Tuesday, January 25, 2011

സ്വപ്‌നങ്ങള്‍ ഇല്ലാത്ത സ്വര്‍ഗ്ഗം...

“കൌസല്യാ സുപ്രചാ രാമ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ.....”
കാലത്തെ അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും സുബ്ബലക്ഷ്മിയുടെ മാസ്മരിക ശബ്ദത്തില്‍ സുപ്രഭാതം കേട്ട് കൊണ്ട് കിടക്കപ്പായില്‍ നിന്നും ദേവന്‍ എണീറ്റു..ദിവാസ്വപ്നങ്ങല്‍ക്കൊപ്പം താന്‍ ഏറെ ഇഷ്ടപ്പെടുന്ന നിദ്രയിലുള്ള സ്വപ്‌നങ്ങള്‍ ഉറക്കം ഉണര്‍ന്നത് വഴി നഷ്ടമായതിന്റെ സങ്കടത്തോടെ ..മൂരി നിവര്‍ത്തി കൊണ്ട് പതുക്കെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി...തണുത്ത കടല്‍ കാറ്റ് വീശുന്നതില്‍ നിന്നും രക്ഷപെടാനെന്നോണം കൈകള്‍ രണ്ടും കൂട്ടി കെട്ടി....തിരികെ അകത്തേക്ക് നടന്നിട്ട് തട്ടില്‍ വച്ചിരിക്കുന്ന കുപ്പിയില്‍ നിന്നും ഉമിക്കരി എടുത്തു...
ദേവന്‍:” എടിയേ...ഇത്തിരി ഉപ്പ് ഉണ്ടെങ്കില്‍ ഇങ്ങെടുത്തേ..പുതുമഴ നനഞ്ഞത് കൊണ്ടാണോ ആവോ..മോണ പഴുതെന്നാ തോന്നുന്നേ..”
ദേവന്റെ ഭാര്യ ശാരി, പൈപ്പില്‍ നിന്നും രണ്ടു കുടങ്ങളിലായി വെള്ളം കൊണ്ട് വന്നു ബക്കറ്റുകള്‍ നിറച്ചു വയ്ക്കുകയാരുന്നു...വെള്ളം കൊണ്ട് നിറച്ചതിനു ശേഷം അടുക്കളയില്‍ നിന്നും അല്പം ഉപ്പ് എടുത്തു കൊണ്ട് വന്നു.
ശാരി:”നിങ്ങ എന്നാ മനുശേനാ...ആ അടുക്കളയില്‍ ചില്ല് കുപ്പിയില്‍ ഉപ്പ് ഇരിക്കണ കാണാന്‍ മേലേ..”
ദേവന്‍ ഒന്നും പറയാതെ ഉപ്പും ഉമിക്കരിയും കൂട്ടി പല്ല് തെക്കാനായ്‌ പുറത്തേക്കിറങ്ങി..നിറച്ചു വച്ച വീപ്പയില്‍ നിന്നും ഒരു കോപ്പ വെള്ളവും എടുത്തു കടല്‍ കരയിലേക്ക് നടന്നു..തന്റെ ഇപ്പോളത്തെ സ്വപ്നമായ ഒരു വീടിനെ കുറിച്ച് സ്വപ്നം കണ്ടു കൊണ്ട് പ്രഭാത കൃത്യങ്ങള്‍ കൃത്യമായി നിര്‍വഹിച്ചു ..ഓരോ പ്രായത്തില്‍ ഓരോ സ്വപ്‌നങ്ങള്‍ ആയിരുന്നു ദേവന് കൂട്ട്..ആ സ്വപ്‌നങ്ങള്‍ അവന്‍ അവന്റെ ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരുമായി പങ്കു വയ്ക്കുമായിരുന്നു....പക്ഷെ മിക്ക സ്വപ്നങ്ങളും യാതാര്ത്യമാക്കാന്‍ അവനു കഴിയുമായിരുന്നില്ല...പക്ഷെ അതില്‍ അവനു വിഷമവും തോന്നാറില്ലായിരുന്നു ..ഇപ്പോള്‍ അവനു സ്വപ്നങ്ങളും സുഖങ്ങളും ദു:ഖങ്ങളും ഒക്കെ പങ്കു വയ്ക്കുവാന്‍ അവന്റെ ശാരിയെ വീട്ടുകാര്‍ സമ്മാനമായി കണ്ടു പിടിച്ചു കൊടുത്തു...സ്വതവേ ഒരു നിഷ്കളങ്കയായിരുന്ന,സ്വപ്‌നങ്ങള്‍ കാണാതെ നടന്ന ഒരു പാവം പെണ്‍കുട്ടിയായിരുന്നു ശാരി. പതുക്കെ പതുക്കെ അവളും ദേവന്റെ സ്വപ്നലോകതെക്ക് അവന്റെ കൈ പിടിച്ചു കയറാന്‍ തുടങ്ങി....
