Sunday, December 12, 2010

കരുനാപ്പള്ളി മാമയും സൈക്കിളും....പിന്നെ ഞാനും




കരുനാപ്പള്ളി മാമ...

എന്റെ കുട്ടിക്കാലത്തെ ഒരു ഹീറോ ആരുന്നു...

വാപ്പിചാടെ ഒരു മാമ ആരുന്നു പുള്ളി...ഹൈക്കമാൻഡ് മെംബേർസ്  ഒക്കെ കരുനാപ്പള്ളിയില്‍ ഉള്ള മാമ എന്ന് വിളിക്കുന്ന കേട്ട് കേട്ട് ഞാനും അങ്ങനെ തന്നെ വിളിക്കാന്‍ തുടങ്ങി...

നല്ല പ്രായമുണ്ടാരുന്ന ആ മാമയെ പക്ഷെ ഞാന്‍ കാണാന്‍ തുടങ്ങിയ അന്ന് മുതല്‍ ഒരേ രൂപമാണ്.....വെളുത്ത മുടി,...ഒരു പഴുതാര മീശ(മീശ ഇല്ലെന്നു തന്നെ പറയാം) ഒക്കെയായി ഒരു വെള്ള ജുബ്ബയും വെള്ള മുണ്ടും അണിഞ്ഞു എപ്പോഴും എനെര്‍ജട്ടിക്‌ ആയി നടക്കും.നല്ല അത്തർ മണവും ..കക്ഷിക്ക് അന്നൊരു ഹെർക്കുലീസ് സൈക്കിള്‍ ഉണ്ടാരുന്നു...എപ്പോള്‍ നോക്കിയാലും നല്ല തിളങ്ങി മിനുങ്ങി ഇരിക്കുന്ന ഒരു സൈക്കിള്‍..ആദ്യമായി ഡയനാമോ (ഹെഡ്‌ ലൈറ്റ്‌) ഉള്ള ഒരു സൈക്കിള്‍ ഞാന്‍ കാണുന്നത് പുള്ളിയുടെ അടുക്കലാണ്...അതുമായി ചൂനാട്ടു വന്ന ഉടനെ പൂട്ടി താക്കോല്‍ എടുത്തു ജുബ്ബയുടെ കീശയില്‍ ഇടും...ആ സ്വഭാവം പണ്ടൊന്നും ഇല്ലായിരുന്നെന്നും എന്നെയും അളിയനെയും (എന്റെ അപ്പചീടെ മോന്‍) പേടിച്ചു തുടങ്ങിയ "ദു"ശീലമാണെന്നും ആരോ പറഞ്ഞു ഞങ്ങള്‍ അറിഞ്ഞു...അര സൈക്കിള്‍ പോലും നേരെ ചൊവ്വേ ചവിട്ടാനറിയാത്ത ഞാനും അളിയനും എവിടെ ഒരു സൈക്കിള്‍ കണ്ടാലും ഉടനെ അതും സ്ടാണ്ടില്‍ നിന്നും വലിച്ചു പറിച്ചെടുത്തു...ത്രികോണാകൃതിയിലുള്ള ഫ്രെയിമിന്റെ ഇടയിലൂടെ കാലിട്ട് ഒരു കയ്യ് ഹാണ്ടിലിലും മറ്റേ കയ്യ് സീറ്റിലും പിടിച്ചു കൊണ്ട് ചരിഞ്ഞു നിന്ന് ചവിട്ടി വിടുമാരുന്നു....അത് പതുക്കെ ഒന്നുമല്ല...നല്ല യെമണ്ടം സ്പീഡില്...അങ്ങനെ പോയി വല്ലിടത്തും ഉരുണ്ടു വീണാല്‍ സൈക്കിളിന്റെ പരിക്ക് മാമായ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...

അങ്ങനെ ഒരിക്കല്‍ ചൂനാട്ടു വെച്ച് മമാടെ താക്കോല്‍ പൊക്കാന്‍ ഞാന്‍ പദ്ധതിയിട്ടു....മാമാടെ ജുബ്ബ ഊരിക്കാതെ വഴിയില്ല....

പല പണിയും നോക്കി...ഉറങ്ങാന്‍ നേരമല്ലാതെ മാമ ജുബ്ബ ഊരില്ല എന്ന് മനസ്സിലാക്കിയ ഞാന്‍....ഒരു ഐഡിയ ഒപ്പിച്ചു....അവിടെ ഒരുപാട് മരങ്ങള്‍ ഉണ്ടാരുന്നു അന്ന്....കുളത്തിന്റെ അടുത്തായി പറങ്കി മാങ്ങ (കശുമാങ്ങ) ടെ ഒരു മരമുണ്ടാരുന്നു....ഞാനും (അളിയന്‍ കൂടെ ഉണ്ടോ എന്ന് ഓര്മ ഇല്ല..ഉണ്ടാരുന്നെന്കില്‍ ഈ സൈസ്‌ പണിയില്‍ നിന്നും എന്നെ പിന്തിരിപ്പിചെനെ,അത് കൊണ്ട് ഇല്ലെന്ന തോന്നുന്നേ) ആ മരത്തിന്റെ ചുവട്ടില്‍ നിന്ന് ചീഞ്ഞ ഒരു പറങ്കിപ്പഴം എടുത്തു...എന്നിട്ട് കയ്യുടെ പുറകില്‍ ഒളിപ്പിച്ചു രണ്ടു കയ്യും പുറകില്‍ കെട്ടി വീടിന്റെ വരാന്തയുടെ അടുത്ത് വന്നു നിന്ന്....

അന്ന് അവിടെ ഒരു ഇലക്ട്രിക്‌ പോസ്റ്റും സ്റ്റേ വയറും ഒക്കെ ഉണ്ടാരുന്നു...(അവിടെ വെച്ചാണ് കൊചാപ്പാടെ ട്രേഡ്‌ സെന്ററിലേക്ക് ഞാന്‍ റോക്കറ്റ്‌ തൊടുത്തത്)..അതിന്റെ അടുത്തായി ഒരു തണല്‍ മരത്തിന്റെ അടുത്ത് സൈക്കിള്‍ വച്ച് അത് പൂട്ടിയിട്ടു മാമ നടന്നു വന്നു...എന്നെ കണ്ടതും, മാമ സൈക്കിള്‍ പൂട്ടി എന്ന് ഡബിള്‍ ചെക്ക് ചെയ്തു...(ഒരിക്കല്‍ ഞാന്‍ ഒരു കമ്പി കൊണ്ട് ആ സൈക്കിള്‍ തുറക്കാന്‍ ശ്രമിച്ചത് മാമ കണ്ടാരുന്നു)

എന്നിട്ട് “റബ്ബേ, എന്നെ കാത്തോള്ളനെ’ എന്നും പ്രാര്‍ഥിച്ചു കൊണ്ട് നടന്നു വന്നു...ഞാന്‍ ചിരിച്ചു കാണിച്ചു...പുള്ളിയും ഗൌരവത്തില്‍ ചിരിച്ചു...എന്നിട്ട് നേരെ വീടിന്റെ മുന്ഭാഗതെക്ക് നടന്നു...ഞാന്‍ കയ്യിലിരുന്ന പറങ്ങാണ്ടിപ്പഴം നേരെ മുകളിലേക്ക് എറിഞ്ഞു......

“.....പ്ലാച്...!!!!!!!!!!!!!!!!”

ഒരിക്കലും എന്റെ ഉന്നതിന്റെ ഗുണം ആണെന്ന് ഞാന്‍ പറയില്ല....മാമാടെ സമയദോഷം......മുകളില്‍ നിന്നും നേരെ താഴേക്കു വന്നു അത് മാമാടെ ചെവിയില് കൊണ്ടിട്ടു നേരെ തോളിലേക്ക് വന്നു പതിച്ചു...

