Wednesday, June 24, 2020

കേശ വര്‍ദ്ധിനീ തൈലവും കുറെ ആശംസകളും


സ്കൂള്‍ കാലഘട്ടം .....
ഒന്‍പതാം ക്ലാസില്‍ 'ചുമ്മാ ഇരിക്കുന്ന സമയം' (ഇനി 'പഠിക്കുന്ന സമയം' എന്നെഴുതിയിട്ടു നിങ്ങളെ വെറുതെ നെറ്റി ചുളിപ്പിക്കണ്ടല്ലോ)
ഓരോ ദിവസവും എന്തേലുംഏടാകൂടം നമ്മള്‍ എങ്ങനെ എങ്കിലും ഒപ്പിക്കുമായിരുന്നല്ലോ ...ഏത്‌ ?

ഒരു ബെഞ്ചില്‍ നാല് പേര്‍ ആണ് അന്ന് ഇരിക്കുന്നത്...നാലല്ല പത്തു പേര്‍ ആയാലും ഞാന്‍ ഉണ്ടേല്‍ അജ്മല്‍ കാണും അജ്മല്‍ ഉണ്ടേല്‍ ഞാന്‍ കാണും....അങ്ങനെ ആ വര്‍ഷവും ഞങ്ങള്‍ ഒരുമിച്ചു ഇരിക്കുന്നു....
ഒപ്പം ഇരിക്കുന്ന മഹാന്മാര്‍ ഞങ്ങളെയും സഹിച്ചു ഇരിക്കും. സാര്‍ ഇല്ലാത്ത പിരീഡില്‍ സംസാരിക്കുന്നവരുടെ പേര് എഴുതാന്‍ ലീഡര്‍ പോയി നില്‍കും....എന്തുകൊണ്ടോ എന്തോ,ഒരു നിയമം ഉണ്ടാക്കിയാല്‍ അത് ലംഘിചില്ലേല്‍ ഞങ്ങക്ക് പെട്രോൾ വില കൂട്ടാതെ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വരുന്ന നമോയെപ്പോലെയാ,വല്ലാത്ത ഒരു വൈക്ലബ്യം . 'ക്ലാസിൽ സംസാരിക്കരുത്' എന്ന് പറയുമ്പോള്‍ ഞാനും അവനും ചുണ്ട് അനക്കാതെ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കും..എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കും .ഞങ്ങടെ ആ ടെക്നിക്‌ ഞങ്ങടെ ഒപ്പം ഇരിക്കുന്ന ജോസ്‌ ലീഡർക്ക് പറഞ്ഞു കൊടുത്തു....അതോടെ ആ പണി പാളി...രണ്ടു പ്രാവശ്യം അടി കിട്ടിയപ്പം ഞങ്ങള്‍ സ്ട്രാറ്റജി മാറ്റി. വറുത്ത പുളിങ്കുരു അജ്മല്‍ വീട്ടീന്നു കൊണ്ട് വരും..എന്നിട്ട് ക്ലാസ്‌ നിശബ്ദം ആയി ഇരിക്കുമ്പോള്‍ ഞങ്ങള്‍ കറുമുറാ എന്ന് വായിലിട്ട് ചവയ്ക്കും .ലീഡർ പേര് എഴുതാമെന്നു കരുതിയാൽ, ഞങ്ങൾ സംസാരിക്കുന്നതും ഇല്ല എന്നാല്‍ ഒച്ച ഉണ്ടാവുന്നും ഉണ്ട്...
അപ്പൊ ലീഡര്‍ക്ക് ആകെ ചൊറിച്ചില്‍ ആയി...
ഞങ്ങടെ സംസാരം നിര്‍ത്തിച്ച ജോസിനെ അന്നെ ഞാനും അജ്മലും സ്കെച്ച് ചെയ്തു എന്ന് ജോസിന് മനസിലായതോട് കൂടി അവന്‍ ഞങ്ങളില്‍ നിന്നും ഒരു പാര പ്രതീക്ഷിച്ചു ആണ് നടപ്പ്....
ദേഹോപദ്രവം വഴി ആണോ,വേറെ വല്ല ഏണിയും ആണോ എന്നാ കണ്ഫ്യൂശന്‍ മാത്രമേ അവനു ഉള്ളു ....
ഈ ജോസിന്റെ അപ്പച്ചൻറെ  തല നല്ല ഒന്നാന്തരം തരിശുഭൂമി ആണ് ലോക്ക്ഡൗൺ കാലത്തെ ഹൈവേ പോലെ അവിടെയും ഇവിടെയും ഓരോ മുടികൾ കാണാം  ...ആ ഒരു ഗുണം ദൈവം സഹായിച്ചു അവനും ആവുംവിധം  ഉണ്ട്....ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം തന്നെ അവൻ്റെ തലയില്‍ റണ്‍വേ തെളിയാന്‍ തുടങ്ങി.....
ഇക്കാര്യത്തിൽ ആൾറെഡി ചെറിയ ഒരു കോംപ്ലക്സിൽ നിൽക്കുന്ന അവനെ ചൂടാക്കാൻ എരിതീയില്‍ എണ്ണ എന്നത് പോലെ ഞാനും അജ്മലും കൂടി വൈകുന്നേരം ആവുമ്പോള്‍ ''അളിയാ നിൽ!!" എന്ന് പറഞ്ഞു അവനെ പിടിച്ചു നിർത്തി  അവൻ്റെ മുഖത്ത് നോക്കി മുടി ചീകാന്‍ തുടങ്ങി...അവനു ആകെ ഡൌട്ട് അടിച്ചു ഞങ്ങളോട് ചോദിച്ചു “എന്തോന്നെടെയ്‌ %$%$% നീ ഒക്കെ എന്തിനാ എന്റെ മുഖത്ത് നോക്കി മുടി ചീകുന്നെ?”
സ്വാഭാവികം ആയ സംശയം...
ഞാന്‍ പറഞ്ഞു “അളിയാ...ഇവിടെ വേറെ കണ്ണാടി ഇല്ല,നിൻറെ നെറ്റിയില്‍ ആണേല്‍ നല്ല റിഫ്ലക്ഷന്‍ ഉണ്ട്,അതില്‍ ഞങ്ങടെ മുഖം ശരിക്കും കാണാം...”

മച്ചാന്‍ ആകെ ഡെസ്പ് അടിച്ചു....
രണ്ടു ദിവസം കഴിഞ്ഞു ഞാനും അജ്മലും ഞങ്ങളുടെ പ്ലാനിന്റെ രണ്ടാം ഘട്ടം തുടങ്ങി...
അവനും ഞാനും ഇരുന്നു ഒരു സാങ്കല്പിക വൈദ്യനെ അങ്ങ് സൃഷ്ടിച്ചു...ഒരു പേരും നല്‍കി “അഗസ്ത്യന്‍ വൈദ്യന്‍” എന്നിട്ട് അയാളുടെ മരുന്നുകളെ കുറിച്ച് ചര്‍ച്ചയും...
പയ്യെ പയ്യെ ലവന്‍ ഇത് ശ്രദ്ധിച്ചു...
ശ്രദ്ധ ഇങ്ങോട്ട് ആയപ്പോള്‍ ഞങ്ങള്‍ അവൻ കേൾക്കെ അയാളുടെ “കേശവര്‍ധിനീ  തൈല,” ത്തെ കുറിച്ച് ചര്‍ച്ച തുടങ്ങി...
ലവന്‍ അങ്ങ് ആകാംക്ഷ കൊണ്ട് തലയിലെ ഉള്ള മുടികള്‍ വരെ എണീറ്റ്‌  നിന്ന് മുക്കാലാ മുക്കാബലാ  പാടാന്‍ തുടങ്ങി (അന്ന് ആ പാട്ടാ ഹിറ്റ്‌ )
അവന്‍ ഞങ്ങളോട് ആ മരുന്നിനെ കുറിച്ച് ചോദിച്ചു
ഞാന്‍ പറഞ്ഞു “അളിയാ അതൊരു തൈലം ആണ്...നല്ല വില ഉള്ളതാണ് അതിനു,ഏതൊക്കെയോ നാട്ട് മരുന്നുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാ,കരടി നെയ്‌ ഒക്കെ ചെര്‍ക്കുന്നോണ്ട് സംഭവം കിട്ടാന്‍ വലിയ പാടാണ്....”
അവന്‍ :” അളിയാ നീ എങ്ങനെ എങ്കിലും എനിക്ക് അല്പം ഒപ്പിച്ചു താടെയ്‌...പൈസ ഒക്കെ നമുക്ക്‌ ശരിയാക്കാം “

ഞാന്‍ :”നോക്കട്ടെ അളിയാ...പക്ഷെ ആദ്യമേ തന്നെ ഫുള്‍ മരുന്ന് കിട്ടില്ല...ഇത്തിരി സാമ്പിള്‍ കിട്ടുമോ എന്ന് നോക്കട്ടെ,അത് ഫലിച്ചാല്‍ മാത്രം പൈസ കൊടുത്തു ഫുള്‍ മേടിച്ചാ മതി,അല്ലാതെ ചുമ്മാ പൈസ കളയണ്ടാ” (പൈസ വച്ച് പറ്റിക്കാന്‍ അന്നും ഇന്നും ഒരു വിഷമം ഞങ്ങള്‍ക് ഉള്ളത് ലവന്റെ ഭാഗ്യം)
അങ്ങനെ ലവന്‍ എല്ലാ ദിവസവും “സാമ്പിള്‍” തിരക്കാന്‍ തുടങ്ങി...അത് ഡിലെ ആക്കാന്‍ തുടങ്ങിയപ്പോള്‍ അവനു അതിനോടുള്ള മോഹം വര്‍ദ്ധിച്ചു.(കേട്ടിട്ടില്ലേ "Scarcity of a commodity always creates Demand" എക്കണോമിക്സ് )
അങ്ങനെ ഒരു ശനിയാഴ്ച ഞാനും അജ്മലും കൂടി അജ്മലിന്റെ വീട്ടില്‍ വച്ച് ആ “തൈലം” ഉണ്ടാക്കി.
അതിനു ഉപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ ചുവടെ പറയുന്നു ( ആര്‍കും പരീക്ഷിക്കാം..ബട്ട് അണ്ടര്‍ ദെയർ  ഓണ്‍ റിസ്ക്‌ )
കരി ഓയില്‍ - അര സ്പൂണ്‍ (കിട്ടിയില്ലെങ്കിൽ മീൻ വറുത്ത ശേഷം ബാക്കി വന്ന എണ്ണ ആയാലും ഓക്കേ)
വിനാഗിരി – അര സ്പൂണ്‍
അരച്ച മഞ്ഞള്‍ - ഒരു നുള്ള് (കിട്ടിയില്ലെങ്കിൽ മഞ്ഞപ്പൊടിയിൽ വെള്ളം ചേർത്ത് എടുത്താലും മതി )
തുപ്പല്‍ (എന്റെയോ അജ്മലിന്റെയോ) – ഒന്ന്
കാന്താരി മുളകിന്റെ സത്ത് - എതിരാളിയോടുള്ള ദേഷ്യത്തിന് പാകം ആവും വിധം
കാമെല്‍ കമ്പനിയുടെ പശ – രണ്ടു സ്പൂണ്‍
വാർണിഷ് - ഒരു തുള്ളി(വീട്ടില്‍ പെയിന്റിങ്ങ് നടക്കുന്നുണ്ടെങ്കിൽ മാത്രം,ഇല്ലേല്‍ അത് ഒഴിവാക്കാം )
ഇവ എല്ലാം കൂടി ഒരു ചിരട്ടയിൽ ഇട്ടു മിക്സ് ചെയ്തു ഒരു ചെറിയ കുപ്പിയില്‍ ആക്കുക..ഹോമിയോ ഗുളിക കിട്ടുന്ന കുപ്പി ആണ് ഉത്തമം
+++
ഞങ്ങള്‍ അടുത്ത വെള്ളിയാഴ്ച  ആയപ്പോ ഈ മരുന്ന് അവനു കൊണ്ട് കൊടുത്തു. വിശ്വാസം വരാന്‍ വേണ്ടി കുപ്പിയുടെ പുറത്തു വല്ല്യുമ്മ ഉപയോഗിച്ചിരുന്ന ഏതോ ഒരു തൈലവും പുരട്ടി...അപ്പൊ കുപ്പിക്ക് ആ മണം കിട്ടും...
എന്നിട്ട് ഉപയോഗ ക്രമം പറഞ്ഞു
“ഡേയ് , ഈ മരുന്ന് നീ നെറ്റിയിലും നെറ്റിയുടെ ഭാഗത്ത്‌ ഉള്ള മുടിയിലും പുരട്ടുക...രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെയ്യണം, എന്നിട്ട് നേരെ വെളിയില്‍ പോയി ഏഴര മണി മുതല്‍ ഉള്ള വെയില് കൊള്ളിക്കണം,ഒരു ഒന്‍പതര വരെ വെയിലത്ത്‌ ഇരിക്കണം,ആരോടും മിണ്ടരുത് ...മിണ്ടിയാല്‍ ഫലം പൂര്‍ണം ആവില്ല.എന്നിട്ട് ഒരു പത്തു മണി വരെ പിന്നെ വീടിന്റെ ഉള്ളില്‍ ഇരിക്കണം എന്നിട്ട് ഫാനിന്റെ കാറ്റ് കൊള്ളിക്കണം..എന്നിട്ട് ഉച്ച ആവുമ്പോള്‍ കുളിക്കണം,ഷാംപൂ ഉപയോഗിക്കുകയേ ചെയ്യരുത്‌....”

അങ്ങനെ തിങ്കളാഴ്ച ആയി..ഞാനും അജ്മലും വല്ലപ്പോഴും ഒക്കെ ഉണ്ടാവുന്ന പോലെ വളരെ സന്തോഷത്തോടെ സ്കൂളിലേക്ക് പോയി,ലവനെ കാണാന്‍....

അവന്‍ വന്നു..പക്ഷെ മുന്‍ ഭാഗത്ത്‌ ഉണ്ടാരുന്ന രണ്ടു ഇഞ്ച് നീളം ഉള്ള മുടികളില്‍ ഭൂരിഭാഗവും അഞ്ചു എമ്മെമ്മില്‍ താഴെ സൈസില്‍ ആയി മാറിയിരുന്നു....ഒട്ടിപ്പോയ മുടികള്‍ കത്രിക വച്ച് മുറിച്ചത് കൊണ്ട് പറ്റിയതാണ്...
ഔഷധകൂട്ടിന്റെ ഗുണം കൊണ്ട് ആവണം നെറ്റിയുടെ കുറച്ചു ഭാഗം അല്പം നിറ  വ്യത്യാസം കൂടി ഉണ്ടായി!!
കറുപ്പല്ല...ചുവപ്പ്...ചൊറിഞ്ഞു ചൊറിഞ്ഞു ചുവപ്പ് ആയതാണ് പോലും....
അന്ന് അവന്‍ ഞങ്ങളോട് പറഞ്ഞ സ്നേഹ സംഭാഷണം ഞാന്‍ വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ച് വിട്ടു തരുന്നു ....
ഇപ്പോളും അവന്‍ ഞങ്ങളോട് പറയും,” ഡേയ്...ശത്രുക്കളോട് പോലും ഇങ്ങനെ കാണിക്കല്ലേ “ എന്ന്

ഒരു പാവത്തിന്റെ മറ്റൊരു തല്ലുകൊള്ളി ഐഡിയ

സീൻ ഒന്ന് :
ഭട്കൽ എന്ന് പേരുള്ള അതി മനോഹരമായ ഒരു ഗ്രാമം
(ടൂഫ് ട്ടു ടൂഫ്‌  ട്ടു ടുടു    ടൂഫ് ട്ടു ടൂഫ്‌  ട്ടു ടുടു )
കന്നുകാലികളും പട്ടികളും ഒക്കെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു മൊട്ട കുന്ന്....(ഔ!!! ഡാർക്)
ലഡ്ഡുവിന്റെ മുകളിലെ ഉണക്കമുന്തിരി പോലെ ആ ആളു കേറാ മലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ്‌ (വിത്ത്‌ ഹോസ്റ്റല്‍) )),)
അവിടെ നേരത്തെ പറഞ്ഞ 'ടിയാന്‍'മാര്‍ക്ക് കമ്പനി കൊടുക്കാനായി ഭാവിയിൽ ബിരുദം   ധരിക്കാം എന്ന മോഹത്താൽ അവിടെ പഠിക്കുന്ന (??) പ്രീ-ബിരുദധാരികൾ ആയ ഞങ്ങളെ പോലുള്ള കുറെ എണ്ണം...
 