പല്ല് തേപ്പും പരിപാടികളും ഒക്കെ കഴിഞ്ഞു ദേവന്‍ വീട്ടിലേക്കു കയറി..ശാരി ഉണ്ടാക്കി വച്ചിരുന്ന കട്ടന്‍ കാപ്പിയും കുടിച്ചു കൊണ്ട് കൊലായിലേക്ക് ഇരുന്നു...
‘ഇന്നും പാല്‍ ചായ ഇല്ലേടീ ‘ എന്ന് ഉള്ളില്‍ തള്ളി വന്ന ചോദ്യം അവന്‍ ഒതുക്കി...അതിനു കാരണം മറ്റൊന്നുമല്ല...രാവിലെ ഉപ്പ് ചോദിച്ചപ്പം തന്നെ ശാരിയുടെ ‘മൂഡ്‌’ നല്ലതല്ലെന്ന് അവനു മനസ്സിലായിരുന്നു...മിക്ക ദിവസങ്ങളിലും അങ്ങനാണ് , തലേ ദിവസം വല്ല വഴക്കുമുണ്ടായാലും... ഉറക്കം ഉണരുന്നത് ഇടത്തോട്ട് തിരിഞ്ഞു ആയാലും മതി,അവള്‍ക്കു ദേഷ്യം വരാന്‍....
ഇന്നു ദേഷ്യം വരാനുള്ള കാരണം മറ്റൊന്നുമല്ല...രണ്ടു മൂന്നു ആഴ്ച മുന്നേ തന്നെ ദേവന്‍ ശാരിക്ക് ഒരു ആശ കൊടുത്തിരുന്നു..ഇപ്രാവശ്യംക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ട് പോകാമെന്നും,ചാന്തും കണ്മഷിയും വളകളും ഒക്കെ വാങ്ങിച്ചു തരാമെന്നും...പക്ഷെ അവസാന ദിവസമായ തലേന്നും ദേവനു ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല....ഇനി അടുത്ത വര്‍ഷമേ ഉത്സവം ഉണ്ടാവു...അന്നും ഇത് പോലെ തന്നെ ദേവന്‍ ആശ നല്‍കുമെന്നും അത് പാലിക്കില്ലെന്നും ശാരിക്ക് ഉറപ്പായിരുന്നു....ഉത്സവത്തിനു പോകാനോ കടകളില്‍ കയറാനോ ഒന്നും അങ്ങനെ മോഹം ഇല്ലാതിരുന്ന ശാരിക്ക് എപ്പോഴും എന്തെങ്കിലും ആശ നല്കിയിട്ടു അത് നല്കാതിരിക്കുന്നതിലാണ് സങ്കടം..ദേവന് അവ പാലിക്കാന്‍ തടസ്സമാവും വിധം എന്തെങ്കിലും പ്രശ്നം ആ സമയത്ത് തന്നെ വന്നു വീഴും.....
പക്ഷെ എന്തൊക്കെ ആയാലും ശാരി ഒരു പാവമാണെന്ന് ദേവന് അറിയാം..കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റം ആണെന്ന് മനസ്സില്‍ കരുതി അവന്‍ ഇതൊക്കെ ചിരിച്ചു തള്ളും..അത് കാണുമ്പോള്‍ ശാരിക്ക് ദേഷ്യം കൂടും...
അടുത്ത ഒരു വിഷയം കിട്ടുമ്പോള്‍ ഈ പ്രശ്നങ്ങള്‍ ഒക്കെ കളഞ്ഞിട്ടു ശാരി അതില്‍ തൂങ്ങി ബഹളം വയ്ക്കും...അങ്ങനെ ചിരിയും കളിയും ബഹളങ്ങളുമായി അവരുടെ ജീവിതം സുഖമായി പോന്നു...
