പണ്ട്...അതായത് ഇപ്പോഴത്തെ ഒരു തുള്ളി പെട്രോളിന്റെ വിലയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയിരുന്ന ആ സുവർണ്ണ കാലഘട്ടം..പ്രായം പതിനെട്ടു തികയുന്ന ദിവസത്തിനായി കണ്ണ് നട്ടു ഇരുന്ന സമയം..വേറൊന്നിനുമല്ല!! ഡ്രൈവിങ് ലൈസൻസിന് അപ്പ്ളൈ ചെയ്യാൻ!!!!
അത്രയും കാലം ടൗണിലെ ഇട്ടാവട്ടത്തിൽ വണ്ടി ഓടിക്കാൻ നേരം വഴിയിൽ പോലീസിനെയോ,എന്തിനധികം വെറും ഒരു ജീപ്പ് കണ്ടാൽ പോലും , വീട്ടിലേക്കു വരുന്ന വിരുന്നുകാരെ കാണുന്ന കോഴിയുടെ ഹൃദയം മിടിക്കുന്ന അതെ വേവ്ലെങ്ങ്തിൽ തന്നെ ആണ് മ്മടെ ചങ്കും പെടച്ചിരുന്നത്..പക്ഷെ മ്മടെ ഭാഗ്യത്തിന് ആപത്തു ഒന്നും ഉണ്ടായിട്ടില്ല...
അങ്ങനെ ആ സുദിനം വന്നെത്തി...ആദ്യമായി പ്രായപൂർത്തി ആയി...!!
ആലപ്പുഴ ഉള്ള മ്മടെ ഒരു സുഹൃത്തു വഴി "സനൽ ഡ്രൈവിങ് സ്കൂളി"ൽ പോയി അപേക്ഷ നൽകി, അങ്ങനെ മാഷ് പറഞ്ഞ പ്രകാരം മൂന്നാം ദിവസം 101 രൂപയും വെറ്റിലയും ഒക്കെക്കൊണ്ട് ബീച്ചിനടുത്തുള്ള റസ്റ്റ് ഹൗസിന്റെ മുന്നിൽ ഉള്ള മാടക്കടയ്ക്ക് സമീപം ചെന്ന് നിന്നു..2 മണിക്ക് എത്താൻ ആണ് പറഞ്ഞിരുന്നതെങ്കിലും മ്മള് 1 മണി ആയപ്പോഴേ എത്തി...ജീവിതത്തിൽ അന്ന് വരെ പാലിച്ചിട്ടില്ലാത്ത വിധം കൃത്യനിഷ്ഠത..!!
നിമിഷങ്ങൾ യുഗങ്ങൾ പോലെ കടന്നു പോയി, ലെവൽ ക്രോസ് കടന്നു വരുന്ന ഓരോ വണ്ടിയും എനിക്ക് ഡ്രൈവിങ് പഠിക്കാൻ ഉള്ള റോൾസ് റോയ്സ് ആണെന്ന് തോന്നുമായിരുന്നു..അവസാനം ദൂരെ നിന്ന് കണ്ടു മന്ദം മന്ദം ഒഴുകി വരുന്ന വെള്ള നിറത്തിൽ ഉള്ള ഒരു പുതുപുത്തൻ (1975 മോഡൽ മാർക്ക് 2 ) അംബാസഡർ കാർ "ദൂരെ കിഴക്കുദിക്കും, മാണിക്യ ചെമ്പഴുക്ക.."പാടി വരുന്ന ലാലേട്ടനെ പോലെ വരുന്നത് കണ്ടത്...(വണ്ടിക്കു ലേശം ചരിവ് ഉണ്ടായിരുന്നു..അതാ )
അങ്ങനെ ആശാൻ,(along with other students )മ്മളെയും വണ്ടിയിൽ കയറ്റി ബീച്ച് റോഡിൽ കടലിനു പാരലൽ ആയി നിർത്തി...മൂപ്പർ എന്നോട് ഇറങ്ങാൻ പറഞ്ഞു,ന്നിട്ട് മൂപ്പരും ഇറങ്ങി ഏതോ ഒരു ഡയറക്ഷനിലേക്ക് തിരിഞ്ഞു നിർത്തി...ചെരുപ്പ് ഊരി ഇടീപ്പിച്ചിട്ടു മൂപ്പർ ദക്ഷിണ വാങ്ങി അനുഗ്രഹം തന്നു...