“.....സബാഷ്!!!!....” ഞാന്‍ ആ പറങ്ങാണ്ടിപ്പഴത്തെ അഭിനന്ദിച്ചു...

മാമ ഉടനെ മുകളിലേക്ക് നോക്കി...അടുത്ത നിമിഷം എന്നെയും...

ഞാനും ഉടനെ മുകളിലേക്ക് നോക്കി.....

എന്നിട്ട് പറഞ്ഞു...”ലോണ്ടേ.....കാക്ക....”

മാമ ഉടനെ ചുറ്റുപാടും നോക്കി...വടിയാണ് തപ്പുന്നതെന്ന് നമുക്ക് പിടികിട്ടി....

പക്ഷെ ഞാനുണ്ടോ പതറുന്നു.....മോനാരാ ഞാന്‍....ഞാന്‍ ഓടി....

വല്ലീമിചാടെ അടുത്ത് ചെന്നു....എന്നിട്ട് സംഭവം വിശദീകരിച്ചു...”വല്ലീമിച്ചാ , കരുനാപ്പള്ളി മാമാടെ ദേഹത്ത് കാക്ക എന്തോ കൊണ്ടിട്ടു...അതിനു മാമ എന്നെ അടിക്കാന്‍ വരുന്നു...”

വല്ലീമിച്ച പറഞ്ഞു..”നീ വല്ലതും ഒപ്പിചോടാ കുഞ്ഞേ...”

ഞാന്‍ :” ഇല്ല....”

മുന്‍കൂര്‍ ജാമ്യവും എടുത്തു ഞാന്‍ കിണറ്റിന്‍ കര ലക്ഷ്യമാക്കി നടന്നു..

അന്ന് വീടിന്റെം കുളിമുറിയുടെയും ഇടയിലായി ഒരു ഇടനാഴി ഉണ്ടാരുന്നു....ഞാന്‍ പശു തൊഴുത്തിന്റെ വശത്തൂടെ ആ ഇടനാഴിയില്‍ പോയി നിന്ന്...

മാമ വന്നു ആദ്യം ജുബ്ബ ഊരി....എന്നിട്ട് ഉടുപ്പില്‍ അഴുക്ക് പറ്റിയ സ്ഥലത്ത് വെള്ളം ഒഴിച്ച് കഴുകി....

പിന്നെ അത് പിഴിഞ്ഞ് മാറ്റി വച്ചു..

അശയില്‍ വിരിക്കാന്‍ തുടങ്ങിയപ്പോ പോക്കറ്റില്‍ നിന്നും താക്കോലും പേഴ്സും (ബീഡി ഉണ്ടോന്നു ഓര്‍മയില്ല) എടുത്തു തിണ്ണയില്‍ വച്ചു..എന്നിട്ട് ജുബ്ബ ഒന്ന് കുടഞ്ഞു വിരിക്കാനായി തിരിഞ്ഞതും ഞാന്‍ ഓടിപ്പോയി ആ താക്കോലും കൈക്കലാക്കി ഓടി.....പക്ഷെ മാമ അത് കണ്ടില്ല......പക്ഷെ ഞാന്‍ കരുതിയത്‌ കണ്ടെന്നാ.....ഒരു ധൈര്യത്തിന് ഞാന്‍ കൂവി (ഓട്ടത്തിനിടയില്‍) “വല്ലീമിച്ചാ ഓടിവായോ....കരുനാപ്പള്ളി മാമ എന്നെ അടിക്കാന്‍ വരുന്നേ...”

ആ കൂവലില്‍ സംഗതി പൊളിഞ്ഞു...മാമ തിരിഞ്ഞു നോക്കിയപ്പോ താക്കോല്‍ ഇല്ല...ഞാന്‍ ഓടി സൈക്കിളിന്ടടുതെതി...സൈക്കിളില്‍ താക്കോല്‍ ഇട്ടു...

“ക്ടിന്‍..”

സൈക്കിള്‍ തുറന്നു...

“...ഡാ!!! നിക്കാന്‍...”

മാമ അലറി...

ഞാന്‍ സൈക്കിളിന്റെ സ്ടാണ്ടും വലിച്ചു പറിച്ചു തിരിച്ചു കറക്കി ഉരുട്ടിക്കൊണ്ട് ഓടി...

മാമാടെ ബഹളം കേട്ട് വല്ലെമിച്ച ഇറങ്ങി വന്നു....”എന്റെ കുഞ്ഞിനെ അടിക്കല്ലേ..”എന്നും പറഞ്ഞു...

ഓട്ടത്തിനിടയില്‍ കാല്‍ ഇടക്കൂടെ ഇട്ടു സൈക്കിള്‍ ചവിട്ടി..തിരിഞ്ഞു നോക്കാന്‍ പറ്റുന്നില്ല.....

വന്‍ ബഹളം...

പെട്ടെന്ന് സൈക്കിലവിടെ നിന്നു....ഞാന്‍ ചാടി ഇറങ്ങി അതും അവിടെ വിട്ടിട്ട് തിരിഞ്ഞു നോക്കാതെ ഓടി.......ദൂരെ ചെന്നു തിരിച്ചു നോക്കിയപ്പോ പ്രതീക്ഷിച്ച പോലെ തന്നെ...മാമ സൈക്കിളില്‍ പിടുത്തമിട്ടു...എന്റെ ഭാഗ്യത്തിന് എന്നെ കിട്ടിയില്ല......

അപ്പോളേക്കും വല്ലീമിച്ച മുറ്റത്തെത്തി...



ഞാന്‍ നിന്ന് കിതച്ചു....മാമയും...

ഞാന്‍ മാമയെ വെട്ടിച്ചു കേഴിക്കെലെ പറമ്പിലൂടെ ഓടി വീട്ടിലെത്തി...

അതിനു ശേഷം മാമ സൈക്കിള്‍ പൂട്ടിയിട്ടു താക്കൊലിന്റെ റിംഗ് ചെറു വിരലില്‍ ആക്കി ഇട്ടു നടക്കാന്‍ തുടങ്ങി....

കാലങ്ങള്‍ കഴിഞ്ഞു...ഞാന്‍ വളര്‍ന്നു ഒരു വലിയ ആളായി....അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു....

അന്നാണ് ഒരു മഹാത്ഭുതം സംഭവിച്ചത്...മാമ സൈക്കിളും ചവുട്ടി കരുനാപ്പള്ളിയില്‍ നിന്നും ആലപ്പുഴ വരെ വന്നു....(അന്നും ഇന്നും എനിക്ക് ഇത്രേം അത്ഭുതമുണ്ടാക്കിയ ഒരു സംഭവം ഉണ്ടായിട്ടില്ല)

കുറെ ദിവസം ആലപ്പുഴ നിൽക്കും എന്ന് വാക്ക് തന്നു...ഞങ്ങളൊക്കെ ഹാപി...എനിക്ക് വീട്ടില്‍ ഒരു സൈക്കിള്‍ ഉണ്ടല്ലോ എന്നാ സന്തോഷം.....

അങ്ങനെ സൈക്കിള്‍ ഒരു വിദൂര സ്വപ്നമായി കണ്മുന്നില്‍ നിന്നു വിലസുന്നു...

