ഇതിട്ടു കഴുകിയിട്ടു പതയെ വരുന്നില്ല..ഏറ്റവും വിലകുറഞ്ഞ സോപ്പ് ആയ 501 നും വ്യാജനോ  എന്ന് കരുതി ആ സോപ്പ് എടുത്തു ജനലിനടുത്തേക്ക് പിടിച്ചു നോക്കിയപ്പോളാണ് ആ ഞെട്ടിക്കുന്ന സത്യം കാണുന്നത്...അത് സോപ്പല്ല..ഒരു കഷ്ണം ഉരുളക്കിഴങ്ങു വെട്ടി വച്ചിരിക്കുന്നു...

ഇത്രയ്ക്ക് ദാരിദ്യം പിടിച്ച ഹോട്ടലിന്റെ ഫുഡിന്റെ നിലവാരം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ എന്ന് കരുതുന്നു..

എന്തായാലും അതിനു ശേഷം മ്യൂസിക് മാഷിനോട് പറഞ്ഞു..."ആദ്യം ഗ്രേഡ് "B " ആയതിൽ വിഷമം തോന്നിയെങ്കിലും സാറിന്റെ ട്രീറ്റ് കിട്ടിയപ്പോ  ആ വിഷമം മാറി..ഇപ്പോഴത്തെ വിഷമം ഫസ്റ്റ് കിട്ടേണ്ടിയിരുന്നില്ലാ എന്നതാണ്"..എന്ന് ..

എന്തായാലും ഹോട്ടൽ-ഊണ് എന്നൊക്കെ കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ രണ്ടു അനുഭവങ്ങൾ ആണ്...അതുകൊണ്ടു തന്നെ നാട്ടിൽ ചെന്നാൽ പുതിയതായി ഒരു കടയിൽ ചെന്ന് കഴിക്കാൻ ഇപ്പോഴും പേടി ആണ്...

സൈക്കിൾ റാലി

സഡ്ഡൻ ബ്രേക്ക് എന്നത് ഒരു ആവേശം ആയി തുടങ്ങിയത് മലയാളം സിനിമകളിൽ വണ്ടികൾ വന്നു നിൽക്കുന്ന സീനുകൾ കാണാൻ തുടങ്ങിയപ്പോൾ കേൾക്കുന്ന "സ്ക്രീ" എന്ന സൗണ്ട് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ്..പൊതുവെ അതിവേഗത്തിൽ വന്നു പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ,വണ്ടിയുടെ റബ്ബർ ടയറും ടാറിട്ട റോഡും തമ്മിൽ ഉള്ള പ്രണയഗാനമായി മാത്രമേ ടെക്നിക്കലി ആ സൗണ്ട് കേൾക്കാൻ പാടുള്ളൂ എന്നുള്ളെങ്കിലും ,വന്നു വന്നു കാറ്റടിച്ചു നീങ്ങുന്ന വണ്ടി മണലിൽ പയ്യെ നിർത്തുന്ന സീൻ ആണെങ്കിലും ആ സൗണ്ട് കേൾപ്പിക്കൽ സിനിമകളിലെ ക്ളീഷേ ആയി മാറി..

ബ്രേക്ക് പിടുത്തം ജീവിതത്തിൽ പല കാലഘട്ടങ്ങളിലും പലവിധ വികാരങ്ങൾ നൽകി ഉത്തേജിപ്പിച്ചിട്ടുണ്ട്...

പണ്ട് ഒരു ബൈക്കുകാരൻ പെട്ടെന്ന് ഫ്രണ്ട് ബ്രേക്ക് പിടിച്ചു വണ്ടിയുടെ ബാക്ക് വീൽ പൊക്കിയതും, ഇത് പ്രതീക്ഷിക്കാതെ പിന്നാലെ വന്ന ഓട്ടോ,സൈഡ് വെട്ടിച്ചു അടുത്തുള്ള വേലി പൊളിച്ചു നിൽക്കുന്നത് , കോളേജിൽ പഠിച്ചിരുന്ന 'കുള്ളൻ മനോജ്' ബസ്സിന്റെ ഗിയർ ബോക്സിന്റെ ബലം മൂക്ക് കൊണ്ട് പരിശോധിച്ചത്, ബ്രെക്ക് ആണെന്ന് കരുതി ആക്സിലറേറ്റർ ചവിട്ടി വാപ്പ കാറിനെ 'പപ്പായയിൽ'ഇടിച്ചു നിർത്തിയത്..അങ്ങനെ ബ്രെക്കിങ്ങിനെ ചുറ്റിപ്പറ്റി ഒട്ടനവധി ഓർമ്മകൾ...,