എന്നിട്ടു താക്കോൽ കയ്യിലേക്ക് തന്നു...എന്നിട്ടു ആദ്യ ഉപദേശം "ദക്ഷിണ വാങ്ങി താക്കോൽ കയ്യിൽ തന്നു വേണം ക്ലാസ് തുടങ്ങാൻ...പക്ഷെ ഈ വണ്ടിയുടെ താക്കോൽ ഊരിയാൽ പിന്നെ സ്റ്റാർട് ആവണമെങ്കിൽ തള്ളേണ്ടി വരും..(ഇന്നത്തെ കാലത്തു ആരുന്നേൽ വല്ല സംഘിയെയോ സുടാപ്പിയെയോ ഒക്കെ കയറ്റി ഇരുത്തിയാൽ വണ്ടി തനിയെ സ്റ്റാർട് ആയേനെ )
എന്നോടൊപ്പം വേറൊരു പയ്യനും പുതിയതായി ശിക്ഷണം തേടുന്നുണ്ടായിരുന്നു..മൂപ്പരും എല്ലാം റിപ്പീറ്റ്..
അങ്ങനെ ആദ്യമേ അവനോട് ഡ്രൈവിങ് സീറ്റിൽ കയറി ഇരിക്കാൻ പറഞ്ഞു...ഇരുന്നു...പിന്നെ വഴിക്കു വഴിയേ എല്ലാം ആശാൻ പഠിപ്പിച്ചു..മിറർ നോട്ടം,കഴുത്തു തിരിച്ചു നോട്ടം, കാലിൽ ലെഫ്റ്റ് ക്ളച്,നടുവിൽ ബ്രേക്ക് ,വലതു ആക്സിലറേറ്റർ,പിന്നെ ഗിയർ സ്റ്റിയറിങ് ഹോൺ അങ്ങനെ സകലതും. അങ്ങനെ അവൻ ആദ്യമായി ഫസ്റ്റ് ഇട്ടു വണ്ടി പതിയെ മുന്നോട്ടു നീങ്ങി..അങ്ങനെ ഏകദേശം ഒരു 2-3 കിലോമീറ്റർ അവൻ പയ്യെ ഓടിച്ചു ഗിയർ സിസ്റ്റം ഒക്കെ മനസിലാക്കി,വണ്ടി ഒതുക്കി നിർത്തി.. അവനോടു ഇറങ്ങി എന്നോട് കയറാൻ പറഞ്ഞു...അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവിടൊക്കെ എന്തോ പരതുന്നത് കണ്ടു ആശാൻ ചോദിച്ചു..'എന്തെടെയ്,നീ പിറകിലേക്ക് കയറി ഇരി.."
അപ്പോഴാണ് ആ ഞെട്ടിക്കുന്ന രഹസ്യം അവൻ പറഞ്ഞത്..."ദക്ഷിണ തരാൻ നേരം ഊരി ഇട്ട അവന്റെ ചെരുപ്പ് കാണുന്നില്ലാ!!!!!" യേത്, ബീച്ച് റോഡിൽ ഊരി ഇട്ടു വണ്ടിയിൽ കയറി കറങ്ങി തിരിഞ്ഞു ഏതോ ഗുദാമിൽ എത്തിയ ശേഷം ആ സ്ഥലത്തു അവൻ ചെരുപ്പ് തപ്പുന്നു.."പിന്നെ അവനെ പിടിച്ചു കയറ്റി ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങി....അങ്ങനെ പയ്യെ കറങ്ങി തിരിഞ്ഞു ലവൻ വണ്ടി ഓടിക്കാൻ തുടങ്ങിയ സ്ഥലത്തു എത്തി...ഭാഗ്യത്തിന് ഊരി ഇട്ട ആ ചെരുപ്പ് ആ റോഡിൽ തന്നെ ഉണ്ട്...(ആലപ്പുഴക്കാരുടെ സന്മനസ്സോ സത്യസന്ധതയോ ആയി തെറ്റി ധരിക്കേണ്ട,തേഞ്ഞു തേഞ്ഞു തേപ്പു കരണ്ടി പരുവമായി മാറിയ ആ ചെരിപ്പ് അടിച്ചു മാറ്റാൻ മാത്രം ഗതികെട്ട ആരും അവിടെ ഇല്ല എന്നതായിരുന്നു വാസ്തവം...
