Monday, December 20, 2021

മുല്ലശ്ശേരി ഇന്റർനാഷണൽ.-സ്‌പെഷൽ കോണ്ടിനെന്റൽ

 പ്രീഡിഗ്രി പരൂക്ഷ കഴിഞ്ഞ സമയത്തു 'എൻട്രൻസ് കോച്ചിങ്ങ് "പഠനം" ' നടത്താൻ വേണ്ടി ഇരുമ്പുപാലത്തിനു അടുത്തുള്ള യൂണിവേഴ്സ്‍ലിൽ ചേർന്ന കാലം..രാവിലെ 8 മണിക്ക് കയറി ഒരു ഇരുപ്പു ഇരുന്നാൽ  പിന്നെ ഒരു നല്ല ശ്വാസം കിട്ടണമെങ്കിൽ ഉച്ചയ്ക്ക് ലഞ്ച് ബ്രെക് ആവണം...അതിനിടയിൽ ഫിസിക്സ് കെമിസ്ട്രി മാത്‍സ് ഒക്കെ ഓരോരുത്തരായി വന്നു പഠിപ്പിക്കും, നമ്മൾ അത് കേട്ട് കുത്തിക്കുറിച്ചു ഇരിക്കും, ഇടയ്ക്കു ഓരോ ചോദ്യങ്ങൾ വരുമ്പോൾ നമ്മൾ 'ജബ-ജബ മോഡിൽ ആവും....

ഇതിനു തൊട്ടു താഴെ ആണ് ഒരു ചെറിയ ഹോട്ടൽ ഉള്ളത്..മുല്ലശ്ശേരി എന്നാണു അതിന്റെ പേര്..ക്ലാസ് അങ്ങനെ നീങ്ങി നീങ്ങി ഉച്ചയ്ക്ക് ഒരു 11 മണി ആവുമ്പോളേക്കും മുല്ലശ്ശേരിയിലെ അടുക്കളയിൽ നിന്നും ഉള്ള ഗന്ധം ഇങ്ങനെ ക്ളാസിലേക്ക് വരും.തോരൻ, മീൻ കറി,സാമ്പാർ,വറുത്ത മീൻ അങ്ങനങ്ങനെ ..വയറിനുള്ളിലെ  വിശപ്പ് നടത്തുന്ന ഗാനമേള ഒന്ന് സ്റ്റോപ്പ് അടിപ്പിക്കാൻ,കൊതി കൊണ്ടു വായിൽ നിറയുന്ന  ഉമിനീരിനെ കൊണ്ട് പറ്റില്ല എന്നത് വേദനയോടെ മനസിലാക്കുന്ന നിമിഷങ്ങൾ..ഇന്നത്തെ സ്‌പെഷൽ എന്തായിരിക്കും എന്നാവും പിന്നെ 1 മണി വരെ ഉള്ള ഞങ്ങളുടെ "കോച്ചിങ്ങ്"...ഇനിയും 2 മണിക്കൂർ ആ സഹനം തുടർന്നാൽ മാത്രമേ ഊണിനു പോകാൻ പറ്റൂ...

അങ്ങനെ 1 മണി ആവുമ്പോൾ മാഷ് പോയാലും ഇല്ലേലും ഖല്ലിവല്ലീ ന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങിയോടും..താഴെ എത്തിക്കഴിഞ്ഞാൽ പക്ഷെ എന്തോ ഒരു മന്ത്രം പോലെ മുല്ലശ്ശേരിയിലേക്കു പോകാൻ തോന്നില്ല..ആലപ്പുഴയിലെ തന്നെ ഫേമസ് ആയ ബ്രദേഴ്‌സിലേക്കു പോകാൻ ആണ് മനസ്സ് മന്ത്രിക്കുക...അന്ന് ഊണിനു 15 രൂപ  (വിത്ത് മീൻ കറി ).ആണ് ബ്രദേഴ്‌സിലെ ചാർജ്.(ഒപ്പം ലഡ്ഡുവിലെ ബോണസ്സായ ഉണക്കമുന്തിരി പോലെ ഭാഗ്യമുണ്ടെങ്കിൽ വല്ല സിനിമ നടനെയോ നടിയെയോ ഒക്കെ  കാണാനും പറ്റും ).ഇരുമ്പു പാലത്തിൽ നിന്നും ബസ്സിൽ കയറി മിനിമം ചാർജ് കൊടുത്തു ബ്രദേഴ്‌സിൽ പോയി ഊണും കഴിച്ചു തിരിച്ചു വന്നാൽ പിന്നെ മുല്ലശ്ശേരി ഒന്നും മ്മൾ വക വയ്ക്കില്ല...

അങ്ങനെ ഈ കലാപരിപാടി തുടർന്ന് തുടർന്ന് അവസാനം യൂണിവേഴ്സലിലെ ലാസ്റ്റ് ദിവസം ഞങ്ങൾ തീരുമാനിച്ചു..ഇന്ന് മുല്ലശ്ശേരിയിൽ നിന്നും കഴിക്കാം..കുറെ നാൾ ആയി നമ്മൾ കൊതി വിട്ടതല്ലേ ...അങ്ങനെ ഉച്ചയ്ക്ക് അവിടെ കയറി...

ആദ്യം പാത്രം എത്തി, പിന്നെ ചോറ്, ബാദ് മേം ബാക്കി അക്‌സെസ്സറിസ്...ആദ്യം തന്നെ നമ്മളെ ഡൈലി ഹഠാദാകര്ഷിച്ചിരുന്ന തോരൻ എടുത്തു ടേസ്റ്റ് ചെയ്തു...രുചിയുടെ പോരായ്മ ഉപ്പിന്റെ അധികപ്രസരം കവർ ചെയ്തു എങ്കിലും,എരുവ് മാറ്റാൻ ചൂട് വെള്ളം തന്നെ വേണ്ടി വന്നു...പിന്നെ സാമ്പാർ,ഒറ്റ നോട്ടത്തിൽ രസം പോലെ ലൂസ് ആയി  തോന്നുമെങ്കിലും മുകളിൽ കിടന്ന പച്ച വെണ്ടയ്ക്ക ആണ് അത് സാമ്പാർ ആണ് എന്ന സത്യം ഞങ്ങളെ മനസിലാക്കിയത്...മീൻ കറിയിൽ നിന്നും മീൻ കിട്ടുന്നവനെക്കൊണ്ട് അടുത്ത ഓണം ബമ്പർ എടുപ്പിക്കാൻ ഞങ്ങൾ കൂട്ടമായി തീരുമാനിച്ചു...പിന്നെ ആകെ ഒരു ആശ്വാസം വറുത്ത മീൻ ആയിരുന്നു...സൈസ് കണ്ടു അയല  പൊരിച്ചതാണു  എന്ന് കരുതിയെങ്കിലും മസാലയുടെ കോട്ടിങ്ങും റവയുടെ പാക്കിങ്ങും കൊണ്ട് അയലയുടെ സൈസ് ആയ ആ മീൻ ശരിക്കും മത്തി ആയിരുന്നു എന്ന സത്യം വേദനയോടെ ഞങ്ങൾ മനസിലാക്കി...ചുരുക്കി പറഞ്ഞാൽ ഈ വിസിറ്റ് ആദ്യ ദിവസം നടത്തിയിരുന്നെങ്കിൽ ആ കോച്ചിങ്ങ് കഴിയുന്ന ദിവസം വരെ ഉണ്ടായിരുന്ന 11 മണി മുതലുള്ള കൊതിവിടലുകൾ ഒഴിവാക്കി പഠനത്തിൽ അല്പമെങ്കിലും ശ്രദ്ധ കൊടുക്കാമായിരുന്നു...

ഒപ്പം ഉണ്ടായിരുന്ന മുതുകുളം കാരൻ അരുൺ ആണ് മുല്ലശ്ശേരി എന്ന ആ കടയെ ഒരു ഇന്റർനാഷണൽ തെറി വിളിച്ചത്...അവന്റെ നാട്ടിലെ ഹോട്ടലുകളിൽ നിന്നും ഒരിക്കലും ഇത്രയും വൃത്തികെട്ട അനുഭവം ഉണ്ടായിട്ടില്ല പോലും...

അന്നേരം ആണ് ഓർമ്മകൾ ഒരു ടൈം ട്രാവൽ നടത്തി സ്‌കൂളിലേക്ക് എത്തിച്ചത്..

പത്തിൽ പഠിക്കുമ്പോ വീട്ടുകാർ  അറിയാതെ സ്‌കൂൾ ഓർക്കസ്ട്രയിൽ പരിപാടികളുമായി നടന്നിരുന്ന കാലം..സബ്‌ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം വാങ്ങിയതിന് ശേഷമുള്ള ജില്ലാ കലോത്സവം അറവുകാട് ഹൈസ്‌കൂളിൽ നടക്കുന്നു..മ്യൂസിക് ഡിപ്പാർട്മെന്റിലെ ജോബ്‌സാർ ഒപ്പമുണ്ട്...സ്‌കൂളിൽ നിന്നും ഫണ്ട് ഒന്നും അധികം കിട്ടില്ല,അതുകൊണ്ടു തന്നെ വല്ല ബസ്സിലും ഒക്കെ തൂങ്ങിപ്പിടിച്ചു വേണം പരിപാടികൾക്ക് പോകാൻ, അത്രയ്ക്ക് ദാരിദ്ര്യം..നമ്മടെ ഗ്രൂപ്പിന്റെ പെർഫോമൻസിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നതുകൊണ്ട് മാഷ് അന്ന് പറഞ്ഞു..."ഈ മത്സരത്തിലും ഫസ്റ്റ് അടിച്ചാൽ എല്ലാവര്ക്കും ഒരു കിടിലൻ ട്രീറ്റ് എന്റെ വഹ "

അങ്ങനെ എല്ലാവരും ഉഷാറായി,മത്സരം തുടങ്ങി..റിസൾട്ട് വന്നപ്പോ പ്രതീക്ഷിച്ച പോലെ ഞങ്ങൾക്ക് ഫസ്റ്റ്,പക്ഷെ എന്തുകൊണ്ടോ ഗ്രേഡ് "B " ആയി...അതുകൊണ്ടു തന്നെ സ്റ്റേറ്റ് ലെവലിൽ പോകാൻ പറ്റില്ല..പക്ഷെ നമ്മക്ക് അതൊന്നും വിഷയമായില്ല..ഫസ്റ്റ് വാങ്ങണമെന്ന് പറഞ്ഞു, ഞങ്ങൾ വാങ്ങി..അതുകൊണ്ടു തന്നെ ഓഫർ ചെയ്ത ട്രീറ്റ് തരാൻ ഞങ്ങൾ മാഷോട് പറഞ്ഞു...

അവസാനം മാഷ് ഞങ്ങളെയും കൊണ്ട് അറവുകാട് തന്നെ ഉള്ള ഒരു ചെറിയ ഹോട്ടലിലേക്ക് കയറി,..!

പുറത്തു നിന്ന് നോക്കുമ്പോൾ ഒരു ചെറിയ കടയാണെങ്കിലും അകത്തു കയറിയാൽ വിശാലത അറിയാൻ ഉള്ള വെളിച്ചം ലവലേശം ഇല്ല,മുന്നേ നടന്നവന്റെ വക  "ഇയ്യോ" ന്നൊരു വിളി കേട്ടപ്പോൾ ഡെസ്കിൽ എത്തി എന്ന് മനസിലായി..പിന്നെ തപ്പിപ്പിടിച്ചു അവിടെ ഓരോരുത്തരായി ഇരുന്നു..സിനിമ തിയറ്ററിൽ ഇന്റർവെലിന് ലൈറ്റ് ഇടുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ നേരിയതായ  ഒരു വെളിച്ചം മാത്രം,മുന്നിൽ ഉള്ള ഇലയുടെ ബൗണ്ടറിയേ കുറിച്ച് ഒരു ഗ്രാഹ്യം ഇല്ലെങ്കിൽ ഒരുപക്ഷെ അച്ചാർ ആണെന്ന് കരുതി എടുത്തു നൽകുന്നത് അടുത്തവൻറെ  ഇലയിലെ എച്ചിൽ ആയേക്കാം...So Crucial, u know ??

അങ്ങനെ വിളമ്പാനുള്ള ഇലയുമായി ഒരു മഹാൻ നടന്നു വരുന്നു,കരിപിടിച്ച കരിച്ചട്ടിയിൽ എണ്ണ ഒഴിച്ച പോലെ ഉള്ള രീതിയിൽ ബോഡി ഫുൾ തിളക്കം...വയറാണോ മൺകുടം ആണോ എന്ന് തിരിച്ചറിയാൻ ആരും അല്പം പാട് പെടും. ഇല ടേബിളിൽ കൊണ്ട് ഇട്ടിട്ടു തിരിച്ചു നടക്കുന്ന കണ്ടാൽ ഒരു ആഢ്യത്വം ഒക്കെ തോന്നും..ഇലയിടാൻ വരുന്ന വഴിക്കു കൈ തട്ടി താഴെ വീണ ഗ്ളാസ് തിരിച്ചു പോകുന്ന വഴിക്കാണ് കുനിഞ്ഞു എടുത്തത്... ഹൗവെവർ ,കൈലി മടക്കിക്കുത്തി ഉടുത്തിരുന്നെങ്കിലും ആവശ്യത്തിന് വെളിച്ചം ഇല്ലാതിരുന്നതിനാൽ മൂപ്പര്‌ടെ ആ "ശുഷ്‌കാന്തി" അധികമാരും കണ്ടില്ല, എന്നിരുന്നാലും ഗ്ളാസ് വീണിരുന്നതിനു തൊട്ടടിത്തിരുന്നു ഉണ്ടുകൊണ്ടിരുന്ന ഒരു പാവം "ഛേ..യ്യ് ......" എന്നും പറഞ്ഞു എണീറ്റ് ഇല മടക്കുന്നതു കണ്ടപ്പോൾ  നമ്മക്ക് മനസിലായി  അവിടെ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരുന്നു..എന്നും കക്ഷിയുടെ ശുഷ്‌കാന്തി ആ എണീറ്റ വ്യക്തി ക്രിസ്റ്റൽ ക്ലിയർ ആയി കണ്ടു ..എന്നും 

6 -7 ടേബിളുകൾ ഉള്ള ഒരു ഹോട്ടലിൽ ഞങ്ങൾ എത്തിയ അന്നാണ് അവിടം ആദ്യമായി ഹൗസ്‌ഫുൾ ആയതു എന്ന് ആ കൗണ്ടറിൽ ഇരുന്ന ആൾടെ മുഖത്തെ സന്തോഷത്തിൽ നിന്നും മനസിലാക്കി..അവിടെ ഡെയ്‌ലി ബാക്കി ആവുന്ന ഫുഡ് സപ്പ്ളയർ ആണ് തീർത്തിരുന്നതു എന്നത് കൊണ്ടു അന്ന് അങ്ങേര്ക്കുള്ള ഫുഡിന് എന്ത് ചെയ്യും എന്ന ഒരു അങ്കലാപ്പ് ആ സപ്പ്ലയർ മഹാന്റെ മുഖത്തും കാണാമായിരുന്നു.അതുകൊണ്ടു തന്നെ യാതൊരു താല്പര്യവുമില്ലാതെ ആണ് മൂപ്പർ ഇലയും ഭക്ഷണവും എല്ലാം വിളമ്പിയത്..ചോറ് ഒക്കെ ഇടുന്നതു ചീട്ടു കളിക്കുമ്പം ക്ലാവർ ഇട്ടു വെട്ടുന്ന ശൈലിയിൽ ആണ്. സാമ്പാർ ഒക്കെ തലവഴി ഒഴിക്കാത്തത് ഭാഗ്യം..പിന്നെ എടുത്തു പറയേണ്ടത് രുചിയുടെ കാര്യമാണ്...നേരത്തെ പറഞ്ഞ മുല്ലശ്ശേരിയിലേക്കുള്ള സപ്പ്ളൈ ഇവിടെ നിന്നാണെന്നു തോന്നിപ്പോകും...ഒരുവിധം എങ്ങനെയെങ്കിലും തിന്നു തീർത്തിട്ട് പോകാം എന്ന് കരുതി തിന്നുകൊണ്ടിരുന്നപ്പോ സപ്ലയറോട് അവിടെ കഴിച്ചു കൊണ്ടിരുന്ന ഏതോ ഒരാൾ "പരിപ്പ് കറി ഇല്ലേ?" എന്ന് ചോദിച്ചതും സപ്പ്ലയറുടെ ഭാഗത്തു നിന്നും ഒരു മറുപടി വന്നു....പക്ഷെ ആ മറുപടി വന്നത് മൂപ്പരുടെ താഴ്ഭാഗത്തു നിന്നും ആയിരുന്നു..!! അതെ,..ആ വാഴയിൽ നിന്നും ഒരു വല്ല്യ കിളി പോയി..!!!ഒപ്പം മൂപ്പരുടെ ഡയലോഗും .."ക്ഷമിക്കണേ, ഇരിക്കാൻ നേരം കൈലി കീറിയ സൗണ്ട് ആണ്,തെറ്റിദ്ധരിക്കല്ലേ.."ന്നു...

'ഇങ്ങനെ ഒച്ച കേൾക്കാൻ ആ കൈലി ശിവകാശി പടക്ക കമ്പനിയിൽ നിന്നും ഉണ്ടാക്കിച്ചതാണോ?' എന്ന് ഒരു മറുചോദ്യവും ആരോ ചോദിച്ചു 

ആ വലിയ വയറിൽ നിന്നും ഇത്രയുമല്ലേ പോയുള്ളൂ എന്ന് ആശ്വസിക്കാമെങ്കിലും അതോടെ മ്മടെ കഴിക്കാനുള്ള മൂഡ് പോയി..

ഇല മടക്കി എണീറ്റ് കൈ കഴുകാൻ ചെന്ന നേരമാണ് അന്തസ്സുള്ള ആ കാഴ്ച കാണുന്നത്..ഇത്രയ്ക്കു ദാരിദ്ര്യം ആണെങ്കിലും കൈ കഴുകാൻ സോപ്പ് വച്ചിരിക്കുന്നു..പൊതുവെ ലൈഫ്ബോയ് സോപ്പ് ആണ് ഈ പരിപാടിയ്ക്ക് ഉണ്ടാവാറ് ..പക്ഷെ അവിടെ ഇരിക്കുന്നത് മ്മടെ 501 ബാർ സോപ്പിന്റെ ഒരു ചെറിയ കട്ട..കൈ കഴുകി കഴുകി ഊപ്പാട് വന്നാലും പത തീരാത്ത ഒരു സോപ്പ് ആണ് ങ്കിലും ഇതിട്ടു കഴുകിയിട്ടു പതയെ വരുന്നില്ല..ഏറ്റവും വിലകുറഞ്ഞ സോപ്പ് ആയ 501 നും വ്യാജനോ  എന്ന് കരുതി ആ സോപ്പ് എടുത്തു ജനലിനടുത്തേക്ക് പിടിച്ചു നോക്കിയപ്പോളാണ് ആ ഞെട്ടിക്കുന്ന സത്യം കാണുന്നത്...അത് സോപ്പല്ല..ഒരു കഷ്ണം ഉരുളക്കിഴങ്ങു വെട്ടി വച്ചിരിക്കുന്നു...

ഇത്രയ്ക്ക് ദാരിദ്യം പിടിച്ച ഹോട്ടലിന്റെ ഫുഡിന്റെ നിലവാരം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ എന്ന് കരുതുന്നു..

എന്തായാലും അതിനു ശേഷം മ്യൂസിക് മാഷിനോട് പറഞ്ഞു..."ആദ്യം ഗ്രേഡ് "B " ആയതിൽ വിഷമം തോന്നിയെങ്കിലും സാറിന്റെ ട്രീറ്റ് കിട്ടിയപ്പോ  ആ വിഷമം മാറി..ഇപ്പോഴത്തെ വിഷമം ഫസ്റ്റ് കിട്ടേണ്ടിയിരുന്നില്ലാ എന്നതാണ്"..എന്ന് ..

എന്തായാലും ഹോട്ടൽ-ഊണ് എന്നൊക്കെ കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ രണ്ടു അനുഭവങ്ങൾ ആണ്...അതുകൊണ്ടു തന്നെ നാട്ടിൽ ചെന്നാൽ പുതിയതായി ഒരു കടയിൽ ചെന്ന് കഴിക്കാൻ ഇപ്പോഴും പേടി ആണ്...

സൈക്കിൾ റാലി

സഡ്ഡൻ ബ്രേക്ക് എന്നത് ഒരു ആവേശം ആയി തുടങ്ങിയത് മലയാളം സിനിമകളിൽ വണ്ടികൾ വന്നു നിൽക്കുന്ന സീനുകൾ കാണാൻ തുടങ്ങിയപ്പോൾ കേൾക്കുന്ന "സ്ക്രീ" എന്ന സൗണ്ട് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ്..പൊതുവെ അതിവേഗത്തിൽ വന്നു പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ,വണ്ടിയുടെ റബ്ബർ ടയറും ടാറിട്ട റോഡും തമ്മിൽ ഉള്ള പ്രണയഗാനമായി മാത്രമേ ടെക്നിക്കലി ആ സൗണ്ട് കേൾക്കാൻ പാടുള്ളൂ എന്നുള്ളെങ്കിലും ,വന്നു വന്നു കാറ്റടിച്ചു നീങ്ങുന്ന വണ്ടി മണലിൽ പയ്യെ നിർത്തുന്ന സീൻ ആണെങ്കിലും ആ സൗണ്ട് കേൾപ്പിക്കൽ സിനിമകളിലെ ക്ളീഷേ ആയി മാറി..

ബ്രേക്ക് പിടുത്തം ജീവിതത്തിൽ പല കാലഘട്ടങ്ങളിലും പലവിധ വികാരങ്ങൾ നൽകി ഉത്തേജിപ്പിച്ചിട്ടുണ്ട്...

പണ്ട് ഒരു ബൈക്കുകാരൻ പെട്ടെന്ന് ഫ്രണ്ട് ബ്രേക്ക് പിടിച്ചു വണ്ടിയുടെ ബാക്ക് വീൽ പൊക്കിയതും, ഇത് പ്രതീക്ഷിക്കാതെ പിന്നാലെ വന്ന ഓട്ടോ,സൈഡ് വെട്ടിച്ചു അടുത്തുള്ള വേലി പൊളിച്ചു നിൽക്കുന്നത് , കോളേജിൽ പഠിച്ചിരുന്ന 'കുള്ളൻ മനോജ്' ബസ്സിന്റെ ഗിയർ ബോക്സിന്റെ ബലം മൂക്ക് കൊണ്ട് പരിശോധിച്ചത്, ബ്രെക്ക് ആണെന്ന് കരുതി ആക്സിലറേറ്റർ ചവിട്ടി വാപ്പ കാറിനെ 'പപ്പായയിൽ'ഇടിച്ചു നിർത്തിയത്..അങ്ങനെ ബ്രെക്കിങ്ങിനെ ചുറ്റിപ്പറ്റി ഒട്ടനവധി ഓർമ്മകൾ...,

സൈക്കിൾ പഠനം അതിന്റെ പൂർണ്ണാവസ്ഥയിൽ എത്തിയ കാലം..വീട് നിൽക്കുന്ന സിവിൽ ലെയിനിൽ അന്ന് ഒരുപാട് വളവും തിരിവും ഉള്ള ഇടവഴി ആണ്..കൊച്ചിയിൽ വണ്ടി ഓടിച്ചു പഠിച്ചാൽ ലോകത്തു എവിടെയും ഓടിക്കാം' എന്നതുപോലെ അന്ന് ഞങ്ങടെ ലെയിനിൽ സൈക്കിൾ പഠിച്ചാൽ എന്ത് അഭ്യാസത്തിനും പറ്റുന്ന ഒരു എക്സ്പെർട്ടീസ് ലെവൽ ക്‌നോളഡ്ജ് കിട്ടുമായിരുന്നു.അന്നൊക്കെ മെയിൻ റോഡിൽ പോകാൻ ഞങ്ങൾക്ക് അനുവാദം ഇല്ല.അതുകൊണ്ടു യജ്‌ഞം മുഴുവനും ആ ലെയിനിൽ ആണ്..