സൈക്കിൾ പഠനം അതിന്റെ പൂർണ്ണാവസ്ഥയിൽ എത്തിയ കാലം..വീട് നിൽക്കുന്ന സിവിൽ ലെയിനിൽ അന്ന് ഒരുപാട് വളവും തിരിവും ഉള്ള ഇടവഴി ആണ്..കൊച്ചിയിൽ വണ്ടി ഓടിച്ചു പഠിച്ചാൽ ലോകത്തു എവിടെയും ഓടിക്കാം' എന്നതുപോലെ അന്ന് ഞങ്ങടെ ലെയിനിൽ സൈക്കിൾ പഠിച്ചാൽ എന്ത് അഭ്യാസത്തിനും പറ്റുന്ന ഒരു എക്സ്പെർട്ടീസ് ലെവൽ ക്‌നോളഡ്ജ് കിട്ടുമായിരുന്നു.അന്നൊക്കെ മെയിൻ റോഡിൽ പോകാൻ ഞങ്ങൾക്ക് അനുവാദം ഇല്ല.അതുകൊണ്ടു യജ്‌ഞം മുഴുവനും ആ ലെയിനിൽ ആണ്..

നിന്ന് ചവിട്ടുക, കൈവിട്ടു ചവിട്ടുക,കരിയറിൽ ഇരുന്നു ചവിട്ടുക,സീറ്റിൽ ഒരുത്തൻ ഇരുന്നു ഹാൻഡിൽ കൺട്രോൾ ചെയ്യുമ്പോൾ കരിയറിൽ ഇരുന്നു വേറൊരുവൻ ചവിട്ടുക..അങ്ങനെ അങ്ങനെ പല വിധമായ പ്രാക്ടീസുകൾ നടത്തി തഴക്കം വന്നു ബോറടിയായി മാറിയപ്പോൾ ഞങ്ങൾ മത്സരം സംഘടിപ്പിക്കാൻ തുടങ്ങി..അതിനായി തിരഞ്ഞെടുത്തത് വീടിനു പടിഞ്ഞാറോട്ടു മാറി ഉള്ള ഇടവഴി ആണ്..അവിടെ അല്പം വീതി കൂടിയതാണ് ലോറി വരുന്ന വഴിയാണ്.., 90 ഡിഗ്രി വളവും ഇല്ല,,ആകെ ഉള്ളത് ഒരു ചെറിയ വളവാണ്‌..അപ്പൊ ഈ അറ്റത്തും മറ്റേ അറ്റത്തും (ഏകദേശം ഒരു 100 -120 മീറ്റർ നീളം ഉള്ള വഴി. ഒരു വശത്തു കലക്ടറേറ്റിന്റെ മതിൽ,മറ്റേ വശത്തു 4 -5 വീടുകൾ ഉണ്ട്, അവരുടെ വേലി (അന്ന് മതിൽ ഒക്കെ ആഡംബരം ആയിരുന്നു, മിക്ക വീടുകളും എല്ലാവരും കൂടി  ഒരുമിച്ചു ഓല മെടഞ്ഞു വേലി കെട്ടുകയായിരുന്നു പതിവ്. ഇടയിൽ ആയി ഒരു Column സപ്പോർട് കിട്ടാനായി പൂവരശ് എന്ന മരത്തിന്റെ കമ്പും കുത്തി വെക്കും..എന്നിട്ടു കമ്പുകൾ തമ്മിൽ കനം കൂടിയ,തെങ്ങു വലിച്ചു കെട്ടാൻ ഉപയോഗിക്കുന്ന  കമ്പി ഉപയോഗിച്ച് ബന്ധിക്കും. ഈ കമ്പിയിൽ ആണ് ഓല കൊണ്ടുള്ള വേലി ഫിക്സ് ചെയ്യുന്നത്..കാലം ചെല്ലുന്തോറും വേലി ദ്രവിക്കും ,അപ്പോൾ വീണ്ടും എല്ലാവരും കൂടി rennovation നടത്തും..)