അങ്ങനിരിക്കെ ഒരിക്കല്‍, കാറും കോളും, ശക്തമായ മഴയും മൂലം ഒരാഴ്ചയായി ആരും കടലില്‍ ഇറങ്ങുന്നില്ല....മുക്കുവ കുടിലുകളില്‍ ഭക്ഷണ സാധനങ്ങള്‍ കാലിയായി തുടങ്ങി.....
എല്ലാവരുടെ മുഖങ്ങളില്‍ നിന്നും സന്തോഷം എന്നാ ഭാവം മായാന്‍ തുടങ്ങി...
ദേവനും രാജനും അവരുടെ ഒപ്പം വള്ളത്തില്‍ വരുന്ന വേറെ മൂന്നു നാല് പേരും ഒത്തു കൂടി..ഒരു പദ്ധതി ആസൂത്രണം ചെയ്തു...വേറെ ഒന്നും അല്ല...വീട്ടുകാര്‍ അറിയാതെ നേരം വെളുക്കുന്നതിനു മുന്‍പേ കടലില്‍ പോകുക...
‘കടലില്‍ പോകരുതെന്ന’ മുന്നറിയിപ്പ് റേഡിയോയിലൂടെ കേട്ടതിനാല്‍ ഒട്ടു മിക്ക വീടുകളിലെയും സ്ത്രീകളും കുട്ടികളും ആ വീട്ടിലെ നാഥനെ കടലില്‍ പോകുന്നതില്‍ നിന്നും കരഞ്ഞു പിടിച്ചു പിന്തിരിപ്പിക്കുമാരുന്നു...പക്ഷെ വരുന്നത് വരട്ടെ എന്ന് കരുതി കടലില്‍ പോയില്ലെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ മുക്കുവക്കുടിലുകളിലെ അടുക്കളയിലെ തീ അണയും എന്ന് ഉറപ്പാണ്...അങ്ങനെ അവര്‍ വീട്ടുകാര്‍ അറിയാതെ പോകാന്‍ തന്നെ തീരുമാനിച്ചു..
അടുത്ത ദിവസം പുലര്‍ന്നു
ഉണര്‍ന്ന ഉടനെ എന്നും ചെയ്യാറുള്ളത് പോലെ “കണ്ണ് തുറന്നാല്‍ ആദ്യം കാണുന്നത് ദേവേട്ടനെ ആയിരിക്കണം” എന്ന് മനസ്സില്‍ പറഞ്ഞു ദേവന്‍ കിടന്ന സ്ഥലത്തേക്ക് നോക്കിയ ശാരി ഞെട്ടി....അവിടെ ഏട്ടനെ കാണുന്നില്ല....അവള്‍ എണീറ്റു മുടി വാരിക്കെട്ടി നേരെ പുറത്തേക്കിറങ്ങി ..കടല്കരയില് ഉണ്ടോ എന്ന് ഒരു നോട്ടം എറിഞ്ഞു കൊണ്ട് അവള്‍ കുളിപ്പരയിലേക്ക് നടന്നു...അകത്തു ശബ്ദം ഒന്നും കേള്‍ക്കുന്നില്ല....അവള്‍ വിളിച്ചു..
“ദേവേട്ടാ......ദേവേട്ടാ....എന്ത് പറ്റി? വയറിനു സുഖമില്ലേ?..ദേവേട്ടാ...”
മറുപടി ഒന്നും കിട്ടാഞ്ഞപ്പോള്‍ അവള്‍ പതുക്കെ വാതില്‍ തള്ളി തുറന്നു ...
അവിടെയും ഇല്ല....അവള്‍ അങ്കലാപ്പോടെ കടല്‍ കരയിലും പോയി നോക്കി....
എങ്ങും കാണുന്നില്ല.....അവള്‍ ഉച്ചത്തില്‍ വിളിച്ചു..
“ദേവേട്ടാ......”
അവളുടെ വിളി കടലില്‍ നിന്നും വന്ന കാറ്റ് ദിശ തിരിച്ചു വിട്ടു....
അവള്‍ വീടിന്റെ അകത്തേക്ക് കയറി....
എന്ത് ചെയ്യണം എന്നറിയാതെ വിരണ്ടിരുന്നു...
അവസാനം അപ്പുറത്തുള്ള ദേവകി ചേച്ചിയുടെ അടുത്ത് പോയാലോ എന്ന് ആലോചിച്ചു..