എല്ലാ സ്വാതന്ത്ര്യതോടെയും കൂടി അന്യ നാട്ടില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍  പോയപ്പോള്‍,പണ്ട് ആദ്യമായി സൈക്കിളിൽ ഒറ്റയ്ക്ക് മാർക്കറ്റിൽ പോകാൻ വിട്ടപ്പോൾ ഉണ്ടായ അതേ  മൂഡ് ആയിരുന്നു...
പലവിധ ആവറേജ് പൂവാലൻ  തീമിലുള്ള മലയാളം-ഹിന്ദി-തമിഴ് സിനിമകൾ ഒക്കെ മനസിലൂടെ ലോങ്ങ് ഷോട്ടും ക്ലോസ് ഷോട്ടും  ഒക്കെയായി മിന്നി നിറഞ്ഞു...അഡ്മിഷൻ എടുക്കാൻ ഫോമുകൾ ഫിൽ ചെയ്യുമ്പോഴും സർട്ടിഫിക്കറ്റുകൾ കൊടുക്കുമ്പോഴും ഒക്കെ ഒരു മായാലോകത്തു വിരാജിച്ചിരുന്ന ഞാൻ അവസാനം കോളേജിന്റെ പേരിൻറെ അറ്റത്തുള്ള വാൽ കണ്ടപ്പോൾ ഷാജി കൈലാസിന്റെ പടം ആണെന്ന് കരുതി അടൂരിന്റെ പടത്തിനു കയറിയവൻറെ അവസ്ഥയിൽ ആയി...ആ വാൽ ഇതാരുന്നു  "For  Men "
അന്ന് ശിവാജി സിനിമ ഇറങ്ങിയിരുന്നെങ്കിൽ "..ആമ്പൽ ആമ്പൽ.." പാട്ട് ബാക്ഗ്രൗണ്ടിൽ ബിജിഎം ആയി  ഉയർന്നേനെ..ഈ കോളേജിന്റെ സ്ഥാപകന്‍ പെണ്ണ് കെട്ടിയ ശേഷം ഉണ്ടായ ബോധോദയം കൊണ്ടാവണം...ആ കോളേജ് ഒരു മെന്‍സ്‌ കോളേജ്‌ ആക്കി അങ്ങ് മാറ്റിയത്...

വീട്ടിൽ നിന്ന് ദൂരെ പോയി പഠിക്കണം (?) എന്ന ആഗ്രഹം, അത് വീട്ടുകാർ അനുവദിച്ചു തന്നു,,അപ്പോൾ ഉണ്ടായിരുന്ന മോഹം 'കുറെ നാളായി നാളും വീട്ടുകാരുടെ സൂപ്പർവിഷനിൽ ബോയ്സ് സ്‌കൂളിൽ ഒക്കെ ആയി പഠിച്ചതല്ലേ..ഇനി ഒരു ഫ്രീഡം ഒക്കെ ഉള്ള കളർഫുൾ ലൈഫ് ഒക്കെ ആസ്വദിക്കാം..എന്നതും കൂടി ആയിരുന്നു...ഇതിപ്പോ വീടും വിട്ടു ദൂരെ എത്തി മെൻസ് കോളേജിൽ ജോയിൻ ചെയ്തപ്പോ ഒരുമാതിരി  DTS  തീയേറ്ററില്‍ ‌ അവാര്‍ഡ്‌ സിനിമ കാണാന്‍ കേറിയവന്റെ അവസ്ഥ...
കളര്‍ഫുള്‍ എന്ന് പറയാന്‍ ആയി ആകെപ്പാടെ  ഉണ്ടായിരുന്നത് ഹോസ്റ്റലിന്റെ  ജനാലകളില്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന കുറച്ചു ഷഡ്ഢികൾ മാത്രം  (നാട്ടിൽ പോകുമ്പോളും നാട്ടിൽ നിന്ന് വരുമ്പോളും മാത്രം ഇടുന്ന ഒരു തിരുവസ്ത്രം...അലക്കിയവയ്ക്ക് ഡിമാൻഡ് ഇല്ല,അലക്കാത്തവ ഉണ്ടെങ്കിൽ ഡിമാൻഡ് കൂടുതൽ ആണ്, കാരണം ചീട്ടു കളിക്കുമ്പോ ആവശ്യം വരും .....ഇതിനു രണ്ടിനും അല്ലാതെ അല്ലാതെ പരീക്ഷയ്ക്ക് പോകുമ്പോ പോലും ഈ സംഭവം ഒറ്റ ഒരുത്തനും ഉപയോഗിക്കില്ല ......


ഒരു കൊച്ചു ഗള്‍ഫ്‌ പോലത്തെ സ്ഥലം ആയിരുന്നു അത്...വെള്ളിയാഴ്ച ദിവസം മാത്രം അവധി....അല്ലേലും എന്തിനാ ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ ദിവസത്തെ അവധി..സുരേഷ് ഗോപിക്ക് ഷാജി കൈലാസിന്റെ പടത്തില്‍ ഊമയുടെ റോള്‍ കൊടുത്താൽ എന്ന പോലത്തെ ഒരു സ്ഥിതി ......ഒന്ന് പഞ്ചാര അടിക്കാന്‍ ഒരു ചെറിയ മൈന പോലും ഇല്ലാത്ത ആ മൊട്ടക്കുന്നിന്റെ മുകളില്‍ ആഴ്ചയില്‍ ഒരു ദിവസത്തെ അവധി കിട്ടുന്നത് തന്നെ തുണി അലക്കിയും കത്തി അടിച്ചും ഒക്കെ അങ്ങ് തീര്‍ക്കും...



അങ്ങനിരിക്കെ എങ്ങനെയോ ഒരു നാല് ദിവസത്തെ അവധി വീണു കിട്ടി..കാസര്‍ഗോട് മുതല്‍ കോഴിക്കോട് വരെ ഉള്ള മഹാന്മാര്‍ നാട്ടിലേക്ക് തിരിച്ചു....അതിനപ്പുറം ഉള്ളവര്‍ ആ മോഹം ഉപേക്ഷിച്ചു...പത്തു പന്ത്രണ്ടു മണിക്കൂര്‍ യാത്ര ഉണ്ട് അവിടുന്ന് ആലപ്പുഴ വരെ...അങ്ങനെ ഈ നാല് ദിവസത്തെ അവധിക്കു ഞാന്‍ അങ്ങോട്ടേക്ക് പോയാല്‍ പിന്നെ നേരെ റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി,എന്നെ പിക്ക് ചെയ്യാൻ  വരുന്ന വീടുകാരോട്..."എന്നാ പിന്നെ അങ്ങനാവട്ടെ,ഞാന്‍ അവിടെ ചെന്നിട്ട് വിളിക്കാം" എന്നും പറഞ്ഞു അടുത്ത വണ്ടിയേല്‍ കേറി തിരിച്ചു പോരേണ്ടി വരും.....

സോ..ഞങ്ങള്‍ ഹോസ്റ്റലില്‍ തന്നെ നില്‍കാന്‍ തീരുമാനിച്ചു....പോകുന്നവന്മാരുടെ കയ്യില്‍ നിന്നും കിട്ടിയ "സീ ഓഫ് "എന്നാ പേരില്‍ കിട്ടിയ കാശിനു കാന്റീനില്‍ നിന്നും മിക്സ്ചര്‍ വാങ്ങി കൊറിചോണ്ടിരുന്നു.

കുറെ എന്‍ ആര്‍ ഐ ക്ണാപ്പ്ന്മാര്‍ ഉടനെ പോയി ഐഡി കാര്‍ഡ്‌ ഒക്കെ ജാമ്യം വച്ച് കുറെ ബൈക്കും വാടകയ്ക്ക് എടുത്തു കൊണ്ട് വന്നു...എല്ലാരും ജോഗ് ഫാള്‍സ് എന്നാ വെള്ള ചാട്ടത്തിലേക്ക് ട്രിപ്പ്‌ പോകുന്നു....
ഞങ്ങളെയും വിളിച്ചു..ഷെയര്‍ ഇട്ടു പോകാന്‍ വേണ്ടി...
ഒന്നാമത് വെള്ളച്ചാട്ടം...
രണ്ടാമത് വിവരവും ബോധവും യുക്തിയും ഒക്കെ ഗള്‍ഫില്‍ ഉള്ള പെരന്റ്സിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്പിച്ചിട്ടു നാട്ടില്‍ പഠിക്കാന്‍ വന്നേക്കുന്ന ഹിഡുംബന്മാർ ...
മോർ ഓവർ  കയം കണ്ട കന്നിനെ  പോലെ ബൈക്കും എടുത്തു പറക്കാന്‍ വെമ്പുന്ന ചെറിയ മനസ്സും വലിയ ശരീരങ്ങളും...
സോ...ആ ട്രിപ്പില്‍ ബൈക്കില്‍ ഇരുന്നു പോയാല്‍ പിന്നെ എന്റെ നാട്ടിലെ പള്ളിയില്‍  കുഴിവെട്ടുന്ന ഉമ്മർ ഇക്കായ്ക്ക്  ഒരു ചെറിയ പണി ആവും......അങ്ങനിപ്പം ഞാന്‍ മൂലം ഉമ്മർ കാക്ക കാഷ്‌ ഉണ്ടാക്കണ്ട..അങ്ങേരെ എനിക്ക് പണ്ടേ കണ്ടു കൂടാ ...
എനി വേ ...ഞങ്ങള്‍ എഴെട്ടെണ്ണം പോയില്ല...!!!
അടുത്ത ദിവസം വേണമെങ്കിൽ അഞ്ചു രൂപ വീതം ഇട്ട് ടൌണില്‍ നിന്നും വാടകയ്ക്ക് സൈക്കിള്‍ എടുത്തു ബൈന്ദൂര്‍ ബീച്ചില്‍ പോയി വരാം എന്ന് പ്ലാന്‍ ഇട്ടു ...അത് ഞാനും സമ്മതിച്ചു...കാരണം ആ പ്ലാന്‍ കൊണ്ട് വന്നത് എന്നെക്കാള്‍ പ്രായവും പക്വതയും ഒക്കെ ഉള്ള ഡിപ്ലോമയും കഴിഞ്ഞു എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്ന എന്റെ ക്ലാസ്‌ മേറ്റ്സ് ആയിരുന്നു....അതാവുമ്പം കുഴപ്പമില്ല...എന്നെ ഇടം വലം  തിരിയാന്‍ സമ്മയിക്കില്ല ( സ്‌കൂളിൽ ഉണ്ടായിരുന്ന അതെ കയ്യിലിരുപ്പ് തന്നെ ആരുന്നുഅവിടെയും..)
പക്ഷെ അവരെ ഇച്ചിരി പേടി ഉണ്ടാരുന്നു  
സന്ധ്യ ആയി .....അങ്ങനെ ഞങ്ങള്‍ അടുത്ത ദിവസം ബീച്ചില്‍ പോകുന്നതിനെ കുറിച്ച്  ഒരു ചര്‍ച്ച നടത്തിക്കൊണ്ട് ഇരിക്കുവായിരുന്നു...ഹോസ്റ്റലിന്റെ വെളിയില്‍ ആയി കുറെ മരങ്ങള്‍ ഉണ്ട്...നമ്മുടെ നാട്ടിലെ ആല്‍ത്തറ പോലെ ഓരോ മരത്തിന്റെയും ചുവട്ടില്‍ ഭിത്തി കെട്ടി ഇട്ടിട്ടുണ്ടായിരുന്നു,...അതില്‍ ഇരുന്നാണ് സംസാരം....


ഞങ്ങള്‍ നാലഞ്ചു പേര്‍ ഇരിക്കുന്നു...ഇതിനിടയിൽ ഒരുത്തന്‍ നേരെ വന്നു അന്തസ്സായി ഞങ്ങൾ ഇരിക്കുന്നതിന്റെ ഇടയിൽ ആ അരമതിലിൽ ഇരുന്നു, കുറച്ചു കഴിഞ്ഞു പയ്യെ ഒന്ന് ചാഞ്ഞു, ഫൈനലി അങ്ങ് കിടന്നു...!!

എന്തായാലും വരാൻ ഉള്ളത് വഴിയിൽ താങ്ങില്ലല്ലോ..... കൂലംകഷമായി ട്രിപ്പ് പ്ലാൻ സംസാരിച്ചു കൊണ്ടിരിക്കെ...ഞാന്‍ ഇടയില്‍ ഓര്‍ത്തു..."ശോ...ഈ ദിവസം ഇത്രേം നേരം ആയിട്ടും ആരുടേയും  കയ്യില്‍ നിന്നും ഒന്നും മേടിച്ചില്ലല്ലോ...മിനിമം രണ്ടു തെറി എങ്കിലും കേട്ടില്ലേല്‍ എങ്ങനാ..ദിവസത്തിന് ഒരു കംപ്ലീറ്റ്‌നെസ്സ് കിട്ടുന്നില്ല ."
അങ്ങനെ ലവര്‍ സംസാരിച്ചും ഞാന്‍ ചിന്തിച്ചും ഇരിക്കെ എന്റെ നോട്ടം ആ കിടക്കുന്നവനിലേക്ക് നീണ്ടു ....