അങ്ങനെ ഞങ്ങൾ ആ വഴിയുടെ രണ്ടു വശത്തായി ഈരണ്ടു പേരെ നിർത്തി ഒരേ സമയം രണ്ടോ മൂന്നോ പേർ ചേർന്നുള്ള മത്സരം വെക്കും..ഇടവഴിയുടെ അറ്റത്തു നിൽക്കുന്നവരുടെ ഡ്യൂട്ടി എന്നത്  മത്സര സമയം അതിലെ വല്ലവരും വരുന്നെങ്കിൽ ഞങ്ങൾക്കുള്ള സിഗ്നൽ നൽകി മത്സരം നിർത്താൻ വേണ്ടി  ആണ്..വഴിയുടെ അങ്ങേ അറ്റത്തെ വളവു തീരുന്നിടത്തെ ഹമ്പ് ആണ് ഫിനിഷിങ് പോയിന്റ്.അങ്ങനെ ഞങ്ങൾ മിക്ക ദിവസവും മത്സരങ്ങൾ നടത്തി എക്സ്പെർട്ടുകൾ ആയി. അങ്ങനിരിക്കെ ആണ് അയൽരാജ്യമായ ലജനത്തു വാർഡിൽ നിന്നും ഒരുതൻ ഞങ്ങളുടെ മത്സരങ്ങൾ വീക്ഷിക്കാൻ വന്നത്.തുടക്കത്തിൽ ഞങ്ങളുടെ ചെറിയ ലാപ് കണ്ടു പുച്ഛം അടിച്ചു നിന്ന അവൻ അവന്റെ വാർഡിലെ മത്സരങ്ങളുടെ മാഹാത്മ്യങ്ങളെക്കുറിച്ചു "മോദി"അടിച്ചു. എന്തായാലും  പയ്യെ പയ്യെ  മത്സരം വീക്ഷിച്ചു നിന്ന അവൻ,അവസാനം മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചു.പ്രത്യേകിച്ച് ചിലവൊന്നും ഇല്ലാത്ത കാര്യമായതുകൊണ്ടു ഞങ്ങൾ സമ്മതിച്ചു.അവൻ്റെ തള്ള് കേട്ട് കുരു പൊട്ടിയത് കൊണ്ട് ഏതു വിധേനയും സിവിൽ ലെയിൻ പുലികളുടെ അന്തസ്സ് നിലനിർത്തണം എന്ന് കരുതി ഞങ്ങൾ മത്സരത്തിൽ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും കിടു ആയ സിയാദിക്കായെ കളത്തിൽ ഇറക്കി..ഇക്ക കൈവിട്ടു ചവിട്ടി വരെ മത്സരത്തിൽ ജയിക്കും,അജ്‌ജാതി കിടിലൻ ആളാണ്. അങ്ങനെ മത്സരം തുടങ്ങി. ഞാനും വേറെ രണ്ടു പേരും ഫിനിഷിങ് എൻഡിൽ നിന്നു . മറ്റേ അറ്റത്തു നിന്ന് "റെഡി,സ്റ്റഡി,ഗോ" പറഞ്ഞതും സിയാദിക്ക പതുക്കെ ചവിട്ടിത്തുടങ്ങി. മറ്റവൻ തുടങ്ങിയ പാടെ എണീറ്റ് നിന്ന് അറഞ്ചം പുറഞ്ചം ചവിട്ടി.അവൻ ഫിനിഷിങ് പോയിന്റിന്റെ അടുത്തുള്ള വളവു എത്താറായിട്ടും നിൽപ്പും ചവിട്ടും ഒട്ടും കുറച്ചില്ല.വന്ന അതെ സ്പീഡിൽ വളവു തിരിഞ്ഞാൽ അവൻ വളവിലെ വേലി കഴിയുന്ന ശേഷം ഉള്ള ഡോക്ടറുടെ മതിലിൽ 'ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥി സോമശേഖരൻറെ' ഇലക്ഷൻ പോസ്റ്ററിന്  ഒരു കമ്പനിയായി ആ മതിലിൽ പറ്റിയിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് ബ്രെക്കിൽ ഒരു പിടുത്തം പിടിച്ചു വണ്ടി നിർത്താൻ തീരുമാനിച്ചു...അവന്റെ സമയത്തിന്റെ ഗുണം..ബ്രേക്ക് കിട്ടിയതുമില്ല വീൽ ഉരഞ്ഞതുമില്ല ,ബ്രേക്ക് കേബിൾ പൊട്ടി സൈക്കിൾ വളവിലെ വീടിന്റെ  വേലി ലക്ഷ്യമാക്കി ഒരു പോക്ക്. Rennovation പിരീഡ് അടുത്തിരുന്ന വേലിയും പൊളിച്ചു സൈക്കിൾ ആ വീടിന്റെ മുന്നിലെ ചെടികളും നശിപ്പിച്ചു വീടിന്റെ അര ഭിത്തിയിൽ  ഇടിച്ചു നിന്നു, കഥാനായകൻവായും പൊത്തി  വേലിയുടെ സൈഡിൽ നിൽക്കുന്നു.വേറൊന്നുമല്ല,വേലിക്കു ബലം ഇല്ലാഞ്ഞത് വേലിയും പൊളിച്ചു കൊണ്ട് സൈക്കിൾ അവനെ 'ലോഡ് ഇറക്കി'പോയെങ്കിലും വേലിയിൽ കെട്ടിയിരുന്ന കമ്പിയ്ക്ക് നല്ല ബലം ഉണ്ടായിരുന്നതിനാൽ അവന്റെ മേൽ ചുണ്ടും കമ്പിയും  ചേർന്ന് നടത്തിയ ലാത്തിച്ചാർജിൽ ഫ്രന്റിലെ 2 പല്ല് ഇളകി അവനെ അവിടെ നിർത്തി ..വീടിനു മുന്നിൽ എന്തോ ഒച്ച കേട്ട് അടുക്കള ഭാഗത്തു നിന്ന ആ വീട്ടിലെ ഇത്താത്ത പിറകു വശം വഴി വീടിന്റെ മുന്നിൽ എത്തി. പൊതുവെ മുറ്റത്തെ ചാമ്പയ്ക്കാ മരത്തിൽ നിന്നും ചാമ്പയ്‌ക്ക പറിക്കാൻ പിള്ളേർ വന്നു അനുവാദം ചോദിക്കാറുള്ളത് കൊണ്ട് അതാണെന്ന് കരുതി "ചാമ്പയ്‌ക്ക പറിക്കാൻ ആണോ? ചെടി ഒന്നും നശിപ്പിക്കരുത്" എന്ന് പറഞ്ഞതും, അവൻ വാ പൊത്തിക്കൊണ്ടു തന്നെ,' അല്ല ഇത്താ, ഞാൻ ആ സൈക്കിൾ ഒന്ന് എടുത്തോട്ടെ?" എന്ന് പറഞ്ഞതും അവർ ഇതെന്തു കഥ എന്ന് നോക്കി ..അപ്പോഴാണ് സൈക്കിൾ അവിടെ കാണുന്നത്..ഇതിവിടെ ആര് എപ്പോ കൊണ്ട് വച്ച് എന്ന് അവർ ചിന്തിക്കുന്ന ഗ്യാപ്പിനുള്ളിൽ അവൻ സൈക്കിളും എടുത്തു വെളിയിൽ ഇറങ്ങി..കാര്യം ഒന്നും മനസ്സിലാവാതെ ഇത്ത കിളിപോയി നിന്ന്...അവനാണെങ്കി ഞങ്ങളെ കണ്ട് ഒരു നോട്ടവും നോക്കി അന്ന് പോയ പോക്കാണ്...