നിന്ന് ചവിട്ടുക, കൈവിട്ടു ചവിട്ടുക,കരിയറിൽ ഇരുന്നു ചവിട്ടുക,സീറ്റിൽ ഒരുത്തൻ ഇരുന്നു ഹാൻഡിൽ കൺട്രോൾ ചെയ്യുമ്പോൾ കരിയറിൽ ഇരുന്നു വേറൊരുവൻ ചവിട്ടുക..അങ്ങനെ അങ്ങനെ പല വിധമായ പ്രാക്ടീസുകൾ നടത്തി തഴക്കം വന്നു ബോറടിയായി മാറിയപ്പോൾ ഞങ്ങൾ മത്സരം സംഘടിപ്പിക്കാൻ തുടങ്ങി..അതിനായി തിരഞ്ഞെടുത്തത് വീടിനു പടിഞ്ഞാറോട്ടു മാറി ഉള്ള ഇടവഴി ആണ്..അവിടെ അല്പം വീതി കൂടിയതാണ് ലോറി വരുന്ന വഴിയാണ്.., 90 ഡിഗ്രി വളവും ഇല്ല,,ആകെ ഉള്ളത് ഒരു ചെറിയ വളവാണ്‌..അപ്പൊ ഈ അറ്റത്തും മറ്റേ അറ്റത്തും (ഏകദേശം ഒരു 100 -120 മീറ്റർ നീളം ഉള്ള വഴി. ഒരു വശത്തു കലക്ടറേറ്റിന്റെ മതിൽ,മറ്റേ വശത്തു 4 -5 വീടുകൾ ഉണ്ട്, അവരുടെ വേലി (അന്ന് മതിൽ ഒക്കെ ആഡംബരം ആയിരുന്നു, മിക്ക വീടുകളും എല്ലാവരും കൂടി  ഒരുമിച്ചു ഓല മെടഞ്ഞു വേലി കെട്ടുകയായിരുന്നു പതിവ്. ഇടയിൽ ആയി ഒരു Column സപ്പോർട് കിട്ടാനായി പൂവരശ് എന്ന മരത്തിന്റെ കമ്പും കുത്തി വെക്കും..എന്നിട്ടു കമ്പുകൾ തമ്മിൽ കനം കൂടിയ,തെങ്ങു വലിച്ചു കെട്ടാൻ ഉപയോഗിക്കുന്ന  കമ്പി ഉപയോഗിച്ച് ബന്ധിക്കും. ഈ കമ്പിയിൽ ആണ് ഓല കൊണ്ടുള്ള വേലി ഫിക്സ് ചെയ്യുന്നത്..കാലം ചെല്ലുന്തോറും വേലി ദ്രവിക്കും ,അപ്പോൾ വീണ്ടും എല്ലാവരും കൂടി rennovation നടത്തും..)

അങ്ങനെ ഞങ്ങൾ ആ വഴിയുടെ രണ്ടു വശത്തായി ഈരണ്ടു പേരെ നിർത്തി ഒരേ സമയം രണ്ടോ മൂന്നോ പേർ ചേർന്നുള്ള മത്സരം വെക്കും..ഇടവഴിയുടെ അറ്റത്തു നിൽക്കുന്നവരുടെ ഡ്യൂട്ടി എന്നത്  മത്സര സമയം അതിലെ വല്ലവരും വരുന്നെങ്കിൽ ഞങ്ങൾക്കുള്ള സിഗ്നൽ നൽകി മത്സരം നിർത്താൻ വേണ്ടി  ആണ്..വഴിയുടെ അങ്ങേ അറ്റത്തെ വളവു തീരുന്നിടത്തെ ഹമ്പ് ആണ് ഫിനിഷിങ് പോയിന്റ്.അങ്ങനെ ഞങ്ങൾ മിക്ക ദിവസവും മത്സരങ്ങൾ നടത്തി എക്സ്പെർട്ടുകൾ ആയി. അങ്ങനിരിക്കെ ആണ് അയൽരാജ്യമായ ലജനത്തു വാർഡിൽ നിന്നും ഒരുതൻ ഞങ്ങളുടെ മത്സരങ്ങൾ വീക്ഷിക്കാൻ വന്നത്.തുടക്കത്തിൽ ഞങ്ങളുടെ ചെറിയ ലാപ് കണ്ടു പുച്ഛം അടിച്ചു നിന്ന അവൻ അവന്റെ വാർഡിലെ മത്സരങ്ങളുടെ മാഹാത്മ്യങ്ങളെക്കുറിച്ചു "മോദി"അടിച്ചു. എന്തായാലും  പയ്യെ പയ്യെ  മത്സരം വീക്ഷിച്ചു നിന്ന അവൻ,അവസാനം മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചു.പ്രത്യേകിച്ച് ചിലവൊന്നും ഇല്ലാത്ത കാര്യമായതുകൊണ്ടു ഞങ്ങൾ സമ്മതിച്ചു.അവൻ്റെ തള്ള് കേട്ട് കുരു പൊട്ടിയത് കൊണ്ട് ഏതു വിധേനയും സിവിൽ ലെയിൻ പുലികളുടെ അന്തസ്സ് നിലനിർത്തണം എന്ന് കരുതി ഞങ്ങൾ മത്സരത്തിൽ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും കിടു ആയ സിയാദിക്കായെ കളത്തിൽ ഇറക്കി..ഇക്ക കൈവിട്ടു ചവിട്ടി വരെ മത്സരത്തിൽ ജയിക്കും,അജ്‌ജാതി കിടിലൻ ആളാണ്. അങ്ങനെ മത്സരം തുടങ്ങി. ഞാനും വേറെ രണ്ടു പേരും ഫിനിഷിങ് എൻഡിൽ നിന്നു . മറ്റേ അറ്റത്തു നിന്ന് "റെഡി,സ്റ്റഡി,ഗോ" പറഞ്ഞതും സിയാദിക്ക പതുക്കെ ചവിട്ടിത്തുടങ്ങി. മറ്റവൻ തുടങ്ങിയ പാടെ എണീറ്റ് നിന്ന് അറഞ്ചം പുറഞ്ചം ചവിട്ടി.അവൻ ഫിനിഷിങ് പോയിന്റിന്റെ അടുത്തുള്ള വളവു എത്താറായിട്ടും നിൽപ്പും ചവിട്ടും ഒട്ടും കുറച്ചില്ല.വന്ന അതെ സ്പീഡിൽ വളവു തിരിഞ്ഞാൽ അവൻ വളവിലെ വേലി കഴിയുന്ന ശേഷം ഉള്ള ഡോക്ടറുടെ മതിലിൽ 'ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥി സോമശേഖരൻറെ' ഇലക്ഷൻ പോസ്റ്ററിന്  ഒരു കമ്പനിയായി ആ മതിലിൽ പറ്റിയിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് ബ്രെക്കിൽ ഒരു പിടുത്തം പിടിച്ചു വണ്ടി നിർത്താൻ തീരുമാനിച്ചു...അവന്റെ സമയത്തിന്റെ ഗുണം..ബ്രേക്ക് കിട്ടിയതുമില്ല വീൽ ഉരഞ്ഞതുമില്ല ,ബ്രേക്ക് കേബിൾ പൊട്ടി സൈക്കിൾ വളവിലെ വീടിന്റെ  വേലി ലക്ഷ്യമാക്കി ഒരു പോക്ക്. Rennovation പിരീഡ് അടുത്തിരുന്ന വേലിയും പൊളിച്ചു സൈക്കിൾ ആ വീടിന്റെ മുന്നിലെ ചെടികളും നശിപ്പിച്ചു വീടിന്റെ അര ഭിത്തിയിൽ  ഇടിച്ചു നിന്നു, കഥാനായകൻവായും പൊത്തി  വേലിയുടെ സൈഡിൽ നിൽക്കുന്നു.വേറൊന്നുമല്ല,വേലിക്കു ബലം ഇല്ലാഞ്ഞത് വേലിയും പൊളിച്ചു കൊണ്ട് സൈക്കിൾ അവനെ 'ലോഡ് ഇറക്കി'പോയെങ്കിലും വേലിയിൽ കെട്ടിയിരുന്ന കമ്പിയ്ക്ക് നല്ല ബലം ഉണ്ടായിരുന്നതിനാൽ അവന്റെ മേൽ ചുണ്ടും കമ്പിയും  ചേർന്ന് നടത്തിയ ലാത്തിച്ചാർജിൽ ഫ്രന്റിലെ 2 പല്ല് ഇളകി അവനെ അവിടെ നിർത്തി ..വീടിനു മുന്നിൽ എന്തോ ഒച്ച കേട്ട് അടുക്കള ഭാഗത്തു നിന്ന ആ വീട്ടിലെ ഇത്താത്ത പിറകു വശം വഴി വീടിന്റെ മുന്നിൽ എത്തി. പൊതുവെ മുറ്റത്തെ ചാമ്പയ്ക്കാ മരത്തിൽ നിന്നും ചാമ്പയ്‌ക്ക പറിക്കാൻ പിള്ളേർ വന്നു അനുവാദം ചോദിക്കാറുള്ളത് കൊണ്ട് അതാണെന്ന് കരുതി "ചാമ്പയ്‌ക്ക പറിക്കാൻ ആണോ? ചെടി ഒന്നും നശിപ്പിക്കരുത്" എന്ന് പറഞ്ഞതും, അവൻ വാ പൊത്തിക്കൊണ്ടു തന്നെ,' അല്ല ഇത്താ, ഞാൻ ആ സൈക്കിൾ ഒന്ന് എടുത്തോട്ടെ?" എന്ന് പറഞ്ഞതും അവർ ഇതെന്തു കഥ എന്ന് നോക്കി ..അപ്പോഴാണ് സൈക്കിൾ അവിടെ കാണുന്നത്..ഇതിവിടെ ആര് എപ്പോ കൊണ്ട് വച്ച് എന്ന് അവർ ചിന്തിക്കുന്ന ഗ്യാപ്പിനുള്ളിൽ അവൻ സൈക്കിളും എടുത്തു വെളിയിൽ ഇറങ്ങി..കാര്യം ഒന്നും മനസ്സിലാവാതെ ഇത്ത കിളിപോയി നിന്ന്...അവനാണെങ്കി ഞങ്ങളെ കണ്ട് ഒരു നോട്ടവും നോക്കി അന്ന് പോയ പോക്കാണ്...


മധുര പതിനേഴ്

പണ്ട്...അതായത് ഇപ്പോഴത്തെ ഒരു തുള്ളി പെട്രോളിന്റെ വിലയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയിരുന്ന ആ സുവർണ്ണ കാലഘട്ടം..പ്രായം പതിനെട്ടു തികയുന്ന ദിവസത്തിനായി കണ്ണ് നട്ടു ഇരുന്ന സമയം..വേറൊന്നിനുമല്ല!! ഡ്രൈവിങ് ലൈസൻസിന് അപ്പ്ളൈ ചെയ്യാൻ!!!!

അത്രയും കാലം ടൗണിലെ ഇട്ടാവട്ടത്തിൽ വണ്ടി ഓടിക്കാൻ നേരം വഴിയിൽ പോലീസിനെയോ,എന്തിനധികം വെറും ഒരു  ജീപ്പ് കണ്ടാൽ പോലും , വീട്ടിലേക്കു വരുന്ന വിരുന്നുകാരെ കാണുന്ന കോഴിയുടെ ഹൃദയം മിടിക്കുന്ന അതെ വേവ്‌ലെങ്ങ്തിൽ തന്നെ ആണ് മ്മടെ ചങ്കും പെടച്ചിരുന്നത്..പക്ഷെ മ്മടെ ഭാഗ്യത്തിന് ആപത്തു ഒന്നും ഉണ്ടായിട്ടില്ല...

അങ്ങനെ ആ സുദിനം വന്നെത്തി...ആദ്യമായി പ്രായപൂർത്തി ആയി...!!

ആലപ്പുഴ ഉള്ള മ്മടെ ഒരു സുഹൃത്തു വഴി "സനൽ ഡ്രൈവിങ് സ്‌കൂളി"ൽ പോയി  അപേക്ഷ നൽകി, അങ്ങനെ മാഷ് പറഞ്ഞ പ്രകാരം മൂന്നാം ദിവസം 101 രൂപയും വെറ്റിലയും ഒക്കെക്കൊണ്ട് ബീച്ചിനടുത്തുള്ള റസ്റ്റ് ഹൗസിന്റെ മുന്നിൽ ഉള്ള മാടക്കടയ്ക്ക് സമീപം ചെന്ന് നിന്നു..2 മണിക്ക് എത്താൻ ആണ് പറഞ്ഞിരുന്നതെങ്കിലും മ്മള് 1 മണി ആയപ്പോഴേ എത്തി...ജീവിതത്തിൽ അന്ന് വരെ പാലിച്ചിട്ടില്ലാത്ത വിധം കൃത്യനിഷ്ഠത..!!

 നിമിഷങ്ങൾ യുഗങ്ങൾ പോലെ കടന്നു പോയി, ലെവൽ ക്രോസ് കടന്നു വരുന്ന ഓരോ വണ്ടിയും എനിക്ക് ഡ്രൈവിങ് പഠിക്കാൻ ഉള്ള റോൾസ് റോയ്‌സ് ആണെന്ന് തോന്നുമായിരുന്നു..അവസാനം ദൂരെ നിന്ന് കണ്ടു മന്ദം മന്ദം ഒഴുകി വരുന്ന വെള്ള നിറത്തിൽ ഉള്ള ഒരു പുതുപുത്തൻ (1975 മോഡൽ മാർക്ക് 2 ) അംബാസഡർ കാർ "ദൂരെ കിഴക്കുദിക്കും, മാണിക്യ ചെമ്പഴുക്ക.."പാടി വരുന്ന ലാലേട്ടനെ പോലെ വരുന്നത് കണ്ടത്...(വണ്ടിക്കു ലേശം ചരിവ് ഉണ്ടായിരുന്നു..അതാ )

അങ്ങനെ ആശാൻ,(along with other students )മ്മളെയും വണ്ടിയിൽ കയറ്റി ബീച്ച് റോഡിൽ കടലിനു പാരലൽ ആയി നിർത്തി...മൂപ്പർ എന്നോട് ഇറങ്ങാൻ പറഞ്ഞു,ന്നിട്ട് മൂപ്പരും ഇറങ്ങി ഏതോ ഒരു ഡയറക്ഷനിലേക്ക് തിരിഞ്ഞു നിർത്തി...ചെരുപ്പ് ഊരി  ഇടീപ്പിച്ചിട്ടു മൂപ്പർ ദക്ഷിണ വാങ്ങി അനുഗ്രഹം തന്നു...എന്നിട്ടു താക്കോൽ കയ്യിലേക്ക് തന്നു...എന്നിട്ടു ആദ്യ ഉപദേശം "ദക്ഷിണ വാങ്ങി താക്കോൽ കയ്യിൽ തന്നു വേണം ക്ലാസ് തുടങ്ങാൻ...പക്ഷെ ഈ വണ്ടിയുടെ താക്കോൽ ഊരിയാൽ പിന്നെ സ്റ്റാർട് ആവണമെങ്കിൽ തള്ളേണ്ടി വരും..(ഇന്നത്തെ കാലത്തു ആരുന്നേൽ വല്ല സംഘിയെയോ സുടാപ്പിയെയോ ഒക്കെ കയറ്റി ഇരുത്തിയാൽ വണ്ടി തനിയെ സ്റ്റാർട് ആയേനെ )

എന്നോടൊപ്പം വേറൊരു പയ്യനും പുതിയതായി ശിക്ഷണം തേടുന്നുണ്ടായിരുന്നു..മൂപ്പരും എല്ലാം റിപ്പീറ്റ്..

അങ്ങനെ ആദ്യമേ അവനോട് ഡ്രൈവിങ് സീറ്റിൽ കയറി ഇരിക്കാൻ പറഞ്ഞു...ഇരുന്നു...പിന്നെ വഴിക്കു വഴിയേ എല്ലാം ആശാൻ പഠിപ്പിച്ചു..മിറർ നോട്ടം,കഴുത്തു തിരിച്ചു നോട്ടം, കാലിൽ ലെഫ്റ്റ് ക്ളച്,നടുവിൽ ബ്രേക്ക് ,വലതു ആക്സിലറേറ്റർ,പിന്നെ ഗിയർ  സ്റ്റിയറിങ് ഹോൺ അങ്ങനെ സകലതും. അങ്ങനെ അവൻ ആദ്യമായി ഫസ്റ്റ് ഇട്ടു വണ്ടി പതിയെ മുന്നോട്ടു നീങ്ങി..അങ്ങനെ ഏകദേശം ഒരു 2-3  കിലോമീറ്റർ അവൻ പയ്യെ ഓടിച്ചു ഗിയർ സിസ്റ്റം ഒക്കെ മനസിലാക്കി,വണ്ടി ഒതുക്കി നിർത്തി.. അവനോടു ഇറങ്ങി എന്നോട് കയറാൻ പറഞ്ഞു...അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവിടൊക്കെ എന്തോ പരതുന്നത് കണ്ടു ആശാൻ ചോദിച്ചു..'എന്തെടെയ്,നീ പിറകിലേക്ക് കയറി ഇരി.."

അപ്പോഴാണ് ആ ഞെട്ടിക്കുന്ന രഹസ്യം അവൻ പറഞ്ഞത്..."ദക്ഷിണ തരാൻ നേരം ഊരി ഇട്ട അവന്റെ ചെരുപ്പ് കാണുന്നില്ലാ!!!!!" യേത്, ബീച്ച് റോഡിൽ ഊരി ഇട്ടു വണ്ടിയിൽ കയറി കറങ്ങി തിരിഞ്ഞു ഏതോ ഗുദാമിൽ എത്തിയ ശേഷം ആ സ്ഥലത്തു അവൻ ചെരുപ്പ് തപ്പുന്നു.."പിന്നെ അവനെ പിടിച്ചു കയറ്റി ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങി....അങ്ങനെ പയ്യെ കറങ്ങി തിരിഞ്ഞു ലവൻ വണ്ടി ഓടിക്കാൻ തുടങ്ങിയ സ്ഥലത്തു എത്തി...ഭാഗ്യത്തിന് ഊരി ഇട്ട ആ ചെരുപ്പ് ആ റോഡിൽ തന്നെ ഉണ്ട്...(ആലപ്പുഴക്കാരുടെ സന്മനസ്സോ സത്യസന്ധതയോ  ആയി തെറ്റി ധരിക്കേണ്ട,തേഞ്ഞു തേഞ്ഞു തേപ്പു കരണ്ടി പരുവമായി മാറിയ ആ ചെരിപ്പ് അടിച്ചു മാറ്റാൻ മാത്രം ഗതികെട്ട ആരും അവിടെ ഇല്ല എന്നതായിരുന്നു വാസ്തവം...

അങ്ങനെ എന്തായാലും ദിവസം ചെല്ലുന്തോറും പഠനം പുരോഗമിച്ചു..ഗിയർ അമർത്തുമ്പം ക്ളച് ഇടുന്നതിന്റെയും റോഡിന്റെ മറു വശത്തു കുഴി കണ്ടാൽ എങ്ങനെയേലും അതിൽ കൊണ്ടുപോയി വീഴുന്നതിന്റെയും ഒക്കെ ബാലപാഠങ്ങൾ ആ പൊളി ടെക്നിക്കിൽ നിന്നും സ്വായത്തം ആക്കി..

ബ്രെക്ക് പിടുത്തം മാത്രമായിരുന്നു ഒരു കടമ്പ, അത്രയും കാലം  'വിളിച്ചാൽ വിളിപ്പുറത്തു 'നിൽക്കുന്ന ബ്രേക്ക് ഉള്ള സൈക്കിൾ ഓടിച്ചു  നടന്നു ശീലിച്ച മ്മക്ക്  ആ വണ്ടിയുടെ പിറകെ പിടുത്തം ഒരു പ്രശ്നം ആയിരുന്നു ,ആ വണ്ടിയുടെ പ്രത്യേകത എന്താണ് വച്ചാൽ തമ്പാനൂർ നിർത്താൻ പേട്ടയിൽ നിന്ന് തന്നെ ബ്രെക്കുമ്മേ കയറി നിൽക്കണം എന്ന പരുവത്തിൽ ആയിരുന്നു..അക്കാലത്തു ഡിസ്ക് ബ്രേക്ക് ഒക്കെ ലക്ഷ്വറി ഐറ്റം ആയിരുന്നല്ലോ...ഡ്രം ബ്രെക്ക് ഉള്ള വണ്ടികളിൽ ബ്രേക്ക് ചവിട്ടി കൃത്യ സ്ഥലത്തു  നിർത്താൻ ഒരു അഭ്യാസിക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ..പഠിക്കുന്ന വണ്ടിയിൽ പോകുമ്പോൾ ദൂരെ ലക്ഷ്യസ്ഥാനം കണ്ടാൽ മാഷ് പറയും "ചവിട്ടിക്കൊ!!" ആ സമയം ബാക്കി സകല പരിപാടികളും നിർത്തി ഉള്ള എനർജി മുഴുവൻ ആവാഹിച്ചു ബ്രേക്ക് പെഡലിൽ ഒരു ചവിട്ടു ചവിട്ടിയാൽ മ്മക്ക് ഭാഗ്യം ഉണ്ടെങ്കിൽ സ്ഥാനത്തിന്റെ ഒരു 5 മീറ്റർ അടുത്തെങ്കിലും വണ്ടി നിൽക്കും.....എന്തായാലും ഇത്തരം  യുദ്ധമൊക്കെ കഴിഞ്ഞു  അവസാനം ലൈസൻസ് കയ്യിൽ കിട്ടി.കാറിന്റെ ഒപ്പം 2 വീലറിന്റെയും എടുത്തു.....!!

ആ ഉത്സാഹത്തിൽ, വാപ്പാടെ ബുള്ളറ്റ് എടുത്തു മ്മള് ടൗണിലേക്ക് ഇറങ്ങി....പോലീസ് സ്റ്റേഷന്റെ മുന്നിൽ വരെ ചെന്നിട്ടു ചുമ്മാ വെയിറ്റ് ചെയ്തു നിന്നു ..ആരെങ്കിലും വന്നു ലൈസൻസ് ചോദിച്ചാൽ കാണിക്കാൻ..!!

ആകെ ഉണ്ടായിരുന്ന ഒരു വിഷമം,ഓടിക്കാൻ കാർ ഇല്ല എന്നതാണ്...(പത്തിൽ പഠിക്കുമ്പോൾ വീട്ടിൽ ഒരു കാർ വാങ്ങിയ ചരിത്രം ഓർമയിൽ കാണുമല്ലോ)

അങ്ങനെയിരിക്കെ തറവാട്ടിൽ പുതിയതായി ഒരു കാർ വാങ്ങി...പുതുപുത്തൻ ടാറ്റ ഇൻഡിക്ക...ഡീസൽ വണ്ടി...നല്ല ചിമിട്ടൻ എസി ,സീറ്റ് ബെൽറ്റ്, പവർ സ്റ്റിയറിങ്,ഡിസ്ക് ബ്രേക്ക്,മ്യൂസിക് സിസ്റ്റം..എന്ന് വേണ്ട ഹാൻഡ്‌ബ്രേക്ക് വരെ ഉണ്ട്...!!വണ്ടി കിട്ടി രെജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു 2 -3 ആഴ്ച ഞാൻ അതിൽ തൊട്ടും തലോടിയും ഒക്കെ ആശ തീർത്തു...ഫസ്റ്റ് സർവീസ് എങ്കിലും കഴിയാതെ ഡ്രൈവിങ് സീറ്റിൽ കയറാൻ പാടില്ല എന്ന് ഇളയ മാമായുടെ ഉഗ്ര ശാസനം (വണ്ടി വല്യ മാമ വാങ്ങിയതാണെങ്കിലും നോക്കി നടത്തിപ്പ് അവകാശം ഇളയ മാമന് ആണ് ) 

അങ്ങനെ ഒരു മാസം കഴിഞ്ഞു സർവീസ് കഴിഞ്ഞു.. ഒരു ഞായറാഴ്ച ദിവസം മ്മടെ ബഹളം സഹിക്ക വയ്യാതെ ഇളയ മാമ എന്നെയും കൂട്ടി  വണ്ടിയുമായി ഇറങ്ങി...കായംകുളത്തുള്ള ഒരു പാടത്തിന്റെ നടുവിൽ ഉള്ള നീണ്ട റോഡ്...അവിടാകുമ്പം വേറെ ആളും വണ്ടിയും ഒന്നും ഇല്ല..അല്പം സ്പീഡിൽ പോയാലും സേഫ്...അവിടെ എത്തിച്ചു മാമ എന്നോട് ഡ്രൈവിങ് സീറ്റിൽ ഇരിക്കാൻ പറഞ്ഞു...

മ്മള് കയറി..മിററും സീറ്റും ഒക്കെ ചെക്ക് ചെയ്തു ....സീറ്റ് ബെൽറ്റ് ഇടുന്നതു എങ്ങനെയാ എന്ന് ചോദിച്ചതും ഒരു മുഴുത്ത തെറി കിട്ടി....(അക്കാലത്തു അതൊന്നും നിർബന്ധം അല്ലായിരുന്നു..)അതൊന്നും വേണ്ട നീ സ്റ്റാർട്ട് ചെയ്തു വണ്ടി ഓടിക്കു..നോക്കട്ടെ..എന്നും പറഞ്ഞു മാമൻ ഫ്രണ്ട് സീറ്റിൽ ചമ്രം പടിഞ്ഞു ഇരുന്നു കയ്യിലെ പൊതി അഴിച്ചു വെറ്റിലയും പാക്കും ചുണ്ണാമ്പും ഒക്കെ എടുത്തു മുറുക്കാൻ തുടങ്ങി (മൂപ്പർക്ക് അങ്ങനൊരു ശീലം ഉണ്ട്..നാലും കൂട്ടിയുള്ള മുറുക്ക്)ഞാൻ ക്ളച് ചവിട്ടി,ഗിയർ ഇട്ടു പയ്യെ മുന്നോട്ടു എടുത്തു...ഫസ്റ്റ് ഗിയറിൽ ഇട്ടു വണ്ടി ഇരമ്പി തുടങ്ങിയതും "ഗിയർ മാട്രാ '### @@..' " എന്നൊക്കെ മയത്തിൽ വിളിച്ചു...എന്തായാലും ഗിയറുകൾ ചറപറാ മാറ്റി വണ്ടി മുന്നോട്ടു പാഞ്ഞു...റോഡിന്റെ അറ്റത്തുള്ള "T " ജംക്ഷനിലേക്കു ആ സ്പീഡിൽ എത്തും എന്ന് കണ്ടു മാമ പറഞ്ഞു 'എവിടെ പോകുവാ...പയ്യെ ബ്രേക്ക് ചവിട്ട്രാ.."