അവന്‍ പതുക്കെ കണ്ണൊക്കെ അടയ്ക്കുന്നു...ഉറങ്ങാൻ ഉള്ള സെറ്റപ്പാണോ  എന്ന് എനിക്ക് വർണ്ണ്യത്തിൽ ആശങ്ക!!!
.മനസ്സിൽ ഒരു ചെറിയ ലഡ്ഡുവിന്റെ തിരി കത്തി തുടങ്ങി..എപ്പ വേണേലും പൊട്ടും...
ഞാന്‍ ബാക്കി സംസാരിച്ചു കൊണ്ടിരുന്ന ഇക്കാമാരോടും ചേട്ടന്മാരോടും (അക്കൂട്ടത്തില്‍ ജൂനിയര്‍ ഞാനായിപ്പോയി) പതുക്കെ കൈ വച്ച് ആംഗ്യം കാണിച്ചു.."സംസാരത്തിന്റെ ഒച്ച കുറച്ചു കൊണ്ട് വാ" എന്ന്
അങ്ങനെ സംസാരം നേര്‍ത്ത് നേര്‍ത്ത്‌ വന്നു പയ്യെ മ്യൂട്ട് ആയപ്പോള്‍,  കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന മച്ചാന്‍ , മൂത്താപ്പാടെ പഴേ ബെന്‍സ്‌ ലോറി സ്റ്റാര്‍ട്ട്‌ ആക്കുന്ന പോലെ ഉള്ള ശബ്ദത്തിൽ പതുക്കെ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി....
ഇപ്പൊ ലഡ്ഡു പൊട്ടി!!!!
ഞാന്‍ പയ്യെ എണീറ്റു ‌....,..ലവന്മാരോടും എണീക്കാന്‍ പറഞ്ഞു...
അവരും അത് അനുസരിച്ചു  (പറഞ്ഞത് ഞാന്‍ ആയതുകൊണ്ടു എവിടെയോ ഒരു അപകടം മണത്തതിനാൽ പരസ്പരം നോക്കി കൊണ്ട് "എന്താ സംഭവം" എന്നാ എക്സ്പ്രേഷനും മുഖത്ത് ഉണ്ട്)...
അവരോട് അവിടെ നില്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ നേരെ ഹോസ്റ്റലിന്റെ അകത്തേക്ക് ഓടി....കോറിഡോറില്‍ അയയില്‍ കിടന്നിരുന്ന കുറെ തോര്‍ത്തും (വെള്ള മുതല്‍ കഴുകാതെ കറുപ്പ് ആയത് വരെ ഉണ്ട് പല പല വര്‍ണ്ണങ്ങളില്‍),) ഒരു വെളുത്ത മുണ്ടും എന്റെ റൂമില്‍ നിന്ന് കുറച്ചു കിടുപിടി ഐറ്റംസും എടുത്തു കൊണ്ട് വെളിയിലേക്ക് ഓടി.ഗാർഡനിൽ ഉള്ള കുറച്ചു പൂക്കളും കമ്മ്യൂണിസ്റ് പച്ച പോലത്തെ കുറച്ചു ഇലകളും സംഘടിപ്പിച്ചു...(ചെയ്യുന്ന പണിയിലെ ആത്മാർഥത! അത് പണ്ടേ മ്മടെ കൂടെപ്പിറപ്പാ) .
നേരെ അവരുടെ അടുത്ത് എത്തി....എന്നിട്ട് ആദ്യമേ ഈ വെള്ള മുണ്ട് എടുത്തു ആ ഉറങ്ങുന്ന മച്ചാനെ പതുക്കെ അങ്ങ് പുതപ്പിച്ചു...മുഖം മൂടിയില്ല ....
കയ്യില്‍ ഇരുന്ന തോര്‍ത്തുകള്‍ വട്ടത്തില്‍ ചുറ്റി ഏകദേശം ഒരു റീത്ത് പോലെ ആക്കി അവന്റെ നെഞ്ചത്തും സൈഡിലും ഒക്കെ ആയി പതുക്കെ  വച്ചു..മുകളിൽ പൂക്കളും വൃക്ഷലതാദികളും കൊണ്ട് ആവുന്ന പോലെ ഒക്കെ ഡെക്കറേഷനും നടത്തി  ....എന്നിട്ട് എന്റെ റൂമില്‍ നിന്നും എടുത്തോണ്ട്  വന്ന  ചന്ദനത്തിരികള്‍ രണ്ടു മൂന്നെണ്ണം കത്തിച്ചു സൈഡില്‍ കുത്തി വച്ചു ....എന്നിട്ട് ഒരു ഇക്കയെ പറഞ്ഞു വിട്ടു ബാക്കി കൂട്ടുകാരെ ഒക്കെ വിളിപ്പിച്ചു...
രണ്ടു പഞ്ഞി കിട്ടിയാരുന്നേല്‍ അത് ലവന്റെ മൂക്കിന്റെ അടുത്തെങ്കിലും വച്ചേനെ...ഒരു ആവശ്യത്തിന് നോക്കുമ്പം ഒന്നും കിട്ടില്ല!!!
ഹൗവെവർ , ഒരു ഡെഡ് ബോഡിക്ക് കൊടുക്കേണ്ട സകല ബഹുമാനത്തോടെയും ആളുകളെ വരി വരിയായി കൊണ്ട് വന്നു ഈ മുതലിനെ കാണിപ്പിച്ചു ...

..ഞാൻ കൈ കെട്ടി ദുഃഖഭാവത്തോടു കൂടി തന്നെ സൈഡിൽ നിന്നു ....

എല്ലാ മുഖത്തും ഒരു ശോക ഭാവം.....
ചിലർ ആണെങ്കിൽ ഒരു പടി കൂടി കടന്നു "എപ്പോഴായിരുന്നു? എന്ത് പറ്റിയതാ?" എന്നൊക്കെ ചോദ്യങ്ങളും ചോദിച്ചു രംഗം ഒന്നുകൂടി നാച്ചുറൽ ആക്കി ..അതിനു ഞാൻ "വാതിൽ അടച്ചപ്പോ വിരൽ ഇടയിൽ പോയതാ"എന്നും "ലാബ് കഴിഞ്ഞു വന്നു സോക്സ് മണത്തു നോക്കിയതാ" എന്നുമൊക്കെ   അന്നേരം വായിൽ വരുന്ന മറുപടികളും ഒക്കെ കൊടുത്തു സെന്റിമെന്റ്സ് കൂട്ടി..

ഏകദേശം പത്തു മിനുട്ട് ഈ ദുഃഖ കാഴ്ച എല്ലാവരും കണ്ടു...

ഉറക്കം മതി ആയിട്ടാണോ, അതോ വല്ല ഉൾവിളിയും വന്നതിനാൽ ആണോ എന്നറിയില്ല,
ഉറക്കം തീര്‍ന്നു....ലവന്‍ കണ്ണ് തുറന്നു,..ആൾക്കൂട്ടം കണ്ടതും ചാടി എണീറ്റു....സംഭവം എന്താണെന്നറിയാതെ ചുറ്റിലും നില്കുന്നവരെ,പണ്ട് മുളക് ബജി കടിച്ചപ്പോ അതിൽ നിന്ന് ആണി കിട്ടിയ ജോസിനെപ്പോലെ  നോക്കി.....
എല്ലാവരും വന്‍ ചിരി....അവന്റെ കൈവാക്കിനു നിന്നവർ ചിതറി ഓടി...

ഞാന്‍ എന്റെ റൂമിലെ ജനലിലൂടെ ഈ കാഴ്ചകള്‍ കണ്ടു കൊണ്ട്  അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു  (note the point!! ഞാൻ സീൻ വിട്ടു!!! ...ലവന്‍ ഉണര്ന്നപ്പോഴേ ഞാന്‍ ഓടി  )

"എടാ &@ $**** അഫ്സലെ....നിന്നെ ഞാന്‍ ....@@ എവിടെടാ പുല്ലേ നീ ...ഇറങ്ങിവാടാ @@@%*&*****^%%"എന്ന വിളി ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ അവിടെ മുഴങ്ങി....(സ്നേഹം ഉള്ളവനാ..'മോനേ'ന്നു ചേർത്തേ വിളിക്കൂ)

അവധി ആയത് കാരണം പത്തമ്പത് പേര്‍ മാത്രം ഉള്ള ഹോസ്റ്റലില്‍ ഈ സൈസ് പണി കാണിക്കുന്നവരിൽ മിക്കവരും നാട്ടിൽ പോയതിനാലും, എന്നെ ആ പരിസരത്തൊക്കെ അന്ന് കണ്ടതിനാലും.. ഇമ്മാതിരി പരിപാടി നടത്തിയത് ആരാണ് എന്ന് അറിയാന്‍ കവടി നിരത്തേണ്ട ആവശ്യമേ വന്നില്ല....

ശേഷം ചിന്ത്യം.....

(വാൽക്കഷ്ണം: ഒരു ടിപ്പ്..:മുതുകത്തെ നീര് മാറ്റാൻ ടൈഗർ ബാം ഇട്ടു തടവിയ ശേഷം ഉപ്പിട്ട ചൂട് വെള്ളത്തിൽ കുളിച്ചാൽ ബെസ്റ്റാ..)

Wednesday, June 17, 2020

സിഗരറ്റ്‌ പുരാണം....സസ്പെന്സ് ത്രില്ലര്‍


Statutory Warning "Cigarette smoking is injurious to health" 😏


 “ജില്ലേലെ ജില്ലേലെ ആയോ ആയോ ജില്ലേലെ
മസ്തീരെ മസ്തീരെ ആയോ ആയോ മസ്തീരെ
ബുബ ബുബ ബുബാ ബുബാ ദിൽ രൂബാ............”
ടേപ്പ് റിക്കാര്ടരില്‍ നിന്നും ഗാനം ഒഴുകി എത്തിക്കൊണ്ടിരുന്നു


“ തുറുപ്പ് ഇറക്കെഡാ @@....”
ഹോസ്ടലിലെ റൂമുകളില്‍ ഒന്നില്‍ ചീട്ട് കളി തകൃതിയായ് പുരോഗമിക്കുന്നു.....
പതിവുപോലെ കാഴ്ച്ചക്കാരനായ്‌ ഞാനും ഉണ്ട്......


കളിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും “കുണുക്കു” കേറുന്ന ആൾക്ക് കൊടുക്കുന്ന കിരീടം എന്നെ അതില്‍ നിന്നും  പിന്തിരിപ്പിച്ചു....
നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും മറ്റും ചീട്ടു കളിക്കുമ്പോള്‍ കുണുക്കു (അതൊരു ചീട്ടു കളിയുടെ ടേം ആണ്,തോറ്റു കൊണ്ടിരിക്കുന്ന ആള്കുള്ള പേര്) കയറുന്ന ആള്‍ ഒരു വെള്ളയ്ക്കായില്‍ ഈർക്കില്‍ വളച്ചു കുത്തി അത് കാതില്‍ തൂക്കും......കഴുത ആവുക എന്ന് ചില സ്ഥലങ്ങളില്‍ പറയും....
കാതില്‍ കുണ്‌ക്കുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ തോറ്റു കൊണ്ടിരിക്കുവാനെന്നാണ്....
പക്ഷെ കര്ണാടകയിലെ ഹോസ്റലില്‍ വെള്ളയ്കായും ഈര്കിലും ഒന്നും കിട്ടാന്‍ വകുപ്പില്ലാത്തത് കൊണ്ട് വല്ലവന്റെയും അലക്കാത്ത ജട്ടി എടുത്തു തലയില്‍ ഇടും...അതാണ്‌ കുണുക്കു.....

ഞാന്‍ കളിക്കാന്‍ തുടങ്ങിയാല്‍ (അതും അവന്മാരെപോലത്തെ പ്രഗല്ഭന്മാരുടെ കൂടെ) എനിക്ക് പിന്നെ അത് (“കുണുക്കു”) തലയില്‍ നിന്നും ഊരാനെ പറ്റാതാവും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടും,മോർ-ഓവർ സ്വതവേ സ്വതന്ത്രൻ ആവാൻ ആഗ്രഹിക്കുന്ന ഞാൻ കണ്ടവൻറെ "പാർട്ടി ചിഹ്നങ്ങൾ" തലയിൽ ചുമക്കാൻ താല്പര്യം ഇല്ലാത്തവൻ ആയതിനാലും  ഞാന്‍ ആ ആഗ്രഹം മനസ്സില്‍ ഒതുക്കി......
കളിയുടെ ഇടയില്‍ ഒരു ഉഷാറിനു വേണ്ടി എല്ലാവരും ബീഡി,സിഗരറ്റ്‌ മുതലായവ വലിക്കും...ഷെയര്‍ ഇട്ടു ചിപ്സ് ഒക്കെ വാങ്ങി അടിക്കും....
പുകവലി ഒഴികെ ഉള്ള ഫുഡ്‌ അടി കാര്യത്തില്‍ ഞാനും കൂടും....പക്ഷെ സിഗരറ്റിനു ഷെയര്‍ പോലും നല്കാതോണ്ട് എന്നെകൊണ്ടും വലിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.....

അങ്ങനെ ഹോസ്ടലിലെ സഹറൂമന്മാര്‍ പല പണി നോക്കിയിട്ടും ഞാന്‍ സിഗരറ്റ്‌ വലിക്കുന്നില്ല......അവസാനം അവര്‍ അതില്‍ നിന്നും പിന്മാറി...
“എടാ,നീ വലിക്കുന്നില്ല,,എന്നാ ഒരെണ്ണം മേടിച്ചെങ്കിലും താടെയ്‌..”
ഒരുത്തന്‍ പറഞ്ഞു...
ഞാന്‍ :” അളിയാ സോറി...നീയൊക്കെ നന്നായ്‌ കാണാന്‍ ഉള്ള ആഗ്രഹം കൊണ്ടല്ല....നീയൊക്കെ വലിച്ചു നശിക്കും....അത് കണ്ടു നിന്റെ ഒക്കെ അമ്മയും അച്ഛനും ഒരിക്കലെങ്കിലും വേദനയോടെ പറയും...’അവന്റെ കൂട്ട് കെട്ട് ആണ്  അവനെ നശിപ്പിച്ചത്’ എന്ന്...ആ ശാപം മേടിക്കാന്‍ എനിക്ക് തീരെ താല്പര്യം ഇല്ല..”
അങ്ങനെ അവര്‍ പിന്മാറി എന്ന് ഞാന്‍ ധരിചിരിക്കെ....
ഒരിക്കല്‍ അവന്മാര്‍ എന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു...അത് അവര്‍ കയ്യില്‍ വച്ച് എന്നോട് മോചനദ്രവ്യം ആവശ്യപ്പെട്ടു..
.
“പൈസ ഞങ്ങള്‍ തരും...നീ ഒരു പാക്കറ്റ്‌ സിഗരറ്റ്‌ ഞങ്ങള്ക്. മേടിച്ചു കൊണ്ട് തരണം..അന്നാരം ഫോണ്‍ തരാം.....ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ വിളിച്ചു നിന്റെ ജീവിതം കോഞ്ഞാട്ട ആക്കും.....”
എന്നെ എന്റെ വീട്ടുകാർക്ക് നന്നായി അറിയാവുന്നത് കൊണ്ടും..ഇവന്മാര്‍ ഫോണില്‍ കൂടി എന്ത് വിവരക്കേടും പറയാന്‍ ധൈര്യമുള്ളവര്‍ ആണെന്നത് കൊണ്ടും മറ്റൊരു വഴിയുമില്ലാതെ ഞാന്‍ പൈസയും മേടിച്ചു പോയി....
ടൌണില്‍ പോയി അഞ്ചു വിൽസ് മേടിചോണ്ട് വന്നു ....അത് ഒരു കാലി പാക്കറ്റില്‍ ഇട്ടു തന്നു....സിഗരറ്റ്‌ മേടിച്ചപ്പോ തന്നെ എന്നിലെ ലുട്ടാപ്പി ഉണര്ന്നു ...ഞാന്‍ ഒരു പാക്കറ്റ്‌ തീപ്പെട്ടി കൂടി വാങ്ങി......

"ചീട്ടുകളി ക്ലബ്ബി"ലേക്ക് പോവാതെ ഞാന്‍ നേരെ എൻറെ റൂമിലേക്ക്‌ വിട്ടു...എന്റെ റൂമില്‍ കയറി വാതില്‍ അടച്ചു പൂട്ടി....


ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍

ഞാന്‍ സിഗരറ്റുമായി എന്റെ ടേബിളില്‍ ഇരുന്നു...നോട്ബൂക്കില്‍ നിന്നും ഒരു പേജ് കീറി...
തീപ്പെട്ടി തുറന്നു കുറെ കൊള്ളികള്‍ അവിടെ ഇട്ടു....എന്നിട്ട് ഒരു ബ്ലെയിട് എടുത്തു ആ തീപ്പെട്ടി കോലുകളിലെ മരുന്ന് ചുരണ്ടി ആ പേപ്പറിലേക്ക് ഇട്ടു....
അത്യാവശ്യത്തിനുള്ള മരുന്ന് ആയപ്പോ ഞാന്‍ സിഗരറ്റ്‌ എടുത്തു......ഒരു കൊമ്പസ്സും കണാ കുണാന്നു ഇരിക്കുന്ന ഒരു കത്രികയും എടുത്തു സിഗരറ്റില്‍ നിന്നും പുകയില എടുത്തു മാറ്റാന്‍ തുടങ്ങി...ഏകദേശം പകുതി പുകയില മാറിയപ്പോള്‍ ഞാന്‍ നിര്ത്തി .....അതിലേക്കു തീപ്പട്ടിയുടെ മരുന്ന് നിറച്ചു.....
എന്നിട്ട് അതിലേക്കു തിരിച്ചു പുകയില നിറയ്ക്കാന്‍ തുടങ്ങി......
അത് പക്ഷെ ഇത്തിരി ബുദ്ധിമുട്ടാരുന്നു...കാരണം ആ പേപ്പറിനു ഒട്ടും കട്ടി ഇല്ലാത്തോണ്ട് കീറാന്‍ സാധ്യത ഉണ്ട്....
പക്ഷെ ഒരു വാച്ച് റിപ്പയര്കാാരന്റെ കൈ വഴക്കത്തോടെ ഞാന്‍ ആ സ്പെഷല്‍ സിഗരറ്റ്‌ തയ്യാറാക്കി....

മെനകെട്ട പരുപാടി ആയത് കൊണ്ട് ബാക്കി ഉള്ളതില്‍ ഒന്നും ചെയ്യാന്‍ പോയില്ല....
എന്നിട്ട് അത് പോലെ പാക്കറ്റില്‍ ഇട്ടിട്ടു നേരെ അവന്മാരുടെ മുറിയിലേക്ക് പോയി....
സ്പെഷല്‍ സിഗരറ്റിനു ഇച്ചിരി ചളുക്ക് ഉള്ളത് കൊണ്ട് എനിക്ക് പെട്ടെന്ന് തിരിച്ചറിയാം....
നേരെ ചെന്നിട്ട് ഞാന്‍ പറഞ്ഞു:”എന്റെ ഫോണ്‍ താ...”
അവന്മാര്‍:”നീ സിഗരറ്റ്  താ...”
ഞാന്‍:”സിഗരറ്റ്‌ കാണിക്കാം...അന്നാരം ഫോണ്‍ തരണം...അന്നാരം സിഗരറ്റ്  നിങ്ങടെ കയ്യില്‍ തരാം...ok ??.”

പക്ഷെ അവന്മാര്‍ സമ്മതിച്ചില്ല....അവസാനം ഞങ്ങള്ക്ക് പൊതു സമ്മതനായ ഒരുവന്റെ കയ്യില്‍ സിഗരറ്റും ഫോണും ഏല്പിച്ചു...അവന്‍ തട്ടി എടുത്ത മുതലും മോച്ചനദ്രവ്യവും കൈമാറി....
ഞാന്‍ സസൂക്ഷ്മം വീക്ഷിച്ചു....അവന്മാര്‍ ഇപ്പം കത്തിക്കും....
എപ്പോളും ഉള്ളത് പോലെ ഒരെണ്ണം കത്തിക്കും അത് എല്ലാവന്മാരും കൂടി വലിച്ചു തീര്ക്കും ...അതിനു ശേഷം അടുത്തത്....അങ്ങനെ ആണ്....
പക്ഷെ അവന്മാര്‍ സ്പെഷല്‍ ആണോ എടുത്തത്‌ എന്ന് ദൂരെ നിന്ന് അറിയാന്‍ പറ്റുന്നില്ല ....
ഞാന്‍ ഏതായാലും കുറച്ചു മാറി  വാതിലിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു "ചീട്ട്കളി കാണാൻ" എന്ന ലുക്കിൽ നിന്നു ....ഒരു “അപകടം” ഉണ്ടായാല്‍ ഒടണമല്ലോ...യേത്....


ടിംഗ് ടിംഗ്.....ടിംഗ് ടിംഗ്.....ടിംഗ് ടിംഗ്....


ഞാന്‍ ആകാംക്ഷാ ഭരിതനായ്‌ കാത്തിരുന്നു..എസ.എസ.എല്‍.സി പരീക്ഷേടെ രിസല്ടിനു പോലും ഞാന്‍ ഇങ്ങനെ കാത്തിരുന്നിട്ടില്ല..
മണിക്കൂറുകള്‍ കടന്നു പോകുന്നു...ഞാന്‍ പെടുക്കാന്‍ പോലും പോവാതെ കാത്തിരുന്നു.....


ഠണ്ടടെൻ !!!!!

അവര്‍ നായകനെ പൊക്കി....
ഒരുത്തന്‍ ചുണ്ടില്‍ വച്ചു ........

കത്തിച്ചു........
ഞാന്‍ ഒന്നൂടി എണീറ്റ്‌ മൂരി ഒക്കെ നിവർത്തി ഒരു DEEP BREATH ഒക്കെ എടുത്തു  തയാറായ്‌.....ഇപ്പം ഓടാനുള്ള വെടി പൊട്ടും......
കോറിഡോർലേക്ക് ഒന്ന് നോക്കി....തടസങ്ങള്‍ ഒന്നും ഇല്ല....


ഒരുത്തന്‍ ആഞ്ഞു വലിച്ചു ഒരു പഫ് എടുത്തു.....
“ഫൂ.......”
അവന്‍ വിട്ട പുക അന്തരീക്ഷത്തില്‍ ഉയര്ന്നു .......


എന്റെ നെഞ്ചിടിപ്പ് കൂടി......രക്തയോട്ടം വര്ധിച്ചു.....
ഹോസ്പിറ്റലിൽ ഇഞ്ചക്ഷന്‍ എടുക്കാന്‍ പോകുമ്പോള്‍ ഉള്ള അതേ വികാരം......


അടുത്തവന് കൈമാറി.....
അവനും വലിച്ചു.................വിട്ടു......
മൂന്നാമാത്തവന്‍.........വലിച്ചു...............വിട്ടു..........


കോളേജിൽ പഠിച്ച പ്രോബബിളിറ്റി തിയറി പ്രകാരം ഇനി  റിസ്ക്‌ കൂടുതല്‍ ആണ്...........

നാലമത്തവന്‍
ആഞ്ഞു ഒരു വലി.......
“ഭുശും...” തീപ്പെട്ടിടെ മരുന്ന് ആളി അങ്ങ് കത്തി......ഒരു പൂത്തിരി കത്തുന്ന ഒച്ചയും കേട്ട്...
“അയ്യോ.....”വലിച്ചവന്‍ കൂവി....കൂടെ എന്താ സംഭവിച്ചത് എന്ന് പിടികിട്ടാത്ത സഹ വലിയന്മാരും ഞെട്ടി...

എല്ലാം വളരെ പെട്ടെന്നായിരുന്നു........
“ഭു ഹ ഹ ഹ ഹ ഹാ....” കിളി പോവാതിരുന്ന ഞാന്‍ മാത്രം  അലറി ചിരിച്ചു.....
അടുത്തിരുന്നവന്മാര്ക്ക് പോലും ഒന്നും പിടി കിട്ടിയില്ല...അന്നരം പിന്നെ ഇങ്ങനെ സംഭവിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ ഉള്ളിലേക്ക് പോകുന്ന പൊകയെ മനസ്സില്‍ കണ്ടു ആഞ്ഞു വലിച്ച അവനു വല്ലതും പിടികിട്ടുവോ?


പക്ഷെ പണി ഇച്ചിരി പാളി....
ക്ളൈമാക്സ് വലിയന്റെ മീശ,പുരികം,കണ്പീലി ആന്ഡ്‌ മുന്നിലേക്ക്‌ വീണു കിടന്നിരുന്ന അത്യാവശ്യം കുറച്ചു മുടി.....ഇവ ചാരമായി മാറി.......അവ ചെമ്മരിയാടിന്റെ രോമം പോലെ ചുവന്നു ചുരുണ്ട് കിടന്നു....


ഒരു അഞ്ചു സെക്കന്റിനുള്ളില്‍ എല്ലാവര്ക്കും കാര്യം പിടി കിട്ടി...അത് പിടികിട്ടാന്‍ എന്റെ ചിരി ഒരു Catalystന്റെ സഹായം ചെയ്തു......

അവര്ക്ക് പിടി കിട്ടി എന്ന് എനിക്ക് പിടി കിട്ടി......പിന്നെ എന്നെ പിടികിട്ടാതിരിക്കാന്‍ ഞാന്‍ ഓടി......
ഫസ്റ്റ് ഫ്ലോറില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിന്റെ ഇടയിലെക്കുള്ള ലാന്റിങ്ങില്‍ ഞാന്‍ ചാടി.....പിന്നെ കണ്ട വഴികളിലൂടെ ഒക്കെ ഞാന്‍ ഓടി.......
പുറകീന്നു വരുന്നവന്മാര്‍ ഒക്കെ കൂവാന്‍ തുടങ്ങി


“എടാ...പിടിയെടാ ആ.......$#$#@$$$$ നെ”

ഞാനും ചുമ്മാ മുന്നോട്ടു നോക്കി കൂവി “ഡാ നില്ലെടാ...പിടിയെടാ അവനെ”
അപ്പോള്‍ കണ്ടു നിന്നവര്ക്ക് തോന്നി..ഞാനും എന്റെ പുറകില്‍ ഉള്ളവന്മാരും കൂടി ആരെയോ ഓടിക്കുവാണെന്ന്......
എനിക്കുള്ള പ്ലസ്‌ പോയിന്റെന്താന്നു വച്ചാ കടയിൽ പോവാൻ വേണ്ടി ഞാൻ പാന്റ്സ് ആണ് ഇട്ടിരുന്നത് ........പക്ഷെ അവന്മാര്‍ ലുങ്കി മാത്രമാ.........പിന്നെ ട്രാന്സ്പെര ന്റ്റ്‌ അന്തര്‍ ദേശീയം...എന്ന് വച്ചാ ഉള്ളിൽ ഒന്നും ഇല്ല ശുദ്ധ ശൂന്യം ..


അപ്പൊ ഒരു പരിധി വിട്ടു ഓടാന്‍ പറ്റില്ല.....
ഓടുന്നതിനിടയിലും ഒരു കാര്യം എനിക്ക് ഉറപ്പാണ്...തിരിച്ചെത്തുമ്പോള്‍ ഒരു പണി കിട്ടും....പക്ഷെ ഈ ചൂടോടെ കിട്ടുന്നതിനു ഒരു സുഖവും കാണില്ല...
അവസാനം ഞാന്‍ തളര്ന്നു ....അവന്മാരും തളര്ന്നപ്പോള്‍ ഞാന്‍ നിന്ന്....
ഞങ്ങള്‍ നിന്ന് കിതച്ചു.......
ഞാന്‍ പറഞ്ഞു:”അളിയാ....എന്റെ ഫോണ്‍ അടിച്ചു മാറ്റിയോണ്ടാല്ലേ ഞാന്‍ അങ്ങനെ ചെയ്തെ.....ഇനി ചെയ്യില്ല....പ്ലീസ്‌...എന്നെ ഒന്നും ചെയ്യരുത്‌”
ഞാന്‍ അവന്മാരുടെ അടുത്തേക്ക് പോവാതെ വിളിച്ചു പറഞ്ഞു.....



സ്നേഹമുള്ള അവന്മാര്‍ എന്നോട് ക്ഷമിച്ചു....പിന്നെ ഞങ്ങള്‍ തോളത് കയ്യിട്ടു ഒരുമിച്ചു പാട്ടും പാടി റൂമിലേക്ക്‌ പോയി.......
(ഈ കഥയില്‍ രണ്ടു വരികള്‍ ഞാന്‍ എഴുതിയത് കള്ളം ആണ്.....അത് ഏതാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല...)