മധുര പതിനേഴ്

പണ്ട്...അതായത് ഇപ്പോഴത്തെ ഒരു തുള്ളി പെട്രോളിന്റെ വിലയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയിരുന്ന ആ സുവർണ്ണ കാലഘട്ടം..പ്രായം പതിനെട്ടു തികയുന്ന ദിവസത്തിനായി കണ്ണ് നട്ടു ഇരുന്ന സമയം..വേറൊന്നിനുമല്ല!! ഡ്രൈവിങ് ലൈസൻസിന് അപ്പ്ളൈ ചെയ്യാൻ!!!!

അത്രയും കാലം ടൗണിലെ ഇട്ടാവട്ടത്തിൽ വണ്ടി ഓടിക്കാൻ നേരം വഴിയിൽ പോലീസിനെയോ,എന്തിനധികം വെറും ഒരു  ജീപ്പ് കണ്ടാൽ പോലും , വീട്ടിലേക്കു വരുന്ന വിരുന്നുകാരെ കാണുന്ന കോഴിയുടെ ഹൃദയം മിടിക്കുന്ന അതെ വേവ്‌ലെങ്ങ്തിൽ തന്നെ ആണ് മ്മടെ ചങ്കും പെടച്ചിരുന്നത്..പക്ഷെ മ്മടെ ഭാഗ്യത്തിന് ആപത്തു ഒന്നും ഉണ്ടായിട്ടില്ല...

അങ്ങനെ ആ സുദിനം വന്നെത്തി...ആദ്യമായി പ്രായപൂർത്തി ആയി...!!