മാമാടെ അടുത്ത് വിളച്ചില്‍ കാണിച്ചാല്‍ മിച്ച നല്ല പെട തരും എന്നറിയാവുന്നത് കൊണ്ട് ഞാന്‍ അടങ്ങി ഒതുങ്ങി ജീവിച്ചു...വലിയ അവധി സമയം ആരുന്നു അത്...വാപ്പിച്ച എനിക്ക് ഒരു വന്‍ പണി തന്നു....അനിയനുമായി വഴക്കുണ്ടാക്കുന്നത് കുറയ്ക്കാനായി എന്നെ ആലപ്പുഴയില്‍ ഉള്ള പുളിമൂട് പള്ളിയില്‍ ഓതാന്‍ വിട്ടു...

ഹോ....ഭയാനകം....രാവിലെ മുതല്‍ വൈകുന്നേരം വരെ....

അതും ചില്ലറ അടിയോന്നുമല്ല കിട്ടുന്നത്...

ആദ്യ ദിവസമായത് കൊണ്ട് എനിക്ക് മൂന്നെണ്ണമേ കിട്ടിയുള്ളൂ...

അന്ന് ഉച്ച വരെയേ ക്ലാസ്‌ ഉണ്ടാരുന്നുല്ല്..

വൈകുന്നേരം എന്നെ വിളിക്കാന്‍ കരുനാപ്പള്ളി മാമ വരും..ഞാന്‍ സൈക്കിളില്‍ ഇരുന്നു പോകും....

അവിടെ നിന്നു മുങ്ങാന്‍ ഒരു വഴിയും കാണുന്നില്ല.രണ്ടു മൂന്നു ദിവസം കൊണ്ട് എനിക്ക് മനസ്സിലായി..ഇത് ശരിയാവില്ല...

വീട്ടില്‍ പറഞ്ഞിട്ടും രക്ഷയില്ല...

അവസാനം ഒരു ദിവസം രാവിലെ കിട്ടിയ അടിയുടെ ചൂടും സഹിച്ചു ഞാന്‍ ക്ലാസ്സില്‍ ഇരിക്കാന്‍ നേരം ഒരു പദ്ധതി ആസൂത്രണം ചെയ്തെടുത്തു......

വൈകുന്നേരമായി...മാമ വന്നു...

ഞാന്‍ സൈക്കിളിന്റെ പുറകില്‍ കയറി ഇരുന്നു...കാലു അപ്പുറത്തും ഇപ്പുറത്തുമായി ഇട്ടു...

മാമ സൈക്കിള്‍ പതുക്കെയാണ് ചവിട്ടുന്നത്...

അക്കാലത്ത് കണ്ണന്‍ വര്‍ക്കി പാലം കഴിഞ്ഞു ചെറിയ ഒരു ഇറക്കമാരുന്നു....

അവിടെതിയതും..മാമ ചവിട്ടു നിര്‍ത്തി..ഇറക്കത്തില്‍ സ്പീട് കൂടി...

ഞാന്‍ മുന്‍കൂട്ടി തീരുമാനിച്ച പോലെ ചെയ്യാന്‍ ഉറപ്പിച്ചു..പക്ഷെ ധൈര്യം അത്രയ്ക്ക് വരുന്നില്ല..(ഞാനൊരു പാവമായത് കൊണ്ടാവും)

കണ്ണും പൂട്ടിക്കൊണ്ട് ഞാന്‍ ഇടതുകാല് സൈക്കിളിന്റെ വീലിന്റെ ഇടയിലെക്കങ്ങു ഇട്ടു.....

“കിടി..കിടി..ക്ടി ...ക്ടിന്‍.........യ്യോ......എന്റെ കാലു പോയെ...”

സൈക്കിളിന്റെ കമ്പി പൊട്ടിയത് പ്ലസ്‌ എന്റെ അമറല്‍...

മാമയും ഞാനും മറിഞ്ഞു വീണു...

ആള്‍കാര്‍ ഓടി എത്തി...

കാലിനു നല്ല വേദന...

ഞാന്‍ മിണ്ടാതെ ബോധം പോയത് പോലെ അങ്ങ് കിടന്നു..മാമാടെ വഴക്ക് പേടിച്ചു...

പക്ഷെ പാവം മാമ...എന്നെ വിളിച്ചുണര്‍ത്തി...എന്നിട്ട് കാലു തടവി തന്നു...

കുഴപ്പമൊന്നും ഇല്ല എന്ന് കണ്ടു മാമ എന്നെ സൈക്കിളില്‍ ഇരുത്തി സൈക്കിള്‍ ഉരുട്ടി വീട്ടിലെത്തി..

രണ്ടു മൂന്നു കമ്പി പൊട്ടി....പക്ഷെ എന്റെ ഭാഗ്യത്തിന് അത് കൊണ്ട് കേറിയില്ല...

ഞാന്‍ കരുതിയത്‌ സൈക്കിളിന് പരിക്ക് പറ്റിയത് കൊണ്ട് മാമ ദേഷ്യപ്പെടും എന്ന്..പക്ഷെ എന്റെ സുരക്ഷയെ കരുതി ആണ് മാമ സൈക്കിള്‍ തരാതതെന്നു പിന്നീട് ഞാന്‍ അറിഞ്ഞു.....

വൈകുന്നേരം മിച്ചയും വാപിച്ചയും വന്നപ്പോള്‍ സംഭവം അറിഞ്ഞു....മാമാടെ കയ്യിലെ തൊലി പോയത് കണ്ടിട്ട് അവര്‍ എനിക്ക് കൊട്ടേഷന്‍ വിട്ടു....പിന്നെ മാമ ഇടപെട്ടു ഞാന്‍ അടി വാങ്ങുന്നതില്‍ നിന്നും രക്ഷപെട്ടു....

അങ്ങനെ ആ പള്ളിപ്പരയിലെ പോക്ക് അതോടെ തീര്‍ന്നു...


ഇപ്പൊ ആ മാമയും,.,,വല്ലീമിച്ചയും ഈ ലോകത്തില്ല.....

സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അവര്‍ ഇപ്പോള്‍ അങ്ങ് സ്വര്‍ഗത്തില്‍ ഇരിക്കുവാണ് ... ഭൂമിയിലുള്ള ആള്കാരെയും കണ്ടു കൊണ്ട്........

Wednesday, December 8, 2010

ഹെന്റെ പൊന്നോ!!!!! ഈ യാത്ര മറക്കില്ല



“മുത്തെ!!! തല നേരെ വയ്ക്ക് മുത്തെ....!!!!

സനമോള്‍ രാവിലെ തന്നെ എന്നെ ഫ്രീക്ക് ആക്കുന്നതിന്റെ ഭാഗമായി എന്റെ തലമുടിയില്‍ , എന്റെ ഫാര്യജിയുടെ ഒരു മുടി ഈരുന്ന ചീപ്പും കൊണ്ട് വന്നു എന്റെ തലമുടി സ്പൈക്ക് ആക്കുന്ന തിരക്കില്‍ ആരുന്നു ... ഏതൊക്കെയോ ക്രീമും എടുത്തു തലയില്‍ പുരട്ടി അവളുടെ തൌസീഫ്‌ മാമ പഠിപ്പിച്ചു കൊടുത്ത സ്റ്റൈല്‍ എല്ലാം എന്റെ മണ്ടയ്ക് പരീക്ഷിക്കുവാരുന്നു....അങ്ങനെ അവസാനം കൂടെ അടിയും കുത്തും ഇടയ്ക്ക് സ്നേഹം കൂടുമ്പോ കവിളത് ഒരു മുത്തവും ഒക്കെ തന്നു തന്നു അവസാനം ഒരു അഞ്ചു മിനുട്ട് കൊണ്ട് എന്നെ സനമോള്‍ ഫ്രീക്ക് ആക്കി..