Friday, April 22, 2011

മറവിക്കടല്‍

അവന്റെ മനസ്സ് എല്ലാ അര്ത്ഥത്തിലും ഒരു കടല്‍ ആയിരുന്നു...
ചിലപ്പോള്‍ ശാന്തമായ കടല്‍ പോലെ...
ചിലപ്പോള്‍ കാറും കോളും നിറഞ്ഞ കടല്‍ പോലെ...
ചിലപ്പോള്‍ തെളിഞ്ഞ നിറം ആണെങ്കില്‍...
ചിലപ്പോള്‍ കലങ്ങി മറിഞ്ഞു......
അങ്ങനെ ഉള്ള മനസ്സുമായി ജീവിച്ചത് കൊണ്ട് അവനു കടലിനെയും വലിയ ഇഷ്ടമായിരുന്നു......
...
അവന്‍ എപ്പോളും യാത്രയില്‍ ആയിരുന്നു...ഒരു ലക്‌ഷ്യം ഇല്ലാത്ത യാത്ര...മുന്നോട്ടുള്ള യാത്രയില്‍ അവന്‍ നേരിട്ട പലതിനെയും കണ്ട കാഴ്ചകളെയും മനസ്സില്‍ സൂക്ഷിച്ചിരുന്നെങ്കിലും,അവന്റെ കടലാവുന്ന മനസ്സിലെ തിരകള്‍ തിക്കി തിരക്കി വന്നു അവ ഒക്കെ മായ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു....
ആദ്യമേ ഒക്കെ മനസ്സിലെ കാഴ്ചകള്‍ മായുന്നതില്‍ നിന്നും അവന്റെ മനസ്സിലെ തിരകലുമായ് അവന്‍ യുദ്ധം ചെയ്തു.....
പക്ഷെ കൂട്ടിനു സഹായത്തിനു ആരും ഇല്ലാതെ അവന്‍ നിരായുധന്‍ ആയി നിന്നു...പല പല തോടുകളും കായലുകളും അരുവികളും ഒക്കെ വന്നു ചേര്ന്കൂ ചേര്ന്ന്ള മനസ്സാവുന്ന കടല്‍ പ്രക്ശുബ്ധമാവാന്‍ തുടങ്ങി ..ആ കടല്‍ കലങ്ങി മറിഞ്ഞു കറുത്ത നിറമായി ഉഗ്ര രൂപം പ്രാപിച്ചു.....കടലിന്റെ ക്രുദ്ധ രൂപം കണ്ടു തകര്ന്നു പോയ അവനെ മനസ്സിലെ തിരകള്‍ തോല്പ്പി ച്ചു......
അവന്റെ മനസ്സിലെ ഓര്മ്മകള്‍ ആ വന്‍ തിരകള്‍ വന്നു മായിക്കാന്‍ തുടങ്ങി....
അങ്ങനെ അവന്‍ എല്ലാം മറന്നു തുടങ്ങി.....
അവന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് മറന്നു.....
അവന്‍ എവിടെ ആണെന്ന് മറന്നു...
അവനു ആരൊക്കെ ഉണ്ടെന്നു മറന്നു.....
എന്തിനധികം...അവന്‍ ആരെന്നു വരെ അവന്‍ മറന്നു.......
അവന്‍ ലക്ഷ്യമില്ലാതെ അലയാന്‍ തുടങ്ങി........
....
പക്ഷെ ആ മറവി അവന്‍ പതുക്കെ പതുക്കെ ആസ്വദിക്കാന്‍ തുടങ്ങി....
കാരണം ഇപ്പോള്‍ അവന്‍ അവന്റെ വേദനകള്‍ മറന്നു....
അവന്റെ സങ്കടങ്ങള്‍ മറന്നു......
അവന്‍ ഒരു നൂല് പൊട്ടിയ പട്ടം പോലെ പറക്കാന്‍ തുടങ്ങി....
കാറ്റിന്റെ ഗതി എങ്ങോട്ടോ അങ്ങോട്ടേക്ക് അവന്‍ പറന്നു കൊണ്ടിരുന്നു....
അങ്ങനെ അവസാനം...അവന്‍ നടന്നു നടന്നു അവനു ഏറ്റവും ഇഷ്ടമുള്ള കടല്‍ കരയില്‍ എത്തി.....
അവന്റെ ചുറ്റും ഉള്ളവര്‍ എന്തൊക്കെയോ പറയുന്നു...ചിരിക്കുന്നു ബഹളം വയ്ക്കുന്നു....
പക്ഷെ അവ ഒന്നും അവന്റെ മനസ്സിലേക്ക് എത്തുന്നില്ല.......കാരണം.....മനസ്സില്‍ ഉള്ളവ മായ്ച്ചു മായ്ച്ചു അവസാനം ആ തിരകള്‍ അവന്റെ മനസ്സിനെയും കവര്ന്നു് കൊണ്ട് പോയി.....
അവന്‍ കടല്ക്കാറ്റ്‌ കൊണ്ട്.....പക്ഷെ ശരീരത്തിന്റെ ഉഷ്ണം കുറയുന്നില്ല....അവന്‍ ഒന്ന് കൂടി മുന്നോട്ടു നടന്നു.....പക്ഷെ എന്നിട്ടും അവനെ മാത്രം കടല്‍ കാറ്റ് തഴുകുന്നില്ല....
അവന്‍ പിന്നെയും മുന്നോട്ടേക്കു നടന്നു...ഒരു നേരിയ കാറ്റ് അവന്റെ ശരീരത്തെ തഴുകി.....
അത് അവനു ആസ്വദിക്കുന്നതിന് മുന്പേ ആ കാറ്റ് നിന്നു....അവന്‍ പതുക്കെ മുന്നോട്ടേക്കു നടക്കാന്‍ തുടങ്ങി......
പതുക്കെ പതുക്കെ അവന്റെ കാലുകളില്‍ തിരകള്‍ വന്നു തട്ടി....അവന്‍ ആ തണുപ്പ് അറിഞ്ഞു.....
അവന്റെ ദേഹത്ത് കാറ്റും വന്നു തഴുകി....അവന്‍ പിന്നെയും മുന്നോട്ടു നടക്കാന്‍ തുടങ്ങി.....
ചുറ്റും കൂടി നില്കുന്ന ആളുകളുടെ സംസാരങ്ങളും ബഹളങ്ങളും ഒക്കെ അവന്റെ ചെവിയെ തഴുകി കടന്നു പോയത് അവന്‍ അറിഞ്ഞില്ല....
അവന്റെ ദേഹത്ത് ഇപ്പോള്‍ നല്ല തണുപ്പുണ്ട്.....അവന്‍ പറന്നു നടക്കുന്ന പോലെ തന്നെ അവനു തോന്നുന്നു....
അവന്റെ കാലിന്റെ കീഴില്‍ ഇപ്പോള്‍ ഉറച്ച ഭൂമി ഇല്ല...പകരം ആഴത്തില്‍ ഉള്ള കടല്‍ മാത്രം ആണെന്ന് അവന്‍ അറിഞ്ഞില്ല........
അങ്ങനെ അവന്‍ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി.......
ഇപ്പോള്‍ ആളുകളുടെ ബഹളങ്ങള്‍ ഒന്നും ഇല്ല.....മുന്നില്‍ പ്രകാശം മാത്രമുള്ള ഒരു വലിയ ഇടനാഴി......അവന്‍ മുന്നോട്ട് പോയ്കൊണ്ടിരുന്നു..
......
.........
പെട്ടെന്ന് അവന്റെ ഉള്ളില്‍ ആ കടല്‍ കവര്ന്നെടുത്ത മനസ്സ് കടല്‍ തന്നെ തിരികെ കൊണ്ട് വച്ചു...
അവന്‍ കണ്ട കാഴ്ചകളും ഓര്മ്മകളും തിരികെ വന്നു കൊണ്ടിരുന്നു,....
അവസാനമായി കടല്‍ കരയിലെ കാഴ്ചകളും ബഹളങ്ങളും അവന്റെ മനസ്സില്‍ ഓടി എത്തി.....
പക്ഷെ അവനു ആ ഓര്മ്മയില്‍ വന്ന ഒരു കാര്യം മാത്രം മനസ്സിലായില്ല....
അവിടെ കൂടി ഇരുന്ന സ്തീകള്‍ ...”അയ്യോ! അങ്ങോട്ട്‌ പോകല്ലേ....കടല്‍ ഇളകി ഇരിക്കുകയാണ്......അപകടമാണ്...ആരെങ്കിലും ആ വെള്ളത്തിലേക്ക്‌ പോകുന്ന ആളെ ഒന്ന് രക്ഷിക്കണേ...”എന്ന നിലവിളിയുടെ അര്ത്ഥം .....

Saturday, March 5, 2011

രംഗ പുരാണം..ഒരു തേങ്ങയും പിടി കിട്ടുന്നില്ല....