അങ്ങനെ എന്തായാലും ദിവസം ചെല്ലുന്തോറും പഠനം പുരോഗമിച്ചു..ഗിയർ അമർത്തുമ്പം ക്ളച് ഇടുന്നതിന്റെയും റോഡിന്റെ മറു വശത്തു കുഴി കണ്ടാൽ എങ്ങനെയേലും അതിൽ കൊണ്ടുപോയി വീഴുന്നതിന്റെയും ഒക്കെ ബാലപാഠങ്ങൾ ആ പൊളി ടെക്നിക്കിൽ നിന്നും സ്വായത്തം ആക്കി..
ബ്രെക്ക് പിടുത്തം മാത്രമായിരുന്നു ഒരു കടമ്പ, അത്രയും കാലം 'വിളിച്ചാൽ വിളിപ്പുറത്തു 'നിൽക്കുന്ന ബ്രേക്ക് ഉള്ള സൈക്കിൾ ഓടിച്ചു നടന്നു ശീലിച്ച മ്മക്ക് ആ വണ്ടിയുടെ പിറകെ പിടുത്തം ഒരു പ്രശ്നം ആയിരുന്നു ,ആ വണ്ടിയുടെ പ്രത്യേകത എന്താണ് വച്ചാൽ തമ്പാനൂർ നിർത്താൻ പേട്ടയിൽ നിന്ന് തന്നെ ബ്രെക്കുമ്മേ കയറി നിൽക്കണം എന്ന പരുവത്തിൽ ആയിരുന്നു..അക്കാലത്തു ഡിസ്ക് ബ്രേക്ക് ഒക്കെ ലക്ഷ്വറി ഐറ്റം ആയിരുന്നല്ലോ...ഡ്രം ബ്രെക്ക് ഉള്ള വണ്ടികളിൽ ബ്രേക്ക് ചവിട്ടി കൃത്യ സ്ഥലത്തു നിർത്താൻ ഒരു അഭ്യാസിക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ..പഠിക്കുന്ന വണ്ടിയിൽ പോകുമ്പോൾ ദൂരെ ലക്ഷ്യസ്ഥാനം കണ്ടാൽ മാഷ് പറയും "ചവിട്ടിക്കൊ!!" ആ സമയം ബാക്കി സകല പരിപാടികളും നിർത്തി ഉള്ള എനർജി മുഴുവൻ ആവാഹിച്ചു ബ്രേക്ക് പെഡലിൽ ഒരു ചവിട്ടു ചവിട്ടിയാൽ മ്മക്ക് ഭാഗ്യം ഉണ്ടെങ്കിൽ സ്ഥാനത്തിന്റെ ഒരു 5 മീറ്റർ അടുത്തെങ്കിലും വണ്ടി നിൽക്കും.....എന്തായാലും ഇത്തരം യുദ്ധമൊക്കെ കഴിഞ്ഞു അവസാനം ലൈസൻസ് കയ്യിൽ കിട്ടി.കാറിന്റെ ഒപ്പം 2 വീലറിന്റെയും എടുത്തു.....!!
ആ ഉത്സാഹത്തിൽ, വാപ്പാടെ ബുള്ളറ്റ് എടുത്തു മ്മള് ടൗണിലേക്ക് ഇറങ്ങി....പോലീസ് സ്റ്റേഷന്റെ മുന്നിൽ വരെ ചെന്നിട്ടു ചുമ്മാ വെയിറ്റ് ചെയ്തു നിന്നു ..ആരെങ്കിലും വന്നു ലൈസൻസ് ചോദിച്ചാൽ കാണിക്കാൻ..!!