കേട്ട പാതി കേൾക്കാത്ത പാതി,ഡ്രൈവിങ്ങിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ച അംബാസഡറിനെ മനസ്സിൽ ധ്യാനിച്ച് സ്ക്രീച്ഛ് രാഗത്തിൽ ഞാൻ ബ്രേക്കിൽ കാൽ അമർത്തി...

കാൽ തിരിചു എടുക്കാൻ മുഴുമിച്ചില്ല.."പട്ടേ  " (മഠം എന്നതിന്റെ "ഠ") എന്നൊരു സൗണ്ട് കേട്ടു...നോക്കിയപ്പോൾ സൈഡിൽ ചമ്രം പടിഞ്ഞു ഇരുന്ന മാമ ദോണ്ടേ ഡാഷ്ബോർഡിൽ മുറുക്കിത്തുപ്പി മുഖം അമർത്തി തിരിച്ചു വരുന്നു...കൈ രണ്ടും മുഖത്ത് അമർത്തി വച്ചിരിക്കുന്നു..സംഭവിച്ചത് എന്താന്നു വച്ചാൽ..അംബാസഡറിന്റെ ഡ്രം ബ്രേക്കും ഇന്ഡിക്കയുടെ ഡിസ്ക് ബ്രേക്കും തമ്മിൽ ഒരു ചെറിയ വ്യത്യാസം ഉണ്ടായിരുന്നു...ജീവിതത്തിൽ ആദ്യമായി ഡിസ്ക് ബ്രേക്കിൽ കാൽ അമർത്തിയ ആ നിമിഷത്തില്,ആ വേളയില് ആണ് എനിക്ക് ആ നഗ്ന സത്യം മനസിലായത്...

മാമ ഉടനെ കൈ മാറ്റി എന്റെ തലക്കിട്ടു ഒരെണ്ണം ചാമ്പി എന്നിട്ടു പറഞ്ഞു "ഫയ്യെ ഹവിട്ടാൻ ഫറഞ്ഞതു ഹേട്ടില്ലേ ഹോപ്പെ ..."

ഞാൻ :"സോറി മാമ..."

മാമ: "ഹും ..ഹവന്റെ ഹോറി...തലയിലെ മരവിപ്പ് മാറുന്നില്ലല്ലോ ഫഹവാനേ ..."

എന്തായാലും ഞാൻ ഇറങ്ങി അടുത്ത മാടക്കടയിൽ നിന്നും ഒരു സോഡാ വാങ്ങി കുടിച്ചു,തണുത്ത ഒരെണ്ണം വാങ്ങി മാമായ്ക്കും കൊടുത്തു....അത് കുടിച്ചാൽ ഏമ്പക്കം വിടാൻ ഉള്ള ആമ്പിയർ പോലും ഇല്ല എന്ന് മനസിലാക്കി ആവണം..മാമ അത് വച്ച് മുഖവും തലയും ഒക്കെ കഴുകി ഒരു അര മണിക്കൂർ കഴിഞ്ഞാണ് തിരിച്ചു പോകാം എന്ന് എന്നോട് പറഞ്ഞത്....

എന്താന്ന് അറിയില്ല...ആ തിരിച്ചു പോക്കിൽ ആണ് മാമ ആദ്യമായി സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുന്നതും,അതിൽ വിജയിക്കുന്നതും ഞാൻ കാണുന്നത്...

Monday, August 2, 2021

വേറെ ഒരു ഒരു കാർ കഥ

 'ഇഞ്ചിനീര്' ആവാനുള്ള അഭ്യാസങ്ങൾ കഴിഞ്ഞു മ്മക്ക് പറ്റിയ നല്ലയിനം പണികൾ എവിടെ കിട്ടും എന്ന് തപ്പി നടന്നിരുന്ന കാലത്താണ്, വീട്ടിലെ റേഷൻ ശരിയാവുന്നില്ല എന്ന് കണ്ടു മ്മള് നേരെ തറവാട്ടിൽ പോയി നിന്നത്..ആ ഇടയ്ക്കാണ് ഒരു സെക്കൻഡ് ഹാൻഡ് കാർ നോക്കാൻ വാപ്പ ഇളയ മാമായേ ഏല്പിച്ചത്..(പണ്ട് ഒരു ഫിയറ്റ് കാർ ഞാൻ "നോക്കി" എടുപ്പിച്ചതിന്റെ അനുഭവം ഉള്ളത് കൊണ്ട് കഴിവതും എന്നെ ആ ഏരിയയിൽ അടുപ്പിക്കരുത് എന്ന ശക്തമായ നിർദേശവും ഉണ്ടായിരുന്നു..) അങ്ങനിരിക്കെ മാമന്റെ കൂട്ടുകാരൻ ആയ ഉണ്ണിമാമ ഒരു ദിവസം വന്നു പറഞ്ഞു 'ഒരു കിടിലൻ വണ്ടി ഒത്തു വന്നിട്ടുണ്ട്..മാരുതി സെൻ, കല്യാണത്തിന് കൊടുത്ത വണ്ടിയാണ്,അധികം ഓടിയിട്ടില്ല..പോയി നോക്കിയാലോ?

അങ്ങനെ ഇളയ മാമനും,ഉണ്ണിമാമയും അവരുടെ ക്ളോസ് ഫ്രണ്ട് ആയ വർക്ഷോപ് നടത്തുന്ന സുഭാഷ് മാമനും കൂടി തറവാട്ടിൽ നിന്ന് യാത്ര തിരിക്കാൻ ഇറങ്ങാൻ നേരം ഞാൻ പറഞ്ഞു.."നല്ല ഒരു കാര്യത്തിന് ഇങ്ങനെ മൂന്നു പേരായിട്ടു പോകുന്നത് ശരിയാണോ? അവൈലബിൾ പിബി യിൽ ഇപ്പൊ ആരും ഇല്ലാത്തതു കൊണ്ട് വേണോങ്കി ഞാൻ കൂടെ വരാം..."

കോറസ് : "വോ വേണ്ട!!!" (ലാലേട്ടൻ jpg)

എന്തോ, എന്റെ സെന്റി മോന്ത കണ്ടു അവസാനം ഞാൻ കൂടി പോന്നോളാൻ പറഞ്ഞു..അങ്ങനെ ഞാനും കൂടി അവരുടെ ഒപ്പം വിട്ടു..കരുനാഗപ്പള്ളിയിലെ ഒരു വീട്ടിൽ ചെന്ന് വണ്ടി കണ്ടു...

നല്ല പുതുപുത്തൻ ലുക്ക്..ഫാൻസി നമ്പർ...പോർച്ചിൽ കവർ ചെയ്തു ഇട്ടിരിക്കുന്നു...മാനസികമായി അട്ടച്ച്മെന്റ്റ് ഉള്ള ഒരു വണ്ടിയാണ്, അവർക്കു പക്ഷെ ഉപയോഗം അധികം ഇല്ല,,,ഇങ്ങനെ ഇട്ടിരുന്നാൽ നാശമാകും എന്നുള്ളതുകൊണ്ട് കൊടുക്കുന്നു..ഞങ്ങൾ ൪ പേരെ കണ്ടപ്പോൾ വല്ല കച്ചവടക്കാരും ആണോ എന്ന് ചോദിച്ചു..കാരണം അവർ കച്ചവടക്കാർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല...അങ്ങനെ സുഭാഷ് മാമനും ഉണ്ണിമാമയും വണ്ടി ഒന്ന് ടെസ്റ്റ് ഡ്രൈവ് നടത്തി..തിരികെ വന്നു ഞങ്ങളോട് പറഞ്ഞു.."കിടിലൻ വണ്ടി..ഒരു പ്രശ്നവുമില്ല...വില ഒന്ന് കൂടി പറഞ്ഞു ഉറപ്പിക്കാം..

ഞങ്ങൾ പറഞ്ഞ തുക അവർക്കു ഓക്കേ ആയില്ല..അങ്ങനെ മനസില്ല മനസോടെ ഞങ്ങൾ സലാമ് പറഞ്ഞു ഇറങ്ങി...പോകുന്ന വഴിയിൽ സുഭാഷ് മാമ പറഞ്ഞു "നമുക്ക് എന്തായാലും വിൽക്കാൻ അല്ലല്ലോ, ഉപയോഗിക്കാൻ അല്ലെ..അങ്ങനെ ആണെങ്കിൽ ആ വിലയ്ക്ക് നഷ്ടം എന്ന് പറയാനില്ല..ഉടനെ മാമ വാപ്പായെ വിളിച്ചു തുകയുടെ കാര്യം പറഞ്ഞു...വാപ്പ ഓക്കേ പറഞ്ഞു...എന്നാ പിന്നെ നമുക്ക് വണ്ടി തിരിച്ചു ഒന്നൂടി ചെന്ന് കൈ കൊടുക്കാം എന്ന് കരുതിയതും ആ വണ്ടിയുടെ ആൾ വിളിക്കുന്നു...അവർ ഞങ്ങൾ പറഞ്ഞ തുകയ്ക്ക് ഓക്കേ ആണ്...

ഞങ്ങൾ നേരെ വീട്ടിൽ ചെന്നു ..എന്തുകൊണ്ടോ അവർക്കു ഞങ്ങൾക്ക് തന്നെ വണ്ടി തരാൻ തോന്നി എന്ന്...ഒരു ചെക്കിൽ അഡ്വാൻസ് തുക എഴുതി കൊടുത്തതും അവർ വണ്ടിയുടെ ചാവി തന്നു (ഇപ്പോൾ ഇത്രയും വിശ്വാസം ആർകെങ്കിലും പരസ്പരം തോന്നുമോ എന്ന് സംശയം ആണ്..) ഞങ്ങൾ നിർബന്ധിച്ചു പുള്ളിയെയും കൂട്ടി വണ്ടിയുമായി തറവാട്ടിലേക്ക് തിരിച്ചു..അങ്ങനെ തറവാട്ടിൽ വച്ച് പേപ്പറുകൾ ഒക്കെ കൈമാറി..

അങ്ങനെ ആ വണ്ടിയുടെ ചാവി നമ്മടെ കയ്യിൽ കിട്ടി..കുഞ്ഞിപ്പൂച്ചയെ തള്ളപ്പൂച്ച കൊണ്ട് നടക്കുന്നതിനേക്കാൾ സ്നേഹത്തോടെ ആ വണ്ടിയെ ഞാൻ ആദ്യം തന്നെ ഒന്ന് കഴുകി, മാറ്റ് ഒക്കെ വെയിലത്ത് ഇട്ടു വാക്ക്വം ഒക്കെ ചെയ്തു കുട്ടപ്പൻ ആക്കി...വൈകിട്ട് ആയപ്പോൾ വാപ്പയും ഉമ്മയും വന്നു..അങ്ങനെ വണ്ടിയുമായി ഞങ്ങൾ ആലപ്പുഴയ്ക്ക് വിട്ടു..

എന്തായാലും ആ കാർ ഞാൻ പൊന്നു പോലെ നോക്കാൻ തുടങ്ങി...എല്ലാ വെള്ളിയാഴ്ചയും കഴുകലും വാക്ക്വം ക്ളീനിംഗും ഒക്കെ നടത്തി ഒരു തരി പൊടി പോലും ഇല്ലാത്ത വണ്ടി..എന്തെങ്കിലും ഫങ്ക്ഷന് ഉണ്ടാവുമ്പോ എല്ലാവര്ക്കും ആ കാറിൽ കയറണം..കാരണം അത്രയ്ക്ക് നീറ്റ്‌. പിന്നെ poppy യുടെ നല്ല ഒരു ജാസ്മിൻ പെർഫയൂമും ...

അങ്ങനെ കാലങ്ങൾ കടന്നു പോയി ഞാൻ തിരുവനന്തപുരത്തു natpacൽ ജോലിക്കു കയറി...എല്ലാ വെള്ളിയാഴ്ചയും രാത്രി ആലപ്പുഴയ്ക്ക് വരും,തിങ്കളാഴ്ച തിരികെ പോകും..എത്തി കഴിഞ്ഞാൽ ശനിയാഴ്ച ആദ്യ പരിപാടി കാർ ക്ളീനിങ് നടത്തി ഒന്ന് ടൗണിൽ കറങ്ങും..അങ്ങനെ പോകെപ്പോകെ,വാപ്പ കൈ തെളിയാൻ വേണ്ടി അപ്പുറത്തെ വീട്ടിലെ അങ്കിളിനെയും കൂട്ടി കാറിൽ രാവിലെ ഇറങ്ങാൻ തുടങ്ങി..ഒരു ദിവസം എനിയ്ക്കൊരു ഫോൺ കോൾ വാപ്പാടെ.."ഡാ വണ്ടി ഞാൻ ഓടിച്ചു മെയിൻ റോഡിലേക്ക് തിരിയാൻ നേരം സൈഡിൽ കൂട്ടി ഇട്ടിരുന്ന പാറകളിൽ ഒന്ന് ഉറഞ്ഞു, അടിയിലെ കുറച്ചു പെയിന്റ് പോയി,വീൽ കപ്പും പൊട്ടി..." ഞാൻ ആകെ മൂഡ് ഓഫ് ആയി...ആ വെള്ളിയാഴ്ച വീട്ടിൽ എത്തി അകത്തു കയറും മുന്നേ വണ്ടി നോക്കി ..ചെറിയ സ്ക്രാച്ച് ഉണ്ട്..അടുത്ത ദിവസം രാവിലെ വണ്ടി എടുത്തു വർക്ഷോപ്പിൽ കൊണ്ട് ചെന്നു പൂട്ടി ഒക്കെ ഇട്ടു ആ ഭാഗം റീപെയിന്റ ചെയ്യിച്ചു...തിരികെ കൊണ്ട് വന്ന ശേഷം വാപ്പയോടു പറഞ്ഞു..ഒന്ന്കൂടി സൂക്ഷിച്ചു ഒക്കെ ഓടിക്കണം..

പിന്നീട് വാപ്പ വണ്ടി എടുക്കാതായി..അപ്പൊ ഞാൻ പറഞ്ഞു, സാരമില്ല,വണ്ടിയാകുമ്പം അങ്ങനെ ചെറിയ പരിക്കൊക്കെ പാട്ടും..വാപ്പ ഓടിക്കു...കുഴപ്പമില്ല..

കാലം പിന്നെയും കടന്നു പോയി,ഒരു ശനിയാഴ്ച രാവിലെ ഞാൻ വണ്ടി കഴുകാൻ ഇറക്കാൻ നേരം മാറ്റ് എടുത്തു വെളിയിൽ ഇടാൻ നേരം വണ്ടി തുറന്നപ്പോ അതിനകത്തു കാർ പെർഫയൂം അല്ലാതെ വേറെ എന്തോ ഒരു പുകഞ്ഞ സുഗന്ധം...നോക്കിയപ്പോ അതാ ഇരിക്കുന്നു...വീട്ടിൽ കുന്തിരിക്കം പുകയ്ക്കുന്ന ചട്ടി..!!!!

ഞാൻ വാപ്പായോട് ചോദിച്ചപ്പോ മൂപ്പര് പറയുന്നു.."അത് പിന്നെ..ഈ കൊതുകു ഒക്കെ ac വെന്റിൽ കൂടി അകത്തു കടക്കുന്നത് തടയാൻ ചെയ്തതാണ്"..

അങ്ങനെ വീണ്ടും മാറ്റ് ഒക്കെ വെളിയിൽ ഇട്ടു ഡിക്കി തുറന്നപ്പോ അതാ ഒരു വലിയ ന്യൂസ് പേപ്പർ വിരിച്ചു ഇട്ടിരിക്കുന്നു...എന്തൊക്കെയോ പച്ച-ബ്രൗൺ മിക്സ് കളറിൽ കുറച്ചു പൊടി അവിടവിടെയായി കാണുന്നു..ഞാൻ ഒന്ന് വീടിനു ചുറ്റും നടന്നു നോക്കിയപ്പോ പോർച്ചിന്റെ സൈഡിൽ തന്നെ ഒരു വലിയ ചാക്ക്..തുറന്നു നോക്കിയപ്പോ കണ്ടത്..നല്ല ഒന്നാന്തരം ചാണകം ഉണക്കിയത്....!!ഇത്രയും വെടിപ്പായി കൊണ്ട് നടക്കുന്ന വണ്ടിയിൽ ഞാൻ ഇല്ലാത്ത ഗാപ്പ് നോക്കി ചാണകം ട്രാൻസ്‌പോർട് ചെയ്തിരിക്കുന്നു..എനിക്ക് അപ്പൊ തോന്നിയ വികാരം എന്താണെന്ന് ഇപ്പഴും പിടികിട്ടിയിട്ടില്ല...അവസാനം വീട്ടുകാർ കുറ്റം സമ്മതിച്ചു..ഉണങ്ങിയതാണെങ്കിലും ഞാൻ എങ്ങാൻ 'മണത്തു' അറിയാണ്ടിരിക്കാൻ ആണ് കുന്തിരിക്കം പുകച്ചത്...

അന്ന് ഞാൻ കരുതി..ഇനി ഈ വണ്ടിയുടെ കാര്യത്തിൽ ഞാൻ ഒരുപാടങ്ങു concern ആവരുത്..അത് നല്ലതല്ല..അന്നത്തോടെ എല്ലാ ആഴ്ചയിലും ഉള്ള കഴുകൽ ഒക്കെ ഞാൻ നിർത്തി..അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ എന്നും കരുതി..അങ്ങനെ ഇരിക്കെ..ഒരു ദിവസം വാപ്പാടെ കോൾ.."ഡാ,ഒരു ചെറിയ കുഴപ്പം പറ്റി,നമ്മുടെ ഗേറ്റിന്റെ അകത്തേക്ക് കയറാൻ നേരം വലതു വശത്തെ മതിലിനോട് ചേർന്ന് ഒരു നീ നട്ട ഒരു പപ്പായ തൈ നില്കുന്നത് അറിയില്ലേ?" 

ഞാൻ:''ഉം..എന്താ.."

വാപ്പ :" ഞാൻ വണ്ടി അകത്തേക്ക് നീ കയറ്റി ഇടുന്ന പോലെ നേരെ ഓടിച്ചു കയറ്റാൻ നോക്കിയതാ, ആ തയ്യിൽ ചെന്ന് തട്ടി അതങ്ങു ഒടിഞ്ഞു.."

ഞാൻ : "ശോ!! വാപ്പ എന്തിനാ വേണ്ടാത്ത പണിക്കു പോകുന്നത്...ഞാൻ എത്ര കഷ്ടപ്പെട്ട് ഒപ്പിച്ച മരം ആണെന്ന് അറിയാമോ അത്.."

വാപ്പ :" സാരമില്ല,നമുക്ക് എവിടുന്നേലും ഒരെണ്ണം ഒപ്പിക്കാം"

അടുത്ത് ചെന്ന് ആഞ്ഞൊന്നു തുമ്മിയാൽ മറിഞ്ഞു വീഴുന്ന പപ്പായ തയ്യിൽ കാർ കൊണ്ട് തട്ടിയാൽ എന്താവും അവസ്ഥ എന്ന ചിന്തയിൽ ആ പപ്പായയ്ക്കു പകരം വല്ല ചെന്തെങ് ആയിരുന്നെങ്കിൽ വണ്ടിക്ക് ഉണ്ടാവാൻ ഇടയുള്ള പരിക്കിനെ ഓർത്തു ഞാൻ 'ഇത്രയല്ലേ പറ്റിയുള്ളൂ ' എന്ന് ആശ്വസിച്ചു..

ആ വെള്ളിയാഴ്ച ഞാൻ വീട്ടിൽ എത്തി..ശനിയാഴ്ച വണ്ടി എടുക്കാൻ വേണ്ടി പോർച്ചിൽ ചെന്ന് നോക്കിയപ്പോ...ൻറെ ശിവനേ!!!  വണ്ടിയുടെ വലതു വശത്തെ ഹെഡ്ലൈറ്,ഇൻഡിക്കേറ്റർ,ഇവ രണ്ടും പപ്പടം പരുവം , സൈഡിലെ മെറ്റൽ ഭാഗം (ഡോർ വരെ ഉള്ളത് ) മടങ്ങി "V " ആകൃതിയിൽ, ബമ്പർ ഉരഞ്ഞിട്ടു സൈഡിൽ നിന്നും വിട്ടു നിൽക്കുന്നു.....ആകെ മൊത്തം ഒരു ഒന്നൊന്നര ഇടി..

വാപ്പ അടുത്ത് നിന്ന് "മാമനോടൊന്നും തോന്നല്ലേ മക്കളെ " എന്ന റോളിൽ നിൽക്കുന്നു..

ഞാൻ വാപ്പയോടു ചോദിച്ചു.."പപ്പായ മരത്തിൽ ചെറുതായി ഒന്ന് തട്ടി..എന്ന് പറഞ്ഞിട്ട്, ഇതാണോ ചെറിയ തട്ട്..സത്യം പറ..ഇതെവിടെ കൊണ്ട് ചെന്ന് ഇടിച്ചതാ???"

വാപ്പ : "ഞാൻ പറഞ്ഞല്ലോ..വണ്ടി അകത്തേക്ക് നേരെ ഓടിച്ചു കയറ്റാൻ നേരം വലത്തോട്ട് പോകുന്ന കണ്ടു ഞാൻ ബ്രെക്ക് ചവിട്ടി..പക്ഷെ വെപ്രാളത്തിൽ ആക്‌സിലേറ്ററിൽ കാൽ അമർന്നു..വണ്ടി നേരെ പപ്പായ മരത്തിൽ ചെന്ന് തട്ടി...നിനക്ക് അറിയാമല്ലോ പപ്പായ മരത്തിനു വണ്ടി പിടിച്ചു നിർത്താൻ ഉള്ള ശക്തിയില്ല എന്ന്..അതുകൊണ്ടു വണ്ടി പിന്നെയും പോയി അതിനോട് ചേർന്നുള്ള മതിലിൽ ചെന്ന് ഇടിച്ചു..സ്പീഡ് അല്പം കൂടുതൽ ആയതു കൊണ്ട് അവിടെയും ഇവിടെയും ഒക്കെ പൊട്ടി...ആ മതിൽ ഉള്ളോണ്ട് രക്ഷപെട്ടു..ഇല്ലാരുന്നേൽ ചിലപ്പോ വണ്ടി വീടിനകത്തു കിടന്നേനെ..."

ഇത്രയും പറഞ്ഞിട്ട് "മാമനോടൊന്നും തോന്നല്ലേ മക്കളെ" എന്ന റോളിൽ വാപ്പ നിൽക്കുന്നു...

ഞാൻ നേരെ വണ്ടി എടുത്തു വർക്ഷോപ്പിൽ കൊണ്ട് ചെന്ന് ഇട്ടു..പിന്നീട് അടുത്ത ആഴ്ച ഞാൻ ചെന്ന് വണ്ടി എടുത്തു കൊണ്ട് വന്നു..അന്നത്തോടെ വണ്ടിയോടുള്ള അമിതമായ സ്നേഹം ഞാൻ നിർത്തി...

പക്ഷെ ഇപ്പോൾ മ്മടെ കയ്യിൽ ഉള്ള..സ്വന്തം അധ്വാനം കൊണ്ടും ദൈവ കൃപ കൊണ്ടും ഞാനും ഭാര്യയും (മോൾ അന്ന് ആയിട്ടില്ല)കൂടി വാങ്ങിയ വണ്ടിയെ ഞാൻ അന്നത്തെ സെന്നിനേക്കാൾ കൂടുതൽ സ്നേഹം കൊടുക്കുന്നു..ഒന്നില്ലേലും മ്മളെ വഴിയിൽ കിടത്തിയിട്ടില്ല..ഇടയ്ക്കിടയ്ക്ക് പുറത്തു പോവാൻ നേരം മോൾ വണ്ടിക്ക് മുത്തം കൊടുക്കുന്നത് കാണുമ്പോൾ മനസിലാവും അവളും മ്മളെ പോലെ തന്നെ...