ഏറമ്പാല കൃഷ്ണന്‍ നായനാരെ, ഇ.കെ.നായനാര്‍ എന്ന് വിളിച്ചിരുന്ന പോലെയും, പിലാവുള്ളകണ്ടി തെക്കതില്‍ ഉഷയെ, പി.ടി.ഉഷ എന്ന് വിളിക്കുന്ന പോലെയും ... കൊന്നപ്പറമ്പില്‍ ഒതേനന്‍ മകന്‍ രംഗനെ കെ.ഒ.രംഗന്‍ എന്ന് പേര് കിട്ടിയപ്പോള്‍ ആദ്യം പ്രശ്നമൊന്നും തോന്നിയില്ല....
ജനിച്ചു വീഴുന്ന ഉടനെ മാതാപിതാക്കള്‍ ഇടുന്ന പേര് കൂതറ ആയാല്‍ പോലും പ്രതിഷേധിക്കാന്‍ വകുപ്പില്ലല്ലോ...പ്രതിഷേധിക്കുന്ന പ്രായമാവുംബോളെക്കും പേര് മാറ്റാന്‍ ഗസറ്റും,പരസ്യവും അങ്ങനെ ചടങ്ങുകളും ഒക്കെ ആയി മാറും....അല്ലെങ്കില്‍ പിന്നെ എന്നെപോലെ ചെറുപ്പത്തില്‍ ആദ്യമേ ഇട്ട പേര് ഇഷ്ടപ്പെടാഞ്ഞതിന്റെ പേരില്‍ ആ പേര് വിളിക്കുമ്പോള്‍ കൈക്കുഞായിരിക്കുമ്പോള്‍ തന്നെ മൈന്‍ഡ്‌ ചെയ്യാതിരുന്നു അവസാനം മാതാപിതാക്കള്‍ അഫ്സല്‍ എന്നാ മനോഹരമായ പേര് ഇടുന്നത് വരെ പഴയ പേരിനു ഒരു പരിഗണന കൊടുക്കാതെ ഇരിക്കാന്‍ പറ്റണം...(പഴയ പേര് ചോദിച്ചോണ്ട് ആരും ഈ വഴി വരണ്ട...ഡിങ്കന്‍ ഇവിടുണ്ട്)
പക്ഷെ ഇവിടെ കഥാനായകന്‍ രംഗന് പുലിവാല് പിടി പെട്ടത് എസ്.എസ്.എല്‍.സി ബുക്ക്‌ കയ്യില്‍ കിട്ടിയപ്പോള്‍ ആയിരുന്നു...സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് പുസ്തകത്തില്‍ മുഴുവനും മലയാളത്തില്‍ പേര്‍ എഴുതി ശീലിച്ചിരുന്ന കക്ഷി,തന്റെ എസ്.എസ്.എല്‍.സി ബുക്കില്‍ പേര് ഇംഗ്ലീഷില്‍ എഴുതിയത് കൂട്ടിവായിച്ചപ്പോലാണ് ഗദ്ഗദ കണ്ടനായത്....കെ.ഒ.രംഗന്‍..എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അബദ്ധവശാല്‍ ‘കെ’യും ‘ഒ’യും കഴിയുമ്പോള്‍ ഉള്ള ഫുള്‍ സ്റ്റോപ്പ്‌ ഇടാന്‍ മറന്നാലുണ്ടാവുന്ന പ്രശ്നം നിസ്സാരമാല്ലാരുന്നു..ഫുള്‍ സ്റൊപ്പിന്റെ വില എന്താണെന്ന് അങ്ങനെ കക്ഷി വേദനയോടെ മനസ്സിലാക്കി....
‘ഈശ്വരാ! ഈ ലോകത് എത്രയോ നല്ല പേരുകളുണ്ട്..എന്റെ അപ്പനും അമ്മയ്ക്കും ഈ പേര് മാത്രേ കിട്ടിയുള്ളോ?’
പൊതുവേ നാടിനും വീടിനും വല്ല്യ ഉപദ്രവമോ (ഉപകാരമോ) ഇല്ലാതെ നടന്നിരുന്ന രംഗന്‍,അങ്ങനെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ജോലി തപ്പി നടന്നു..
പഠന കാലത്തിനിടയില്‍ തന്റെ അമ്മാവന്റെ മകള്‍ക്ക് തന്നോട് തോന്നിയ അനുരാഗം തന്റെ ആകെ സമ്പാദ്യമായ തരികിട ഉപദേശങ്ങളിലൂടെ വഴി തിരിച്ചു വിട്ടു..ചൊക്കിയ കശുവണ്ടിയുടെ മുകളിലൂടെ റോഡ്‌ റോളര്‍ കയറിയ പോലത്തെ മുഖവുമായി ജീവിക്കുന്ന തന്നോട് അമ്മാവന്റെ മകള്‍ക്ക് തോന്നിയ ‘അനുരാഗം’,ആളെ ‘ഉ’ ആക്കാനുള്ള പരിപാടി ആണെന്ന് ആദ്യമേ തന്നെ മച്ചാന് മനസ്സിലാക്കി..തന്നെയുമല്ല...അക്കാലഘട്ടത്തില്‍ തന്നെ പുള്ളിക്കാരിക്ക് കൊണ്ട് പിടിച്ച ഒരു പ്രണയം വേറെ ഒരുത്തനുമായി ഉണ്ടായിരുന്ന വിവരം രംഗന്‍ അറിഞ്ഞിരുന്നു....ഇനി അഥവാ അങ്ങനെ ഒരു പ്രണയം ഇല്ലായിരുന്നെങ്കില്‍ പോലും കുടുംബത്തിനകത്ത് നിന്ന് ഒരുത്തിയെ പ്രണയിക്കാന്‍ തക്ക ആമ്പിയര്‍ രംഗന് ഇല്ലായിരുന്നു....
അങ്ങനെ കാലം കടന്നു പോകവേ....തൊഴിലില്ലായ്മ വേതനത്തില്‍ മുറുകെ പിടിച്ചു ജീവിച്ച രംഗന്‍..ഒരു കച്ചിതുരുംബെന്നോണം ഒരു പണി കിട്ടി..വാര്‍ക്ക പണിക്കാരുടെ കൂടെ...തട്ടടി....
എസ്.എസ്.എല്‍.സി നാലാം വര്ഷം തന്നെ ഫസ്റ്റ് ക്ലാസ്സിനു വെറും നൂറ്റന്പതു മാര്‍ക് വ്യത്യാസത്തില്‍ (ആകെ മൊത്തം ഇരുനൂറ്റി പത്തു മാര്‍ക് കിട്ടിയാരുന്നു..ഫസ്റ്റ് ക്ലാസ്സിനു മുന്നൂറ്റരുപതു വേണമെന്ന്..യേത്) പാസ്സായ മഹാന്‍,തന്റെ ഉന്നത ബിരുധമായ എം.ബി.ഏ പാസ്സായത് കൂട്ടുകാരുടെ സഹായം കൊണ്ട് മാത്രമാണ്..പിന്നെ തട്ടുകടക്കാരന്‍ വാസു അണ്ണന്റെ ഔദാര്യവും...കാരണം..കൂട്ടുകാര്‍ പൈസ കൊടുത്തില്ലെങ്കില്‍ പിന്നെ വാസു അണ്ണന്‍ ഫ്രീ ആയി കൊടുത്താല്‍ അല്ലെ രംഗന് ബോണ്ട തിന്നാന്‍ ഒക്ക്‌ു.....ഓ...മറന്നു..എം.ബി.ഏ. എന്ന് കേട്ടപ്പോള്‍ എല്ലാവരും തെറ്റിദ്ധരിച്ചു അല്ലെ...ഇത് ഇല്ലേ എം.ബി.ഏ. അല്ല...ഇത് വേറെ....’മെനക്കെടാതെ ബോണ്ട അടിക്കുക’ അതിന്റെ ചുരുക്കമായ എം.ബി.ഏ...!!!ഈ ഡിഗ്രി മാത്രം കൈ മുതലായ ഒരുത്തന് വാര്‍ക്ക പണി കിട്ടിയത് തന്നെ മുന്‍ തലമുറയിലെ മൂപ്പിലാന്മാര്‍ ചെയ്ത പുണ്യം....
എന്തായാലും കാണാന്‍ ലുക്ക്‌ ഇല്ലെങ്കിലും സ്വഭാവം നല്ലതാണ് എന്ന് കണ്ടിട്ടാവണം..രംഗന് വിവാഹാലോചനകള്‍ വരാന്‍ തുടങ്ങി....പക്ഷെ ഒന്നും അങ്ങോട്ട്‌ ശരിയാവുന്നില്ല....ഒന്നുകില്‍ പെണ്ണിന് ചെറുക്കനെ ഇഷ്ടപ്പെടുന്നില്ല,,അല്ലെങ്കില്‍ ചെറുക്കനെ പെണ്ണിന് ഇഷ്ടപ്പെടുന്നില്ല.....
ഇതൊന്നും പോരെങ്കില്‍ പേര് കേള്‍കുമ്പോള്‍ തന്നെ എല്ലാവര്ക്കും ഒരു ചിരി...എല്ലാം കൊണ്ട് വന്‍ കോള് തന്നെ...
ഏതായാലും ഗ്ലാമര്‍ കൊണ്ട് തനിക്ക് പെണ്ണ് കിട്ടില്ലാ എന്ന് മനസ്സിലാക്കിയ രംഗന്‍,തന്റെ ആകെ മുതല്‍ ആയ സല്‍സ്വഭാവം പരസ്യമായി പ്രകടിപ്പിക്കാന്‍ അവസരം കാത്തു..
അവസാനം ആറ്റു നോറ്റ് ഒരു ആലോചന ഏകദേശം ശരിയായി വന്നു...പെണ്ണിന്റെ അമ്മാവന്‍ രംഗന്റെ നാട്ടുകാരനാണ്.....തുണിക്കച്ചവടക്കാരന്‍ ശശി
അങ്ങനെ തട്ടടിയും കിടുപിടികളുമായി ജീവിച്ചു പോരവേ....
ഒരു ദിവസം.......
അന്നത്തെ പണിയും കഴിഞ്ഞു സന്ധ്യ കഴിഞ്ഞപ്പ്പോള്‍ എണ്ണ തേച്ചു മിനുക്കിയ തന്റെ കറുത്ത ബോഡിയും കൊണ്ട് രംഗന്‍ കായലില്‍ നിന്നും തിരിച്ചു വരവേ...തോട്ടുമുക്ക് ഷാപിന്റെ അടുത്തെത്തിയതും ഒരു ഒച്ച...
“ഇര്ര്‍...ങ്കാ....”
...................”ഈ ഹി ഹി ഹി ഹീ....”
......”മ്രിഗേം....”
“....ദ്വാ.....ഗ്വാ.......ഊ.....ദ്വാ......”
ഇരുട്ടായത് കൊണ്ട് ആളെ കാണാന്‍ വയ്യ...പക്ഷെ അടിവാരം മുതല്‍ മാന്തി എടുത്തു കൊണ്ടുള്ള യമണ്ടന്‍ വാള് വയ്പ്പ് നടക്കുവാ....
രംഗന്‍:”ആരാ അത്....?”
.........................................
രംഗന്‍:”ആരാന്നാ ചോദിച്ചേ.....?”
............................................
രംഗന്‍:”യെടാ യെതവനാടാ അവിടെ....?”
...
അപരന്‍:” നിന്റെ അപ്പന്‍....ഈ ഹി ഹി ഹി ഹീ....”
രംഗന് തന്റെ ഇനീഷ്യല്‍ ഇട്ട അപ്പനെ പറയുന്നത് കേട്ടപ്പോള്‍ കലിപ്പ് ഇളകി....
രംഗന്‍ കയ്യാല ചാടി അപ്പുറത്ത് എത്തിയതും കണ്ട കാഴ്ച....കുപ്പിയേതാ ഡപ്പിയേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തില്‍ ഒരുത്തന്‍...അതും വെറുതേ ഇരിക്കുവല്ല...സ്വയം സമര്‍പ്പിച്ച വാളില്‍ ഇരുന്നു കൊണ്ട് അതിരില്‍ നിന്നിരുന്ന മുറിച്ച തെങ്ങിന്റെ പൊറ്റയില്‍ തടവുന്നു....കൂടെ ഒരു ഡയലാഗും
“ട്രാ...മഴുമോനെ..നീ ഇങ്ങനെ കുഴിക്കരുത് (ഴ=ട)...എന്താഴാ നിന്റെ പ്ഴശ്നം
നിന്റെ മുഴുകത്തു(ഴ=ത) അപ്പിടി ഴോമാമാനല്ലോഴാ (ഴ=ര,ട)...”
ഇവനെ ഒന്നും തല്ലിയിട്ടും കാര്യമില്ല എന്ന് മനസ്സിലാക്കിയ രംഗന്‍ തിരിച്ചു നടക്കാന്‍ തുടങ്ങി...ഉടനെ ചിന്തിച്ചു..
‘വേണ്ട!!!..ഷാപിന്റെ പറമ്പിലാണ് താന്‍ നില്‍കുന്നത്...ഗെയിറ്റ്‌ കടന്നു വെളിയില്‍ പോകുന്നത് ആരെങ്കിലും കണ്ടാല്‍ തെറ്റിദ്ധരിക്കും...അത് കൊണ്ട്..വന്ന പോലെ തന്നെ തിരിച്ചു കയ്യാല ചാടാം...
‘......ബ്ധിം....’ ചാടി നിലത്ത് വീണ ഒച്ച..
“.എന്റെ ഭഗവാനേ...ഞാന്‍ ചത്തേ....!!!!!” പ്രതീക്ഷിക്കാതെ ഒരു മനുഷ്യന്‍ പുറത്തോട്ടു വീണ ഉടനെ ഒരു അപരിചിതന്റെ നിലവിളി...
താന്‍ ചാടിയത് ഒരു മനുഷ്യന്റെ പുറത്ത്‌ ആണെന്ന് തിരിച്ചറിഞ്ഞ രംഗന്‍ മാപ്പ് പറയാന്‍ തുടങ്ങിയതും അപരിചിതന്‍ മൊഴിഞ്ഞു..
“ യെടാ യെടാ തവളപ്രിക്കാടി..യെന്തിരുവനെ.....വെള്ളമടിച്ചിട്ടു നടക്കാന്‍ മേലെന്കില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടുന്നതിനു പകരം കയ്യാല ചാടുന്നോടാ പന്ന......”
‘തമ്പുരാനെ...പണി പാളി...’
രംഗന്‍:” അയ്യോ ഞാന്‍ മദ്യപിച്ചിട്ടില്ല ചേട്ടാ..”
അപ:”പഭ..യെമ്പോക്കി....കല്ല്‌ ഷാപ്പില്‍ പിന്നെ നീ മലക്കറി മേടിക്കാന്‍ പോയതാരിക്കും അല്ലേടാ..”
രംഗന്‍:”അയ്യോ അത്...”
അപ:”വേണ്ട..പരുങ്ങണ്ട....സാമദ്രോഹീ...എന്റെ മുതുക് നീ മൈതാനമാക്കിയല്ലോടാ...ആശുപത്രി ചെലവ് തന്നിട്ട് പോയാ മതി നീ..”
ഇത്രയും ബഹളമായപ്പോഴേക്കും..വീടെത്താന്‍ പൊയ്ക്കൊണ്ടിരുന്ന നാട്ടുകാര്‍ അടുത്ത് കൂടി...ഇതിനിടയില്‍ ആരോ പെട്രോമാക്സുമായി എത്തി...വാടിയുടെയും പ്രതിയുടെയും മുഖം വ്യക്തമായ ഉടനെ അതില്‍ ഒരുവന്‍:”അയ്യോ!! ഇത് നമ്മുടെ രംഗന്‍ അല്ലെ..”
പരുക്ക് പറ്റിയ അപരിചിതന്‍ ഉടനെ മുഖം ഉയര്‍ത്തി രംഗനെ നോക്കിയതും രംഗന്‍ അയാളെ കണ്ടതും ഒരുമിച്ചായിരുന്നു...മറ്റാരുമല്ല ശശി..തുണിക്കച്ചവടക്കാരന്‍ ശശി....ഏകദേശം ഉറപ്പിച്ച കല്യാണത്തിലെ കല്യാണപ്പെണ്ണിന്റെ അമ്മാവന്‍...
‘തോലഞ്ഞു...’
രംഗന്‍:”അമ്മാവാ ഞാന്‍ സത്യമായും കുടിച്ചിട്ടില്ല..”
ശശി:” ഉവ്വ..ഞാന്‍ വിശ്വസിച്ചു മോനെ...നീ ഷാപ്പില്‍ കയറിയിട്ടില്ല,കള്ള് കുടിച്ചിട്ടില്ല,വെളിവ് പോയിട്ടില്ല,കയ്യാലയും ചാടിയിട്ടില്ല...ഇതൊന്നും പോരെങ്കില്‍ നീ എന്റെ മുതുകത്ത് വീണിട്ടുമില്ല...ഇനി ഒന്ന് കൂടി..ഇത്രയും ഒക്കെ ‘ഇല്ല’ എന്ന് ഞാന്‍ സമ്മതിച്ച സ്ഥിതിക്ക് ഇനി നിനക്ക് തരാന്‍ ഞങ്ങടെ വീട്ടില്‍ പെണ്ണും ഇല്ല...ഹോ..ദൈവം കാത്തു..ഇത് പോലോരുത്തനെ ഞങ്ങടെ കൊച്ചിനെ കൊടുത്തിരുന്നെങ്കില്‍ എന്തായേനെ ഗതി..?”
രംഗന്‍ എന്ത് പറയണമെന്നറിയാതെ തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു..നാട്ടുകാര്‍ പിരിഞ്ഞു പോയി...
‘ഏതു നേരത്താണോ മറ്റവന്റെ ശബ്ദം കേട്ട് പോയി നോക്കാന്‍ തോന്നിയത്...’
തന്റെ തലയില്‍ കൂടി ഒരു വണ്ട്‌ പാഞ്ഞു നടക്കുന്നത് പോലെ രംഗന് തോന്നി....
ഇതിനിടയില്‍ നേരത്തെ ആ തെങ്ങിന്‍ പൊറ്റയില്‍ കിടന്നു ഗുസ്തി പിടിച്ചിരുന്ന മച്ചാന്‍,ഒരു വാഴത്തൈ എവിടുന്നോ വലിച്ചു പറിച്ചു കൊണ്ട് ഇഴഞ്ഞു വന്നു...
“മഴുമോനെ...വേഹം നഴക്ക്‌...”
കയ്യില്‍ ഇരുന്ന വാഴത്തൈ മരുമകന്‍ ആണെന്നാണ്‌ പുള്ളിയുടെ ചിന്ത...രംഗനെ കണ്ടതും അയാള്‍:”ഴാ ഗോച്ചനെ....എന്റെ വീഴ് (വീട്) ഒന്ന് കാഴിച്ചു താ...അല്ലെങ്കി വേണ്ട..ഒരു നൂഴു മില്ലി അടിക്കാന്‍ വല്ലതും താ...”
രംഗന്‍ തിളച്ചു മറിഞ്ഞു:”പ്ഭ പുല്ലേ...എടോ മലന്തവളെ...നീ ഒറ്റ ഒരുത്തന്‍ കാരണം എന്റെ ജീവിതം നായ നക്കി..അതും പോരാഞ്ഞ് ഇനി നിനക്ക് നൂറു മില്ലിക്കുള്ള വകുപ്പും കൂടി ഞാന്‍ ഉണ്ടാക്കി തരണം അല്ലെ...തരാടാ...തരാം...നീ ഒന്ന് നേരെ നില്‍ക്കു...നിന്റെ കരണത് തന്നെ ഞാന്‍ തരാം...”
മൂപിലാനു ഒന്നും പിടി കിട്ടിയില്ല....എന്ന് തന്നെയുമല്ല ഓന്തിനെ പോലെ ഇരിക്കുന്ന തന്റെ മുഖത്ത് നോക്കി തവള എന്ന് വിളിച്ചതിന്റെ പൊരുളും മനസ്സിലായില്ല....കള്ളിന്റെ കിക്ക്‌ അപാരം എന്ന് കരുതി മൂപിലും അത് അവിടെ ഉപേക്ഷിച്ചു...
രംഗന്‍ വീട്ടിലെത്തി...ഭക്ഷണം ഒന്നും കഴിക്കാതെ കിടന്നു...
ഇനി എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ല...
അവസാനം ഒരു ഐഡിയ കിട്ടി...പെണ്ണിനെ നേരിട്ട് കണ്ടു ഉണ്ടായ സംഭവം അറിയിക്കുക....പക്ഷെ ഒറ്റയ്ക്ക് വേണം...കാരണം അമ്മാവന്‍ ഉണ്ടായ സംഭവങ്ങള്‍ വീട്ടുകാരെ അറിയിച്ചു കാണും...
നേരം വെളുത്തു...രാവിലെ പണിക്ക് പോകാന്‍ ഇറങ്ങിയതും നാട്ടുകാര്‍ തന്നെ നോക്കി ഒരുമാതിരി ചിരി ചിരിക്കുന്നത് കാണാന്‍ തുടങ്ങി...
അവസാനം ഒരുത്തന്‍ നേരിട്ട് ചോദിച്ചു..:”രംഗാ...കുടി തുടങ്ങിയത് നമ്മളോടും കൂടി പറയാമാരുന്നില്ലേ...ഒരു കമ്പനി ഞങ്ങള്‍ തന്നേനെല്ലോ..”
‘ഈശ്വരാ!!!! ഇത് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു....ഇനി ഒരു രക്ഷയുമില്ല..’
രംഗന്‍ മറുപടി ഒന്നും പറയാതെ നടന്നു...ജോലി സ്ഥലത്തും അവന്‍ അധികം മിണ്ടിയില്ല...വൈകുന്നേരം കൂലി മേടിക്കാന്‍ നേരം സൂപ്പര്‍വൈസര്‍ പറഞ്ഞു:”രംഗാ,വല്ലപ്പോഴും ഒക്കെയേ ആകാവു...ഉള്ള കൂലി മുഴുവനും ഷാപ്പില്‍ കൊടുക്കരുത്..”
എല്ലാവരും ഇത് കേട്ട് ചിരിച്ചു...
വൈകുന്നേരമായപ്പോള്‍ രംഗന്‍ പെണ്ണിന്റെ വീട്ടിലേക്കു തിരിച്ചു....വരുന്നിടത്ത് വച്ച് കാണാം..ഏതായാലും വലിയ പ്രതീക്ഷ ഒന്നും ഇല്ല...പക്ഷെ സത്യാവസ്ഥ അറിയിച്ചേക്കാം.....
അങ്ങനെ സന്ധ്യ ആയപ്പോള്‍ ബസ്‌ സ്ടാണ്ടില്‍ എത്തി...
ബസ്‌ നോക്കി നടന്നതും ഒരു പെണ്‍കുട്ടി കയ്യില്‍ ഒരു ബാഗുമായി നില്‍കുന്നു..എന്തോ ഒരു പന്തികേട്...രംഗന്‍ അടുത്തെത്തി....
രംഗനെ കണ്ടതും അവള്‍ മുഖം മറക്കാന്‍ ഒരു ശ്രമം നടത്തി....
പക്ഷേ ആളെ കണ്ടതും രംഗന്‍ ഞെട്ടി...കല്യാണപ്പെണ്ണിന്റെ അമ്മാവന്റെ മകള്‍....തന്റെ ജീവിതം നായ നക്കിയ സംഭവത്തില്‍ സൈഡ് റോള്‍ കളിച്ച അതെ അമ്മാവന്റെ മകള്‍...അവള്‍ കാമുകനുമായി ഒളിച്ചോടി പോകാന്‍ എത്തിയതാണ്..പക്ഷേ സകല ആഭരണങ്ങളും ഉപേക്ഷിചിട്ടാണ് വന്നത് എന്നറിഞ്ഞ കാമുകന്‍ സ്ഥലം വിട്ടു..എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അവള്‍...
രംഗന്‍ അധികം ആലോചിച്ചില്ല...അവളോട്‌ ചോദിച്ചു:”നിനക്ക് എന്റെ കൂടെ ജീവിക്കുന്നതില്‍ എതിര്‍പ്പുണ്ടോ?”
അവള്‍ ഒന്നും മിണ്ടിയില്ല...
പിന്നെ ഒന്നും നോക്കിയില്ല,അവളുടെ ബാഗും വാങ്ങി തിരുനെല്ലിക്കാവിലേക്ക് പോകാന്‍ തയാറായി കിടന്ന സൂപ്പര്‍ ഫാസ്റ്റില്‍ കയറി....
ഉള്ള പൈസയും തന്റെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്‍ വരുന്ന മാലയുമായി രംഗന്‍ അവളെയും കൊണ്ട് സ്ഥലം വിട്ടു....
അവളെ കല്യാണവും കഴിച്ചു സുഖജീവിതം നയിക്കുന്നു.....
**--**--**--**--**--**--**--**--**--**--**--**--**--**--**--**--**--**--**--**--**
എന്‍:ബി: എന്ത് കണ്ടിട്ടാണ് മുതലാളി ഈ ചവറു എഴുതിയതെന്നു ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല...ഒരു പേര് കിട്ടിയപ്പോള്‍ എഴുതി തുടങ്ങി എന്നാണു എന്നോട് പറഞ്ഞത് ..അവസാനം ആവണക്കെണ്ണ കുടിച്ച അവസ്ഥയായി...നിര്‍ത്താന്‍ വയ്യ പോലും ...എങ്ങനോക്കെയോ ബ്രേക്കിട്ടു നിര്‍ത്തി...’എല്ലാവരും എന്നോട് ക്ഷമിക്കണം...ഇനി ഈ സൈസ്‌ ആവര്‍ത്തിക്കില്ല...നമുക്ക് പറ്റിയത് എന്റെ ജീവചരിത്രം തന്നെയാണ്...സാരമില്ല എന്തെങ്കിലും ഓര്മ വരുമ്പോള്‍ എഴുതാം....ഇപ്രാവശ്യതെക്ക് ഇത് സഹിക്കുവാന്‍ അപേക്ഷ....’ എന്ന് എല്ലാവരോടും പറഞ്ഞിട്ട് ഇത് പോസ്ടാന്‍ എന്നെ ഏല്പിച്ചു...അഭിപ്രായം എന്തായാലും മേടിച്ചു വെക്കാനും പറഞ്ഞു....പോസ്ടാന്‍ എന്നെ തന്നെ എല്പിച്ചതില്‍ നിന്നും അഭിപ്രായം ഏതു തരത്തിലുള്ളതാണെന്ന് എനിക്ക് മനസ്സിലായി....