ഒരു വയലറ്റ് നിറമുള്ള ഉടുപ്പും...വയലറ്റ് മാലയും വയലറ്റ് വളയും ഒക്കെ ഇട്ടു സനമോള്‍ രാവിലെ തന്നെ മിടുക്കി ആയി ഇരിക്കുവാണ്....സംഭവം വേറെ ഒന്നും അല്ല...ഞാനും ഫാര്യാജിയും,റസ്സല്‍ ഇക്കയും ചേട്ടത്തിയും (സനാടെ വാപയും ഉമ്മയും...അഥവാ എന്റെ ഫാര്യാജിയുടെ ഇത്തായും ഇത്താടെ ഭര്‍ത്താവും) സനയും,തൌസീഫും (മേരാ അളിയന്‍ അഥവാ ഫാര്യജീസ്‌ അനിയന്‍) ഒക്കെ കൂടി പൊന്മുടിയില്‍ പോകാന്‍ പദ്ധതി ഇട്ടിട്ടുണ്ട്...പക്ഷെ വാപ്പ (ഫാര്യാപിതാവ്) അറിഞ്ഞാല്‍ വഴക്ക് കിട്ടാന്‍ ചാന്‍സ്‌ ഉണ്ട്....അത് കൊണ്ട് ഒട്ടു മിക്ക പാരകളിലും എനിക്ക് ഗുരു തുല്യ ആയ സനാ അവര്കളോട് പറഞ്ഞിരിക്കുന്നത് നമ്മള്‍ തിരുവനന്തപുരത്ത് ഡോക്ടറെ കാണാന്‍ പോകുവാന് എന്നാണു...വാപ്പായോടും അങ്ങനെ സൂചിപ്പിച്ചു...നല്ല മഴ സമയം ആയത് കൊണ്ടാണ് വാപ്പ വഴക്ക് പറയുമോ എന്ന പേടി...പക്ഷെ പിന്നെ പോകാന്‍ സമയവും കിട്ടില്ല....

അങ്ങനെ ആദ്യമേ തന്നെ ഒരുങ്ങി മിടുക്കി ആയ സന എന്നെ ഒരുക്കുന്ന ബഹളമാണ് മുകളില്‍ പറഞ്ഞത്....

സനാടെ കൊട്ടെശന്റെ ആമ്പിയര്‍ എനിക്ക് ഒരിക്കല്‍ നേരിട്ട് കണ്ടു അനുഭവമുള്ളതാണ്...

ചെട്ടതീടെ ജന്മദിനത്തിന്റെ അന്ന് വൈകുന്നേരം റസ്സല്‍ ഇക്ക പിസ്സായും ബര്‍ഗറും ഒക്കെ വാങ്ങിച്ചു കൊണ്ട് വന്നു...ഇനഗനത്തെ പാശ്ചാത്യ രീതികളിലോന്നും വാപ്പായ്ക്ക് താത്പര്യമെ ഇല്ലാത്ത ആളാണ്‌...തന്നെയുമല്ല സന ഒഴികെ ആ വീട്ടിലെ സകലര്‍ക്കും വാപ്പായെ പേടി ഉണ്ട്....(സനയെ വാപ്പായ്ക്ക് പേടി ഉണ്ടെങ്കിലെ ഉള്ളു)..ഉമ്മിചാമ്മ വരെ (ഉമ്മാടെ ഉമ്മ) അത് പോലെ തന്നെ എല്ലാവര്ക്കും ഇഷ്ടവും ഉണ്ട്....

അങ്ങനെ അന്ന് രാത്രി പിസ്സയും ബര്‍ഗറും ഒക്കെ തിന്നു കൊണ്ടിരിക്കെ ചേട്ടത്തി വളരെ പതുങ്ങിയ ശബ്ദത്തില്‍ റസ്സല്‍ ഇക്കയോട് പറഞ്ഞു..”ഇക്ക...പെപ്സി മേടിച്ചില്ല അല്ലെ...ഇതൊക്കെ ദഹിക്കാന്‍ ഇനി വല്ല്യ പാടാ...”

ഞാനും ചേട്ടത്തിയെ സപ്പോര്‍ട്ട് ചെയ്തു..സത്യത്തില്‍ റസ്സല്‍ ഇക്ക അത് മറന്നു പോയതാ...

വാപ്പ രാത്രിയില്‍ ഭക്ഷണത്തിന് ശേഷമുള്ള ഉലാത്തല്‍ നടത്തി കൊണ്ടിരുന്ന കാരണമാണ് ചേട്ടത്തി പതുക്കെ പറഞ്ഞത്...ഫ്രന്റ് ഡോരും ഗെയിട്ടും ഒക്കെ പൂട്ടിയ കാരണം ഇനി പുറത്തു പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല....വാപ്പ ഉറങ്ങിയാല്‍ പോലും ശബ്ദം കേട്ടു ഇറങ്ങി വന്നാല്‍ ചീട്ടു കീറും.....രാത്രിയില്‍ പുറത്തു പോകുന്നത് തന്നെ പ്രശ്നം...അതിന്റെ കൂടെ പെപ്സി പോലത്തെ സാധനം മേടിക്കാനാനെന്നരിഞ്ഞാല്‍ ജഗ പൊഹ...

തൌസീഫ്‌ ഒന്നുമറിയാത്ത പോലെ ജനലില്‍ കൂടി പുറത്തേക്കു നോക്കാന്‍ ഒരു പദ്ധതി ഇട്ടു...ഷറഫു കാക്കാടെ കട അടച്ചിട്ടില്ലെന്കില്‍ അവിടുന്ന് എങ്ങനെയും പെപ്സി വരുതിക്കാനായി...

അന്നരമാണ് ദിഗന്തങ്ങള്‍ പൊട്ടുമാര് സനയുടെ ഡയലോഗ്...

“ലായിപ്പാ!!!!!! ഷറഫു കാക്കാടെ കട അടചോന്നു ഒന്ന് നോക്കിയെ....”

(ലാ ഇലാഹാ ഇല്ലള്ളാ ...എന്നാ പാട്ട് പാടി ഉറക്കിയിരുന്നത് കൊണ്ട് സന വാപ്പായ്ക്ക് ഇട്ടിരുക്കുന്ന പേരാണ് ലായിപ്പാ)

അവളുടെ ചോദ്യം കേട്ടു ഞങ്ങള്‍ പതറി....അവിടെ ശശ്മാന മൂകത...

ഉടനെ വാപ്പ: “എന്തിനാ മോളെ?”

സന: “ ഒരു പെപ്സി മേടിക്കാനാ...എനിക്കല്ല തസ്നിക്ക് (ചേട്ടത്തി) വേണമെന്ന്..”

ഞാന്‍ തംലിയെ (ഫാര്യജി) യും റസ്സല്‍ ഇക്കായെയും തൌസീഫിനെയും നോക്കി...ചേട്ടത്തിയെ നോക്കാതെ തന്നെ ആ അവസ്ഥ എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു...

എന്നിട്ട് സനയെ നോക്കിയപ്പോള്‍ അവള്‍ വാപ്പായെ തന്നെ നോക്കി ഇരിക്കുന്നു....ഒരു മറുപടിയും കാത്തു....

ചേട്ടത്തി ഒച്ച ഉണ്ടാക്കാതെ നെന്ച്ചതിടിച്ചു കൊണ്ട് “കൊല്ലെടീ കൊല്ല്..” എന്ന രീതിയില്‍ അവളെ നോക്കുന്നു..

എന്തായാലും വാപ്പ ഒന്നും പറഞ്ഞില്ല...

അതാണ്‌ സനമോള്...

ആ സൈസ്‌ സാധനതിനേം കൊണ്ട് പോന്മുടിയിലേക്ക് പോകുമ്പോള്‍ അതും രഹസ്യമായി ....സത്യാവസ്ഥ അവളോട്‌ പറഞ്ഞാലാതെ പുകില് പറയണ്ടല്ലോ...