Tuesday, July 28, 2020

എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി

സ്‌കൂൾ സമയത്തു സ്വതവേ ഉള്ള കുരുത്തക്കേടുകൾ കൂടാതെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിക്കായി എന്തിൽ ചേരും എന്ന് ഉത്ഘണ്ട് അടിച്ചു നടന്നപ്പോഴാണ് സ്‌കൂളിൽ ഇലക്ട്രോണിക്സ് പഠിപ്പിക്കാൻ ഒരു പ്രൈവറ്റായി പഠിപ്പിക്കുന്ന മാഷ് വരുന്ന വാർത്ത ചെവിയിൽ വീണത്.ഇലക്ട്രോണിക്സ് എങ്കിൽ അത്,എന്നും പറഞ്ഞു വീട്ടിൽ മുണ്ടുമടക്കികുത്തി മീശപിരിച്ചു കരഞ്ഞു കാലു പിടിച്ചു അതിനുള്ള അനുവാദം വാങ്ങി,ആഴ്ചയിൽ 2 ക്ലാസ്,രാവിലെ 8 -9.ഫീസ് മാസം 10 രൂപ. അങ്ങനെ ആദ്യക്ലാസിൽ ചെന്ന് ക്ലാസിൽ പങ്കെടുക്കാൻ അത്യാവശ്യമായ raw materials ആയ സോൾഡറിങ് അയൺ,ഫ്ളക്സ്,ലെഡ് ആദിമുതലായവയുടെ  ഒക്കെ ലിസ്റ്റ് എടുത്തു വെള്ളക്കിണറിലെ ലാംപ് ഹൗസിൽ നിന്നും സാധനങ്ങൾ വാങ്ങി.(ആസ് യൂഷ്വൽ അജ്മലും ഉണ്ട്) ഒപ്പം മാഷ് പറഞ്ഞ പ്രകാരം 4 tune door bell ന്റെ കിറ്റും.(ഒരു PCB,കുറച്ചു റെസിസ്റ്റർ,ഡയോഡ് ചെറിയ സ്പീക്കർ അങ്ങനെ എന്തൊക്കെയോ ഉണ്ട്. അങ്ങനെ അടുത്ത ക്ലാസിൽ സാർ എല്ലാവർക്കും സോൾഡറിങ് അയൺ കുത്താൻ ഒരു പ്രത്യേകതരം എക്സ്റ്റൻഷൻ കോഡ് കൊണ്ടുവന്നു, മെയിൻ പവറിൽ നിന്നും കണക്ട് ചെയ്ത വയറിൽ കുറെ ഏറെ female pin, അതിലേക്കു ഞങ്ങൾക്ക് ഞങ്ങളുടെ ടേബിളിൽ ഇരുന്നു കൊണ്ട് അയൺ കുത്താം. അങ്ങനെ മാഷിന്റെ നിർദേശപ്രകാരം കണക്ഷൻ ഒക്കെ ചെയ്തു സോൾഡറിങ് ഒക്കെ നടത്തി അവസാനം ബെൽ ശരിയായി.ബാറ്ററി കണക്ട് ചെയ്തു കഴിഞ്ഞു വയർ മാറ്റി മാറ്റി കുത്തുമ്പോൾ ഫയർ എഞ്ചിൻ, പോലീസ്,ആംബുലൻസ്,പിന്നെ ഒരു ക്രൂ എന്ന സൗണ്ടും മാറിമാറി കേൾക്കാം..നോം കൃതാർത്ഥരായി.അങ്ങനെ ആഴ്ചകൾ കടന്നു പോയി,തുടക്കത്തിൽ 'ഇതൊക്കെ പഠിച്ചു പഠിച്ചു ഓരോന്ന് കണ്ടു പിടിച്ചു ഒരു ഇലക്ട്രോണികെ സിറ്റി ഉണ്ടാക്കി മുതലാളിമാർ ആയി ജീവിക്കുന്നത് സ്വപ്നം കണ്ടു  ആവേഷ്കുമാർ ആയി ഇരുന്ന ഞങ്ങൾ,പയ്യെ പയ്യെ ആവേഷ്കുമാർ   പിണങ്ങി പോയതിനാൽ, 'demonitization ന്റെ റിസൾട്ട് കണ്ട പ്ര.മ യെ പോലെ നിർവികാരതയോടെ ഇരിക്കാൻ തുടങ്ങി.അന്ന് ക്ലാസിലെ സ്വിച്ച് ബോർഡ് ഒക്കെ നല്ല ഉയരത്തിൽ ആണ്,പാടുപഴഞ്ചൻ ബേക്കലൈറ്റ് മെറ്റീരിയൽ കൊണ്ടുള്ളതു (കറുത്ത സ്വിച്ച്) മാഷ് ഡെസ്കിൽ കയറി ആണ് മെയിൻ കണക്ഷൻ കൊടുത്തിരുന്നത്...അന്നും മെയിൻ കണക്ഷൻ ഒക്കെ കൊടുത്തു വയർ ഞങ്ങൾക്ക് തന്നു ഞങ്ങൾ എല്ലാവരും അയൺ ഒക്കെ കുത്തി ചൂടാക്കാൻ ഇരിക്കുന്നു.വരാൻ ഉള്ള തല്ലുകൊള്ളി ഐഡിയ ആനപിടിച്ചാലും നിൽക്കില്ലല്ലോ,ഒരു ചെറിയ പരീക്ഷണം എന്ന നിലയ്ക്ക് അടുത്തിരുന്നവന്റെ അയൺ എടുത്തു ആ മെയിൻ വയറിന്റെ മുകളിലേക്ക് ചുമ്മാ വച്ചിട്ട് എന്ത് സംഭവിക്കും എന്ന് അറിഞ്ഞാൽ കൊള്ളാം എന്ന ത്വരയിൽ ഞങ്ങൾ നോക്കി ഇരുന്നു.കൂടിപ്പോയാൽ വയർ ഉരുകി കത്തുന്ന മണം വരും അന്നേരം അവനെ വിരട്ടാം എന്നെ ഞങ്ങൾ കരുതിയുള്ളൂ..പക്ഷെ സംഭവിച്ചത്, മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പൊട്ടുന്ന പടക്കങ്ങളുടെ ഇടയിൽ ഓർക്കാപ്പുറത്തു പൊട്ടുന്ന ഗുണ്ട് പൊട്ടുന്ന പോലെ ഒരു ഒച്ച കേട്ടു,ഒപ്പം ലൈറ്റും പോയി..നോക്കിയപ്പോ മെയിൻ ബോർഡിലെ സ്വിച്ചിൽ നിന്നും പുക വരുന്നു ഇരുട്ടായതു കൊണ്ട് ചെറിയതായി തീയും കാണാം.എല്ലാവരും കൂടി കൂവി വിളിച്ചു കയ്യിൽ കിട്ടിയ ഡസ്റ്ററും മാഷിന്റെ സഞ്ചിയും ഒക്കെ എടുത്തു എറിഞ്ഞു അവസാനം തീ കെടുത്തി.ഉടൻ തന്നെ ബാക്കി വയർ ഒക്കെ ചുരുട്ടി കെട്ടി സഞ്ചിയിൽ ആക്കി മാഷ് ഞങ്ങളോട് പറഞ്ഞു "ഭൂമി ഉരുണ്ടതല്ലേ, എവിടെ എങ്കിലും വച്ച് കാണാം.ഇനി ഞാൻ ഇവിടെ നിൽക്കുന്നില്ല.".അങ്ങനെ അങ്ങേരു പോയി.അന്ന് ഒന്പതരയ്ക്കുള്ള അസംബ്ലിക്കുള്ള അനൗൺസ്‌മെന്റ് കേൾക്കാഞ്ഞപ്പോൾ ആണ് മനസിലായത് സ്‌കൂളിലെ മെയിൻ ഫ്യുസ് ഉൾപ്പടെ പോയെന്നു. അങ്ങനെ കാലം കടന്നു പോയി.
റെയ്ബാൻ ശാന്തിയിൽ നിന്നും 'ഉപ്പുകണ്ടം ബ്രദേഴ്‌സ്' സെക്കൻഡ്ഷോ കണ്ടു ഇറങ്ങിയ സമയത്തു എന്നെ സിനിമയുടെ ഇടയിൽ മനസിലേക്ക് കയറിക്കൂടിയ ബാബു ആന്റണിയുടെ കഥാപാത്രം വിടാതെ പിന്തുടർന്നു.ജയിലിൽ നിന്നും റിലീസ് ആയി വന്നു അപ്രതീക്ഷിതമായി വില്ലന്മാരെ നേരിട്ട് അടിച്ചു ഇടുന്ന സീൻ കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു മോഹം കൂടി തളിരിട്ടു..'കരാട്ടെ' പഠിക്കണം. വീട്ടിൽ പറഞ്ഞാൽ ഒരുവിധത്തിലും സമ്മതിക്കില്ല,തന്നെയുമല്ല ഒരു ശരാശരി വിദ്യാർത്ഥി വാങ്ങേണ്ട തല്ലിനേക്കാൾ കൂടുതൽ തല്ലുകൾ വാങ്ങി മുന്നേറുന്ന എനിക്ക് ഇനി ഇതിനും കൂടി പോയി അവിടെ നിന്നും വാങ്ങേണ്ട ആവശ്യം എന്താണ്.തന്നെയുമല്ല,ഇലക്ട്രോണിക്സ് പഠിക്കാൻ പോയതിന്റെ അനന്തരഫലമായി വീട്ടിലെ സോൾഡറിങ് ചെയ്തിട്ടുള്ള സകല ഐറ്റംസും റിപ്പയർ ചെയ്തു ചെയ്തു സകല ഇലക്ട്രോണിക്‌സും അവസാനം കൊട്ടേഷൻ വിളിച്ചു റിപ്പയർ ചെയ്യിക്കേണ്ട ഗതിയിൽ ആയി. ഒരിക്കൽ വീട്ടുകാർ തറവാട്ടിൽ പോയ തക്കത്തിന് ഞാൻ ടീവി അഴിച്ചു പണിയുകയും അവസാനം എല്ലാം ഫിറ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് ഒന്ന് രണ്ടു സാധനങ്ങൾ ബാക്കി വന്നതായി മനസിലാക്കുന്നതും. എന്തായാലും ടീവി വർക് ചെയ്യുന്നുണ്ട്,പക്ഷെ വോള്യം കൂട്ടാനും കുറയ്ക്കാനും റസൂൽ പൂക്കുട്ടി  വന്നാൽ പോലും പറ്റില്ല..ആ പരുവം..അതും സിൻക്ലെയർ (ഇലക്ട്രോണിക്സ് റിപ്പയർ നടത്തുന്ന കടയുടെ പേര്)ഷോപ്പിൽ എത്തി.അപ്പൊ പിന്നെ പഠിച്ചത് മരണം വരെ പ്രാക്ടീസ് ചെയ്യാൻ ഞാൻ കാണിക്കുന്ന ഈ ത്വര,കരാട്ടെ പഠിച്ചതിന്റെ ഫലമായി വീട്ടുകാരും നാട്ടുകാരും അനുഭവിക്കേണ്ടി വരുമല്ലോ എന്നോർത്ത് അതിനു വിടില്ല എന്ന് കട്ടായം പറഞ്ഞു.അങ്ങനിരിക്കെ,സുഹൃത് സംഘത്തിൽ പെട്ട നൈനാൻ കരാട്ടെ പഠിക്കാൻ ചേർന്നു.ആദ്യ ദിവസം മാസ്റ്റർ  'ഒരാൾ എങ്ങനൊക്കെ അടി വാങ്ങാം' എന്നതിന്റെ ട്രയൽ നടത്തിയത് അവൻ്റെ പുറത്താണ്,അവസാനം സൈക്കിളിൽ കരാട്ടെ പഠിക്കാൻ പോയ അവൻ സൈക്കിൾ ഉൾപ്പടെ ഒരു ഓട്ടോയിൽ തിരികെ വന്നു.രണ്ടു ദിവസം പച്ചമുട്ട ഒക്കെ കഴിച്ചു നീരൊക്കെ മാറ്റി. പിന്നെ അവൻ അങ്ങ് വളർന്നു പന്തലിച്ചു,അടി വാങ്ങിക്കൂട്ടിയാലും സൈക്കിൾ വരുന്ന പരുവം ആയി അങ്ങനെ വെക്കേഷൻ സമയത്തു ബീച്ചിനടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾ ബാക്കി ഉള്ളവരെ വെയിറ്റ് ചെയ്തു നിൽക്കുന്നു.
കരാട്ടെ പഠിക്കാൻ തുടങ്ങിയ ശേഷം നൈനാൻ ഫുൾ ടൈം പ്രാക്ടീസ് ആണ്,ചുമ്മാ 'ഇയ്യാ!!ഹൂ!ഊ..ഹു"എന്നൊക്കെ ഒച്ച കേൾപ്പിച്ചു കയ്യും കാലും വീശി നടക്കും.ബാക്കി ഉള്ളവർ വരുന്നത് വരെ ഒരു ചെറിയ സാമ്പിൾ പ്രാക്ടീസ് നടത്താം എന്ന് കരുതി അവൻ ഞങ്ങളോട് പറഞ്ഞു "ഡേയ്!അടി വന്നാൽ ബ്ലോക്ക് ചെയ്യേണ്ടത് എങ്ങനാണെന്നു പഠിപ്പിച്ചു തരട്ടെ?" ഞങ്ങൾ വല്യ താല്പര്യം ഇല്ലാതെ നിന്ന്..പക്ഷെ കൂട്ടത്തിൽ അവിടെ നിന്ന ഒരു ചെക്കൻ (ഞങ്ങളുടെ കൂട്ടത്തിലേതു അല്ല,ഗ്രൗണ്ടിൽ ആര് കളിക്കാൻ പോയാലും ഏതേലും ഒരു ടീമിൽ കയറാം എന്ന് കരുതി കുറെ കുട്ടികൾ അങ്ങനെ വരാറുണ്ട്)പറഞ്ഞു 'എനിക്ക് പഠിക്കണം ചേട്ടാ..കാഴ്ചയിൽ ഒരു ഞല്ലി പോലിരുന്ന അവനെ ഒരു നല്ല പ്രാക്ടീസ് സ്പെസിമൻ ആയി കിട്ടിയതിൽ അവൻ ഹാപ്പി ആയി..ഞങ്ങൾ ഒക്കെ അരമതിലിനു മുകളിൽ ഇരിക്കുന്നു,നൈനാൻ ചാടി ഇറങ്ങി അവനെ വിളിച്ചു മുന്നിൽ നിർത്തി..എന്നിട്ടു രണ്ടു കാലും അകത്തി ഒരു പ്രത്യേക പൊസിഷനിൽ നിന്നിട്ട് ഇടതു കൈ കൈമുട്ടിൽ നിന്നും 90 ഡിഗ്രി പൊസിഷനിൽ മുഖത്തിന് സൈഡിൽ ആക്കി വച്ചിട്ട് വലതു കൈ അടി തടുത്ത ശേഷം ആക്രമിക്കാൻ ഉള്ള പൊസിഷനിൽ നിർത്തി..എന്നിട്ട് പറഞ്ഞു..'ഞാൻ 3 എന്ന് പറയുമ്പോൾ നീ എന്നെ ആക്രമിക്കണം,ഒകെ??"അവൻ തല കുലുക്കി..നൈനാൻ 1 ..2 ...3 എന്ന് പറഞ്ഞതും വലതുകൈ വീശി അവൻ അടിക്കും എന്ന് പ്രതീക്ഷിച്ചു ഇടതു കയ്യ് ഉയർത്തി ബ്ലോക്കാൻ നിന്ന അവന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അപ്രതീക്ഷിതമായി ആ ചെക്കൻ  കാൽ മുട്ട് മടക്കി നൈനാന്റെ "ഹാൻഡിൽ ബാർ" നോക്കി ഒരു താങ്ങ്!!!
കർത്താവേ!! എന്ന് ആത്മാർത്ഥമായ ഒരു വിളിയോട് കൂടി നൈനാൻ നിലത്തേക്ക് ഇരുന്നു..ഞങ്ങൾ മതിലിൽ നിന്നും ചാടി ഇറങ്ങിയതും ചെക്കൻ ലെവെൽക്രോസ് കടന്നു അപ്പുറം എത്തി..നൈനാനെ പിടിച്ചു പൊക്കി,അവൻ നിവരുന്നില്ല,വെള്ളം വെള്ളം എന്നൊക്കെ പറഞ്ഞപ്പോ ആരോ പോയി സോഡാ ഒക്കെ വാങ്ങി വന്നു,ഒരുവിധം നൈനാൻ കൊണ്ട് രണ്ടു ചാട്ടം ഒക്കെ ചാടിച്ചു..ഒരു 10 -15 മിനിറ്റ് എടുത്തുകാണും അവൻ ഒന്ന് നേരെ ആവാൻ (അവന്റെ അപ്പോഴത്തെ ഭാഷയിൽ 'തലയിൽ കയറിയ 'മണി' തിരിച്ചു ഇറങ്ങാൻ)...എന്തായാലും അന്ന് കളിക്കാൻ അവൻ കൂടിയില്ല.ഇടയിൽ മതിലിനു അപ്പുറത്തു പോയി മൂത്രം ഒഴിക്കാൻ ശ്രമിച്ചു സക്സസ് ആയി എന്ന് കണ്ടപ്പോഴാണ് മണികണ്ഠ സ്വാമികൾക്കു പരിക്കൊന്നും ഇല്ലാ എന്ന് അവൻ ഉറപ്പാക്കിയത്..അന്നത്തോട് കൂടി കരാട്ടെ പഠനവും അവൻ നിർത്തി,ഒപ്പം ബാക്കി ഉള്ളവർക്ക് ക്ലാസ് എടുക്കുന്നതും 