മുതലാളിക്ക് വേണ്ടി ഡിങ്കന്‍ (ഒപ്പ്)

Wednesday, March 2, 2011

ഒരു പിറന്നാള്‍ സമ്മാനം.....



[ആരും കണ്ണ് മിഴിക്കണ്ട...കവിത (?) എഴുതാനും മാത്രം ഞാന്‍ മൊട്ടേന്നു വിരിഞ്ഞിട്ടില്ലെന്നു ആരെങ്കിലും പറഞ്ഞാല്‍ ഇടിച്ചു കൂമ്പ് വാട്ടും ഞാന്‍....ഇത് എനിക്ക് തോന്നിയ വരികള്‍ ആണ്...ഗദ്യവും കവിതയും ചേര്‍ന്ന് “ഗവിത” എന്ന ഗ്രൂപ്പില്‍ പെടുത്താം..(സത്യം..അങ്ങനെ ഒരു ഗ്രൂപ്‌ ഉണ്ടെന്നെയ്‌..ഞാനല്ലേ പറയുന്നേ....വിശ്വസിക്കെടെയ്‌..ഡിങ്കന്‍ ആണേ സത്യം)....
ഈ സംഭവം..എന്റെ സ്നേഹസാന്ത്വനം കുടുംബത്തിന്റെ പേരിലും,വാപ്പിച്ച,മിച്ച,അനിയന്‍,വാപ്പ,ഉമ്മ,സന,ഇത്ത,ഇക്ക,അനിയന്‍,ടീച്ചരമ്മ,അരുണ്‍ മുത്ത്,ഹരിമുത്ത്...തുടങ്ങി എല്ലാ മുത്തുകളുടെ പേരിലും...എന്റെ തംലിയ്ക്ക് സമര്‍പ്പിക്കുന്നു....ഒരു പിറന്നാള്‍ + വിവാഹ വാര്‍ഷിക സമ്മാനം...{അണ്ണാറ കണ്ണനും തന്നാലായത്....}

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
പുലരൊളി തന്‍ ഇളവെയില്‍ പോലെ
തേനൊഴുകും വാക്കുകളാലെ
കടലല തന്‍ കാറ്റല പോലെ
മനം കുളിരും സാന്ത്വനമാലെ...
നിലാവൊഴുകും പൗര്‍ണമി പോലെ
പാലൊഴുകും പുഞ്ചിരിയാലെ
പൈതല്‍ തന്‍ കൊഞ്ചല്‍ പോലെ..
കൌതുകമേകും ചിരികളിയാലെ...
പുഷ്പോത്സവമായി നീ എത്തി..
***********************************
കാറും കോളും നിറച്ചൊരു മനസ്സും...
പരവേശത്താല്‍ ഉരുകിയൊലിച്ചും
തെന്നി പാറി നടന്നോരെന്‍ ഖല്‍ബില്‍...
പുതുമഴയായി നീ എത്തി...
പ്രാണന്‍ പോലെ സ്നേഹിക്കാനും...
ഒത്തൊരുമയോടെ ജീവിക്കാനും...
ഒരു വര്ഷം കഴിഞ്ഞത് പോലെ...
ഇനിയുള്ള കാലം കഴിഞ്ഞീടാനും
സമ്മാനങ്ങള്‍ നല്‍കിയ റബ്ബേ..
ഇനിയും നന്മകള്‍ നല്‍കേണെ...

Friday, February 18, 2011

മൂപ്പിലാന്‍ റീ ലോഡഡ് അഥവാ ബ്രെക്കില്ലാ രാജ്യത്തെ രാജകുമാരന്മാര്‍.....

മുകള്‍ ഭാഗം തുറന്ന ഒരു ചുവന്ന നിറത്തില്‍ ഉള്ള ഒരു കിടിലന്‍ കാര്‍ മലഞ്ചരിവിലൂടെ പാഞ്ഞു വരുന്നു.....അതില്‍ നാലഞ്ചു ചെറുപ്പക്കാര്‍....പെട്ടെന്ന് അതാ ടാറിട്ട റോഡിന്റെ നടുവിലായ്‌ ഒരു കൊച്ചു പെണ്‍കുട്ടി പച്ച നിറത്തില്‍ ഉള്ള ഒരു വലിയ പന്ത് എറിഞ്ഞു കളിക്കുന്നു.....

”ബ്രെക്കെവിടെ...ബ്രെക്കെവിടെ..” എന്നും പറഞ്ഞു കാലിട്ടടിച്ച ഡ്രൈവര്‍ മോന്‍ ഒരു സത്യം മനസ്സിലാക്കുന്നു....ബ്രേക്ക് പോയിട്ട് കാക്ക തൂവല്‍ പോലും ഇല്ല....

ഇനി ഒറ്റ വഴിയെ ഉള്ളു....

ലവന്‍ തന്റെ “ആക്ഷന്‍ ഷൂസ്” ഇട്ട കാലു ടാറിട്ട റോഡില്‍ അമര്‍ത്തി ചവുട്ടി.....

ജയനെയും രജനി അണ്ണനെയും വെല്ലുന്ന സ്ടണ്ട്....

വണ്ടിയുടെ വേഗം കുറഞ്ഞു....ഷൂസ് ഉരഞ്ഞെങ്കിലും അത് തേയുന്നില്ല.....അവസാനം കുട്ടിയുടെ തൊട്ടടുത്തായി വണ്ടി നില്‍കുന്നു...അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ട് ആ പന്ത് കാറിന്റെ ബോണറ്റില്‍ എറിഞ്ഞു പിടിക്കുന്നു.....എല്ലാരും ആശ്വാസത്തോടെ ആ കുട്ടിയെ പൊക്കി എടുക്കുമ്പോള്‍ പരസ്യം തീരുന്നു...

“ആക്ഷന്‍ ഷൂസ്...”

============================================================================

എന്നെ പോലെ അക്കാലത്ത് പലരെയും ആകര്‍ഷിച്ച ഒരു പരസ്യം ആണ് മുകളില്‍ പറഞ്ഞത്....

അന്ന് ടീവിയിലും സിനിമയിലും ഒക്കെ കാണുന്നത് ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു വല്ലഭന്‍ ആരുന്നല്ലോ ഞാനും..(മോനാരാ......യേത്....)

;-)

അങ്ങനെ ഞാനും അജ്മലും ആ പരസ്യവും ജീവിതത്തില്‍ പരീക്ഷിക്കാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങി...

പരസ്യത്തിലുള്ള എല്ലാ പ്രോപ്സും കിട്ടില്ല.....എന്നാലും അതിനു തുല്യമായി കൊക്കില്‍ ഒതുങ്ങാവുന്ന സാധനങ്ങളുമായി ഞങ്ങള്‍ ചക്ക വേരില്‍ കായിപ്പിക്കാന്‍ തുടങ്ങി.....

മുകള്‍ ഭാഗം തുറന്ന...ചുവന്ന നിറമുള്ള ഓപ്പണ്‍ ബോഡി കാര്‍ കിട്ടില്ല..അതിനു പകരം...അതുമായി ഒരുകാര്യത്തില്‍ മാത്രം സാമ്യം ഉള്ള (ഓപ്പണ്‍ ബോഡി) നീല നിറത്തിലെ ബീ.എസ്.ഏ. സൈക്കിള്‍.....

വെളുപ്പില്‍ ചുവന്ന ഡിസൈന്‍ ഉള്ള കിടിലന്‍ ആക്ഷന്‍ ഷൂസിന് പകരം.....വെളുപ്പില്‍ നീല വള്ളി ഉള്ള പാരഗന്‍ സ്ലിപ്പര്‍.....

മലഞ്ചരിവിലെ ടാറിട്ട റോഡിനു പകരം മലമൂത്രത്താല്‍ സുഗന്ധപൂരിതമായ ഒരു ഇടവഴി (സിവിൽ ലെയിൻ റോഡ് )..സോറി..ഒരു കാര്യം മറന്നു..........റോഡില്‍ ടാറില്ല!!

റോഡിനു നടുവില്‍ പച്ച നിറത്തില്‍ ഉള്ള പന്തുമായി കളിക്കുന്ന കുട്ടിക്ക് പകരം പച്ചില തിന്നു നടക്കുന്ന കുറെ ആടും..പച്ച തെറികള്‍ കൊണ്ട് സമ്പന്നമായ ഒരു മതിലും....

സിറ്റുവേഷന്‍ ക്രിയെറ്റട്....

പിന്നെ..ബ്രേക്കിന്റെ കാര്യം...
ഡോള്‍ബി കമ്പനിയുമായി ഒരു ടൈ അപ്പില്‍ മോഡിഫിക്കേഷന്‍ ചെയ്തെടുത്ത സൈക്കിള്‍ ആയത് കൊണ്ട് ബെല്‍ ഒഴികെ എല്ലാത്തിനും നല്ല സൗണ്ട് ആരുന്നു...ചെയിനും പെടലും ഒക്കെ കൂടി സംയോജിച്ചുള്ള ആ ശബ്ദ സൌകുമാര്യത്തില്‍ ബെല്ലിന്റെ “കിണി കിണിം..” സൌണ്ടിനു മെട്രോ ഉത്‌ഘാടനത്തിനു പോയ കുമ്മനേക്കാൾ പരിതാപകരമായ അവസ്ഥ ആയിരുന്നു  ..

അങ്ങനെ ഞങ്ങള്‍ മുകളില്‍ പറഞ്ഞ പരസ്യം ജീവിതത്തില്‍ പകര്‍ത്തി പോന്നു....സ്പീഡില്‍ പോകുകയും നിര്‍ത്തണ്ട ഡെസ്റ്റിനേഷൻ എത്തുന്നതിനു തൊട്ടു മുന്‍പേ പാരഗന്‍ ഇട്ട കാലു നിലത്ത് ചവുട്ടി അതിന്റെ ഗ്രിപ്പില്‍ വണ്ടി നിര്‍ത്തുകയും പരസ്പരം തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു പോന്നു....

അങ്ങനിരിക്കെ ഒരിക്കല്‍...പരിചയമില്ലാത്ത വഴികളില്‍ ഒക്കെ ഞങ്ങള്‍ ഈ പരീക്ഷണം നടത്തി സസുഖം വാഴവേ....ഞങ്ങള്‍ ഒരു മത്സരം വച്ചു.....

വണ്ടിയുടെ കണ്ടീഷന്‍ നോക്കിയപ്പോള്‍ ..കിടിലന്‍...

അജ്മലിന്റെ ബ്രേക്കിന്റെ കേബിള്‍ ..ഒന്നോ രണ്ടോ നാരിന്റെ ബലത്തില്‍ ആണ് നില്‍കുന്നത്..ഏതാണ്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥ......പിന്നെ ചെരുപ്പു ആണെങ്കില്‍ തേഞ്ഞു തേഞ്ഞു പെന്‍സിലിന്റെ മുന ചെത്താവുന്ന അത്ര മൂര്‍ച്ച ആയി...

അങ്ങനെ ഞങ്ങള്‍ പുതിയ ഒരു വഴിയില്‍ മത്സരം തുടങ്ങി...

കുറെ അധികം വളവുകള്‍ ഉള്ള ഒരു ലെയിന്‍.....

ലവന്‍ വച്ചലക്കി....മര്യാദക്ക് പതുക്കെ പോകുവാണെങ്കില്‍ രണ്ടു സൈക്കിളിന് പാരലല്‍ ആയി പോകാന്‍ ഉള്ള വീതിയെ ഉള്ളൂ ..പക്ഷെ സ്പീഡില്‍ ആയത് കൊണ്ട് ചിലപ്പോ കൊരുക്കാന്‍ സാധ്യത ഉണ്ട് എന്ന് ഉള്ളത് കൊണ്ട് ഞാന്‍ ഒരു ഗ്യാപ്‌ കിട്ടിയിട്ട് ഓവര്‍ ടെക് ചെയ്യാം എന്ന് കരുതി അവന്റെ പുറകെ വച്ചു പിടിച്ചു....

ഒരു വളവു വളഞ്ഞതും...

“അള്ളോ!!!!!! ശൂ.....മാറ് .......അമ്മാവാ......എന്റളിയാ......ബ്രേക്ക് പൊട്ടിയെടാ......”

പിന്നെ കുറച്ചു മെറ്റല്‍ ഉരയുന്ന സൌണ്ടും കുറെ കമ്പുകള്‍ ഒടിയുന്ന ഒച്ചയും കേട്ട്....ഞാന്‍ വളവു തിരിഞ്ഞതും...ഒരു തേഞ്ഞു തീരാറായ അപ്പൂപ്പന്‍ പുള്ളിയെക്കാള്‍ പ്രായമുള്ള ഒരു സൈക്കിളുമായി താഴെ കിടക്കുന്നു...

ലവനെ കാണുന്നില്ല....

ഞാന്‍ സൈടിലോട്ടു നോക്കിയപ്പോള്‍ വേലി ഒക്കെ പൊളിച്ചു അവനും സൈക്കിളും ആരുടെയോ പറമ്പില്‍ കിടക്കുന്നു....അവന്റെ ചെരുപ്പ് വള്ളി പൊട്ടിയ നിലയില്‍ അപകടം നടന്ന സ്ഥലത്തിനും ഒരു മൂന്ന് അടി അകലത്തില്‍ കിടക്കുന്നു...

ഞാന്‍ ലവനെ പൊക്കി എടുത്തു....

സൈക്കിള്‍ നോക്കിയപ്പോള്‍ ടയര്‍ നേരെയും ഹാന്‍ഡില്‍ ഇടത്തോട്ടും ആയി ഒരുമാതിരി നടുവിന് അടി കിട്ടിയ പട്ടിയുടെ ഷേപ്പിൽ .......

അത് നേരെ ആക്കുന്നതിന് മുന്നേ ലവന്‍ അപ്പൂപ്പനോട് ബഹളം വച്ചു കൊണ്ട് ചെന്നു...

“വിളിച്ചു കൂവിയത് കേട്ടില്ലേ കൂവേ....വല്ലതും പറ്റിയിരുന്നെങ്കിലോ...(ഇനി എന്തോന്ന് പറ്റാന്‍)..”