അങ്ങനെ ഞങ്ങള്‍ യാത്രയായി....മനപ്പൂര്‍വ്വം തന്നെ കഴിവതും യാത്രക്കിടയില്‍ പൊന്മുടി എന്ന പേര് ഞങ്ങള്‍ ആരും ഉച്ചരിച്ചില്ല...അങ്ങനെ പൊന്മുടിയുടെ ഹെയര്‍ പിന്‍ വളവുകള്‍ കയറാന്‍ തുടങ്ങി....ഒരു നാല് വളവു കഴിഞ്ഞതും ഒന്ന് നടുവ് നിവര്താനായി ഞാന്‍ വണ്ടി നിര്‍ത്തി...

വെളിയിലെക്കിരങ്ങിയതും...എന്നെക്കാള്‍ സ്പീഡില്‍ റസ്സല്‍ ഇക്കയും തൌസീഫും ഇറങ്ങി ഓടുന്നു....യാത്രാക്ഷീണം മൂലം അകത്തു കയറിയ ‘വാള്‍’ പുറത്തു കളയാന്‍....രണ്ടും ഗ്വാ ഗ്വാ വിളിക്കാന്‍ തുടങ്ങി....

പിന്നീടങ്ങോട്ട് റസ്സല്‍ ഇക്ക വണ്ടി ഓടിച്ചു..തൌസീഫ്‌ മുന്‍പില്‍ ഇരുന്നു...ഞാനും തംലിയും സനയും ചേട്ടത്തിയും പുറകിലും ഇരുന്നു....അന്നാരം ഞാന്‍ സനായ്ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ തുടങ്ങി..

“മോളെ...ഇതാണ് തമ്പാനൂര്‍...ഏതാ?”

സന:”തമ്മാനൂര്‍...”

ഞാന്‍:”ങാ മിടുക്കി....”

ചുമ്മാ ദൂരേക്ക്‌ ചൂണ്ടി കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..”ലോ....ഇല്ലെ കാണുന്നതാണ് റെയില്‍ വെ സ്റ്റേഷന്‍.....എന്തുവാ?”

സന:”റെയില്‍ വേ സ്റ്റേഷന്‍..”

അങ്ങനെ പോന്മുടിയെ സനയ്ക്ക് വേണ്ടി ഞങ്ങള്‍ തമ്പാനൂര്‍ ആക്കി മാറ്റി....എങ്ങാനും അവള്‍ വാപ്പാടെ അടുത്ത് പറഞ്ഞാല്‍ ഈ സ്ഥലപ്പെരോക്കെ കേള്‍ക്കുമ്പോ കുഴപ്പമില്ലല്ലോ...

അങ്ങനെ മുകളില്‍ എത്തി....എല്ലാരെക്കാളും പയര് പോലെ സന ആ മലയുടെ മുകളില്‍ ഒക്കെ ഓടി കയറി..കുറെ ഫോട്ടോസ് ഒക്കെ എടുത്തു....ഉടനെ മഴ തുടങ്ങി...ഞാന്‍ എന്റെ കര്ചീഫ്‌ എടുത്തു അവളുടെ തലയില്‍ കെട്ടി കൊടുത്തു.....മൂടല്‍ മഞ്ഞു കണ്ടപ്പോള്‍ അവള് ചോദിച്ചു:”അഫ്സല് കൊച്ചാ..!! ഇതെവിടുന്നാ ഈ പൊക...”

ഞാന്‍ പറഞ്ഞു...”മോളെ അത് റെയില്‍ വേ സ്റേഷനിലെ ചപ്പു ചവറുകള്‍ കത്തിക്കുമ്പോള്‍ ഉള്ള പുകയാ..”

അങ്ങനെ എന്തായാലും മഴ കനക്കുന്നതിനു മുന്‍പേ അവിടെ നിന്നും ഇറങ്ങി...

യാതൊരു വിധ ദയയും ഇല്ലാതെ വിശപ്പ്‌ എന്ന സാധനം ഞങ്ങള്‍ എല്ലാവരെയും ഉപദ്രവിക്കാന്‍ തുടങ്ങി...അവിടെ ഉള്ള ഹോട്ടലില്‍ ചെന്നപ്പോള്‍ ഒക്കെ തീര്‍ന്നു....

അങ്ങനെ ഞങ്ങള്‍ പോന്മുടിക്ക് ടാടാ പറഞ്ഞു ഇറങ്ങാന്‍ തുടങ്ങി...

പെട്ടെന്ന് ..സൈലന്റ് ആയി ഇരുന്ന തംലി..ഞായറാഴ്ച ഉച്ചക്ക് ദൂരദര്‍ശനിലെ ന്യൂസ് പോലെ കയ്യും കലാശവും കാണിക്കാന്‍ തുടങ്ങി...

ഞാന്‍ ഇക്കായോടു പറഞ്ഞു വണ്ടി നിര്‍ത്തിച്ചു...

നിര്‍ത്തിയതും...ഞാന്‍ ഇറങ്ങുന്നതിലും വേഗത്തില്‍ കക്ഷി ഇറങ്ങി ഒരു ഓട്ടം...

സംഭവമെന്താ....റസ്സല്‍ ഇക്കാക്കും തൌസീഫിനും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കക്ഷിക്കും വാള്‍ ഉപേക്ഷിക്കണം...

അങ്ങനെ വെളിയില്‍ ഇറങ്ങി....

പക്ഷെ ചുമ്മാ പറ്റിച്ചു...വാളൊന്നും വച്ചില്ല....പിന്നെ അകത്തു കയറി...

വണ്ടി വിട്ടു...

ഓരോ വളവും ഇറങ്ങുംബം ഞാന്‍ പറയും ഇനി ഒരു ഇരുപതെണ്ണം കൂടിയേ ഉള്ളു...

അവസാനം തംലിയുടെ അപേക്ഷ പ്രകാരം ഞാന്‍ കൌന്റ്റ്‌ ടൌണ്‍ നിര്‍ത്തി...

അവസാനത്തെ വളവും ഇറങ്ങി കഴിഞ്ഞപ്പോ ഞാന്‍ പറഞ്ഞു..”ഇനി ഒരു എട്ടെണ്ണം കൂടിയേ ഉള്ളു...”

കക്ഷി ഉടനെ “ഗ്വാ.....” എന്ന ഒച്ച ഉണ്ടാക്കിയതും ഞാന്‍ പറഞ്ഞു..:”അയ്യോ സത്യമായും ചുമ്മാതാ..ദേ കണ്ണ് തുറന്നു നോക്കിക്കേ..ഇപ്പൊ മെയിന്‍ റോഡാ..”

അങ്ങനെ യാത്ര സുഖകരമായി തുടര്‍ന്നു....ഇടയ്ക്ക് വെച്ച് തൌസീഫ്‌ തിന്നാന്‍ മേടിച്ച ചിപ്സ്‌ിന്റെ പാക്കറ്റ്‌ ആര്‍കും കൊടുക്കാതെ (തൌസീഫിനു പോലും) അള്ളി പിടിച്ചു കൊണ്ട് സനയും ഉറക്കമായി...ഒരു കമ്പനിക്ക് വേണ്ടി ചേട്ടത്തിയും ..ഏതായാലും ഒരു വഴിക്ക് പോകുന്നതല്ലേ എന്ന് കരുതി തംലിയും....

ഞാനും റസ്സല്‍ ഇക്കയും തൌസീഫും ഉണര്‍ന്നിരുന്നു....

“വക്കാ വക്കാ എനിക്ക് കാണാ പാഠമായി അന്ന്..”