Monday, July 20, 2020

സഫലമീ യാത്ര!!അഥവാ ഒരു പ്രൈവറ്റ് ബസ് അപാരത

ബസ് യാത്രകൾ പണ്ട് മുതൽക്കേ ഒരു വീക്നെസ് ആയിരുന്ന എനിക്ക്, ഏഴാം ക്ലാസിൽ ജവഹർ നവോദയയിൽ ഗിത്താർ പഠനത്തിനായി  വൈകുന്നേരം 60 പൈസ ടിക്കറ്റിൽ പോകാൻ ഉണ്ടായിരുന്ന അനുവാദം ആയിരുന്നു ജീവിതത്തിൽ ആദ്യമായി സ്വന്തമായി ബസ് യാത്ര ചെയ്യാൻ കിട്ടിയ സന്ദർഭം. കലക്ടറേറ് മുതൽ പാലസ് റോഡ് വരെ ഉള്ള ആ ഒരു കിലോമീറ്റർ യാത്ര അക്കാലത്തെ എന്റെ എവറസ്റ് കീഴടക്കൽ ആയി ഞാൻ വ്യാഖ്യാനിച്ചു പോന്നു. പഠിക്കാനുള്ള ഉപകരണങ്ങൾ ബാലഭവനിൽ തന്നെ ഉണ്ട് എന്നതിനാൽ മിക്കവരും അത് ഉപയോഗിച്ചിരുന്നു എങ്കിലും, കാക്കയ്ക്ക് തൻകുഞ്ച് പൊൻകുഞ്ച്‍ താൻ എന്ന പോളിസിയിൽ അടിയുറപ്പിച്ചതിനാൽ മ്മടെ സ്വന്തം ഗിത്താർ ഞാൻ ഡെയിലി ചുമന്നുപോയ്ക്കൊണ്ടിരുന്നു.(അങ്ങനെയും ഒരു Clause ഉണ്ടായിരുന്നു, ആവശ്യമുള്ളവർക്ക് സ്വന്തം instruments കൊണ്ടുച്ചെല്ലാം). ഒരു മണിക്കൂർ ക്ലാസ്സിൽ അര മണിക്കൂർ കഴിയുമ്പം 10 മിനിറ്റ് ഇന്റർവെൽ ഉണ്ട്. ഒരിക്കൽ ആ interval സമയത്തു വെള്ളം കുടിക്കാൻ പോയി തിരികെ വന്നപ്പോ കണ്ട കാഴ്ച , ബാലഭവനിൽ ഞാൻ ചേരുന്നതിനു മുന്നേ അവിടെ ഉണ്ടായിരുന്ന ഒരു നരുന്ത്(ചെന്ന അന്ന് മുതൽ അവനു എന്നോട് എന്തോ ഒരു കലിപ്പുണ്ട്,സ്വന്തമായി ഗിത്താറും കൊണ്ട് വന്നിരുന്ന 3 പേരിൽ ഒരുവൻ ആയതുകൊണ്ട്) ഞാൻ നോക്കിയപ്പോ എന്റെ ഗിത്താർ എടുത്തു, ടീവിയിൽ  രാമായണയുദ്ധത്തിൽ  കാണിക്കുന്ന ഗദ വീശുന്നത് പോലെ  വീശി കളിക്കുന്നു..സ്വതവേ ക്ഷമാശീലനായിരുന്ന ഞാൻ ആ നിമിഷം തന്നെ കണ്ണുകളിൽ ഇരുട്ട് കയറുന്ന  ഒരു മൂഡ് വന്നത് മാത്രം ഓർമ്മയുണ്ട്..പിന്നീട് ഓർമ്മ വരുമ്പോൾ ഞങ്ങളുടെ മാസ്റ്റർ (ഗിത്താർ മാഷ്)ടെ ടേബിളിന്റെ സൈഡിൽ ഞാനും അവനും നിൽപ്പുണ്ട് (സഹ ബാലഭവനിസ്റ്റുകൾ പറഞ്ഞു പിന്നീട് ഞാൻ അറിഞ്ഞു,അവന്റെ കയ്യിൽ നിന്നും ഗിത്താർ പിടിച്ചു വാങ്ങി നല്ല A ക്ലാസ്സ് തേമ്പ് ഞാൻ കൊടുത്തെന്നും,അടിയുടെ ഇടയിൽ തൊട്ടടുത്ത ശാസ്ത്രീയഗാന ക്ലാസിനെ divide ചെയ്തിരുന്ന പാർട്ടീഷൻ വാൾ (തടി സ്റ്റാൻഡ്) ഒക്കെക്കൂടെ മറിച്ചിട്ടു  അവൻ ഏരിയ വിട്ടു പോയി ലാൻഡ് ചെയ്‌തെന്നും.. ഹവ്വെവർ ആ ഒരു സംഭവത്തോട് കൂടി  2 മാസം കൊണ്ട് ആ പ്രൈവറ്റ് ബസ് യാത്രയും നിന്ന് കിട്ടി.
പിന്നീട് കാലങ്ങൾ കടന്നു പോയി,പത്താം ക്ലാസ് കഴിഞ്ഞു ആലപ്പുഴ നിന്നും കായംകുളത്തേക്ക് KSRTC ബസ്സിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിഞ്ഞത് കിരീടത്തിലെ മറ്റൊരു  പൊൻതൂവൽ ആയി..വലിയവരുടെ കൂടെ  അര ടിക്കറ്റ് എടുത്തു  പോകുന്നത് പോലല്ലല്ലോ, സ്വന്തമായി ഫുൾ ടിക്കറ്റു എടുത്തു ബാക്കി പൈസയും വാങ്ങി ഒക്കെ ഉള്ള ആ യാത്രയുടെ സുഖം..അന്നത്തെ ടിക്കറ്റ് ഒക്കെ ഞാൻ ലോക്കറിൽ വയ്ക്കുന്ന സ്വർണ്ണത്തിനേക്കാൾ വിലമതിച്ചിരുന്നു.തറവാട്ടിലെ 'സ്വയാത്ര'തുടങ്ങിയിട്ടില്ലാത്ത പിള്ളേരുടെ ഒക്കെ മുന്നിൽ ഞാൻ ആ ടിക്കറ്റുകൾ എടുത്തു വീശിക്കാണിച്ചു.നരസിംഹത്തിൽ  വെള്ളത്തിൽ നിന്നും പൊങ്ങി വന്നിരുന്ന ഇന്ദുചൂഢന് കിട്ടിയിരുന്ന പോലത്തെ  വരവേൽപ്പായിരുന്നു അവരുടെ മുന്നിൽ എനിക്ക്...
പിന്നീട് പ്രീഡിഗ്രി ആയപ്പോൾ ആയിരുന്നു പ്രൈവറ്റ് ബസ് യാത്ര എന്നത് ജീവിതത്തിലെ ഏറ്റവും രസകരമായ യാത്രകളിൽ ഒന്നായി മാറിയത്.കലക്ടറേറ്റിൽ നിന്നും 9:20 നു കഞ്ഞിപ്പാടത്തേക്കു പോകുന്ന 'മിഹ്റാജ്' ബസ്സു കഴിഞ്ഞാൽ പിന്നെ ,9:50നു ഇരട്ടക്കുളങ്ങരയ്ക്കു പോകുന്ന "സുപ്രഭാതം" ബസ് ആണ് നേരിട്ട് കോളേജിലേക്ക് പോകാൻ കഴിയുന്ന വണ്ടികൾ, അല്ലെങ്കിൽ പിന്നെ ഏതേലും "മണ്ണഞ്ചേരി" ബസ്സിൽ കയറി മെഡിക്കൽ കോളേജിൽ ഇറങ്ങി, അവിടുന്ന് ഓടി ഇരട്ടക്കുളങ്ങര/കഞ്ഞിപ്പാടം റൂട്ടിലേക്കുള്ള ബസ് പിടിക്കണം, പക്ഷെ 2 ബസ്സിനും 40 പൈസ വച്ച് കൊടുക്കണം (സ്വതവേ ഒരു ബസ്സിനുള്ള 40 പൈസ പോലും ST കൊടുക്കാതിരിക്കാനാണ് നമ്മള് നോക്കുന്നത്) തിരികെ ഉള്ള വരവും ഏകദേശം ഇതുപോലെ..കോളേജിൽ നിന്നും നേരിട്ട് "കടപ്പുറം/റെയിൽവേ സ്റ്റേഷൻ "വഴിയുള്ള ബസ്സ് പിടിക്കും.
ഇതിൽ മിഹ്റാജ് ബസ്സിനുള്ള പ്രത്യേകത എന്താണെന്ന് വച്ചാൽ കാണാൻ ഒടുക്കത്തെ ലുക്ക് ആണ്.പാട്ടു സെറ്റ് ഒക്കെ ഉണ്ട്, ഫ്രന്റ് ഗ്ലാസ്സിൽ കാൽ ഭാഗം  നിറഞ്ഞു നിൽക്കുന്ന ഒരു സ്വർണ്ണ നിറത്തിലെ പേപ്പർ, സീറ്റുകൾ ഒക്കെ കിടു കുഷ്യൻ,സാധാരണ ബസ്സിനെക്കാൾ നടുവിലെ പാസേജിനു വീതി കൂടുതൽ തോന്നും,(സാധാരണ ബസ്സുകളിൽ പാസേജിന്റെ നടുവിൽ ഉള്ള തൂണുകൾക്കു പകരം ഇതിൽ scattered ആയി രണ്ടു സൈഡിലേയും സീറ്റുകളുടെ അടുത്തായി പിടിപ്പിച്ചിരുന്ന തൂണുകൾ ആണ്,വണ്ടിയിൽ സീറ്റ് കിട്ടിയില്ലെങ്കിൽ നടുവിലെ പാസേജിൽ വേണേൽ ഒരു കസേര ഇട്ടു ഇരിക്കാം..അജ്‌ജാതി സ്പേസ്.
ബാക്ക് സൈഡിലെ നീണ്ട സീറ്റിൽ ആയിരുന്നു ഞങ്ങളുടെ സ്ഥിരം കുറ്റി,കിളി ആയി നിൽക്കുന്ന ചേട്ടനുമായി ഞങ്ങൾ നല്ല കമ്പനിയും ആയിരുന്നു,പുള്ളി മാത്രമല്ല ഈ ബസ്സിലെ എല്ലാ സ്റ്റാഫുമായും ഞങ്ങൾ സൗഹൃദം പുലർത്തിയിരുന്നു, അതുകൊണ്ടു തന്നെ പൊതുവെ ബാക്കി വണ്ടികൾ ST കൊടുത്തു പോവുന്ന പിള്ളേരെ കയറ്റാൻ മടിക്കുമ്പോൾ,ഇവർ എവിടെവച്ചു ഞങ്ങളെ കണ്ടാലും വണ്ടി നിർത്തി തരുമായിരുന്നു.തന്നെയുമല്ല രാവിലത്തേയും വൈകിട്ടതെയും ട്രിപ്പിൽ ആ ബാക്ക് സീറ്റ് പരമാവധി ഒഴിച്ചിടാൻ കിളികൾ ശ്രദ്ധിക്കുമായിരുന്നു.ഞങ്ങൾ കയറിയാൽ ഞങ്ങൾക്ക് ഇരിക്കാൻ.അതുകൊണ്ടു ഒക്കെ തന്നെ കണ്ടക്ടർ മറന്നാലും കിളിയുടെ കയ്യിൽ ST പൈസ ആയ 40 പൈസ ഈ വണ്ടിയുടെ കാര്യത്തിൽ ഞങ്ങൾ കൊടുത്തു പോന്നു.
അങ്ങനിരിക്കെ ഒരു ദിവസം ഉച്ച തിരിഞ്ഞു ക്ലാസ് ഇല്ലാത്തതു കൊണ്ട് കോളേജിന്റെ അടുത്ത് താമസിക്കുന്ന ഒരു ഗ്യാങ്, ടൗണിലേക്ക് സിനിമ കാണാൻ പോകാൻ വേണ്ടി "കളർകോട്"സ്റ്റോപ്പിൽ നിന്നും മിഹ്റാജിൽ കയറി,ഓഫ് ടൈം ആയതുകൊണ്ട് മിക്ക സീറ്റും കാലിയായിരുന്നു. ഫ്രണ്ടിലെ സീറ്റുകൾ ഒഴിവു ഉണ്ടായിട്ടും ഇവർ ബാക്കിലെ സീറ്റിൽ തന്നെ ഇരുന്നു,(മുൻപൊരിക്കൽ ആ സീറ്റിന്റെ പേരിൽ ഞങ്ങൾ ഇവന്മാരുടെ അടുത്ത് ഉടക്ക് ഉണ്ടാക്കിയിട്ടുണ്ട്).കോളേജ് സ്റ്റോപ്പിൽ നിന്നും ഞങ്ങൾ കയറും എന്ന് അറിയാവുന്ന  കിളിച്ചേട്ടൻ അവരോടു മുന്നോട്ടു പോയി ഇരുന്നോളാൻ പറഞ്ഞു,അവന്മാർ ഒരു വിധത്തിൽ പോവില്ല,ബസ് കോളേജ് ജംക്ഷനിൽ എത്തി,ഞങ്ങൾ കയറി ഇവന്മാരെ കണ്ടത് കൊണ്ട് വഴക്കു വേണ്ട എന്ന് കരുതി സൈഡ് സീറ്റിൽ ഇരുന്നു.ഫ്രണ്ട് ഡോറിലൂടെ പെൺപിള്ളേർ കയറിയതും ഇവന്മാർ അലമ്പ് തുടങ്ങി..മിഹ്റാജിലെ സ്റ്റാഫ് ഒന്നും മിണ്ടിയില്ല,കാരണം അവന്മാർ അവിടുത്തെ ലോക്കൽസ് ആയതുകൊണ്ട് സമരം നടക്കുമ്പോൾ വണ്ടിക്കു ഏറു കിട്ടാൻ സാധ്യത ഉണ്ട്.അങ്ങനെ വണ്ടി നീങ്ങി തുടങ്ങി.ഇടയിൽ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഗ്യാങിലെ ചിലർ പിന്നിലെ കമ്പിയിൽ കൈ പിടിച്ചു ഇരിക്കുന്നു, കൂട്ടത്തിലെ ഏറ്റവും വലിയ ഊള "കുള്ളൻ മനോജ്"  കൈ ഒക്കെ കെട്ടി 'അലക്‌സാണ്ടർ ചക്രവർത്തി സിംഹാസനത്തിൽ ഇരിക്കുന്ന റോളിൽ' കാലുമ്മേ കാലും വച്ച് പൊളി പോസിൽ ഇരിക്കുന്നു, മുഖത്ത് ഞങ്ങളോടൊക്കെ പുശ്ച ഭാവം. അവർ കാണിക്കുന്ന ഊളത്തരങ്ങൾ മുന്നിലെ പെൺകുട്ടികൾ കാണുന്നുണ്ടോ എന്നതിൽ മാത്രമാണ് അവൻ്റെ ശ്രദ്ധ. കോളേജ് ജംക്ഷൻ കഴിഞ്ഞാൽ "ചുടുകാട്","തിരുവമ്പാടി""മെഡിക്കൽ കോളേജ്" ഈ മൂന്നു സ്റ്റോപ്പ് ആണ് ഉള്ളത്, അതിൽ തിരുവമ്പാടിക്കും മെഡിക്കൽ കോളേജിനും ഇടയിൽ ഒരു 'അലിഖിത'സ്റ്റോപ്പ് ഉണ്ട്,ചില ബസുകൾ അവിടെ ആളുകൾ ഉണ്ടെങ്കിൽ നിർത്തും,ഇല്ലെങ്കിൽ ഇല്ല..അതുകൊണ്ടു തിരുവമ്പാടി മുതൽ ഉള്ള ട്രിപ്പിന് സ്പീഡ് കൂടുതൽ ആണ് (സ്റ്റോപ്പ് നിർബന്ധം ഇല്ലാത്തതു കൊണ്ട്).എന്തായാലും തിരുവമ്പാടി കഴിഞ്ഞു വണ്ടി നൂറേ നൂറിൽ (വേണേൽ ഒരു 50 കുറയ്ക്കാം) പൊയ്‌ക്കൊണ്ടിരിക്കുന്നു,പിന്നിൽ നിന്നും "ശാന്തമീ രാത്രിയിൽ" ഒക്കെ ഉച്ചത്തിൽ കേൾക്കാം.പെട്ടെന്നാണ് ജംക്ഷൻ എത്തുന്നതിനു തൊട്ടു മുൻപുള്ള  പെട്രോൾ പമ്പിൽ നിന്നും ഒരു വണ്ടി റോങ്ങ് സൈഡ് ആക്കി മെയിൻ റോഡിലേക്ക് കയറിയത്.വണ്ടിയിൽ ആളുകൾ കുറവായതു കൊണ്ട് ഫ്രണ്ട് ഗ്ലാസ്സിലൂടെ ആ വണ്ടിയുടെ വരവ് കണ്ട ഞാൻ മുൻ സീറ്റിലെ കമ്പിയിൽ കൈ മുറുക്കിയതും ഡ്രൈവർ ബ്രെക്കിൽ  'ആഞ്ഞു ചവിട്ടിയതും ഒരുമിച്ചായിരുന്നു.എൻ്റെ അതേ സീറ്റിൽ ഒപ്പം ഉണ്ടായിരുന്ന സഹോ,കൈ കൊണ്ട് കമ്പിമ്മേ  പിടിക്കാൻ മുഖം സമയം കൊടുത്തില്ല!! എന്ന പേരും പറഞ്ഞു  ഫ്രണ്ട് സീറ്റിലെ കമ്പി കീഴ്ത്താടി കൊണ്ട് ബ്ലോക്ക് ചെയ്തു കടിച്ചു പിടിച്ചേക്കുന്നതു കണ്ടു !!
ഈ സമയത്താണ് പാട്ടിൻ്റെ ചരണത്തിലെ "തകിൽ പുറം കൊട് ജും തജുംതജുംതജും തജുംജും.." എന്നതിന്റെ അവസാന ഭാഗവും പാടിക്കൊണ്ട് മ്മടെ 'അലക്‌സാണ്ടർ ചക്രവർത്തി', സിംഹാസനത്തിൽ ഇരുന്ന അതെ പൊസിഷനിൽ തന്നെ  മുന്നോട്ടു തെന്നി  പായുന്നത് കണ്ടത്. അനൗൺസ്‌മെന്റ് വണ്ടികൾ പാസ് ചെയ്തു പോകാൻ നേരം ശബ്ദം കൂടിക്കൂടി വന്നു നമ്മളെ പാസ് ചെയ്‌തു കഴിയുമ്പോൾ ശബ്ദം കുറഞ്ഞു പോകുന്നത് പോലെ ,അവസാനഭാഗത്തെ "തജുംജും" പിച്ച് ഔട്ടായി നേരിയ ശബ്ദത്തിൽ വണ്ടിയുടെ മുൻഭാഗത്തായി കേട്ടു,അതോടൊപ്പം തന്നെ തറയിലെ ഷീറ്റ് തകിടിൽ ചെരുപ്പ് ഉരയുന്ന  'ശ് ശ് ശ് ..' ശബ്ദവും..പോകുന്ന വഴിയിൽ കമ്പികൾ ഒന്നും ഇല്ലാത്തതു കൊണ്ട് അവനു "Temporary Halt" ഒന്നും ഉണ്ടായില്ല,Straight delivery ആയിരുന്നു. ബാക്ക് സീറ്റിൽ നിന്ന്  'തകിൽ പുറം കൊട് തജുംതജും" എടുത്തു ഒപ്പമുള്ളവരോട് റ്റാറ്റാ പോലും പറയാതെ തുടങ്ങിയ ആ സ്ലൈഡിങ് , ചെന്ന് നിന്നതു ഡ്രൈവറുടെ അടുത്തുള്ള ഗിയറിനോട് ചേർന്നുള്ള ആ വലിയ ബോക്സ് പോലത്തെ സാധനത്തിന്റെ അടുത്ത് ബ്ലോക്ക് ആക്കി വച്ചിരുന്ന കമ്പിയിൽ. അരമുതൽ പാദം വരെ കമ്പിക്ക് ഇപ്പുറത്തും ശിഷ്ടഭാഗം അപ്പുറത്തും ആയി,മോറോവർ ചെന്ന വഴിക്കു ബോക്സിനു   ഒരു ചുടുചുംബനവും  നൽകി "ഇനി ഇച്ചിരി റസ്റ്റ് എടുത്തിട്ട് പോകാം"എന്ന സ്റ്റൈലിൽ വലിയുപ്പാടെ സ്വർണ്ണ നിറമുള്ള മൾബറി സിൽക്കിന്റെ ജുബ്ബ അയയിൽ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്ന അതേ പോസിൽ  അവൻ കിടന്നു.ബോയ്സിന് വരാൻ അനുവാദമില്ലാത്ത ഈ സ്ഥലത്തു അവൻ എങ്ങിനെ വന്നു എന്ന് ഡ്രൈവർ ചിന്തിക്കുന്നതിനു മുന്നേ, ഓടി ചൂടായി പഴുത്തു  ഇരിക്കുന്ന ആ പെട്ടിക്കു മൂക്കുൾപ്പടെ  ഒരു ഫ്രഞ്ച് കിസ്സ് "ശക്തമായി "  അടിച്ചത് മൂലം വീർത്ത ചുണ്ടുമായി അവൻ എണീറ്റു.
"വല്ലതും പറ്റിയോ മോനെ?" എന്ന് ഫ്രണ്ടിൽ ഇരുന്ന ഒരു അമ്മച്ചി ചോദിച്ചതിന്'ഹിപ്പം ഫീണേനെ,ഫാഗ്യത്തിന് ഹൊന്നും ഫറ്റിയില്ല ഹമ്മച്ചീ!!" എന്ന് ധിറുതിയിൽ മറുപടി കൊടുത്തു പെട്ടെന്ന് തന്നെ ഫ്രണ്ട് ഡോർ തുറപ്പിച്ചു അവൻ വെളിയിൽ  ഇറങ്ങി പിന്നിലേക്ക് നടന്നു, (ഇന്നും  അവൻ്റെ ആ  Presence of mind എന്നെ അത്ഭുതപ്പെടുത്തുന്നു , മുഖമടിച്ചു വീണതിന്റെ ഒരു മരവിപ്പും  ഹാങ്ങോവർ ഉണ്ടായിട്ടു പോലും സംഭവിച്ചതൊക്കെ ഞൊടിയിടയിൽ മനസിലാക്കി അധികം നാറാതെ,താൻ ഇറങ്ങേണ്ട സ്റ്റോപ്പ് ആയില്ല എന്ന് അറിയാമായിരുന്നിട്ടു പോലും  ബസ്സിൽ നിന്നും ഇറങ്ങി മുങ്ങാൻ കാണിച്ച ആ ധീരത) ഞങ്ങൾ ഉൾപ്പടെ അന്ന് ചിരിച്ച ആ ചിരിയിൽ,  ചിരി അടക്കിപ്പിടിച്ചിരുന്ന പെണ്ണുങ്ങളും പൊട്ടിച്ചിരിച്ചു..സ്റ്റോപ്പ് എത്തുന്നതിനു മുന്നേ ലവൻ ഇറങ്ങിയത് കണ്ടു അവൻ്റെ ബാക്കി ടീമ്സും അവിടെ തന്നെ ഇറങ്ങി.മുന്നിൽ എടുത്തു ചാടിയ വണ്ടിക്കാരനെ  തെറി വിളിക്കാൻ പോലും മറന്നു ഡ്രൈവറും ചിരി..
എന്തായാലും അടുത്ത രണ്ടു ദിവസം അവൻ കോളേജിൽ വന്നില്ല,പക്ഷെ അവനെ കണ്ട ഒരു ഫ്രണ്ട് പറഞ്ഞറിഞ്ഞു ആ ഇടിയിൽ മനോജിന്റെ ചുണ്ടു കണ്ടാൽ തക്കാളി കൊത്തിയെടുത്തു പറക്കുന്ന കാക്കയെ പോലെ തോന്നിയിരുന്നു എന്ന്... മഴത്തുള്ളിക്കിലുക്കത്തിൽ കുതിരയുടെ മുത്തം കിട്ടിയ കൊച്ചിൻ ഹനീഫയുടെ ചുണ്ടു പോലെ)