ഇത് ഞങ്ങടെ ഒരു സ്ഥിരം നമ്പര്‍ ആരുന്നു...നമ്മള്‍ തെറ്റ് ചെയ്താലും അങ്ങോട്ടങ്ങു ചൂടാവുക....അപ്പോള്‍ അവരുടെ ദേഷ്യം ചിലപ്പോള്‍ (മാത്രം) ഒതുങ്ങും...

സൈക്കിള്‍ നേരെ ആക്കി ഞാന്‍ അപ്പൂപ്പന്റെ സ്ഥിതി അറിയാനായ്‌ ചെന്ന്..

നോക്കിയപ്പോള്‍ സൈക്കിളിന്റെ മട്ഗാടും ബോടിയുമായി ലവലേശം ബന്ധമില്ല..ഒന്ന് രണ്ടു കമ്പികള്‍ പൊട്ടിയിട്ടുമുണ്ട്....അപ്പോള്‍ പണി നമുക്ക് ആവും...

ഞാന്‍ ഉടനെ പ്ലെയിറ്റ് മാറ്റി.....

പാവമായ്‌....

“അമ്മാവാ..എണീക്ക്....”

ഞാന്‍ മര്യാദ ആയത് കണ്ട ഉടനെ ലവനും മനസ്സിലായ്‌ ..ഞങ്ങക്ക് പണി കിട്ടാനുള്ള വകുപ്പ് ഉണ്ട്..അത് കൊണ്ട് മര്യാദ ആയെ പറ്റുകയുള്ളൂ....

ഞാന്‍ പറഞ്ഞു:”ഡേയ്..നീ അമ്മാവനെ ഒന്ന് നോക്കിക്കേ..ഞാന്‍ സൈക്കിള്‍ എടുത്തു വെക്കാം..”

അവനു മനസ്സിലായി..അപ്പൊ അമ്മാവനല്ല...സൈക്കിളിന് സാരമായി എന്തോ പറ്റി...

ഞാന്‍ അമ്മാവന്റെ സൈക്കിള്‍ മൊത്തമായ് പൊക്കി എടുത്തു...മട്ഗാദ്‌ ഇളകി വീഴാതെ മതിലില്‍ ചാരി വെച്ച്....

ലവന്‍ അമ്മാവനെ എഴുന്നെപ്പിച്ചിട്ടു ലങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടത്തിച്ചു....

ഉഷാറായ ഉടനെ മാമന്‍ സംഭാഷണം തുടങ്ങി...

..#@#$$#...എന്ത് വരവാടാ #@@@...നേ....ആര്‍ക്കു വായുഗുളിക @#@#@ പോകുവാടാ..##$$@@@@...

സര്‍വ സാധാരണമായ വാക്കുകള്‍....ഞങ്ങള്‍ക്ക് പുതുമ ഒന്നും തോന്നിയില്ല....ഞാന്‍ എന്റെ സൈക്കിളില്‍ കയറി....ലവന്റെ പൊട്ടിയ ചെരുപ്പും എടുത്തു...അവനും സൈക്കിളില്‍ കയറി....

“സോറി അമ്മാവാ....” എന്ന് ഒരു ഡയലോഗും വിട്ടിട്ട് ഒരു വിടീല് വിട്ടു....കുറച്ചു ചെന്നതും നേരത്തെ കേട്ടതിലും മുഴുത്ത ഒരെണ്ണം അമ്മാവന്റെ സ്വന്തം ശബ്ദത്തില്‍ തന്നെ ഹൈ വോളിയത്തില്‍ കേട്ടു....

സൈക്കിള്‍ എടുത്തപ്പോള്‍ മട്ഗാദ്‌ ഇളകി വീണതിന്റെ റിയാക്ഷന്‍ ആവണം...ഞാന്‍ ഊഹിച്ചു...

ലവന്‍ ചോദിച്ചു..:”ഡേയ്..എന്താ പറ്റിയത്...നീ ഡീസന്റാവുന്ന കണ്ടപ്പോളേ മനസ്സിലായ്‌ എന്തോ കുരുക്കുണ്ടെന്നു...”

ഞാന്‍ പറഞ്ഞു:”ഡാ നമ്മളെക്കാള്‍ കോഞ്ഞാട്ട ആയത് അമ്മാവന്റെ സൈക്കിളാ..നീ ആ കമ്പി പൊട്ടിയതോന്നും കണ്ടില്ലേ..”

ലവന്‍:” ആ ....ഇതൊക്കെ ആര് നോക്കുന്നു..”

ഞങ്ങള്‍ വീട്ടിലെത്തി....ആരുമറിയാതെ ലവന്റെ ദേഹത്തെ പാച് വര്‍ക്ക് ഒക്കെ നടത്തി...

അങ്ങനെ ആഴ്ചകള്‍ കടന്നു പോയി....

ഞങ്ങള്‍ പുതിയ ഒരു കളി കണ്ടു പിടിച്ചു.....നല്ല ദൂരത്തു നിന്ന് പന്ത് എറിഞ്ഞു പിടിക്കുക....അവന്‍ എറിയുന്ന പന്ത് എന്നെ കടന്നു പോയാല്‍ അവനു പോയിന്റ്....

അതിനു ആളൊഴിഞ്ഞ ഒരു റോഡ്‌ കണ്ടു പിടിച്ചു....

ഞങ്ങടെ സ്കൂളിന്റെ പടിഞ്ഞാറ് ഉള്ള റോഡു...ഇപ്പൊള്‍ ഫാസിലിന്റെ (സംവിധായകന്‍) വീട് ആ റോഡിനോട് ചേര്‍ന്നാണ്..അതായത് ഞങ്ങടെ സ്കൂളിന്റെയും ഫാസിലിന്റെ വീടിന്റെയും ഇടയിലുള്ള ടാറിട്ട റോഡ്‌....അവന്‍ റോഡിന്റെ (ഇംഗ്ലീഷിലെ ‘ടി” ശേയിപ്പുള്ള ) അറ്റത്തു നില്‍കുന്നു....ഞാന്‍ കുറെ വടക്കോട്ട് മാറിയും നില്‍കുന്നു....എന്റെ സൈക്കിള്‍ എന്റടുതും...ലവന്റെ സൈക്കിള്‍ അവന്റടുതും....

കുറെ നേരം കളിച്ചു...ഇടയ്ക്ക് വല്ലപ്പോളും ഒരു സൈക്കിളോ സ്കൂട്ടറോ വന്നാല്‍ ഞങ്ങള്‍ ഏറു നിര്‍ത്തും..അത് പോകുമ്പോ പിന്നെയും തുടങ്ങും...

അങ്ങനെ..കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ ബെല്‍ കേട്ടു ഞാന്‍ ഏറു നിര്‍ത്തി....

നോക്കിയപ്പോ അതാ വരുന്നു....കുറച്ചു നാള്‍ മുന്നേ അജ്മലുമായി കൂട്ടി ഇടിച്ചു മണ്ണ് പരിശോധന നടത്തിയ ജഗജില്ലി...സെയിം സ്പെസിമന്‍...അതേ അമ്മാവന്‍...ഒരു മാറ്റവുമില്ലാതെ..റീലോഡഡ്....

ഞാന്‍ അങ്ങേര്‍ക്കു മുഖം കൊടുക്കാതെ ഒരു മൂളിപ്പാട്ട് പാടി തിരിഞ്ഞു നിന്നു...അങ്ങേര്‍ എന്നെ കടന്നു പോയി....

ഉടനെ ഞാന്‍ ലവന് സിഗ്നല്‍ കൊടുത്തു...

“അളിയാ.....നോക്കളിയാ.....”

ലവനും തിരിഞ്ഞു നിന്നു...(ആളെ മനസ്സിലായ്‌ എന്ന് സാരം)

അമ്മാവന്‍ അവനെ കടന്നതും അജ്മല്‍ കൂവി:”എറിയെടെയ്...”

ഞാന്‍ സകല ഊക്കോടും കൂടി ഒരു ഏറു എറിഞ്ഞു...

എന്റെ ഉന്നതിന്റെ ഗുണമോ അതോ അമ്മാവന്റെ ബെസ്റ്റ്‌ ടയ്മോ....പന്ത് ഏതായാലും അമ്മാവന്റെ മുതുക്‌ ലക്ഷ്യമാക്കി പാഞ്ഞു...

ഞാന്‍ കൂവി:”അളിയാ പിടി അളിയാ...കൈ വിട്ടു പോയെടെയ്‌..പണി പാളി...”

“...ബ്ധോം...”

അമ്മാവന്റെ മുതുകില്‍ തന്നെ പന്ത് ക്രാഷ് ലാന്‍ഡ്‌ നടത്തി.ഏറു കൊണ്ട ഹാങ്ങോവറിൽ അമ്മാവനും സൈക്കിളും പ്രാഞ്ചിപ്രാഞ്ചി മതിലിനോട് ചേർന്നുള്ള കാന ലക്ഷ്യമാക്കി നീങ്ങി......സൈമല്‍ടെനിയസ്ലീ ഞാന്‍ എന്റെ സൈക്കിളും എടുത്തു..ഒരു കൂവലും കൂവി..:”വിട്ടോ അളിയാ....”

തിരിഞ്ഞു നോക്കാതെ ഞാന്‍ സൈക്കിളില്‍ വടക്കോട്ട് വിട്ടു...ഇടയ്ക്കു നോക്കിയപ്പോള്‍ അജ്മല്‍ സൈക്കിളും കൊണ്ട് ഓടുന്നു....അമ്മാവന്റെ സൈക്കിള്‍ നിലത്ത് കിടക്കുന്നു...ഞാന്‍ നിര്‍ത്തി നോക്കി....അവന്‍ സൈക്കിളില്‍ ചാടി കയറി...വളവു തിരിഞ്ഞു പടിഞ്ഞാട്ടോട്ടു വിടുന്നു...അമ്മാവന്‍ പുറകെ ഓടുന്നു...നല്ല ആമ്പിയര്‍ ഉള്ള അമ്മാവന്‍...

അവര്‍ രണ്ടു പേരും മറഞ്ഞതും ഞാന്‍ ഓര്‍ത്തു...’ഓടിപ്പോയ്‌ അമ്മാവന്റെ സൈക്കിള്‍ പൂട്ടി താക്കോല്‍ എടുത്തു എറിഞ്ഞാലോ ..അയാള് പുറകെ വന്നു പിടിക്കാതിരിക്കാന്‍........അല്ലെങ്കില്‍ വേണ്ട..പൂട്ടുന്ന സമയം അങ്ങേരു തിരിച്ചു വന്നാല്‍ പണിയാവും...

ഞാന്‍ നേരെ വച്ചു വിട്ടു...പടിഞ്ഞാട്ടോട്ടു പോയ സ്ഥിതിക്ക് അവന്‍ ബീച്ചില്‍ കാണും....ഞാന്‍ ഡച് സ്ക്വയര്‍ വഴി ബീച്ചിലേക്ക് വിട്ടു.....അവനെ എങ്ങും കാണുന്നില്ല...അവസാനം റസ്റ്റ്‌ ഹൌസിന്റെ അടുത്ത് എത്തിയപ്പോള്‍ അവനെ കണ്ടു...മാടക്കടയില്‍ നിന്നും ഒരു ഉപ്പിട്ട സോഡയും കുടിച്ചു കൊണ്ട് സൈക്കിളുല്പ്പെടെ മതിലില്‍ ചാരി ലവന്‍ നില്‍കുന്നു...

ഞാന്‍ അവന്റെ അടുത്തെത്തി...

“ഡേയ് എന്തായ്‌..അങ്ങേരു നിന്നെ പിടിച്ചോ....”

അവന്‍:” എന്തോ ഏറാഡാ നീ എറിഞ്ഞേ....ഹീ ഹീ...നീ ആ സൗണ്ട് കേട്ടാരുന്നോ?”

ഞാന്‍:”കേട്ടു..ശരിക്കും കൊണ്ടോടെയ്‌......ഛെ...പുതിയ പന്താരുന്നു....അതിന്റെ മണം പോലും പോയില്ല...”

അവന്‍:” ഹ...നീ എന്താ കരുതിയെ....പന്ത് ഞാന്‍ എടുത്തെടെയ്‌...”

അവന്‍ ക്യാരിയറില്‍ വച്ചിരുന്ന പന്ത് എടുത്തു തന്നു..”

ഞാന്‍:”എടേ..നീ അതിനിടയില്‍ എങ്ങനെ എടുത്തു..”

അവന്‍:” അയാടെ പുറത്തു കൊണ്ട് പന്ത് തെറിച്ചു വന്നത് എന്റടുത്തെക്കാ...അത് എടുക്കാന്‍ താമസിച്ചത് കൊണ്ടാ ഞാന്‍ സൈക്കിളും ഉരുട്ടി ഓടിയത്...ഭാഗ്യത്തിന് അങ്ങേരു ചെളിയില്‍ കൈ കുത്തി വീണു..ആ ഗ്യാപ്പില്‍ എല്ലാം നടന്നു...പക്ഷെ എന്നിട്ടും അങ്ങേരു എഴുന്നേറ്റു ഓടുമെന്ന് ഞാന്‍ കരുതിയില്ല...നല്ല ആരോഗ്യമാടാ..”

ഞാന്‍:”ആരോഗ്യമാരിക്കില്ലെടാ...ദേഷ്യം വന്നാല്‍ ആര്‍ക്കും അങ്ങനെ തോന്നില്ലേ..ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമല്ലേ...”

അവന്‍:”അല്ലേടാ ആരോഗ്യമുണ്ട്...അത് ഉറപ്പാ...എനിക്കറിയാം...”

ഞാന്‍:”ഉം...”

അവന്‍:”ഡാ..ഒരു സംശയം ചോദിക്കട്ടെ...”

ഞാന്‍:”ഉം...എന്താടെയ്‌..”

അവന്‍:” ഈ ഉടുപ്പില്‍ ചെളി പറ്റിയാല്‍ പോകാന്‍ എന്ത് ചെയ്യണം...”

ഞാന്‍:” സോപ്പ്‌ പൊടിയില്‍ മുക്കി വെച്ചാ മതിയാരിക്കും..എന്താടാ..അയാള് ചെളി വല്ലതും എടുത്തു എറിഞ്ഞോ..”

അവന്‍:”എറിഞ്ഞോന്നുമില്ല...സൈക്കിളില്‍ കയറുന്നതിനു മുന്നേ ഒന്ന് താങ്ങി..മിസ്സാവുമെന്നു കരുതിയതാ...പക്ഷെ കൊണ്ടെടെയ്‌.”

ഞാന്‍ ഉടുപ്പിന്റെ പുറകില്‍ നോക്കിയപ്പോള്‍ അഞ്ചു വിരലുകളും കൃത്യമായി പതിഞ്ഞിരിക്കുന്നു.....

മൂപ്പിലാന് നല്ല ആരോഗ്യം ഉണ്ടെന്നു അവന്‍ പറഞ്ഞതിന്റെ മാനദണ്ഡം എനിക്ക് മനസ്സിലായി....

അവന്‍ പറഞ്ഞു....:”ഇനി കുറച്ചു കാലം നമുക്ക് ഏരിയ ഒന്ന് മാറ്റണം..അയാള്‍ എവിടുന്നാ വരുന്നതെന്ന് പറയാന്‍ പറ്റില്ല....”

--അങ്ങനെ കുറച്ചു കാലം മര്യാദ ഉള്ള കുഞ്ഞാടുകള്‍ ആയി ഞങ്ങള്‍ കുറച്ചു കാലം ജീവിച്ചു

(മര്യാദക്ക് ജീവിച്ച കാലത്തെ തരികിടകള്‍ സമയം പോലെ എഴുതാം)