ആലപ്പുഴ ഉള്ള മ്മടെ ഒരു സുഹൃത്തു വഴി "സനൽ ഡ്രൈവിങ് സ്‌കൂളി"ൽ പോയി  അപേക്ഷ നൽകി, അങ്ങനെ മാഷ് പറഞ്ഞ പ്രകാരം മൂന്നാം ദിവസം 101 രൂപയും വെറ്റിലയും ഒക്കെക്കൊണ്ട് ബീച്ചിനടുത്തുള്ള റസ്റ്റ് ഹൗസിന്റെ മുന്നിൽ ഉള്ള മാടക്കടയ്ക്ക് സമീപം ചെന്ന് നിന്നു..2 മണിക്ക് എത്താൻ ആണ് പറഞ്ഞിരുന്നതെങ്കിലും മ്മള് 1 മണി ആയപ്പോഴേ എത്തി...ജീവിതത്തിൽ അന്ന് വരെ പാലിച്ചിട്ടില്ലാത്ത വിധം കൃത്യനിഷ്ഠത..!!

 നിമിഷങ്ങൾ യുഗങ്ങൾ പോലെ കടന്നു പോയി, ലെവൽ ക്രോസ് കടന്നു വരുന്ന ഓരോ വണ്ടിയും എനിക്ക് ഡ്രൈവിങ് പഠിക്കാൻ ഉള്ള റോൾസ് റോയ്‌സ് ആണെന്ന് തോന്നുമായിരുന്നു..അവസാനം ദൂരെ നിന്ന് കണ്ടു മന്ദം മന്ദം ഒഴുകി വരുന്ന വെള്ള നിറത്തിൽ ഉള്ള ഒരു പുതുപുത്തൻ (1975 മോഡൽ മാർക്ക് 2 ) അംബാസഡർ കാർ "ദൂരെ കിഴക്കുദിക്കും, മാണിക്യ ചെമ്പഴുക്ക.."പാടി വരുന്ന ലാലേട്ടനെ പോലെ വരുന്നത് കണ്ടത്...(വണ്ടിക്കു ലേശം ചരിവ് ഉണ്ടായിരുന്നു..അതാ )

അങ്ങനെ ആശാൻ,(along with other students )മ്മളെയും വണ്ടിയിൽ കയറ്റി ബീച്ച് റോഡിൽ കടലിനു പാരലൽ ആയി നിർത്തി...മൂപ്പർ എന്നോട് ഇറങ്ങാൻ പറഞ്ഞു,ന്നിട്ട് മൂപ്പരും ഇറങ്ങി ഏതോ ഒരു ഡയറക്ഷനിലേക്ക് തിരിഞ്ഞു നിർത്തി...ചെരുപ്പ് ഊരി  ഇടീപ്പിച്ചിട്ടു മൂപ്പർ ദക്ഷിണ വാങ്ങി അനുഗ്രഹം തന്നു...എന്നിട്ടു താക്കോൽ കയ്യിലേക്ക് തന്നു...എന്നിട്ടു ആദ്യ ഉപദേശം "ദക്ഷിണ വാങ്ങി താക്കോൽ കയ്യിൽ തന്നു വേണം ക്ലാസ് തുടങ്ങാൻ...പക്ഷെ ഈ വണ്ടിയുടെ താക്കോൽ ഊരിയാൽ പിന്നെ സ്റ്റാർട് ആവണമെങ്കിൽ തള്ളേണ്ടി വരും..(ഇന്നത്തെ കാലത്തു ആരുന്നേൽ വല്ല സംഘിയെയോ സുടാപ്പിയെയോ ഒക്കെ കയറ്റി ഇരുത്തിയാൽ വണ്ടി തനിയെ സ്റ്റാർട് ആയേനെ )

എന്നോടൊപ്പം വേറൊരു പയ്യനും പുതിയതായി ശിക്ഷണം തേടുന്നുണ്ടായിരുന്നു..മൂപ്പരും എല്ലാം റിപ്പീറ്റ്..

അങ്ങനെ ആദ്യമേ അവനോട് ഡ്രൈവിങ് സീറ്റിൽ കയറി ഇരിക്കാൻ പറഞ്ഞു...ഇരുന്നു...പിന്നെ വഴിക്കു വഴിയേ എല്ലാം ആശാൻ പഠിപ്പിച്ചു..മിറർ നോട്ടം,കഴുത്തു തിരിച്ചു നോട്ടം, കാലിൽ ലെഫ്റ്റ് ക്ളച്,നടുവിൽ ബ്രേക്ക് ,വലതു ആക്സിലറേറ്റർ,പിന്നെ ഗിയർ  സ്റ്റിയറിങ് ഹോൺ അങ്ങനെ സകലതും. അങ്ങനെ അവൻ ആദ്യമായി ഫസ്റ്റ് ഇട്ടു വണ്ടി പതിയെ മുന്നോട്ടു നീങ്ങി..അങ്ങനെ ഏകദേശം ഒരു 2-3  കിലോമീറ്റർ അവൻ പയ്യെ ഓടിച്ചു ഗിയർ സിസ്റ്റം ഒക്കെ മനസിലാക്കി,വണ്ടി ഒതുക്കി നിർത്തി.. അവനോടു ഇറങ്ങി എന്നോട് കയറാൻ പറഞ്ഞു...അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവിടൊക്കെ എന്തോ പരതുന്നത് കണ്ടു ആശാൻ ചോദിച്ചു..'എന്തെടെയ്,നീ പിറകിലേക്ക് കയറി ഇരി.."