Sunday, July 19, 2020

അടിയന്തിര നോട്ടീസ്

കൊറോണയുടെ തേപ്പ് കാരണം കഴിഞ്ഞ 4 മാസമായി വെള്ളിയാഴ്ച്ചകളിലെ ജുമുഅഃ നമസ്കാരം മുടങ്ങി കിടക്കുന്ന കാര്യം ഓരോ വെള്ളിയാഴ്ചകളിലും സങ്കടത്തോടെ ഓർത്തപ്പോൾ ആണ് മനസ് പിന്നിലേക്ക് ഒരു ലക്കും ലഗാനും ഇല്ലാതെ പാഞ്ഞു സ്‌കൂൾ കാലഘട്ടത്തിൽ എത്തി നിന്നതു. നാലാം ക്ലാസ് വരെ രാവിലെ സ്‌കൂളിൽ കയറിയാൽ വൈകുന്നേരമേ പുറത്തു ഇറങ്ങാൻ സമ്മതിക്കൂ എന്നത് കാരണം,ഹൈസ്‌കൂൾ ബിൽഡിങ്ങിൽ അഞ്ചാം ക്‌ളാസിലേക്കു എത്തിയപ്പോൾ മുതൽ ആണ് മുടക്കം വരാതെ ജുമുഅക്ക് പോയി തുടങ്ങിയത് (എല്ലാ ദിവസവും ഉച്ചക്ക് 1 :00  മുതൽ 2:00 വരെ ആണ് ലഞ്ച് ബ്രെക്ക് എങ്കിലും,വെള്ളിയാഴ്ചകളിൽ മാത്രം അത് ഉച്ചയ്ക്ക് 12:30 മുതൽ 2:10 വരെ ആരുന്നു).അന്നൊക്കെ വെള്ളിയാഴ്ച ഉച്ച ആയാൽ  ഞാനും അജ്മലും നേരെ എന്റെ വീട്ടിലേക്ക് പോയി ഫുഡും കഴിച്ചു,മുപ്പാലത്തിനു കുറച്ചു അടുത്തുള്ള കച്ചിപ്പള്ളിയിൽ ആണ് പോകാറ്.(അവിടെ ഗുജറാത്തികൾക്കു മാത്രമായി ഒരു ഗുജറാത്തി സ്ട്രീറ്റ് ഉണ്ട്,അവിടെ ഉള്ള മുസ്‌ലിം സഹോദരങ്ങൾക്ക് വേണ്ടി പണിതതാണ് ആ പള്ളി,പ്രസംഗം എല്ലാം ഹിന്ദി ഭാഷയിൽ ആണ്.ഞങ്ങൾ ആ പള്ളി സെലക്ട് ചെയ്യാൻ കാരണം അവിടെ 1:00 മണിക്ക് തുടങ്ങി 1:20 ആവുമ്പോളേക്കും നിസ്കാരം കഴിയും,ബാക്കി പള്ളികളിൽ 1:25-1:45  വരെ പോകും. ഇതാവുമ്പോ 1:20 തൊട്ടു 2:10  വരെ ഏകദേശം ഒരു മണിക്കൂർ കളിക്കാൻ സമയം കിട്ടും.അങ്ങനെ സ്ഥിരം പോയി തുടങ്ങിയപ്പോൾ ആണ് വേറെ ഒരു കൗതുകം ഞങ്ങളെ ഹഠാദാകർഷിച്ചത്, പള്ളിയുടെ ഗേറ്റ് കടന്നാൽ അകത്തേക്കുള്ള വഴിയിൽ എല്ലാവര്ക്കും എടുക്കാൻ വേണ്ടി മിക്കപ്പോഴും നോട്ടീസുകൾ വച്ചിട്ടുണ്ടാവും,വല്ല പുതിയ കടകളുടെ പരസ്യമോ, വല്ല മതപ്രഭാഷണ പാരമ്പരയുടെയോ, പുതിയ ട്യൂഷൻ സെന്ററുകളുടെയോ അങ്ങനെ. ഓസിനു കിട്ടിയാൽ ആസിഡും കുടിക്കുന്ന ഒരു പ്രായത്തിൽ പെട്ടതിന്റെ പ്രശ്നം ആണോ എന്നറിയില്ല,ഞങ്ങൾ പള്ളിയിലേക്ക് കയറുമ്പോൾ തന്നെ ഒരു ഓരോ അടുക്കിൽ നിന്നും എട്ടുപത്തു നോട്ടീസ് വീതം ഇങ്ങെടുക്കും. എന്നിട്ടു മൂത്രപ്പുരയിൽ പോയി മൂത്രം ഒഴിപ്പു കഴിഞ്ഞു ഇറങ്ങി വരുന്ന വഴിക്കു വീണ്ടും ഒരു പിടി എടുക്കും, പിന്നീട് നിസ്കാരം കഴിഞ്ഞു വരാൻ നേരം അന്നേരവും ഇതേ ക്വാണ്ടിറ്റി പൊക്കും..ഒക്കെക്കഴിഞ്ഞു എണ്ണി നോക്കിയാൽ കുറഞ്ഞത് ഒരു 20 -25 നോട്ടീസ് കയ്യിലുണ്ടാവും.എന്നിട്ട് പള്ളി പിരിഞ്ഞാൽ നേരെ ഇതുമായി മുപ്പാലത്തിന്റെ അടുത്തുള്ള കടവിലേക്ക് പോയി അവിടെ ഇരുന്നു നോട്ടീസ് ഒന്ന് വായിച്ച ശേഷം അത് വച്ച് ബോട്ടുകൾ ഉണ്ടാക്കി ഒഴുക്കി വിടും,ഇടയ്ക്കിടെ പ്ലെയിൻ ഉണ്ടാക്കി മുപ്പാലത്തിന്റെ മുകളിൽ നിന്നും പറപ്പിക്കുകയും ചെയ്യും (ഏതേലും പാവപ്പെട്ടവർ അവരുടെ കടയുടെ പരസ്യത്തിന് വച്ചിരുന്ന സാധനമാണ് എന്നും, ഇതൊക്കെ ദൈവകോപം കിട്ടുന്ന കാര്യമാണ് എന്നൊന്നും ചിന്തിക്കാനുള്ള മൂള അന്നില്ലല്ലോ.)അങ്ങനെ ഇതേ പരിപാടി ഞങ്ങൾ സ്ഥിരമായി തുടർന്ന് പോന്നു(ദൈവം ഒഴിച്ച് വേറെ ആരാലും പിടിക്കപ്പെടാതെ).
ഒരിക്കൽ ഒരു വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞു ഞാനും അജ്മലും 'നിജാം പാക്ക്'എന്ന പേരിൽ ഒരു റോസ് കവറിൽ കിട്ടിയിരുന്ന സുഗന്ധ പാക്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു, അന്നതിനു പത്തോ ഇരുപതോ പൈസയെ ഉള്ളൂ,പക്ഷെ ക്വാണ്ടിറ്റി ഒട്ടും ഇല്ല.അപ്പോളാണ് ടീവിയിൽ 'പാൻ-പരാഗ്-പാൻമസാല" എന്ന പരസ്യം കണ്ടതും അത് നീലനിറത്തിൽ ഉള്ള അല്പം കൂടി വലിയ പാക്കറ്റ് ആണെന്നും ഞാൻ ഓർത്തത്.അന്ന് അവിടൊക്കെ ചെറിയ പാൻ കടകൾ ഉണ്ടെങ്കിലും 'അവിടൊക്കെ മയക്കുമരുന്ന് കാണും' എന്ന ഒരു മിഥ്യാധാരണ വച്ച് പുലർത്തിയിരുന്നതിനാൽ റിസ്ക് എടുക്കാൻ തയാറാവാതെ എന്റെ വീടിന്റെ തൊട്ടു മുന്നിൽ ഉള്ള വീട്ടിലെ ഇക്കാമാരു നടത്തുന്ന ഒരു ചെറിയ മാടക്കടയിൽ ചെന്ന് സംഭവം വാങ്ങാം എന്ന് കരുതി (പാൻമസാല ഒക്കെ അത്ര നിരോധിക്കപ്പെട്ട ഐറ്റം ആയിരുന്നില്ല)ഞങ്ങൾ നേരെ ചെന്ന് ഇക്കായോട് പാൻ പരാഗ് പാൻ മസാല രണ്ടു പാക്കറ്റ് ചോദിച്ചു. ഇക്ക എന്നെ നോക്കി ഒരു ചിരി ചിരിച്ചിട്ട് ഒരു ക്രീം-ഗോൾഡൻ മിക്സ് കളർ പാക്കറ്റ് പൊട്ടിച്ചു തന്നു. എനിക്കാകെ സംശയമായി ഞാൻ ചോദിച്ചു ഇത് നീല കളറിൽ അല്ലെ ഉള്ളത്? എന്ന്. അപ്പൊ ഇക്ക പറഞ്ഞു " ഇപ്പൊ ഇങ്ങനാണ് വരുന്നത്" എന്ന്.എന്തായാലും അയൽവാസി അല്ലെ,നമുക്ക് ദോഷമുള്ളതൊന്നും തരില്ലല്ലോ എന്ന് കരുതി സംഭവവും വാങ്ങി ഞാനും അജ്മലും നേരെ സൈക്കിളും എടുത്തു വിട്ടു. തോടിന്റെ കരയിൽ വണ്ടി നിർത്തി ഞങ്ങൾ പാക്കറ്റുകൾ പൊട്ടിച്ചു, ഞാൻ കയ്യിലേക്ക് ഇട്ടതും ഒരുമാതിരി (നിറം കൃത്യമായി ഓർക്കുന്നില്ല,വെള്ള ആയിരുന്ന പോലൊരു ഓർമ്മ) പൊടി. പക്ഷെ ഞാൻ ടീവിയിൽ കണ്ടത് ബ്രൗൺ തരിത്തരി പോലെ ആണല്ലോ എന്ന് ചിന്തിച്ചതും അജ്മൽ പാക്കറ്റ് പൊട്ടിച്ചു നേരെ വായിലേക്ക് കമഴ്ത്തി, അത് കണ്ടു ഞാനും. ഒരു സുഖമില്ലാത്ത രുചി ആണല്ലോ എന്ന് അവനോടു പറയാൻ തുടങ്ങിയതും ഞാൻ നോക്കുമ്പോൾ അവൻ ആസ്പിൻവാൾ കമ്പനിയുടെ മതിലിൽ സൈക്കിൾ ഉൾപ്പടെ ചാരി നിന്നു 'Good night, good night! Parting is such sweet sorrow, That I shall say good night till it be morrow'എന്നൊക്കെ ഷേക്ക്സ്പിയർ ഡയലോഗ്സ് ഒരു ഇടതടവില്ലാതെ വച്ച് കാച്ചുന്നു...എന്നിട്ടു മതിലിൽ ചാരിക്കിടന്നു സൈക്കിൾ  ചവിട്ടാൻ ശ്രമിക്കുന്നു. എനിക്കാണെങ്കിൽ ഞാൻ ഒഴികെയുള്ള സകല സാധനങ്ങളും എനിക്ക് ചുറ്റും കിടന്നു കറങ്ങുന്ന പോലെയും..എന്തോ ഒരു ഉൾവിളിയാലെ  ഞാൻ അത് തുപ്പി,ഉടനെ അവന്റെ അടുത്ത് ചെന്ന് അവനെക്കൊണ്ടും തുപ്പിച്ചു കുറെ ഒക്കെ അവൻ ഇറക്കി എന്ന് അവൻ തുപ്പിയത് കണ്ടപ്പോൾ ആണ് മനസിലായത്.. പിന്നെ കുറെ നേരം അവിടിരുന്നു.ആ പാക്കറ്റ് വായിച്ചു നോക്കിയപ്പോൾ ആണ് Ghutka എന്ന പേര് കാണുന്നത്..എങ്ങും പാൻ മസാല എന്ന പേരെ ഇല്ല...കുറച്ചു നേരം കൂടി അവിടെ ഇരുന്നു എല്ലാ സംഭവങ്ങളും കറക്കം നിർത്തി എന്ന് ഉറപ്പായപ്പോൾ സൈക്കിളിൽ കയറാൻ നോക്കി. അവൻ ആണെങ്കിൽ ക്യാരീരിൽ ഇരുന്നു സീറ്റിൽ തല വച്ച് കൊഞ്ച് പരുവത്തിൽ ചുരുണ്ട് കിടക്കുന്നു,'നേരം വെളുക്കുമ്പം ഒന്ന് വിളിച്ചേക്കണേ' എന്നും പറഞ്ഞു .അവസാനം സൈക്കിളും ഉരുട്ടി (ചവിട്ടാൻ വേണ്ടി കയറാൻ പോലും പറ്റുന്നില്ല,മനസ്സ് വിചാരിക്കുന്നിടത്തു കാൽ എത്തുന്നില്ല) ഒരുവിധം ഞങ്ങൾ കോൺവെന്റ് സ്‌ക്വയറിൽ ഉള്ള ചാക്കോച്ചന്റെ ബേക്കറിയിൽ എത്തി (എന്നും വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വരാൻ നേരം  അവിടെ നിന്ന് വിവറോളും കൂൾ ഡ്രിങ്ക്‌സും കുടിക്കുന്ന പതിവുണ്ട്) ചേട്ടനോട് പറഞ്ഞു ചേട്ടാ,ആകെ അഞ്ചു രൂപ ഉണ്ട്,ഞങ്ങൾക്ക് ശക്തമായി കഴിയ്ക്കാനും കുടിക്കാനും വല്ലതും വേണം,എന്നിട്ടു നടന്ന കാര്യങ്ങൾ പറഞ്ഞു,പുള്ളി പൈസ നോക്കാതെ വയറു നിറച്ചു അവിടെ ഉള്ള ഐറ്റംസ് തന്നു പൈസ പിന്നീട് കൊടുത്താൽ മതി എന്നും പറഞ്ഞു.കുറച്ചൊക്കെ പോയെങ്കിലും എവിടെയൊക്കെയോ എട്ടു പത്തു കിളികൾ കൂടി തലയിൽ നിന്നും ഇനിയും പോകാനുണ്ട് എന്ന് തോന്നി.സമയം നോക്കിയപ്പോൾ 2:25.ഇനിയും കിളികളെ ഓടിക്കാൻ നിന്നിട്ടു കാര്യമില്ല എന്നോർത്ത് ഒരുവിധം പറപ്പിച്ചു സ്‌കൂളിൽ എത്തി സൈക്കിൾ ഷെഡിലേക്കു സൈക്കിൾ വലിച്ചെറിഞ്ഞു ക്ലാസിലേക്കു ഓടാൻ തുടങ്ങി. നോക്കിയപ്പോൾ മരത്തിന്റെ ചുവട്ടിൽ എട്ടു പത്തു പിള്ളേർ നിരന്നു നിൽക്കുന്നു,ഒപ്പം NCC മാഷ് ആയ പയസ് സാർ തൻ്റെ ലാത്തി (മൂപ്പരുടെ ചൂരൽ എന്ന് പറഞ്ഞാൽ ഏകദേശം ലാത്തിയുടെ അത്ര വണ്ണമുണ്ട്)ചുഴറ്റി നിൽക്കുന്നു,ഞങ്ങൾ രണ്ടു ഡീസന്റ് പാർട്ടിസ് അതൊന്നും മൈൻഡ് ചെയ്യാതെ നേരെ ക്ളാസിലേക്ക് നടന്നു,മാഷും കുട്ട്യോളും അത്ഭുതത്തോടെ ഞങ്ങളെ നോക്കുന്നു,അവരെ കടന്നതും മാഷ് ഞങ്ങളോട് നിൽക്കാൻ പറഞ്ഞിട്ട് മാഷുടെ അടുത്തേക്ക് വരാൻ പറഞ്ഞു, ഞങ്ങൾ ചെന്നതും സകല അവന്മാരും ചിരി.മാഷ് ചോദിച്ചു :"ഇവന്മാരെ ഇവിടെ നിർത്തിയിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ?
ഞങ്ങൾ :" ഇല്ല!!"
മാഷ്: "2:10 നു ഫൈനൽ ബെൽ അടിച്ചിട്ടും 2:15 ആയിട്ടും ക്ലാസിൽ കയറാതെ നിന്നതിനാ"
ഞങ്ങൾ :'ഓ റിയലി??its too bad' എന്ന റോളിൽ അവരെ നോക്കി
മാഷ് : "ഇപ്പൊ സമയം എത്രയായെന്നു അറിയാമോ?"
അജ്മൽ: "എന്റെ വാച്ചിൽ 2:40 ആണ്,പക്ഷെ അത് അല്പം ഫാസ്റ്റാ,ഡേയ് നിന്റെ വാച്ചിലെ സമയം കറക്ട് അല്ലേ,അത് പറഞ്ഞുകൊട്"
മാഷ് വാച്ചിലെ സമയം അഡ്ജസ്റ് ചെയ്യാൻ വേണ്ടി സമയം ചോദിച്ചതാണെന്നാണ് കിളികൾ ഇനിയും പോയിട്ടില്ലാത്ത അവന്റെ ധാരണ.
മാഷ് ഉടനെ അവിടെ നിന്ന ലേറ്റ് comers നെ പറഞ്ഞു വിട്ടിട്ടു  ഞങ്ങളോട് തിരിഞ്ഞു നിൽക്കാൻ പറഞ്ഞു, ആദ്യമേ അവനെ തിരിച്ചു നിർത്തി സാറിന്റെ ചൂരൽ ഉയർന്നു താണ് വന്നു അവന്റെ ചന്തിക്കു ഒരെണ്ണം കിട്ടി.സാധാ ഗതിയിൽ ഒരു ചാട്ടവും ഒരു നിലവിളിയും രണ്ടു കയ്യും ചന്തിയിൽ ഉരച്ചു വേദന മാറ്റലും നടക്കേണ്ട സീനിനു പകരം നടന്നത് ഒരു കുലുക്കവും ഇല്ലാതെ അവൻ നിൽക്കുന്നു,ഒപ്പം "ആഹാ!!" എന്നൊരു ശബ്ദവും,ഒരെണ്ണം കൂടി കിട്ടിയപ്പോൾ ആണ് ആദ്യമായി അവന് വേദന ഫീൽ ആയതു,ചന്തി തടവി..അപ്പൊ മനസിലായി അവൻ്റെ കിളികളുടെ കൂട്ടിൽ തന്നെ പടക്കം പൊട്ടി എന്നു,സകലതും പറന്നു.അടുത്തതായി എൻ്റെ ചാൻസ്! സാറിന്റെ കൈ ഉയർന്നു താണു,അവൻ "ആഹാ"പറഞ്ഞതിന്റെ ഗുട്ടൻസ് അപ്പോഴാണ് എനിക്ക് മനസിലായത്,ശരിക്കും കിളി പറക്കുക എന്നത് അന്നാണ് മനസിലായത്,അടിയുടെ വേദനയേക്കാൾ സ്വബോധം ഫുൾ ആയി തിരിച്ചു കിട്ടുന്ന ഒരു സുഖം,"ആഹാ",രണ്ടാമത്തേതിൽ എനിക്ക് റൂട്ട് ഫുൾ ക്ലിയർ ആയി, ഞങ്ങൾ ക്ളാസിലേക്ക് പോയി.
അയൽവാസി ആയ ആ  ഇക്കാ ഒരു എട്ടിന്റെ പണി കൂടെ തന്നു, നേരെ എന്റെ വീട്ടിൽ പോയി പറഞ്ഞു "അഫ്സലും കൂട്ടുകാരനും കൂടി പാൻപരാഗ് വാങ്ങിച്ചുകൊണ്ടു പോയി" എന്ന്
അങ്ങേർക്കു ഒരു പണി കൊടുക്കണം എന്ന് ഉറപ്പിച്ചു ഞങ്ങൾ നടന്നു. അങ്ങനിരിക്കെ ഒരു ദിവസം പള്ളിയിൽ നിന്നും  നോട്ടീസ് പൊക്കിയ ഞങ്ങൾക്ക്  ഒരു A4 സൈസിൽ ഫോട്ടോസ്റ്റാറ്റ് എടുത്ത പോലെ കയ്യെഴുത്തിൽ ഉള്ള ഒരു നോട്ടീസ് കിട്ടി,ക്വാണ്ടിറ്റി കുറവായതു കൊണ്ട് (ഏകദേശം മൊത്തം ഒരു 50 എണ്ണം കാണും) ഞങ്ങൾ രണ്ടും കൂടി ഒരു 7-8 എണ്ണമേ എടുത്തുള്ളൂ,മടക്കി പോക്കറ്റിൽ വച്ച് നിസ്കാരത്തിനു ശേഷം തോട്ടിന്കരയിൽ ചെന്ന് ബോട്ട് ഉണ്ടാക്കാൻ എടുത്തു നോക്കിയപ്പോൾ ആണ് ആ ഞെട്ടിക്കുന്ന നോട്ടീസ് ശ്രദ്ധിച്ചത്. ആ നോട്ടീസിന്റെ 20 കോപ്പി എടുത്തു circulate ചെയ്യണം,ചെയ്‌താൽ ഒരുപാടു ഗുണങ്ങൾ ഉണ്ടാവും, അത് കീറിക്കളയുകയോ നശിപ്പിക്കുകയോ ചെയ്‌താൽ ഒരുപാട് ദോഷങ്ങളും ഉണ്ടാവും,എന്നിട്ടു രണ്ടു സിറ്റുവേഷനുകളിലും പലർക്കും ഉണ്ടായ അനുഭവങ്ങളുടെ എക്‌സാമ്പിളുകൾ,വിവരിച്ചിരിക്കുന്നു (ഇത് കീറിക്കളഞ്ഞ ഒരാളെ അടുത്ത ദിവസം ആന കുത്തി,ഇതിന്റെ കോപ്പി എടുത്തു വിതരണം ചെയ്ത നാല് പേർക്ക് ലോട്ടറി അടിച്ചു,ആ ലൈനിൽ).അന്നത്തെ ആ പ്രായത്തിൽ ഇതൊക്കെ സത്യമാവും എന്ന് വിശ്വസിച്ചു 'പാൻപരാഗ് കഴിക്കാതെ തന്നെ ഞങ്ങളുടെ കിളി പോയി.ബാക്കി പരസ്യ നോട്ടീസുകൾ ഒക്കെ അവിടെ കളഞ്ഞു ഈ സ്‌പെഷ്യൽ നോടീസുമായി ഞങ്ങൾ ക്ലാസിൽ പോയി.എന്ത് ചെയ്യും എന്ന് കൂലങ്കഷമായി ചിന്തിച്ചു. ഒന്നും രണ്ടുമല്ല എട്ടോളം കോപ്പി ആണ് കയ്യിൽ ഉള്ളത്..ഓരോന്നിന്റെയും 20 കോപ്പി വീതം എടുക്കുക എന്ന് പറഞ്ഞാൽ പൈസ എത്രയാവും..അപ്പോഴാണ് ഒരു മിന്നായം പോലെ ഒരു ഐഡിയ മനസ്സിൽ ഉദിച്ചത്. ഞാൻ അജ്മലിനോട് പറഞ്ഞു "വിഷമിക്കണ്ടാ അളിയാ,വഴിയുണ്ട്,ഇത് നമ്മൾ നശിപ്പിച്ചാൽ അല്ലെ കുഴപ്പമുള്ളൂ..വേറെ കോപ്പി എടുത്തു കൊടുത്തില്ലെന്നു വച്ച് പ്രശ്നമൊന്നുമില്ലല്ലോ.നമുക്ക് അടുത്ത വെള്ളിയാഴ്ച വരെ വെയിറ്റ് ചെയ്യാം,കുറച്ചുകൂടി കോപ്പി വേണം. ഉള്ള കോപ്പികൾ എന്ത് ചെയ്യും എന്ന് ചിന്തിക്കുമ്പോൾ നിനക്ക് എന്തിനാ ഇനിയും കോപ്പി എന്ന് അവൻ ചോദിച്ചു.ഞാൻ ഒന്നും പറഞ്ഞില്ല..അടുത്ത വെള്ളിയാഴ്ച ഞാൻ പ്രതീക്ഷിച്ച  പോലെ ഇതേ നോട്ടീസിന്റെ കുറെ ഏറെ കോപ്പികൾ വീണ്ടും പള്ളിയിൽ പ്രത്യക്ഷപ്പെട്ടു (കഴിഞ്ഞ ആഴ്ച എടുത്തുകൊണ്ടുപോയാ ഹതഭാഗ്യരിൽ ഏതൊക്കെയോ ആളുകൾ കോപ്പികൾ എടുത്തു കൊണ്ട് വച്ചിരിക്കുന്നു) ഞങ്ങൾ വീണ്ടും 10-15 എണ്ണം വീതം പൊക്കി. നിസ്കാരം കഴിഞ്ഞത് ഞാൻ അവനോടു ഐഡിയ പറഞ്ഞു കൊടുത്തു. നോട്ടീസുകൾ എല്ലാം കൂടി ഒരുമിച്ചു വച്ച് ഞങ്ങൾ നേരെ അയൽവാസി ഇക്കാടെ മാടക്കടയുടെ സൈഡിൽ ഇക്ക കാണാതെ  എത്തി വെയിറ്റ് ചെയ്തു.ഇടയ്ക്കു ഒന്നുരണ്ടുപേർ സര്ബത്തു കുടിക്കാൻ വന്നു ഓർഡർ ചെയ്തിട്ട് കടയുടെ സൈഡിലെ മതിലിൽ പോയി ഇരുന്നു.,ഇക്ക സര്ബത്തു ഉണ്ടാക്കാൻ തിരിഞ്ഞ ഗ്യാപ്പിൽ ആ നോടീസുകൾ ആരും കാണാതെ ഞാൻ മുട്ടായി ഭരണികളുടെ ഇടയിൽ തിരുകി വച്ചിട്ട് on the spot മുങ്ങി. അന്നേരത്തെ നെഞ്ചിടിപ്പ് ഇപ്പോളും എനിക്ക് കേൾക്കാം ഇത് എഴുതുമ്പോൾ പോലും)
എന്തായാലും അടുത്ത വെള്ളിയാഴ്ച ഞങ്ങൾ ഇക്ക പോവുന്ന പള്ളിയിൽ പോകാൻ തീരുമാനിച്ചു,അവിടെ നേരത്തെ എത്തി കാത്തു നിന്നു. ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു,ഏറ്റവും കുറഞ്ഞത് 100-150 കോപ്പികളുമായി ഇക്ക പള്ളിയിൽ എത്തി.
ഒരു തെറ്റിദ്ധാരണ മൂലം അപകടത്തിൽ പെടേണ്ട കുട്ടികളെ അപകടത്തിലേക്ക് തന്നെ തള്ളി വിട്ട  അങ്ങേർക്കു  ഞങ്ങൾ കൊടുത്ത ആ പണിയിൽ ഞങ്ങൾ ഇന്നും കൃതാർത്ഥരാണ്   