അങ്ങനെ ഞങ്ങള്‍ കൌടിയാരിലുള്ള സിന്തൂര്‍ പാലസില്‍ കയറി... ഫുഡ്‌ ഒക്കെ അടിച്ചു...

സനയെ ഫ്രഷ്‌ ആക്കിക്കാനായി ചേട്ടത്തി കൊണ്ട് പോകുന്ന കണ്ടപ്പോള്‍ തംലി പറഞ്ഞു..”ഇക്കാ ഇപ്പൊ നോക്കിക്കോ സന ബഹളം തുടങ്ങും...അവള്‍ക്കു വൃത്തി ഇല്ലാത്ത സ്ഥലത്ത് പോകുന്നത് ഇഷ്ടമല്ല...”

തംലി പറഞ്ഞ പോലെ സന കൂവാന്‍ തുടങ്ങി...കാലു പോലും താഴെ കുത്താന്‍ സമ്മതിക്കാതെ ചേട്ടത്തിയുടെ മേത്ത് അള്ളി പിടിച്ചു കൂവുന്നു...

അങ്ങനെ അവിടെ വെച്ച് വേഷം ഒക്കെ മാറ്റി പിന്നെയും മിടുക്കി ആയി സനയും ..വേഷം ഒന്നും മാറ്റാതെ ഞങ്ങളും പിന്നെയും യാത്ര തുടര്‍ന്നു......

പൊന്മുടി യാത്ര ലീക്ക്‌ ആവാതിരിക്കാന്‍ അവിടെയുള്ള മാമാമാരുടെ വീട്ടില്‍ പോലും അറിയിക്കാതെ ഞങ്ങള്‍ തിരിച്ചു പോയി........

വീട്ടില്‍ എത്തിയപ്പോള്‍ രാത്രി ആയി...

ഫുഡ്‌ ഒക്കെ അടിച്ചു കിടന്നുറങ്ങി...

നേരം വെളുത്തപ്പോള്‍ ഞാന്‍ പതുക്കെ പുറത്തൊക്കെ ഒന്ന് ഇറങ്ങി ചായ കുടിക്കാനായി അകത്തേക്ക് കയറാന്‍ നേരം സനയും വാപ്പയും അവിടിരുന്നു കത്തി അടിക്കുന്നു...സോഫയില്‍ ഇരുന്ന ചേട്ടത്തി എഴുന്നെല്‍ക്കുന്നതിലും നില്‍ക്കുന്നതിലും ഒക്കെ ഒരു പന്തികേട് കണ്ടു ഞാന്‍ നോക്കിയപ്പോള്‍..സ്റ്റെയര്‍ കേസ്‌ ഇറങ്ങി വന്നു പകുതിയാക്കിയ റസ്സല്‍ ഇക്ക അതിലും സ്പീഡില്‍ തിരിച്ചു ഓടുന്നു...എനിക്ക് ഒന്നും പിടി കിട്ടിയില്ല...’എന്താ സംഭവം?’ എന്ന് ആംഗ്യ രൂപത്തില്‍ ചെട്ടതിയോടു ചോദിക്കുന്നതിനു മുന്‍പേ കക്ഷിയും അടുക്കളയിലേക്കു മുങ്ങി....ഉടനെ ഞാന്‍ വാപ്പായെ കണ്ടു ഒരു സലാം ഒക്കെ പറഞ്ഞു ഒരു പത്രവുമെടുത്തു അവിടിരുന്നു...

സന വാപായോടു ചേര്‍ന്നിരുന്നു ഭയങ്കര സംസാരം...

ചെട്ടത്തീടെ സ്കൂട്ടിങ്ങിന്റെം...ഇക്കാടെ ഓട്ടത്തിന്റെയും രഹസ്യം ആ ഇരുപ്പില്‍ എനിക്ക് പിടി കിട്ടി....

ഇത്രേം കഷ്ടപ്പെട്ട് ..ആരെയും അറിയിക്കാതെ..സനയ്ക്ക് ക്ലാസ്സ് വരെ കൊടുത്തു പൊന്മുടിയില്‍ പോയ രഹസ്യത്തിന്റെ ചുരുള്‍...വളരെ കൂള്‍ ആയി സന അഴിക്കുന്നു....

എന്നിട്ട് എന്നോട്...നിഷ്കളങ്കമായി ഒരു ചോദ്യം...”മുത്തെ!!!!! നമ്മള്‍ പൊന്മുടിയില്‍ റെയില്‍ വേ സ്റ്റേഷനില്‍ തീ ഇട്ടതു കണ്ടില്ലി .... അതും ലായിപ്പായോടു പറയ്‌...”

ഞാന്‍ സര്‍വവും തകര്‍ന്നു ഇരുന്നു....വന്നു ഇരുന്ന ഉടനെ എണീറ്റ്‌ പോകുന്നതെങ്ങിനെ....

അത്രയും നേരം ‘മൂവ ഹ ഹ ....മൂവ ഹ ഹ...മൂവ ഹ ഹാ...മോനെ ഫോണ്‍ എട്...” എന്നും പറഞ്ഞു ബെല്‍ അടിചോണ്ടിരുന്ന ഫോണ്‍ പോലും നിശബ്ദം....ആരെങ്കിലും എന്നെ ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു....

ആ പ്രാര്‍ഥനയുടെ ഫലമായി തംലി വന്നു..ഒരു ചായയുമായി...

ഞാന്‍ പറഞ്ഞു..: “ഡേയ്.....എന്റെ ചാര്‍ജര്‍ എവിടെയാ വെച്ചിരിക്കുന്നെ ഒന്നെടുത്തു തന്നെ....”

എന്നും പറഞ്ഞു ന്യൂട്രലില്‍ മുകളിലേക്ക് കയറി...

ആ കയട്ടതിനിടയില്‍ ഒളികണ്ണിട്ടു ഞാന്‍ വാപ്പായെ നോക്കിയപ്പോ വാപ്പ ചിരി അമക്കി പിടിച്ചു ഇരിക്കുന്നു....ആ ഭാവം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി...

മുകളില്‍ ഞാന്‍ നോക്കിയപ്പോ റസ്സല്‍ ഇക്കയും തൌസീഫും സെറ്റിയില്‍ ഇരുന്നു ചിരിക്കുന്നു.....ഒരു ചോദ്യവും..”അഫ്സല്‍ ജീ.....എന്തായി..”

ഞാന്‍ ഒരു ധീര്ക ശ്വാസം വിട്ടു...

പിന്നീട് സനയെ എന്റെ കസ്ടടിയില്‍ കിട്ടിയപ്പോ ഞാന്‍ ചോദിച്ചു...”ഡേയ് മുത്തെ...ഈ പൊന്മുടി എന്ന സ്ഥലപ്പേര് നിനക്ക് ആര് പറഞ്ഞു തന്നു.....”

ഉടനെ അവള്‍ :” തൌസീഫു മാമ ഇടയ്ക്കു ഒരാളോട് ചോദിക്കുന്ന കേട്ടല്ലോ..പോന്മുടിയിലേക്ക് പോകുന്ന വഴി ഏതാണെന്ന്...”

അതാണ്‌ സന......

എന്റെ മുത്ത്‌....

Monday, December 6, 2010

ഞാന്‍ കണ്ട പ്രേതം.....സസ്പെന്സ്് ത്രില്ലര്‍


ളൂ....ഊ....ഊ....

ചീപ്രോം..കിലി......കിലി.....ചീപ്രോം...കിലി......കിലി.....ചീപ്രോം...