അപ്പോഴാണ് ആ ഞെട്ടിക്കുന്ന രഹസ്യം അവൻ പറഞ്ഞത്..."ദക്ഷിണ തരാൻ നേരം ഊരി ഇട്ട അവന്റെ ചെരുപ്പ് കാണുന്നില്ലാ!!!!!" യേത്, ബീച്ച് റോഡിൽ ഊരി ഇട്ടു വണ്ടിയിൽ കയറി കറങ്ങി തിരിഞ്ഞു ഏതോ ഗുദാമിൽ എത്തിയ ശേഷം ആ സ്ഥലത്തു അവൻ ചെരുപ്പ് തപ്പുന്നു.."പിന്നെ അവനെ പിടിച്ചു കയറ്റി ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങി....അങ്ങനെ പയ്യെ കറങ്ങി തിരിഞ്ഞു ലവൻ വണ്ടി ഓടിക്കാൻ തുടങ്ങിയ സ്ഥലത്തു എത്തി...ഭാഗ്യത്തിന് ഊരി ഇട്ട ആ ചെരുപ്പ് ആ റോഡിൽ തന്നെ ഉണ്ട്...(ആലപ്പുഴക്കാരുടെ സന്മനസ്സോ സത്യസന്ധതയോ  ആയി തെറ്റി ധരിക്കേണ്ട,തേഞ്ഞു തേഞ്ഞു തേപ്പു കരണ്ടി പരുവമായി മാറിയ ആ ചെരിപ്പ് അടിച്ചു മാറ്റാൻ മാത്രം ഗതികെട്ട ആരും അവിടെ ഇല്ല എന്നതായിരുന്നു വാസ്തവം...

അങ്ങനെ എന്തായാലും ദിവസം ചെല്ലുന്തോറും പഠനം പുരോഗമിച്ചു..ഗിയർ അമർത്തുമ്പം ക്ളച് ഇടുന്നതിന്റെയും റോഡിന്റെ മറു വശത്തു കുഴി കണ്ടാൽ എങ്ങനെയേലും അതിൽ കൊണ്ടുപോയി വീഴുന്നതിന്റെയും ഒക്കെ ബാലപാഠങ്ങൾ ആ പൊളി ടെക്നിക്കിൽ നിന്നും സ്വായത്തം ആക്കി..

ബ്രെക്ക് പിടുത്തം മാത്രമായിരുന്നു ഒരു കടമ്പ, അത്രയും കാലം  'വിളിച്ചാൽ വിളിപ്പുറത്തു 'നിൽക്കുന്ന ബ്രേക്ക് ഉള്ള സൈക്കിൾ ഓടിച്ചു  നടന്നു ശീലിച്ച മ്മക്ക്  ആ വണ്ടിയുടെ പിറകെ പിടുത്തം ഒരു പ്രശ്നം ആയിരുന്നു ,ആ വണ്ടിയുടെ പ്രത്യേകത എന്താണ് വച്ചാൽ തമ്പാനൂർ നിർത്താൻ പേട്ടയിൽ നിന്ന് തന്നെ ബ്രെക്കുമ്മേ കയറി നിൽക്കണം എന്ന പരുവത്തിൽ ആയിരുന്നു..അക്കാലത്തു ഡിസ്ക് ബ്രേക്ക് ഒക്കെ ലക്ഷ്വറി ഐറ്റം ആയിരുന്നല്ലോ...ഡ്രം ബ്രെക്ക് ഉള്ള വണ്ടികളിൽ ബ്രേക്ക് ചവിട്ടി കൃത്യ സ്ഥലത്തു  നിർത്താൻ ഒരു അഭ്യാസിക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ..പഠിക്കുന്ന വണ്ടിയിൽ പോകുമ്പോൾ ദൂരെ ലക്ഷ്യസ്ഥാനം കണ്ടാൽ മാഷ് പറയും "ചവിട്ടിക്കൊ!!" ആ സമയം ബാക്കി സകല പരിപാടികളും നിർത്തി ഉള്ള എനർജി മുഴുവൻ ആവാഹിച്ചു ബ്രേക്ക് പെഡലിൽ ഒരു ചവിട്ടു ചവിട്ടിയാൽ മ്മക്ക് ഭാഗ്യം ഉണ്ടെങ്കിൽ സ്ഥാനത്തിന്റെ ഒരു 5 മീറ്റർ അടുത്തെങ്കിലും വണ്ടി നിൽക്കും.....എന്തായാലും ഇത്തരം  യുദ്ധമൊക്കെ കഴിഞ്ഞു  അവസാനം ലൈസൻസ് കയ്യിൽ കിട്ടി.കാറിന്റെ ഒപ്പം 2 വീലറിന്റെയും എടുത്തു.....!!