Saturday, July 18, 2020

യൂത്ത്‌ ഫെസ്റ്റിവൽ

"ചെണ്ടപ്പുറത്തു കോൽ വീഴുന്നിടത്തെല്ലാം അവനുണ്ടാവും" എന്ന് ഒരു വാമൊഴി പണ്ടുകാലം മുതൽക്കേ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഒരു വകഭേദം സ്വന്തം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളത് സ്‌കൂൾ കാലഘട്ടത്തിൽ ആയിരുന്നു. ലിയോ തേർട്ടീന്ത് സ്‌കൂളിൽ നാലാം ക്ലാസ് വരെ പ്രിപ്പറേറ്ററി സ്‌കൂളിൽ  (നാക്കു ഉളുക്കുന്നതുകൊണ്ടു ഞങ്ങൾ 'പപ്പരവെട്ടി' എന്ന് വിളിച്ചു പോന്നു) പഠിച്ചിരുന്നപ്പോഴും മനസ്സിൽ ഉള്ള മോഹം വെള്ള ഉടുപ്പും നീല നിക്കറും നീല ടയ്യും വെള്ള സോക്‌സും കറുത്ത ഷൂസും,ഒപ്പം  നെഞ്ചത്ത് പിൻ ചെയ്ത നെയിം പ്ളേറ്റും ഒക്കേത്തിൽ നിന്നും ഒരു സ്വാതന്ത്ര്യം ലഭിക്കുന്ന അഞ്ചാം ക്ലാസ് മുതൽ ഉള്ള ഹൈസ്‌കൂൾ ബിൽഡിങ്ങിലേക്കുള്ള പ്രൊമോഷൻ ഉടനെ സംഭവിക്കണേ എന്നതാരുന്നു..(അവിടെ യൂണിഫോം വെള്ള ഉടുപ്പും കറുത്ത പാൻസ്റ്റും..Thats All !! ഒപ്പം ആ മെയിൻ ബിൽഡിങ്ങിൽ ഉള്ള ഓഡിറ്റോറിയത്തിന്റെ ഉൾഭാഗം ഒന്ന് കയറി കാണണം എന്നതും...അന്ന് ആറാം ക്ലാസ് ഡിവിഷനുകൾ (ഇംഗ്ലീഷ്-മലയാളം മീഡിയം) മുഴുവനും ഉൾക്കൊള്ളിച്ചിരുന്നത് ഓഡിറ്റോറിയത്തിനുള്ളിൽ ആയിരുന്നു..യൂത് ഫെസ്റ്റിവൽ,എന്തെങ്കിലും ഫങ്ക്ഷന് മുതലായ ആഘോഷങ്ങൾ വരുമ്പോൾ മാത്രം ഓഡിറ്റോറിയത്തിലെ ക്ലാസുകൾക്ക് അവധി! ആഹാ അന്തസ്സ്. ആറാം ക്ലാസ് ഒരിക്കലും തീരാതിരുന്നെങ്കിൽ എന്ന് അക്കാലത്തു തോന്നിയിട്ടുണ്ട്. അന്ന് ആദ്യമായി ഒരു നാടകം കാണുന്നത് ഈ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു."കാലചക്രം" എന്നായിരുന്നു അതിന്റെ പേര്."ഉയരം കൂടിയ"ജനുസ്സിൽ പെട്ടിരുന്നവാൻ ആയതുകൊണ്ട് മുൻ നിരയിൽ തറയിൽ ഇരിപ്പിടം കിട്ടി..അന്നാദ്യമായി ഫ്രണ്ടിൽ ഇരിക്കുന്നതിൽ ഞാൻ ധൃതങ്ക പുളകിതനായി (പിൽക്കാലത്തു ഫ്രണ്ട് സീറ്റിനോട് ഉത്സാഹം തോന്നിയിരുന്നത് KSRTC ബസ്സിലെ യാത്രയിൽ ആയിരുന്നു..ഡ്രൈവറുടെ വണ്ടി പറപ്പിക്കൽ നേരിൽ കാണാൻ ഉള്ള ത്രിൽ.) സിനിമ പോലെ അല്ല നാടകം എന്നതും ഒക്കെ ലൈവ് ആണ് എന്നതും മനസിലായപ്പോൾ നാടകത്തിലെ അഭിനേതാവ് ഓഡിയന്സിനെ നോക്കുമ്പോൾ അബദ്ധത്തിൽ എന്നെ നോക്കുകയാണെങ്കിൽ കണ്ടോട്ടെ എന്ന് കരുതി ഞാൻ മുഖം കൊണ്ട് പറ്റാവുന്നത്ര പരുവത്തിൽ ഗോഷ്ടികൾ കാണിച്ചുകൊണ്ടിരുന്നു,അവരുടെ ഭാഗ്യമോ, എന്റെ കഷ്ടകാലമോ..എന്തായാലും മ്മടെ 'പെർഫോമൻസ്' അവര് കണ്ടില്ല. (പിന്നീട് ഒരിക്കൽ ആലപ്പുഴ റസ്റ്റ് ഹൗസിൽ "മാനത്തെ വെള്ളിത്തേര്" സിനിമയുടെ ഷൂട്ടിനിടയിൽ മുകേഷും ശ്രീനിവാസനും ഒന്നാം നിലയിലെ ജനലിനോട് ചേർന്ന് വന്നു എന്തോ ഡയലോഗ് പറഞ്ഞിട്ട് മുകേഷ് കൈ രണ്ടും ജനൽ പടിയിൽ വച്ച് വെളിയിലേക്കു നോക്കുന്ന സീൻ ഷൂട്ട് ചെയ്യുന്നത് കണ്ടു..ഗ്രൗണ്ടിലെ ക്രിക്കറ്റ് കളി കഴിഞ്ഞു പോകാൻ നേരം സീൻ എടുപ്പ് ഏതു വരെയായി എന്നറിയാൻ ഞങ്ങൾ ചെന്ന് നിന്നപ്പോൾ ആണ് ഈ സീൻ കാണുന്നത്..വേണ്ടാത്ത ചിന്തകൾ ആനപിടിച്ചാലും നിൽക്കില്ലല്ലോ,മ്മൾ ഉടനെ "കാലചക്ര"നൊസ്റ്റാൾജിയ റിക്രിയേറ്റ് ചെയ്തു, മുകേഷിനെ നോക്കി ഗോഷ്ടി കാണിച്ചു,കൂട്ടത്തിലെ ഒരുവൻ മുണ്ടു ഉടുത്തു വന്നിരുന്നെങ്കിൽ തിരിഞ്ഞു നിന്ന് "തിരിച്ചറിയൽ പരേഡ് "കാണിക്കാമായിരുന്നു എന്ന സങ്കടം വരെ ഷെയർ ചെയ്തു.എന്തായാലും അത് മൂപ്പർ കണ്ടു എന്ന് ഉറപ്പായി, കാരണംമൂപ്പര് ചിരിച്ചു ഫാസിൽ സാർ വെളിയിലേക്കു വന്നു നോക്കുന്നതും കണ്ടു.ഞങ്ങൾ ഓടിത്തള്ളി (അതിന്റെ കാരണം ഞാൻ പറയുന്നില്ല,)ഹവ്വെവർ നമുക്ക് ടോപ്പിക്കിലേക്കു തിരിച്ചു വരാം.  എന്തായാലും റിയർ എഞ്ചിൻ ബജാജ് ഓട്ടോ ലെവൽക്രോസിന്റെ കയറ്റം കയറുന്ന പോലെ ഒരുവിധം അഞ്ചും ആറും ഏഴും ഒക്കെ കടന്നു എട്ടിൽ എത്തി.അന്ന് മുതൽ ആണ് യൂത്തു ഫെസ്റ്റിവലിൽ ലളിതഗാനം മുതൽ സംഘഗാനം വരെയും ഫാൻസിഡ്രസ് മുതൽ നാടകമത്സരത്തിലെ കർട്ടൻ പൊക്കൽ വരെയും എന്ന് വേണ്ട സകല കടച്ചാണികൾക്കും മ്മള് പേര് കൊടുക്കാൻ തുടങ്ങി.പങ്കെടുക്കാൻ ഉള്ള കഴിവോ ത്രാണിയൊ ഉണ്ടായിട്ടല്ല,ഈ പേരിൽ ഇടയ്ക്കു ക്ലാസിൽ നിന്നും മുങ്ങാൻ,(with attendance)അങ്ങനെ എട്ടിലും ഒമ്പതിലും ഒക്കെ മേഞ്ഞു നടന്നിട്ടു പത്തിലേക്ക് ഒരുവിധം വലിഞ്ഞു കയറി.വെക്കേഷൻ ക്ലാസ് തുടങ്ങും മുന്നേ വീട്ടിൽ നിന്നും മെമോ വന്നു "ഈ വര്ഷം ഈ വീട്ടിൽ നിന്റെ ഗിത്താറിന്റെ ഒച്ച കേട്ട് പോവരുത്.ഒക്കെ നിർത്തിക്കോണം.
പഠിത്തം വേണോങ്കി ഒഴിവാക്കാം പക്ഷെ ഗിത്താറും ഫുഡും,അത് എന്നെക്കൊണ്ട് ഒഴിവാക്കാൻ പറ്റാത്ത ജീവിതം ആയിരുന്നു,ഒന്നാമത് അത് മ്മടെ ജീവശ്വാസം,രണ്ടാമത് സ്‌കൂൾ ട്രൂപ്പിലെ മെമ്പർ ആയിരുന്നു ഞാനും.ആ മെംബേർസ് എല്ലാവരും അക്കൊല്ലം പത്തു കഴിഞ്ഞു പോകും എന്നുള്ളതിനാൽ സബ്‌ജില്ല ,ജില്ലാ,സംസ്ഥാന ലെവലിൽ മത്സരങ്ങളിൽ സ്‌കൂളിന്റെ പ്രതീക്ഷ ആയിരുന്നു ഞങ്ങളുടെ ഒഫീഷ്യൽ ട്രൂപ്പ്.
വീട്ടിൽ ഞാൻ ok പറഞ്ഞിട്ട് ഗിത്താർ അതിന്റെ കവറിൽ കയറ്റി വീട്ടുകാർ കാൺകെ എൻ്റെ റൂമിലെ കബോർഡിന്റെ മുകളിലേക്ക് വച്ചു.അന്ന് മുതൽ വീട്ടിലെ ഗിത്താർ വായന നിന്നു,മുറിയിൽ ഉണ്ടായിരുന്ന ടേപ്പ് റിക്കോർഡർ ഒക്കെ വീട്ടുകാർ കയ്യോടെ പിഴുതുമാറ്റി.No എന്റർടൈൻമെന്റ്!അങ്ങനെ ആ ആഴ്ചയുടെ അവസാനം ഞായാറാഴ്ച വീട്ടുകാർ കായംകുളത്തു ഒരു ഫങ്ക്ഷന് പോകുന്നു എന്ന് അറിഞ്ഞപ്പോൾ,ഞാൻ ഒരു പദ്ധതി തയാറാക്കി. അവർ പോയപുറകേ നേരെ ഗിത്താർ അതിന്റെ കവറിൽ നിന്നും ഊരി എടുത്തു കൂട്ടുകാരൻ നിയാസിന്റെ വീട്ടിലേക്കു സൈക്കിളിൽ വച്ച് പിടിച്ചു.അവിടെ കൊണ്ട് വച്ചിട്ട് അടുത്ത ദിവസം അത് സ്‌കൂളിൽ എത്തിക്കാൻ പറഞ്ഞിട്ട് നേരെ തിരികെ വീട്ടിൽ എത്തി ക്രിക്കറ്റ് ബാറ്റ് എടുത്തു ഗിത്താറിന്റെകവറിന്റെ  neck പാർട്ടിലേക്കു വച്ചു ,ബാക്കി വീതി കൂടിയ ഭാഗത്തിൽ കുറെ പുസ്തകങ്ങളും ബോർഡും ഒക്കെ നിറച്ചു ഒരു ഏകദേശ ഷേപ്പ് ആക്കി കബോർഡിന്റെ മുകളിൽ തന്നെ വച്ചു..താഴേന്നു നോക്കിയാൽ ഗിത്താർ കവറിൽ ഇരിക്കുന്ന അതേ ലുക്ക്.അങ്ങനെ സ്‌കൂളിൽ ക്ലാസ് ടൈമിൽ ഞങ്ങൾക്ക് പ്രാക്ടീസ്,അതും ഒഫീഷ്യൽ പ്രാക്ടീസ്,attendance ഒന്നും ഒരു വിഷയമേ അല്ല,ലൈബ്രറി ഹാൾ ഞങ്ങൾക്കായി വിട്ടു തന്നു..തകർത്തു പിടിച്ച ഓർക്കെസ്ട്രാ,ഗാനമേള പ്രാക്ടീസുകൾ,സ്‌കൂൾ മാനേജ്‌മെന്റിന്റെ ചില ഒഫീഷ്യൽ ഫങ്ക്ഷനുകളിൽ ഞങ്ങൾ പോയി പരിപാടി നടത്തി ഫുഡ് അടിച്ചു തിരികെ വരും...അങ്ങനെ തകർപ്പൻ ലൈഫ്.
സ്‌കൂൾ യൂത് ഫെസ്റ്റിവൽ എത്തി,സോളോ ഗിറ്റാർ,ഓർക്കസ്ട്ര,ഗാനമേള എന്നിവയിൽ മാത്രം ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു.സോളോയിൽ എതിരാളികൾ ഉണ്ടായിരുന്നെങ്കിലും ഓർക്കസ്ട്ര, ഗാനമേള എന്നിവയ്ക്ക് എതിർ ടീം ഇല്ലായിരുന്നു. അങ്ങനെ അവിടെ നിന്ന് സബ് ജില്ലാ കലോത്സവത്തിലും ,ജില്ലാ കലോത്സവത്തിലും ഞങ്ങൾ പങ്കെടുത്തു സമ്മാനവും വാങ്ങി.ഗ്രേഡ് കുറഞ്ഞത് കൊണ്ട് സംസ്ഥാന ലെവലിൽ പോകാൻ അയോഗ്യരായി.
സ്‌കൂളിന് പുറത്തു നടന്ന മത്സരങ്ങളിലെ പ്രൈസും സർട്ടിഫിക്കറ്റും അന്ന് തന്നെ ഞങ്ങൾ കൈപ്പറ്റുമെങ്കിലും സ്‌കൂൾ ആനിവേഴ്‌സറിയുടെ അന്നാണ് സ്‌കൂളിൽ നിന്നും ഞങ്ങൾക്ക് അത് കയ്യിൽ തരുന്നത് അതുവരെ അത് പ്രിൻസിപ്പലിന്റെ റൂമിൽ വയ്ക്കും.അങ്ങനെ സ്‌കൂൾ ലൈഫിലെ അവസാന ആനിവേഴ്‌സറി. കുട്ടികളുടെ parents ഒക്കെ വരാറുണ്ടെങ്കിലും മ്മടെ വീട്ടുകാർ ഇതിലൊന്നും വരാറില്ലായിരുന്നു,..അതിനു തൊട്ടു മുൻപുള്ള വര്ഷം വരെ..!! പക്ഷെ ആ വർഷം അനിയൻ അതെ സ്‌കൂളിൽ എത്തി എന്ന വാസ്തവം ഞാൻ ഓർത്തില്ല!!അന്നും ഇന്നും മ്മക്ക് ഉള്ളതിന്റെ ഇരട്ടി സ്ഥാനം ഇളയവന് കൊടുത്തിരുന്ന വീട്ടുകാർ അനിയന്റെ സ്‌കൂൾ ജീവിതത്തിലെ ആദ്യ ആനിവേഴ്സറിയിൽ പങ്കെടുക്കണം എന്ന അവന്റെ ഉഗ്രശാസനയ്ക്കു മുന്നിൽ വഴങ്ങി. സന്ധ്യ കഴിഞ്ഞസമയത് സ്‌കൂളിന് വെളിയിൽ കൂട്ടുകാരുമായി സൊറ പറഞ്ഞു നിൽക്കാൻ നേരം അതാ വരുന്നു ഒരു പരിചയമുള്ള ബുള്ളറ്റ്.ഫുൾ ഫാമിലി!! ആദ്യമേ ഒരു കൗതുകം തോന്നിയെങ്കിലും ആ കൗതുകം ഒരു പ്രളയഭീതി ആയി മാറാൻ അധിക സമയം എടുത്തില്ല.വീട്ടുകാരുടെ നോട്ടത്തിൽ, ആ വർഷം ഗിത്താർ കൈകൊണ്ടു പോലും തൊടാത്ത ഞാൻ,സ്‌കൂളിലെ മത്സരങ്ങളിൽ (പോരാഞ്ഞിട്ട് പുറത്തും) പങ്കെടുത്തിരുന്നു എന്നറിയുമ്പോൾ ഉണ്ടാവാനിടയുള്ള ഞെട്ടൽ .സമ്മാനദാനത്തിൽ എന്റെ പേര് വിളിച്ചാൽ "മൈലാഞ്ചി അണിയാം"
അത് തന്നെ സംഭവിച്ചു,അവർ അകത്തു കയറി ഇരുന്നു,
നിമിഷങ്ങൾ യുഗങ്ങൾ പോലെ തോന്നി, കയ്യടിയേക്കാൾ ഉയരത്തിൽ നെഞ്ചിടിപ്പ് എനിക്ക് തന്നെ കേൾക്കാം,പങ്കെടുത്ത മത്സരങ്ങളിൽ പ്രോത്സാഹന സമ്മാനം പോലും കിട്ടേണ്ടിയിരുന്നില്ല  എന്ന് വരെ ആഗ്രഹിച്ചു. ഗാനമേളയുടെയും ഓർക്കസ്ട്രയുടെയും സമ്മാനം കുഴപ്പമില്ല,എന്റെ പേര് വിളിക്കില്ല, സമ്മാനം വാങ്ങാൻ പോവുന്നവരുടെ കൂട്ടത്തിൽ ഞാൻ ചെന്നില്ലെങ്കിലും കുഴപ്പമില്ല..പക്ഷെ സോളോയുടെ കാര്യം അങ്ങനല്ലല്ലോ എന്റെ പേര് തന്നെ വിളിക്കും. അങ്ങനെ ആ ദുരന്ത നിമിഷം വന്നെത്തി,
സ്‌കൂൾ ലെവൽ ഓർക്കസ്ട്ര വിളിച്ചു,ഗാനമേള വിളിച്ചു,സോളോ ഗിറ്റാർ വിളിച്ചു,ഇതേ ഫോർമാറ്റിൽ സബ്‌ജില്ലയും, ജില്ലയും വിളിച്ചു..മൂന്നു സ്ഥലങ്ങളിലും  ഞങ്ങടെ പേര്  വന്നു. സമ്മാനം വാങ്ങാൻ നേരം എന്റെ മനസിലെ ചിന്ത എങ്ങനെ വീട്ടിൽ ചെന്ന് കയറും എന്നതായിരുന്നു.
ഇതിനൊക്കെ പുറമെ,ലഡ്ഡുവിനു മുകളിലെ ഉണക്കമുന്തിരി പോലെ പ്രിൻസിപ്പലിന്റെ ഒരു ആഹ്വാനം "സ്‌കൂൾ ടീമിന്റെ ഓർക്കസ്ട്ര ഇപ്പോൾ ഉണ്ടാവും" എന്ന്...സബാഷ്!!!
എന്തായാലും പരിപാടികൾ മുഴുമിക്കാതെ വീട്ടുകാർ തിരികെപ്പോയി,യാന്ത്രികമായി ബാക്കി പരിപാടികളിൽ പങ്കെടുത്തു ഒരു എട്ടരയോടെ തോളത്തു ഒരു ബാഗും കയ്യിൽ ഗിത്താറുമായി സൈക്കിളിൽ ഞാൻ തിരികെ വീട്ടിലേക്കു തിരിച്ചു.
പ്രതീക്ഷിച്ച സ്ഫോടനം ഒന്നും നടന്നില്ലെങ്കിലും ഒരു ശശ്മാനമൂകതയാണ് പിന്നീടുള്ള ദിവസങ്ങളിൽ അവിടെ ഞാൻ നേരിടേണ്ടി വന്നത്..
ദൈവം സഹായിച്ചു SSLC ക്കു വലിയ പരിക്കില്ലാതെ പാസായതുകൊണ്ടു ശിഷ്ടകാലം ഇതിനെക്കുറിച്ച് ഒരു വിഷയമുണ്ടായില്ല, എന്തായാലും അതോടു കൂടി ഗിത്താർ വായനയ്ക്ക് നോം വിട പറഞ്ഞു (പകരം കീബോർഡിലേക്കു പ്രയാണം നടത്തി..എന്തെങ്കിലും ഒരു ദുഃശീലം ഇല്ലെങ്കിൽ പിന്നെ എന്താ ഒരു രസം!!)

Wednesday, July 8, 2020

യാ ഹബീബി..

നാടിന്റെ സുഖശീതളമായ അന്തരീക്ഷത്തിൽ നിന്നും ഗൾഫിലെ സുഖോഷ്ണപരമായ ആഴിയിലേക്കു പറിച്ചു നട്ടപ്പെട്ട നാളുകളുടെ തുടക്കം. പണി നടന്നുകൊണ്ടിരിക്കുന്ന റെംറാം പ്രൊജക്ടിൽ ഞാൻ ജോയിൻ ചെയ്തു.ഒപ്പം ഉള്ള സഹ പ്ലാനറും(ഫിലിപ്പിനോ) ഞാനും ഒരു കാബിനിലും, മാനേജർ  (മിസ്രി) ഓപ്പോസിറ്റ് കാബിനിലുമായ് അങ്കം വെട്ടൽ നടത്തിക്കൊണ്ടിരുന്ന കാലം.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യത്തിൽ  ഇടയിൽ 56 കെട്ടിടങ്ങൾ.പുത്തനച്ചിക്ക് പുരപ്പുറം കിട്ടിയ ആവേശത്തിൽ ആദ്യത്തെ ദിവസം ഒരു പിക്കപ്പിൽ ഞാനും സഹപണിയനും കൂടി സൈറ്റിൽ ഒന്ന് കറങ്ങി അടിച്ചു. ഇത് ചെറുത് എന്ന റോളിൽ 'നമുക്ക് ഡെയിലി രാവിലെ ഇവിടെ ഒന്ന് കറങ്ങണം, റൂട്ടും ബിൽഡിങ്ങുകളും മനഃപാഠം ആക്കണം..ഏതു ഉറക്കത്തിൽ ആര് വിളിച്ചു ചോദിച്ചാലും ഓരോ ബിൽഡിങ്ങിന്റെ മുക്കിന്റെയും മൂലയുടെയും പ്രോഗ്രസ്സ് പഴം പോലെ പറഞ്ഞു ഞെട്ടിക്കണം..അങ്ങനെ പിക്കപ്പിൽ ഇരുന്നു റൗണ്ടസ് അടിച്ചു ഫോട്ടോ ഒക്കെ എടുത്തു അര മുക്കാൽ മണിക്കൂര് കൊണ്ട് തിരിച്ചു കാബിനിൽ എത്തി,ഫയലുകൾ അപ്‌ഡേറ്റ് ചെയ്തു..."ഇത്രേ ഉള്ളോ പണി,പിന്നെന്താ ഒരുത്തനും ഈ പ്രോജക്ടിലേക്കു വരാൻ താല്പര്യം കാണിക്കാത്തത്" എന്ന ഞങ്ങളുടെ ന്യായമായ സംശയത്തിന് ഉത്തരം കിട്ടിയത് അടുത്ത ദിവസം ചെങ്കോലും കിരീടവും ഒക്കെ ധരിച്ചു സൈറ്റിൽ പൂവാൻ റെഡി ആയി സെക്രെട്ടറിയുടെ അടുത്ത് ഡ്രൈവറെ വിളിക്കാൻ പറയാൻ വേണ്ടി ചെന്നപ്പോൾ ആണ്.."അയ്യോ ആ ഡ്രൈവർ ഇന്നലെ ഒരു ദിവസത്തേക്ക് നിങ്ങളെ സൈറ്റ് കാണിക്കാൻ വേണ്ടി വിട്ടതാ, മൂപ്പര് ഒരാളെ ഉള്ളൂ, അങ്ങേരാണ് മുനിസിപ്പാലിറ്റിയിലേക്കും, ഷാർജയിലെ മെയിൻ ഓഫീസിലേക്കും എന്ന് വേണ്ട സ്റ്റേഷനറികൾ വാങ്ങാൻ വരെ പോകുന്നത്.ഇൻ ഷോർട്ട്,ഇനി അങ്ങോട്ട് നടരാജൻ വണ്ടിയിൽ തന്നെ സൈറ്റിൽ പോകണം..'ഇങ്ങനെയാണേൽ ഞാൻ കളിക്കുന്നില്ല' എന്നും പറഞ്ഞു സഹപണിയൻ ബുക്കും വലിച്ചെറിഞ്ഞു ഒരു പോക്ക് പോയി. ഞാൻ ഒറ്റയ്ക്ക് എവിടാ എന്താന്നു പറഞ്ഞു പോകാനാ? അവസാനം എന്തായാലും വലിച്ചു കയറ്റിയതല്ലേ, ഇനി രാജവേഷം  നാല് പേരെ കാണിച്ചിട്ട് വരാം എന്ന് കരുതി ഓഫീസിനോട് ചേർന്നുള്ള നാലഞ്ചു  ബിൽഡിങ്ങുകളിൽ കയറി പ്രോഗ്രസ്സ് എടുത്ത് പത കീറി (ഓരോന്നിനും 8  നില വച്ചുണ്ടു "ഇത് ചെറിയ കളിയല്ല ഷാനി!!") ഞാൻ കാബിനിൽ എത്തി.ഹെൽമെറ്റും സേഫ്റ്റി ഷൂസും ഒക്കെ അഴിച്ചപ്പോൾ ഒന്ന് പെറ്റെണീറ്റ സുഖം..കിതപ്പിനു ഒരു ഇന്റർവെൽ കിട്ടിയപ്പോ ഞാൻ പറഞ്ഞു "സഹോ, ഇത് നടപ്പുള്ള പണിയല്ല. പ്രോഗ്രസ്സ് എടുക്കാൻ വേറെ വഴി നോക്കിയേ പറ്റൂ"ഞങ്ങൾ മാനേജരോട് കാര്യം പറഞ്ഞു...മൂപ്പർക്ക് വണ്ടിയുണ്ട്.ഒരു ഗാലന്റ് (കമ്പനി വഹ) പക്ഷെ സൈറ്റിലേക്ക് അതിൽ പോയാൽ പണിയാകും.പുള്ളി പ്രോജക്ട് മാനേജരോട് സംസാരിച്ചപ്പോൾ സൈറ്റിലേക്ക് കോമൺ യൂസിനു വച്ചിട്ടുള്ള പജീറോ ഉണ്ട്,അത് വേണേൽ രജിസ്റ്ററിൽ എന്റർ ചെയ്തു ഉപയോഗിക്കാം..പക്ഷെ ലൈസൻസ് വേണം,എന്നോട് ചോദിച്ചപ്പോ ഞാൻ പറഞ്ഞു 'എനിക്കുള്ള ലൈസൻസ് ഇഷ്യൂ ചെയ്യാൻ സ്വല്പം നടപടികൾ കൂടി കഴിയാനുണ്ട് ,ഫൈനൽ ടെസ്റ്റ് പാസാവണം, അതിനുവേണ്ടി അപ്പ്ളൈ ചെയ്യണമെങ്കിൽ 40 ക്ലാസ് അറ്റൻഡ് ചെയ്യണം,അറ്റൻഡ് ചെയ്യാൻ വേണ്ടിയുള്ള  ലെർണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ ആദ്യമേ ഒരു ഡ്രൈവിങ് സ്‌കൂളിൽ ചേരണം" ഇങ്ങനെ ഒന്ന് രണ്ടു ചെറു കടമ്പകൾ. ബാർബറുടെ മുന്നിൽ രോമാവൃതമായ ബോഡിയുമായ് നിൽക്കുന്ന പട്ടിയെപ്പോലെ ആ വണ്ടിയുടെ താക്കോൽ എന്റെ മുന്നിൽ ഇരുന്നു.
ഇതൊന്നും നടപടിയാവില്ല എന്ന് കണ്ടു പ്രോഗ്രസ്സ് എടുക്കാൻ ഒരു വഴി കണ്ടെത്തി,രാവിലെ സൈറ്റ് റൗണ്ട്സ് കഴിഞ്ഞു വന്നു ഒന്നൊന്നര മണിക്കൂർ ബിസ്കറ്റും ടർക്കിഷ് കോഫിയും കുടിച്ചു സൊറപറയാൻ വരുന്ന ഇയാദ് എന്ന് പേരായ കൺസ്ട്രക്ഷൻ മാനേജരെ ചാക്കിടുക (മൂപ്പരും നല്ല കറകളഞ്ഞ മിസ്രി)പ്ലാനിങ് മാനേജരെ കൊണ്ട് പറയിപ്പിച്ചു അക്കാര്യം ക്ലിയർ ആക്കി..അടുത്ത ദിവസം ഞാൻ ഫയൽ ഒക്കെ റെഡി ആക്കി ഇയാദിനെ പ്രതീക്ഷിച്ചിരുന്നു, കയ്യിൽ ഒരു ചെറിയ കപ്പു ടർക്കിഷുമായി മൂപ്പര് എത്തി എന്റെ അടുത്തുള്ള കസേര വലിച്ചിട്ടു ഇരുന്നു."യാ മഅല്ലിം ഹൽ അഖ്‌ദം ലക്കും അൽത്തഹ്ദീത് " എന്ന് ചോദിച്ചതും, ആ 'ഹൽ" എന്നതിന്റെ "ഹ"യുടെ കാറ്റ് എന്റെ മൂക്കിലേക്കും ഒന്ന് അടിച്ചതും മാത്രമേ എനിക്ക് ഓര്മയുള്ളു. ശിവനേയ് !!!കൊച്ചി ഇവിടെ എത്തിയോ? എന്ന് വരെ ചിന്തിച്ചു പോയി .  എങ്ങനൊക്കെയോ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നത് പരമാവധി കുറച്ചും പുറത്തേക്കു വിടുന്ന ശ്വാസത്തിനൊപ്പം വിങ്ങിപ്പൊട്ടി നിൽക്കുന്ന വാൾ ഉറയിൽ നിന്നും ഊരിത്തെറിച്ചു പോവാതിരിക്കാനും പെടാപ്പാടു പെട്ട് ഒരു 2 -3 മിനിറ്റിനുള്ളിൽ ഞാൻ അധികം ബുദ്ധിമുട്ടിക്കാതെ (എന്നെ) പ്രോഗ്രസ് എടുത്തു മൂപ്പർക്ക് സലാമ് പറഞ്ഞു, പഹയൻ പോവാതെ അവിടിരുന്നു ഫോൺ വിളിക്കാൻ ഒക്കെ തുടങ്ങി, ഇതിനിടയിൽ ഞാൻ ഒരു Format ശരിയാക്കി മൂപ്പർക്ക് പ്രിന്റ് എടുത്തു കൊടുത്തിട്ടു പറഞ്ഞു "ഇനി ഇതിൽ പ്രോഗ്രസ്സ് ഉള്ളവ മാത്രം ഫിൽ ചെയ്തു നിങ്ങളുടെ ടേബിളിൽ വച്ചാൽ മതി,ഞാൻ വന്നു എടുത്തുകൊള്ളാം. അവസാനം മൂപ്പര് പോയ ശേഷം ഞാൻ ജനൽ തുറന്നു ഉള്ള ഫ്രഷ് എയർ മുഴുവൻ വലിച്ചു കയറ്റി.ജനിച്ച ശേഷം ഇന്നേവരെ പല്ലുതെക്കാത്ത ഒരുവനാണോ അവൻ എന്ന് ഞാൻ ചിന്തിച്ചതിൽ കുറ്റം പറയാൻ പറ്റില്ല..അജ്‌ജാതി ഐറ്റം.ടൂത്ബ്രഷ് കണ്ടാൽ അത് ബ്രഷ് മോപ്പിന്റെ കളിക്കാനുള്ള  മിനിയേച്ചര് രൂപം ആണെന്നാവും അവർ ധരിച്ചിരിക്കുന്നത്...ടൂത് പേസ്റ് എന്നാൽ ഫേസ് ക്രീം പോലെ എന്തോ ഒരു സാധനവും..
അടുത്തദിവസം,പേപ്പർ ഫിൽ ചെയ്യാൻ പറഞ്ഞിട്ട് അത് ചെയ്യാതെ മൂപ്പര് വീണ്ടും നേരിട്ട് പ്രോഗ്രസ്സ് തരാൻ വന്നു (പിന്നേം പണി) ഞാൻ ഉടൻ സിസ്റ്റത്തിനുള്ളിലേക്കു മുഖം പൂഴ്ത്തി സഹ പണിയനോട് പറഞ്ഞു "ഡേയ് നീ മൂപ്പരുടെ കൂടെ ഇരുന്നു ആ പ്രോഗ്രസ്സ് ഒന്ന് എഴുതി മേടിക്കു..ഞാൻ പിന്നെ അപ്‌ഡേറ്റ് ചെയ്തോളാം,ഒരു അർജന്റ് റിപ്പോർട്ട് സീനിയർ പിഎം നു കൊടുക്കാൻ ഉണ്ട്...എന്നിട്ടു കസേര ഞാൻ തന്നെ പൊക്കി എടുത്തു മിസ്രിയുടെ അടുത്തേക്ക് വച്ച് കൊടുത്തിട്ടു ,ഓടി തിരികെ വന്നു എന്റെ സീറ്റിൽ ഇരുന്നു .."യാ ഹബീബി,കൈഫ് അൽ ഹാൽ" എന്ന ഹംസധ്വനി ഉയർന്നതും ലൗ ബേർഡ്സിന്റെ കൂട്ടിൽ കയറിയ പോലെ കിളികളുടെ കൂട്ടക്കരച്ചിൽ ഉയർന്നതും കേട്ടു.'സഹ'ന്റെ മറുപടി ഒന്നും കേൾക്കാഞ്ഞപ്പോൾ ഒന്ന് മനസിലായി,"ഹബീബി,ഹാൽ"ഈ രണ്ടു വാക്കുകളും നല്ല ഫ്ലോയിൽ തന്നെ ,ഫിലിപ്പിനോയ്ക്ക് കിട്ടി എന്ന്..അവസ്ഥ എന്താണെന്നറിയാൻ ഞാൻ എത്തി നോക്കിയപ്പോൾ ലവൻ "ഹായ് ബ്യുട്ടിഫുൾ പീപ്പിൾ " എന്നൊക്കെ പറഞ്ഞു സ്പൈക്ക്  മുടിയായി ഇരിക്കുന്നു!!
അവൻ എന്നോട് പറഞ്ഞു "ഹെന്റെ പൊന്നളിയാ,ആ 56 ബിൽഡിങ്ങിലും ഞാൻ ഒറ്റയ്ക്ക് പോയി പ്രോഗ്രസ്സ് എടുത്തു കൊണ്ട് വന്നു തന്നു കൊള്ളാം,ഇതിലും ഭേദം അതാണ്.."
എന്തായാലും ഉള്ളതിൽ ഏറ്റവും നിരുപദ്രവകാരിയായ, കുളിയും ജപവുമൊക്കെ ഉള്ള ഒരു ഒരു ഈജിപ്ഷ്യനെ തപ്പി എടുത്തു അവനെ പ്രോഗ്രസ്സ് റിപ്പോർട്ട് ചെയ്യാൻ ഏൽപിച്ചു  (സച്ചിൻ ടെണ്ടുൽക്കറെ അറിയാത്ത ഒരു ഇന്ത്യാക്കാരനെ  കണ്ടെത്താൻ ഇതിലും എളുപ്പം ആയേനെ )
ഇന്ന് ഇത് ഓർക്കാൻ കാരണം..കൊറോണ വന്നു മാസ്ക് ധരിച്ചു മാത്രം പുറത്തു ഇറങ്ങേണ്ട ഒരു സാഹചര്യം വന്നപ്പോൾ ആ പഹയൻ മാസ്ക് ധരിച്ച ശേഷം ശ്വാസം വിടുമ്പോൾ അവന്റെ സ്വന്തം ഗതി എന്തായിക്കാണും എന്നൊരു കൗതുകം.. അതിനേക്കാളേറെ..എങ്ങാനും അബദ്ധത്തിൽ ആ മാസ്കിനുള്ളിലേക്കു ഒരു കൊറോണ വയറസ് കയറിപ്പെട്ടുപോയാൽ ഉള്ള അതിന്റെ ഒരു ദുരവസ്ഥ കൂടി ചിന്തിച്ചു നോക്കിയപ്പോൾ ഒരു ചെറുതല്ലാത്ത  കൗതുകം തോന്നി. ഒരുപക്ഷെ രക്തസാക്ഷി ആവേണ്ടി വരുന്ന ആ വയറസിന്റെ ദയനീയ മരണം കാണുന്ന ബാക്കി   വയറസുകൾ ജില്ല വിട്ടു ഓടിയേനെ.. ...