എനിക്ക് സ്കൂള്‍ ജീവിതകാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട സമയം....വൈകുന്നേരത്തെ പവര്‍ കട്ട് നേരം.....ആ സമയം ഒരു മെഴുകുതിരിയും കത്തിച്ചു വെച്ച് ഹാളില്‍ മിചാടെയും വാപിചാടെയും അനിയന്റെയും കൂടെ ഇരിക്കുന്നത് ഒരു സുഖമുള്ള പരിപാടിയാ....തീയില്‍ കളിച്ചും അങ്ങനെ ഒക്കെ...അത് വരെ പുസ്തകം തൊടാത്ത ഞാന്‍ ഒരു ബുക്കും എടുത്തു കയ്യില്‍ വെക്കും....മിചായ്കു ഒരു സമാധാനത്തിന്...അന്നരം ഉള്ള കൊതുകിന്റെ മൂളലും...മുറ്റത്ത്‌ ചീവിടിന്റെയു, മാക്രിയുടെയും കരച്ചിലും ആണ് മുകളില്‍ പറഞ്ഞ ഡോള്‍ബി സാധനം....

ആ സമയത്താണ് അനിയചാരുമായി ഓരോ വഴക്കിനുള്ള സ്കൊപ്പുകള്‍ ഒപ്പിക്കുന്നത്....

പണ്ടൊരിക്കല്‍ ഒരു ഓണം അവധി തുടങ്ങുന്ന ദിവസം..അനിയനും ഞാനും ഏണി വച്ച് ടെറസ്സില്‍ കയറി (അന്ന് സ്റെപ്‌ ഇല്ലാരുന്നു) ..ഞാന്‍ അവനോടു പറഞ്ഞു...ഞാന്‍ ഇവിടെ നിന്നും താഴേക്കു ചാടാം...നീ മിചാടെ കയ്യീന്ന് പട്ടം മേടിക്കാന്‍ പൈസ വാങ്ങിച്ചു തരാമോ?...

ലവന്‍ സമ്മതിച്ചു....വലിയ ഉയരം ഒന്നും ഇല്ലാത്ത സന്‍ ശേയിടിലേക്ക് ഇറങ്ങിയിട്ട് ഞാന്‍ ഒരു ചാട്ടം...

ലാന്‍ഡ്‌ ചെയ്തത് നേരെ മിചാടെ മുന്നില്‍...മിച ഞെട്ടിത്തരിച്ചു..”ഇതിപ്പം എവിടുന്നു വന്നു ?” എന്ന മട്ടില്‍ ഒരു നോട്ടവും നോക്കി...മുകളിലേക്ക് നോക്കിയപ്പോ ലവന്‍ മണ്ടക്കിരുന്നു ചിരിക്കുന്നു.....കൊച്ചു കുഞ്ഞിനെ വീടിന്റെ മുകളില്‍ കയറ്റിയതിനും ...ടെറസ്സില്‍ നിന്ന് ചാടിയതിനും...അത്യാവശ്യം കുറച്ചു സ്നേഹ സമ്മാനം മിച്ച എനിക്ക് തന്നു....ലവന്‍ മണ്ടക്കിരുന്നു ചിരിച്ചതിന്റെ ദേഷ്യത്തിന് ഞാന്‍ ഏണി എടുത്തു മാറ്റി....ഉടനെ അവന്‍ കാറാന്‍ തുടങ്ങി....അതിനു സ്പെഷ്യല്‍ അടി വേറെയും കിട്ടി...

അങ്ങനെ കുറെ കാലങ്ങള്‍ അവനുമായി വല്ല്യ വല്ല്യ ബെറ്റ്‌ ഒന്നും ഞാന്‍ വെക്കാതെ നടന്നു....

അങ്ങനിരിക്കെ...പിന്നെയും ഒരവധിക്കാലം (എന്നെ വഹിക്കാനായിട്ടു) വന്നു.....

കസിന്‍സ്‌ ഒക്കെ വീട്ടില്‍ വന്നു....

അങ്ങനെ ആഘോഷ പുരസ്സരം ജീവിതം കൊണ്ടാടാന്‍ തുടങ്ങി....

അന്നാണ് “ആകാശഗംഗ” എന്നാ സിനിമ റിലീസ്‌ ആയത്..പ്രേത സിനിമ...

ഒരു പവര്‍ കട്ട് സമയത്ത് പുസ്തകങ്ങളുടെ അകമ്പടി ഇല്ലാതെ മെഴുകുതിരി വെളിച്ചത്തില്‍ ഇരിക്കാന്‍ നേരമാണ് ആ സിനിമയെ കുറിച്ചുള്ള ഞങ്ങടെ അഭിപ്രായങ്ങള്‍ പുറത്തു വന്നത്...

കസിന്‍സ്‌ പറഞ്ഞു..”ഹോ ഭയങ്കര സിനിമയാ..അത് കണ്ടാല്‍ രണ്ടു ദിവസം ഉറങ്ങാന്‍ പോലും പറ്റില്ല..”

ഞാന്‍ പറഞ്ഞു..”പിന്നെ...ഈ സിനിമ ഒക്കെ കണ്ടിട്ട് ഉറങ്ങാതിരിക്കുവല്ലേ...ഒന്ന് പോടെയ്‌...”

അങ്ങനെ അത് ഒരു വാശി ഏറിയ വാഗ്വാദമായി മാറിക്കൊണ്ടിരുന്നു...

അവസാനം ഒരു തീരുമാനത്തില്‍ എത്തി..’വാപ്പിച്ച അവരെയും കൊണ്ട് അന്ന് സിനിമ കാണിച്ചിട്ട് കൊണ്ട് വരും...ഞാന്‍ അടുത്ത ദിവസം സെക്കന്‍ഡ്‌ ഷോയ്ക്ക് ആ പടം ഒറ്റയ്ക്ക് പോയി കാണണം’

ഞാന്‍ സമ്മതിച്ചു...

അങ്ങനെ അവര്‍ പോയി സിനിമ കണ്ടു ...തിരിച്ചുള്ള വരവ് ആകാംക്ഷാ ഭരിതനായി ഞാന്‍ കാത്തിരുന്നു....പോവാന്‍ നേരം വാപ്പാടെ കൂടെ ബൈക്കില്‍ ഒരാള്‍ മുന്നിലും ഒരാള്‍ പിന്നിലും ആയി ഇരുന്നു പോയ റിയാസും ഫൈസലും തിരിച്ചു വരാന്‍ നേരം ഇരട്ടകളുടെ കൂട്ട് പുറകില്‍ അള്ളിപ്പിടിച്ചു ഇരുന്നു വരുന്നു ....

എനിക്കും മനസ്സില്‍ ഉള്ളില്‍ എവിടെയോ ഒരു ഏറു പടക്കം പൊട്ടി...”പടച്ചോനെ...ഇത്രയ്ക്കു ഭയാനകമാണോ..”

അങ്ങനെ അന്ന് അവന്മാര്‍ മിചാടെം വാപിചാടെം കൂടെ കിടന്നുറങ്ങി...(ഹും...പേടി തൂറികള്‍ ) ..

നേരം വെളുത്തു ....അവന്മാര്‍ കക്കൂസില്‍ പോലും പോകാന്‍ ഭയപ്പെട്ടു ഇരിക്കുന്നു....എന്റെ ഭയവും (ഹി ഹി ) ചെറുതായി കൂടി വന്നു...

അങ്ങനെ “മേരാ നമ്പര്‍ ആയാ...”