ആ ഉത്സാഹത്തിൽ, വാപ്പാടെ ബുള്ളറ്റ് എടുത്തു മ്മള് ടൗണിലേക്ക് ഇറങ്ങി....പോലീസ് സ്റ്റേഷന്റെ മുന്നിൽ വരെ ചെന്നിട്ടു ചുമ്മാ വെയിറ്റ് ചെയ്തു നിന്നു ..ആരെങ്കിലും വന്നു ലൈസൻസ് ചോദിച്ചാൽ കാണിക്കാൻ..!!

ആകെ ഉണ്ടായിരുന്ന ഒരു വിഷമം,ഓടിക്കാൻ കാർ ഇല്ല എന്നതാണ്...(പത്തിൽ പഠിക്കുമ്പോൾ വീട്ടിൽ ഒരു കാർ വാങ്ങിയ ചരിത്രം ഓർമയിൽ കാണുമല്ലോ)

അങ്ങനെയിരിക്കെ തറവാട്ടിൽ പുതിയതായി ഒരു കാർ വാങ്ങി...പുതുപുത്തൻ ടാറ്റ ഇൻഡിക്ക...ഡീസൽ വണ്ടി...നല്ല ചിമിട്ടൻ എസി ,സീറ്റ് ബെൽറ്റ്, പവർ സ്റ്റിയറിങ്,ഡിസ്ക് ബ്രേക്ക്,മ്യൂസിക് സിസ്റ്റം..എന്ന് വേണ്ട ഹാൻഡ്‌ബ്രേക്ക് വരെ ഉണ്ട്...!!വണ്ടി കിട്ടി രെജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു 2 -3 ആഴ്ച ഞാൻ അതിൽ തൊട്ടും തലോടിയും ഒക്കെ ആശ തീർത്തു...ഫസ്റ്റ് സർവീസ് എങ്കിലും കഴിയാതെ ഡ്രൈവിങ് സീറ്റിൽ കയറാൻ പാടില്ല എന്ന് ഇളയ മാമായുടെ ഉഗ്ര ശാസനം (വണ്ടി വല്യ മാമ വാങ്ങിയതാണെങ്കിലും നോക്കി നടത്തിപ്പ് അവകാശം ഇളയ മാമന് ആണ് ) 

അങ്ങനെ ഒരു മാസം കഴിഞ്ഞു സർവീസ് കഴിഞ്ഞു.. ഒരു ഞായറാഴ്ച ദിവസം മ്മടെ ബഹളം സഹിക്ക വയ്യാതെ ഇളയ മാമ എന്നെയും കൂട്ടി  വണ്ടിയുമായി ഇറങ്ങി...കായംകുളത്തുള്ള ഒരു പാടത്തിന്റെ നടുവിൽ ഉള്ള നീണ്ട റോഡ്...അവിടാകുമ്പം വേറെ ആളും വണ്ടിയും ഒന്നും ഇല്ല..അല്പം സ്പീഡിൽ പോയാലും സേഫ്...അവിടെ എത്തിച്ചു മാമ എന്നോട് ഡ്രൈവിങ് സീറ്റിൽ ഇരിക്കാൻ പറഞ്ഞു...