Tuesday, July 7, 2020

ചുട്ട കോഴിയെ പറപറപ്പിച്ചവൻ

സ്‌കൂളിങ്ങ്  കാലഘട്ടത്തെ ഞായറാഴ്ചകൾ ഞാൻ കാത്തിരിക്കാൻ കാരണം, അന്നാണ് ടീവിയിൽ രാമായണം സീരിയൽ രാവിലെ ഉള്ളത്..എന്നതും, ഒപ്പം ആഴ്ചയിൽ അന്ന് ആണ് വീട്ടിൽ ഉച്ചയ്ക്കത്തേക്കു  ഇറച്ചിക്കറി വയ്ക്കുന്നത് എന്നതും ആയിരുന്നു.. ഇറച്ചി എന്ന് പറഞ്ഞാൽ നല്ല ഒന്നാന്തരം ബീഫ്, മസാല ഒക്കെ ചേർത്ത് കുക്കറിൽ വയ്ക്കും..ഒപ്പം ഉച്ചയ്ക്ക്  നല്ല  കുത്തരി ചോറും,കച്ചംബറും അച്ചാറും പപ്പടവും, പിന്നെ വൈകുന്നേരം കൊച്ചുകടപ്പാലത്തിനു അടുത്തുള്ള ജാസ് ഹോട്ടലിൽ നിന്ന് വാങ്ങിക്കുന്ന പൊറോട്ട വാങ്ങി ലെഫ്റ്റ്ഓവർ കറിയും കൂട്ടി തട്ടും.. (ഞായറാഴ്ച അല്ലാത്ത ചില ദിവസങ്ങളിൽ ഇടക്കാലാശ്വാസം എന്നോണം ജാസിൽ നിന്നും പൊറോട്ടയും ബീഫും വാങ്ങുമായിരുന്നു...കനൽ നിറച്ച ഒരു വട്ട സ്റ്റവ്വിൽ വച്ചിരിക്കുന്ന ബേസിനിൽ സദാ സമയവും ഗുളു ഗുളു ഗുളു എന്ന മാസ്മരിക ശബ്ദം ഉയർത്തി തിളച്ചു കൊണ്ടിരിക്കുന്ന ബീഫിൽ നിന്നും ഒരു തവിയിൽ കോരി പാർസ്സ്ൽ വാങ്ങാൻ കൊണ്ട് പോവുന്ന പാത്രത്തിലേക്ക് തട്ടുന്നതും ഒപ്പം സൈഡിൽ ഉള്ള ചില്ലലമാരയിൽ നിന്നും ചൂട് പൊറോട്ട വാഴയിലയിലും പിന്നീട് പേപ്പറിലും ആക്കി പൊതിഞ്ഞു തരുന്നതും മനസ്സിൽ തങ്ങി നിൽക്കുന്ന രുചി ഓർമ്മകളിൽ ഒന്നാണ്...)
അന്നൊക്കെ ഞായറാഴ്ചയിലെ രാമായണത്തോടൊപ്പം പകുതി ശ്രദ്ധ അടുക്കളയിൽ നിന്നും വരുന്ന മസാലക്കൂട്ടുകളുടെ മണത്തിലും ആയിരുന്നു..കുക്കറിൽ നിന്നുയരുന്ന പേടിപ്പെടുത്തുന്ന ഓരോ വിസിലും, എന്റെ മനസ്സിൽ ഒരു ഏ.ആർ.റഹ്‌മാൻ സംഗീതം പോലെ കുളിരായിമാറി ആയിരുന്നു വന്നു വീണിരുന്നത് ...വിസിലിന്റെ ശബ്ദം അല്പം പേടി ആയിരുന്നതിനാൽ ഓരോ വിസിലും കഴിഞ്ഞ ശേഷം ആ ആവിയുടെ ഗന്ധം ആവോളം വലിച്ചു കയറ്റാൻ മൂക്കുമായി ഓരോ റെയ്‌ഡ്‌ നടത്തിയിരുന്നു ഞാൻ ..
അന്നൊക്കെ, വില കാരണം ആണോ,അതോ ഇനി Deficit of Availability കൊണ്ടാണോ എന്നറിയില്ല,  ചിക്കൻ എന്നത് ഒരു ആഡംബരം ആയിരുന്നു ..പെരുന്നാളിന് പോലും ബീഫ് കറി വച്ചിരുന്ന വീടുകളിൽ ആകെപ്പാടെ ചിക്കൻ വാങ്ങുന്നത് ഗൾഫിൽ നിന്ന് വരുന്ന, അല്ലെങ്കിൽ വിവാഹം കഴിഞ്ഞു വിരുന്നിനു വരുന്നവരെപ്പോലെയോ ഒക്കെ ഉള്ള  വല്ല പ്രമുഖ വിരുന്നുകാർ വരുമ്പോൾ മാത്രമായിരുന്നു (ബ്രോയിലർ ചിക്കൻ എന്നൊന്നും അത്ര കോമൺ ആയി കേട്ടിരുന്നില്ല )..അന്ന് ഒരു ഉത്സവ പ്രതീതി ആണ്..ആയുധം വച്ചുള്ള കളിയ്ക്ക്  കാണിക്കുന്ന സൂക്ഷ്മത പോലെ ചിക്കൻ കറി വെയ്ക്കാൻ അന്ന് എല്ലാവരും അതീവ സൂക്ഷ്മതയോടെയേ ജോലി ചെയ്യൂ...കുട്ടികൾക്ക് റെയിഡ് നിരോധനം ആണ്..കടുകിട തെറ്റി കറി കുളമായാൽ,ബീഫ് പോലെ അല്ല...അതൊരു അഭിമാനക്ഷതവും പരാജയവുമായി മുദ്രചാർത്തപ്പെടും..ബീഫ് കറി, മോഡൽ എക്സാം  ആണെങ്കിൽ ചിക്കൻ കറി ഭാവി നിർണ്ണയിക്കുന്ന SSLC പരീക്ഷ ആണ് ..അന്ന് എല്ലാവരും പോയി കഴിഞ്ഞു യുദ്ധം കഴിഞ്ഞ യുദ്ധഭൂമി ആയ കുക്കറിൽ നിന്നും മുക്കി നക്കാൻ വല്ല ചാറും കിട്ടിയാൽ തന്നെ  ഈ "ജോജി" ഹാപ്പി ആവുമായിരുന്നു.എന്തുകൊണ്ടോ ബീഫിന്റെ ഡാർക്ക് കളർ പീസിനോടുള്ള ഒരു താല്പര്യം, വെള്ളക്കാരനായ ചിക്കൻ പീസിനോട്  (കിട്ടാനുള്ള സാധ്യത വിരളമായതുകൊണ്ടും കൂടി) വല്യ താല്പര്യം ഇല്ലായിരുന്നു..
അങ്ങനിരിക്കെ ഒരു വെക്കേഷൻകാലത്തു തറവാട്ടിൽ പോയ സമയത്തു പതിവ് കളികളും ബഹളങ്ങളും മരത്തിൽ കയറ്റവും ഒക്കെയായി അടിച്ചു പൊളിച്ചു നടക്കാം എന്നതിനോടൊപ്പം ,വലിയുമ്മ വളർത്തുന്ന കോഴികളിൽ ഒന്നിനെ ഇടയിൽ ഒരു ദിവസം പൊരിച്ചു  തരും എന്ന സന്തോഷവും ഉണ്ട് . ഇടയിൽ ഒരു ദിവസം ഞങ്ങൾ എല്ലാവരും ഊണ് കഴിക്കാൻ ഇരിക്കവേ,  ഇളയമാമൻ (തൊഴിൽ രഹിതൻ,22 വയസ്സ്)കൂട്ടുകാർക്കൊപ്പം പെട്ടെന്ന് വീട്ടിലേക്കു വന്നിട്ട് വലിയുമ്മയോടു  ആ അത്ഭുത പ്രഖ്യാപനം നടത്തി "ഉമ്മാ, ഒരു സ്‌പെഷ്യൽ സാധനം കിട്ടാൻ സാധ്യത ഉണ്ട്. വളരെ Rare പീസ് ആണ്,വേറൊന്നുമല്ല,'കരിങ്കോഴി' എന്നൊരു സാധനം..ഒരു രക്ഷയുമില്ലാത്ത ഔഷധ ഗുണമാണ്, കറി ആക്കിയാൽ ഗുണം പോകും,വാപ്പ തൽകാലം ഊണ് കഴിക്കണ്ട,വെറും വയറ്റിൽ ഇവനെ അങ്ങോട്ട്  ചുട്ടു കഴിച്ചാലുണ്ടല്ലോ ഫസ്റ്റ് ഗിയറിൽ നടക്കുന്ന വാപ്പ ടോപ് ഗിയറിൽ കയറ്റം വരെ കയറും..അജ്‌ജാതി സാധനം..പക്ഷെ വില അല്പം കൂടുതലാണ്..ഉമ്മ പൈസ ഒപ്പിച്ചു തന്നാൽ മാത്രം മതി, വാങ്ങി കൊണ്ടുവന്നു കഴിഞ്ഞു  ഒന്ന് അറുത്തു തന്നാൽ  പിന്നെ നിങ്ങളാരും ഒന്നും അറിയണ്ട, പൂട പറിച്ചു ശരിയാക്കി, അടുപ്പു കൂട്ടി ചുട്ടു  പ്ളേറ്റിൽ ആക്കി തരുന്നത് വരെ എന്റെ ഫുൾ responsibility. ..ഉടനെ പോയാൽ സാധനം കിട്ടും...."അങ്ങനെ ഒട്ടനവധി വാദപ്രതിവാദങ്ങൾക്കു ശേഷം വലിയമാമ കൊടുത്ത പൈസ കൊണ്ട് കക്ഷി കൂട്ടുകാരുമായി  കരിങ്കോഴിക്കായി ഇറങ്ങി തിരിച്ചു. ഒരു ശരാശരി കുടുംബത്തിന് താങ്ങാവുന്ന ബോർഡറിൽ നിൽക്കുന്ന സാദാ കോഴിയുടെ വിലയേക്കാൾ ഏകദേശം ഇരട്ടി വില ഉണ്ട് കരിങ്കോഴിക്ക്,കാരണം നേരത്തെ പറഞ്ഞപോലെ മൂപ്പരിൽ ഔഷധ ഗുണമുണ്ട്. !!
ഇത്രയേറെ Built up ഒക്കെ നല്കപ്പെട്ടതുകൊണ്ടു തന്നെ മാമൻ കോഴിയുമായി വരുന്നത് കാണാൻ, ബഷി ജൂവലേഴ്സിന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടി വരുന്നത് കാണാൻ കൂടിയ ആളുകളേക്കാൾ ഉത്ഘണ്ടയോടെ ഞങ്ങൾ  കാത്തു നിന്നു. എന്തായാലും സമയം കുറേ കഴിഞ്ഞു ഒരു ബൈക്കിന്റെ പിറകിൽ പാറിപ്പറക്കുന്ന കരിങ്കോഴിയെയും പിടിച്ചു മാമൻ എത്തി.  ഒരു കാലിൽ ചരട് കെട്ടി അറസ്റ്റു ചെയ്യപ്പെട്ട നിലയിൽ ഉള്ള കരിങ്കോഴിയെ കുറച്ചു നേരം കാണികളുടെ മുന്നിൽ നിർത്തി ഷോ നടത്തി. ഞങ്ങൾ ആരും അതിനെ തൊടാനോ, എന്തിനു, അടുത്തേക്ക് പോകാൻ പോലും പാടില്ല എന്ന് മെമോ വരെ അടിച്ചു..കോഴി വിരണ്ടാൽ ഔഷധവീര്യം കുറയുമത്രെ.ബിസ്മി ചൊല്ലി അറുക്കാൻ വല്യ മാമ വന്നു.അറുത്തു കൊടുത്തു.പിന്നെ എല്ലാം ധൃതഗതിയിലായി, മാമ പൂട പറിക്കുന്നു,കോഴിയെ കഴുകുന്നു,കൂട്ടുകാരിൽ ഒരാൾ അടുപ്പിനുള്ള വിറകു ഒരുക്കുന്നു,ഒരാൾ പച്ചമുളകും കുരുമുളകും  അരയ്ക്കുന്നു,എന്ന് വേണ്ട ആകെമൊത്തം ടോട്ടലി, സദ്യ നടക്കുന്ന പന്തലിലേക്ക്  വവ്വാൽ പറന്നു കയറിയ ഒരു ഫീൽ!! വലിയുമ്മ തന്റെ എക്സ്പീരിയൻസ് വച്ച് ഇടയ്ക്ക് ഓരോ അഡ്വൈസ് നൽകാൻ വരും,ഉടനെ മാമൻ ഓടിച്ചു വിടും.."ഉമ്മ ഒന്ന് പോയി തരാവോ ,ഇത് ഞങ്ങൾ ശരിയാക്കിക്കൊള്ളാം.."എന്ന റോളിൽ..
അങ്ങനെ,ജീവിതത്തിൽ ആദ്യമായി കോഴിയെ തന്തൂരി ആക്കുന്നത് കാണാൻ  ചുറ്റും കൗതുകത്തോടെ നിൽക്കുന്ന കാണികളുടെ ( ഞങ്ങൾ)  മുന്നിൽ വിറകടുപ്പ് ശരിയായി.  വരഞ്ഞ കോഴിയുടെ മുകളിൽ മാമന്റെ സ്‌പെഷ്യൽ റെസിപ്പി അണിഞ്ഞു കരിങ്കോഴി,പാചകറാണി ലക്ഷ്മി നായർ സാരി ഉടുക്കുന്നത് പോലെ,പൂർണ്ണമായി മസാലയിൽ മുങ്ങാതെ  ചില ഭാഗങ്ങൾ വെളിവാക്കിയും അല്ലാതെയും  ഒരുങ്ങി വന്നു . ശേഷം രണ്ടു മൂന്നു വാഴയില ഒക്കെ വാട്ടി എടുത്തു അതിൽ കോഴിയെ വച്ച് വാഴവള്ളി കൊണ്ട് കെട്ടി,മാമന്റെ കൂട്ടുകാർ ആൾറെഡി കത്തിച്ചു തുടങ്ങിയ വിറകടുപ്പിന്റെ നടുവിലേക്ക്, ആംപിയർ കറക്ട് ആക്കി ബുള്ളറ്റ് സ്റ്റാർട് ചെയ്യുന്നതിനേക്കാൾ സൂക്ഷ്മതയോടെ  വച്ചു. മുകളിൽ ചൂട് കിട്ടാൻ വേണ്ടി  കുറച്ചു വിറകു മുകളിലും ആക്കി ബാർബിക്യൂ തുടങ്ങി.
തൻ്റെ ഊണ് പോസ്റ്റ്-പോൺ ചെയ്യിച്ച ഇളയ സന്തതിയുടെ പ്രവർത്തിയിൽ കലിപ്പ് ഉണ്ടെങ്കിലും, ഒരു നല്ല കാര്യത്തിന് വേണ്ടി ആണല്ലോ എന്ന സന്തോഷം ഉള്ളതിനാൽ വലിയുപ്പ ഇടയ്ക്ക് വന്നു ഓരോ ഓൺസൈറ്റ് വിസിറ്റ് നടത്തി..ഞങ്ങൾ അക്ഷമയോടെ നോക്കി നിന്ന്...'ചുട്ട കോഴിയെ പറപ്പിച്ചവൻ' എന്നൊക്കെ അന്നും കേട്ടിട്ടുള്ള ഒരു പ്രയോഗം ആയതു കൊണ്ട് ഈ അടുപ്പിൽ നിന്നും 'കോഴി പറക്കുമോ' എന്നറിയാനായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ ആകാംക്ഷ. ഹവ്വെവർ സമയം നീണ്ടു പോയി, വലിയുമ്മ ഇടയ്ക്കു പ്രോഗ്രസ്സ് റിപ്പോർട് ചോദിക്കാൻ വരുമ്പോൾ മാമൻ വഴക്കുണ്ടാക്കി ഓടിച്ചു വിടും..'ഉമ്മാ ഇത് ആപ്പ ഊപ്പ കോഴിയല്ല, കരിങ്കോഴിയാണ് കരിങ്കോഴി..ഇത് അങ്ങനെ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല..ഓരോന്നിനും ഓരോ കണക്കുണ്ട്..ആ റെസിപ്പി എഴുതിയ പേപ്പറും കാണിച്ചു കൊടുത്തു For Solid proof. ഇടയ്ക്കു തീ അണഞ്ഞപ്പോൾ വെളിച്ചെണ്ണ തളിക്കുകയും അതിൽ നിന്ന് വരുന്ന പുകയിൽ 'പറക്കുന്ന കോഴി ഉണ്ടോ' എന്ന് നോക്കുകയും ചെയ്തു ഞങ്ങൾ നിന്നു..അവസാനം സെക്കന്റുകളും മിനുട്ടുകളും ഒക്കെ കടന്നു മണിക്കൂറുകൾ ആവാറായപ്പോൾ തീ ഒക്കെ അണഞ്ഞു 'ഉമ്മാ,ഒരു പാത്രവും രണ്ടു തവിയും ഇങ്ങു എടുത്തുകൊണ്ടുവാ"എന്ന് പറഞ്ഞതിന് പ്രകാരം വലിയുമ്മ സാമഗ്രികളുമായി എത്തി.സ്വർണ്ണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ മാമ രണ്ടു തവി ഒക്കെ വച്ചു കത്തി തീർന്ന വിറകുകൾ നീക്കി പൊതി എടുത്തു പ്ളേറ്റിൽ വച്ച്...മുകളിലെ കരിഞ്ഞ വാഴയിലയുടെ ലേയറുകൾ നീക്കി. കോഴി പറക്കുന്നത് കാണാൻ കഴിയാഞ്ഞതിൽ ഞങ്ങൾ സംഘം അതൃപ്തി പ്രകടിപ്പിച്ചു. അറ്റ്ലീസ്റ്റ് ചുട്ട കോഴി കാണാൻ എങ്ങനുണ്ടാവും എന്ന് കാണാൻ നോക്കി നിന്നു.ലേയറുകൾ മാറ്റിക്കഴിഞ്ഞു വീണ്ടും കറുത്ത ലേയർ കണ്ടു അതും  മാറ്റാൻ നോക്കിയപ്പോൾ ആണ് മാമൻ ആ നഗ്നസത്യം മനസിലാക്കിയത്..പ്രൊട്ടക്ഷൻ ലെയറും,ബോഡിയും  കടന്നു കരിങ്കോഴിയുടെ എല്ലു വരെ കരിഞ്ഞിരിക്കുന്നു (അക്ഷരാർത്ഥത്തിൽ മരിച്ച ശേഷവും ആ കോഴി കരിങ്കോഴി ആയി)
കോഴിയെ വേറെ പ്ളേറ്റിലേക്കു മാറ്റാൻ പ്ളേറ്റുമായി നിൽക്കുന്ന വലിയുമ്മയെ നോക്കുന്നതിനേക്കാൾ ഭയം, ആ സമയം ജനലിനടുത്തു ഉച്ചയൂണ് പോലും ഇതിനു വേണ്ടി ഒഴിവാക്കി വയറിനകത്തു ഗുഡ്സ് ട്രെയിൻ പോകുന്ന ഒച്ചയുമായി കാത്തിരിക്കുന്ന വല്ല്യാപ്പയെ നോക്കാൻ ആയിരുന്നു.
'അളിയാ പണി പാളി' എന്ന് പറയാൻ മാമൻ കൂട്ടുകാരെ തിരിഞ്ഞു നോക്കാൻ തുടങ്ങിയ നേരത്തു തന്നെ മുറ്റത്തു ബൈക്കുകൾ സ്റ്റാർട്ട് ചെയ്യുന്ന സൗണ്ട് കേട്ട്...അനിക്സ്പ്രേ പോലെ പിന്നീട് അവരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ.."ഇത് കരിങ്കോഴിയാണ്..അങ്ങനെ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല..ഓരോന്നിനും ഓരോ കണക്കുണ്ട്..അല്ലേടാ .." എന്ന വലിയുമ്മയുടെ ചോദ്യത്തിനും മൂപ്പർ Mute അടിച്ചു നിന്നു..മാനം പോയ സങ്കടത്തിൽ,എന്തെങ്കിലും ഒരു രക്ഷ തേടി മൂപ്പര് ആ 'കരി'ങ്കോഴിയെ കുത്തിയിളക്കി എന്തെങ്കിലും കരിയാത്ത ഭാഗം കിട്ടുമോന്നു നോക്കി..സോമൻ വീണ്ടും ഊളയായി എന്നല്ലാതെ ഒന്നുമുണ്ടായില്ല. എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും എന്നോർത്ത്, ഭാവിയിൽ ഈ സംഭവം ഒരു തീരാ കളങ്കമായി മാറുമല്ലോ എന്ന്  വ്യാകുലപ്പെട്ടു മൂപ്പര് നിലത്തു കുത്തിയിരുന്നു..
വാൽകഷ്ണം: പാചകത്തിനിടയിൽ വലിയുമ്മായെ ഓടിച്ചു വിട്ടതിനു ഒരു ഒന്നൊന്നര പ്രതികാരം വലിയുമ്മ കൊടുത്തതു അടുത്ത ദിവസമായിരുന്നു..രാവിലെ മുറ്റത്തു പണിക്കാർക്കൊപ്പം സൂപ്പർവിഷൻ നടത്താൻ നിന്ന മാമയോട് വലിയുമ്മ "ഡാ,ഇന്നലത്തെ ചുട്ട കോഴിയുടെ ബാക്കി വല്ലതും ഇരിപ്പുണ്ടോ?" എന്ന് ചോദിച്ചു..
ഇവൻ കോഴിയെ ഒക്കെ ചുടുമോ?എന്ന റോളിൽ പണിക്കാര് മാമനെ നോക്കി' അവരുടെ നോട്ടം "മാമ" എന്ന ടാർജെറ്റിനെ ലോക്ക് ചെയ്ത ഉടനെ ആണ് വലിയുമ്മായുടെ സ്‌ട്രൈക്കിങ് ഡയലോഗ് "ഇവിടെ ഉമിക്കരി തീർന്നു, പല്ലു തേക്കാനെങ്കിലും  അതെടുക്കാമല്ലോ എന്ന് കരുതിയായിരുന്നു......ഹും!!കൊടന്തിളപ്പൻറെ ഒരു കരിങ്കോഴി ചികിത്സ " എന്ന്. അതിനു മൂപ്പര് ഒന്നും മിണ്ടാതെ നിന്ന നില്പിനു് ,ശ്രീനിവാസൻ വാതിലിൽ കൈ വച്ച്  നിക്കുന്ന ഏതാണ്ട് അതെ ഭാവം ആയിരുന്നു
Plain Memes Of Sreenivasan In Kuttymama