രാത്രി ആയി...ഫുഡ്‌ ഒക്കെ കഴിച്ചു...ഞാന്‍ പൈസയും മേടിച്ചു എന്റെ ഹാര്‍ലി ടെവിസനില്‍ (സൈക്കിള്‍) വച്ച് പിടിച്ചു..അന്ന് രേയ്ബാന്‍ ശാന്തി എന്നാ പേരിലുള്ള തിയെട്ടരിലാരുന്നു പടം...മുല്ലക്കല്‍ എന്നാ സ്ഥലത്ത്...

ഞാന്‍ പടം കണ്ടു.....

വെള്ളം കുടി എന്നാ പരുപാടി പണ്ടേ ഇല്ലാത്തത് കൊണ്ട് പെടുത്തില്ല....അല്ലേലും എങ്ങിനെ പെടുക്കാന്‍....വിയര്‍പ്പിന്റെ രൂപത്തില്‍ സകല വാട്ടര്‍ കണ്ടന്റും പോയില്ലേ...

അവസാനം പടം കഴിഞ്ഞു...മിക്ക സീനിലും കണ്ണും പൂട്ടി ഇരുന്നു..പക്ഷെ സൌണ്ട് ഇഫക്റ്റ്‌ കാരണം അതും വിജയിച്ചില്ല...

അവസാനം വെളിയില്‍ ഇറങ്ങി....സൈക്കിള്‍ എടുത്തു ആള്‍കാര്‍ പോകുന്ന കൂട്ടത്തില്‍ ഇറങ്ങി..സീറോ ജങ്ക്ഷന്‍ വരെ എതുന്നതിനുള്ളില്‍ ഞാന്‍ ആലോചിച്ചു...ഇടതു തിരിഞ്ഞു മെഡിക്കല്‍ കോളേജു വഴി പോയാലോ...വേണ്ട...അവിടെ മോര്‍ച്ചറി ഉണ്ട്...

നേരെ പോയി കൊണ്വന്റ്റ്‌ സ്ക്വയര്‍ വഴി പോയാലോ...”അള്ളോ...ഒട്ടും വേണ്ട..ലതീം പള്ളിയുടെ സെമിത്തേരി ...”

അവസാനം വലിയ മാര്കട്റ്റ്‌ വഴി പോകാം എന്ന് തീരുമാനിച്ചു ഞാന്‍ വച്ച് വിട്ടു...

തിരിഞ്ഞു നോക്കാന്‍ ലവലേശം ധൈര്യം ഇല്ല...അത് കൊണ്ട് സ്പീഡ്‌ അപാരമാരുന്നു....

അങ്ങനെ താഴെ നോക്കി നോക്കി സൈക്കിള്‍ ചവിട്ടി..നേരെ ദൂരത്തേക്ക് നോക്കാനേ തോന്നുന്നില്ല...എങ്ങാനും ലവരെങ്ങാന്‍ (പ്രേതം) നില്പുന്ടെന്കിലോ....

അവസാനം വലിയ മാര്‍കറ്റില്‍ എത്തി...

ഹോ...ഭീകരം..ബീഭത്സം....ഒറ്റ മനുഷ്യനില്ല..പോട്ടെ ഒരു കാക്ക പോലും ഇല്ല....എന്തിനു...ഒരു കുയില്‍ന്റെ കൂ എങ്കിലും ഉണ്ടായാ മതിയാരുന്നു...യെവടെ...ഈ രാത്രിയില്‍ അവരെല്ലാം സീരിയലും കണ്ടേച്ചു ഉറക്കമായി കാണും

അങ്ങനെ അതിനകതൂടെ ...അറിയാവുന്ന ഖുറാന്‍ ആയത്തുകള്‍ ഓതി ഓതി നീങ്ങവേ........

............

വെറുതെ പണ്ടാരടങ്ങാനായിട്ടു ഞാന്‍ ഒന്ന് നേരെ നോക്കി...

യേ....തോന്നിയതാവും...

അല്ലെ...?

ആന്നോ?

........................ഉം.....തന്നെ തന്നെ


“ഹെന്റെ പൊന്നോ!!!!!!!!!!!!!!!!!!!!!!!! ഒരു വെളുത്ത സാരി......................ഇച്ചിരി ഉയരത്തില്‍ പറക്കുന്നു..”

“റബ്ബേ!!!!!! ന്നെ കാത്തോലനെ ......എനിക്ക് എന്റെ വീട്ടുകാരെ കാണാന്‍ മുട്ടുന്നെയ്‌....” എന്നും കൂവി ഒരു വിടീല് വിട്ടു....

സൈക്കിളിനോക്കെ ഇത്രേം സ്പീഡില്‍ പോകാം എന്ന് അന്ന് പിടികിട്ടി...

അങ്ങനെ വീട്ടിലെത്തി ...ഗെയിറ്റ് ചവിട്ടി തുറന്നു സൈക്കിള്‍ ബെല്‍ അടിച്ചോണ്ട് തന്നെ ഞാന്‍ പോര്‍ച്ചില്‍ എത്തി...വിളിച്ചു കൂവി..

”മിചായെ...വാതില് തുറക്കോ...!!!!!”

കോളിംഗ് ബെല്ലിന്റെ ഒക്കെ ഊപ്പാട് ഇളക്കി...

അങ്ങനെ വാതില്‍ തുറന്നതും ഞാന്‍ വെടികൊണ്ട പന്നിയുടെ കൂട്ട് ഓടി അകത്തു കയറി....

ഗെയിടു പൂട്ടാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ദയനീയമായി മിചായെ നോക്കി..അവസാനം വാപിച്ച പോയി പൂട്ടി...

ഞാന്‍ നോക്കി നിന്നു...ലവരെങ്ങാനും വാപിചായെ പിടിക്കുന്നോ എന്ന് നോക്കാന്‍....

അങ്ങനെ നേരം വെളുത്....

സൈക്കിളില്‍ സ്പീഡില്‍ ചവുട്ടിയത് കൊണ്ടാ..(ആന്നു....സത്യം) അടുത്ത ദിവസം ഒരു ചെറിയ പനി....ഹീ ഹീ ...

അങ്ങനെ രണ്ടു ദിവസം പനിച്ചു കിടന്നു..


പനി ഒക്കെ മാറി..ഞാന്‍ വെളുത്ത സാരി ഉടുത്ത പ്രേതത്തെ കണ്ട കാര്യം ലവന്മാരോട് പറഞ്ഞു...അവര്‍ വിശ്വസിച്ചോ എന്തോ....

ഞാന്‍ അജ്മലിനോടും കാര്യം പറഞ്ഞു...

പക്ഷെ എന്നാലും ഒരു സംശയ നിവാരണം നടത്താനുള്ള മോഹം മനസ്സില്‍ ഉദിച്ചതിന്‍ കാരണം ഞാനും അവനും ഒരു ദിവസം ഉച്ചക്ക് വലിയ മാര്‍കറ്റില്‍ കറങ്ങി...

വെളുത്ത സാരി കണ്ട സ്ഥലം എത്തിയപ്പോള്‍ (ചെറിയ പേടിയോടെ തന്നെ) ഞാന്‍ മുകളിലേക്ക് നോക്കി...

ഹും...

സംഭവം എന്താന്നരിയാമോ...?

ഏതോ ക്നാപ്പനെ ഇലക്ഷനില്‍ ജയിപ്പിക്കാന്‍ വേണ്ടി എഴുതിയ ബാനര്‍...

അതിന്റെ ഒരു വശം കീറിയിട് കാറ്റത്ത്‌ കിടന്നു പാറിയതാ....

പക്ഷെ ഇത് ഇനി അനിയനോടും കസിനോടും പറഞ്ഞാല്‍ എന്റെ ധൈര്യത്തിന് ക്ഷീണമാവും എന്നതിനാല്‍ ഇന്ന് വരെ ഞാന്‍ പറഞ്ഞിട്ടില്ല...