മ്മള് കയറി..മിററും സീറ്റും ഒക്കെ ചെക്ക് ചെയ്തു ....സീറ്റ് ബെൽറ്റ് ഇടുന്നതു എങ്ങനെയാ എന്ന് ചോദിച്ചതും ഒരു മുഴുത്ത തെറി കിട്ടി....(അക്കാലത്തു അതൊന്നും നിർബന്ധം അല്ലായിരുന്നു..)അതൊന്നും വേണ്ട നീ സ്റ്റാർട്ട് ചെയ്തു വണ്ടി ഓടിക്കു..നോക്കട്ടെ..എന്നും പറഞ്ഞു മാമൻ ഫ്രണ്ട് സീറ്റിൽ ചമ്രം പടിഞ്ഞു ഇരുന്നു കയ്യിലെ പൊതി അഴിച്ചു വെറ്റിലയും പാക്കും ചുണ്ണാമ്പും ഒക്കെ എടുത്തു മുറുക്കാൻ തുടങ്ങി (മൂപ്പർക്ക് അങ്ങനൊരു ശീലം ഉണ്ട്..നാലും കൂട്ടിയുള്ള മുറുക്ക്)ഞാൻ ക്ളച് ചവിട്ടി,ഗിയർ ഇട്ടു പയ്യെ മുന്നോട്ടു എടുത്തു...ഫസ്റ്റ് ഗിയറിൽ ഇട്ടു വണ്ടി ഇരമ്പി തുടങ്ങിയതും "ഗിയർ മാട്രാ '### @@..' " എന്നൊക്കെ മയത്തിൽ വിളിച്ചു...എന്തായാലും ഗിയറുകൾ ചറപറാ മാറ്റി വണ്ടി മുന്നോട്ടു പാഞ്ഞു...റോഡിന്റെ അറ്റത്തുള്ള "T " ജംക്ഷനിലേക്കു ആ സ്പീഡിൽ എത്തും എന്ന് കണ്ടു മാമ പറഞ്ഞു 'എവിടെ പോകുവാ...പയ്യെ ബ്രേക്ക് ചവിട്ട്രാ.."

കേട്ട പാതി കേൾക്കാത്ത പാതി,ഡ്രൈവിങ്ങിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ച അംബാസഡറിനെ മനസ്സിൽ ധ്യാനിച്ച് സ്ക്രീച്ഛ് രാഗത്തിൽ ഞാൻ ബ്രേക്കിൽ കാൽ അമർത്തി...

കാൽ തിരിചു എടുക്കാൻ മുഴുമിച്ചില്ല.."പട്ടേ  " (മഠം എന്നതിന്റെ "ഠ") എന്നൊരു സൗണ്ട് കേട്ടു...നോക്കിയപ്പോൾ സൈഡിൽ ചമ്രം പടിഞ്ഞു ഇരുന്ന മാമ ദോണ്ടേ ഡാഷ്ബോർഡിൽ മുറുക്കിത്തുപ്പി മുഖം അമർത്തി തിരിച്ചു വരുന്നു...കൈ രണ്ടും മുഖത്ത് അമർത്തി വച്ചിരിക്കുന്നു..സംഭവിച്ചത് എന്താന്നു വച്ചാൽ..അംബാസഡറിന്റെ ഡ്രം ബ്രേക്കും ഇന്ഡിക്കയുടെ ഡിസ്ക് ബ്രേക്കും തമ്മിൽ ഒരു ചെറിയ വ്യത്യാസം ഉണ്ടായിരുന്നു...ജീവിതത്തിൽ ആദ്യമായി ഡിസ്ക് ബ്രേക്കിൽ കാൽ അമർത്തിയ ആ നിമിഷത്തില്,ആ വേളയില് ആണ് എനിക്ക് ആ നഗ്ന സത്യം മനസിലായത്...

മാമ ഉടനെ കൈ മാറ്റി എന്റെ തലക്കിട്ടു ഒരെണ്ണം ചാമ്പി എന്നിട്ടു പറഞ്ഞു "ഫയ്യെ ഹവിട്ടാൻ ഫറഞ്ഞതു ഹേട്ടില്ലേ ഹോപ്പെ ..."

ഞാൻ :"സോറി മാമ..."

മാമ: "ഹും ..ഹവന്റെ ഹോറി...തലയിലെ മരവിപ്പ് മാറുന്നില്ലല്ലോ ഫഹവാനേ ..."

എന്തായാലും ഞാൻ ഇറങ്ങി അടുത്ത മാടക്കടയിൽ നിന്നും ഒരു സോഡാ വാങ്ങി കുടിച്ചു,തണുത്ത ഒരെണ്ണം വാങ്ങി മാമായ്ക്കും കൊടുത്തു....അത് കുടിച്ചാൽ ഏമ്പക്കം വിടാൻ ഉള്ള ആമ്പിയർ പോലും ഇല്ല എന്ന് മനസിലാക്കി ആവണം..മാമ അത് വച്ച് മുഖവും തലയും ഒക്കെ കഴുകി ഒരു അര മണിക്കൂർ കഴിഞ്ഞാണ് തിരിച്ചു പോകാം എന്ന് എന്നോട് പറഞ്ഞത്....

എന്താന്ന് അറിയില്ല...ആ തിരിച്ചു പോക്കിൽ ആണ് മാമ ആദ്യമായി സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുന്നതും,അതിൽ വിജയിക്കുന്നതും ഞാൻ കാണുന്നത്...