ആകെ ഉണ്ടായിരുന്ന ഒരു വിഷമം,ഓടിക്കാൻ കാർ ഇല്ല എന്നതാണ്...(പത്തിൽ പഠിക്കുമ്പോൾ വീട്ടിൽ ഒരു കാർ വാങ്ങിയ ചരിത്രം ഓർമയിൽ കാണുമല്ലോ)
അങ്ങനെയിരിക്കെ തറവാട്ടിൽ പുതിയതായി ഒരു കാർ വാങ്ങി...പുതുപുത്തൻ ടാറ്റ ഇൻഡിക്ക...ഡീസൽ വണ്ടി...നല്ല ചിമിട്ടൻ എസി ,സീറ്റ് ബെൽറ്റ്, പവർ സ്റ്റിയറിങ്,ഡിസ്ക് ബ്രേക്ക്,മ്യൂസിക് സിസ്റ്റം..എന്ന് വേണ്ട ഹാൻഡ്ബ്രേക്ക് വരെ ഉണ്ട്...!!വണ്ടി കിട്ടി രെജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു 2 -3 ആഴ്ച ഞാൻ അതിൽ തൊട്ടും തലോടിയും ഒക്കെ ആശ തീർത്തു...ഫസ്റ്റ് സർവീസ് എങ്കിലും കഴിയാതെ ഡ്രൈവിങ് സീറ്റിൽ കയറാൻ പാടില്ല എന്ന് ഇളയ മാമായുടെ ഉഗ്ര ശാസനം (വണ്ടി വല്യ മാമ വാങ്ങിയതാണെങ്കിലും നോക്കി നടത്തിപ്പ് അവകാശം ഇളയ മാമന് ആണ് )
അങ്ങനെ ഒരു മാസം കഴിഞ്ഞു സർവീസ് കഴിഞ്ഞു.. ഒരു ഞായറാഴ്ച ദിവസം മ്മടെ ബഹളം സഹിക്ക വയ്യാതെ ഇളയ മാമ എന്നെയും കൂട്ടി വണ്ടിയുമായി ഇറങ്ങി...കായംകുളത്തുള്ള ഒരു പാടത്തിന്റെ നടുവിൽ ഉള്ള നീണ്ട റോഡ്...അവിടാകുമ്പം വേറെ ആളും വണ്ടിയും ഒന്നും ഇല്ല..അല്പം സ്പീഡിൽ പോയാലും സേഫ്...അവിടെ എത്തിച്ചു മാമ എന്നോട് ഡ്രൈവിങ് സീറ്റിൽ ഇരിക്കാൻ പറഞ്ഞു...
മ്മള് കയറി..മിററും സീറ്റും ഒക്കെ ചെക്ക് ചെയ്തു ....സീറ്റ് ബെൽറ്റ് ഇടുന്നതു എങ്ങനെയാ എന്ന് ചോദിച്ചതും ഒരു മുഴുത്ത തെറി കിട്ടി....(അക്കാലത്തു അതൊന്നും നിർബന്ധം അല്ലായിരുന്നു..)അതൊന്നും വേണ്ട നീ സ്റ്റാർട്ട് ചെയ്തു വണ്ടി ഓടിക്കു..നോക്കട്ടെ..എന്നും പറഞ്ഞു മാമൻ ഫ്രണ്ട് സീറ്റിൽ ചമ്രം പടിഞ്ഞു ഇരുന്നു കയ്യിലെ പൊതി അഴിച്ചു വെറ്റിലയും പാക്കും ചുണ്ണാമ്പും ഒക്കെ എടുത്തു മുറുക്കാൻ തുടങ്ങി (മൂപ്പർക്ക് അങ്ങനൊരു ശീലം ഉണ്ട്..നാലും കൂട്ടിയുള്ള മുറുക്ക്)ഞാൻ ക്ളച് ചവിട്ടി,ഗിയർ ഇട്ടു പയ്യെ മുന്നോട്ടു എടുത്തു...ഫസ്റ്റ് ഗിയറിൽ ഇട്ടു വണ്ടി ഇരമ്പി തുടങ്ങിയതും "ഗിയർ മാട്രാ '### @@..' " എന്നൊക്കെ മയത്തിൽ വിളിച്ചു...എന്തായാലും ഗിയറുകൾ ചറപറാ മാറ്റി വണ്ടി മുന്നോട്ടു പാഞ്ഞു...റോഡിന്റെ അറ്റത്തുള്ള "T " ജംക്ഷനിലേക്കു ആ സ്പീഡിൽ എത്തും എന്ന് കണ്ടു മാമ പറഞ്ഞു 'എവിടെ പോകുവാ...പയ്യെ ബ്രേക്ക് ചവിട്ട്രാ.."
കേട്ട പാതി കേൾക്കാത്ത പാതി,ഡ്രൈവിങ്ങിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ച അംബാസഡറിനെ മനസ്സിൽ ധ്യാനിച്ച് സ്ക്രീച്ഛ് രാഗത്തിൽ ഞാൻ ബ്രേക്കിൽ കാൽ അമർത്തി...
കാൽ തിരിചു എടുക്കാൻ മുഴുമിച്ചില്ല.."പട്ടേ " (മഠം എന്നതിന്റെ "ഠ") എന്നൊരു സൗണ്ട് കേട്ടു...നോക്കിയപ്പോൾ സൈഡിൽ ചമ്രം പടിഞ്ഞു ഇരുന്ന മാമ ദോണ്ടേ ഡാഷ്ബോർഡിൽ മുറുക്കിത്തുപ്പി മുഖം അമർത്തി തിരിച്ചു വരുന്നു...കൈ രണ്ടും മുഖത്ത് അമർത്തി വച്ചിരിക്കുന്നു..സംഭവിച്ചത് എന്താന്നു വച്ചാൽ..അംബാസഡറിന്റെ ഡ്രം ബ്രേക്കും ഇന്ഡിക്കയുടെ ഡിസ്ക് ബ്രേക്കും തമ്മിൽ ഒരു ചെറിയ വ്യത്യാസം ഉണ്ടായിരുന്നു...ജീവിതത്തിൽ ആദ്യമായി ഡിസ്ക് ബ്രേക്കിൽ കാൽ അമർത്തിയ ആ നിമിഷത്തില്,ആ വേളയില് ആണ് എനിക്ക് ആ നഗ്ന സത്യം മനസിലായത്...
മാമ ഉടനെ കൈ മാറ്റി എന്റെ തലക്കിട്ടു ഒരെണ്ണം ചാമ്പി എന്നിട്ടു പറഞ്ഞു "ഫയ്യെ ഹവിട്ടാൻ ഫറഞ്ഞതു ഹേട്ടില്ലേ ഹോപ്പെ ..."
ഞാൻ :"സോറി മാമ..."
മാമ: "ഹും ..ഹവന്റെ ഹോറി...തലയിലെ മരവിപ്പ് മാറുന്നില്ലല്ലോ ഫഹവാനേ ..."
എന്തായാലും ഞാൻ ഇറങ്ങി അടുത്ത മാടക്കടയിൽ നിന്നും ഒരു സോഡാ വാങ്ങി കുടിച്ചു,തണുത്ത ഒരെണ്ണം വാങ്ങി മാമായ്ക്കും കൊടുത്തു....അത് കുടിച്ചാൽ ഏമ്പക്കം വിടാൻ ഉള്ള ആമ്പിയർ പോലും ഇല്ല എന്ന് മനസിലാക്കി ആവണം..മാമ അത് വച്ച് മുഖവും തലയും ഒക്കെ കഴുകി ഒരു അര മണിക്കൂർ കഴിഞ്ഞാണ് തിരിച്ചു പോകാം എന്ന് എന്നോട് പറഞ്ഞത്....
എന്താന്ന് അറിയില്ല...ആ തിരിച്ചു പോക്കിൽ ആണ് മാമ ആദ്യമായി സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുന്നതും,അതിൽ വിജയിക്കുന്നതും ഞാൻ കാണുന്നത്...
No comments:
Post a Comment