അവള്‍ വേഗം എണീറ്റു ദേവകിയുടെ വീട്ടിലേക്കു ഇറങ്ങാന്‍ നേരം ഒരു വിളി...
“ടീ ശാരി,..ദേവനുണ്ടോ ഇവിടെ?”
‘ങേ, അത് ദേവകി ചേച്ചിയുടെ ശബ്ദമാണല്ലോ !’
ശാരി ഓടി ഇറങ്ങി വന്നിട്ട് പറഞ്ഞു:”ഇല്ല ദേവകി ചേച്ചീ..എവിടെ പോയെന്നറിയില്ല..രാവിലെ മുതല്‍ കാണാനില്ല”
ദേവകി:”പിള്ളേരുടെ അച്ഛനേം രാവിലെ മുതല്‍ കാണുന്നില്ല....രണ്ടും കൂടി എവിടെ എങ്കിലും പോയതാവും....വല്ല കായലിലും വീശാന്‍ പോയതാവും...”
അപ്പോളേക്കും അടുത്ത വീടുകളില്‍ നിന്നും കുറച്ചു സ്ത്രീകള്‍ കൂടി അവരുടെ ഭര്‍ത്താക്കന്മാരെ തിരക്കി ഇറങ്ങി...
അതില്‍ ഒരു സ്ത്രീ കടല്‍ കരയിലേക്ക് പോയിട്ട് ഓടി വന്നിട്ട് പറഞ്ഞു.
“എന്റെ വേളാങ്കണ്ണി മാതാവേ..!!ദേ, നിങ്ങ അറിഞ്ഞാ? ഈ കാറും കോളും കാറ്റും ഉള്ള നേരം നോക്കി അവര് വള്ളം ഇറക്കിയെക്കണ്...എന്റെ കടലമ്മേ...പിള്ളേരുടെ അച്ഛനെ കാത്തോള്‍ .. ആപത്തൊന്നും കൂടാതെ അവരെ ഇങ്ങു തന്നെക്കണേ...കുരിശു പള്ളിയില്‍ ഒരു കൂട് മെഴുകുതിരി കത്തിച്ചേക്കാമേ”
അങ്ങനെ ആണുങ്ങള്‍ കടലില്‍ പോയ വിവരം അറിഞ്ഞതോട് കൂടി കുരിശു പള്ളിയിലും ക്ഷേത്രത്തിലും മുസ്ലിം പള്ളികളിലും ഒക്കെയായി നേര്‍ച്ചകള്‍ കുന്നു കൂടാന്‍ തുടങ്ങി...
കൂട്ടത്തില്‍ പ്രായം ചെന്ന ‘കാളി പെണ്ണ് ‘ എന്നാ മുത്തശ്ശി പറഞ്ഞു.:”ഹ,നിങ്ങ ബഹളം കൂട്ടാണ്ടിരി പെണ്ണുങ്ങളെ...കടലമ്മ നമ്മളെ ചതിക്കുവാ?അതുങ്ങള് തിരിച്ചു വരും..നിങ്ങ സമാധാനമായിട്ടിരി..”
എല്ലാവരും കടലിലേക്ക്‌ കണ്ണും നട്ടു ഇരുന്നു..
ശാരി കരച്ചില്‍ നിര്‍ത്തുന്നില്ല....”എന്റെ ദേവിയെ...എന്റെ ഏട്ടന് ഒരു ആപത്തും കൂടാണ്ട് തിരിച്ചു വരണേ..ഞാന്‍ ഒരിക്കലും പിണങ്ങില്ല....”
ശാരിക്ക് കൂട്ടായി ദേവകിയും ആ വീട്ടില്‍ ഇരുന്നു...അവള്‍ കൊച്ചു കുട്ടി ആണെന്നത് കൊണ്ട് ഇങ്ങനത്തെ പ്രശ്നങ്ങള്‍ ഒക്കെ കണ്ടു പേടിക്കണ്ടാ എന്ന് കരുതി...
അങ്ങനെ രാത്രിയായ്‌
ഈ സമയം കടലില്‍ പോയ വള്ളം കാറ്റില്‍ പെട്ട് എങ്ങോട്ടെന്നില്ലാതെ പായാന്‍ തുടങ്ങി...അവര്‍ എഞ്ചിന്‍ ഓഫ് ചെയ്തു...എല്ലാവരും വള്ളത്തിന്റെ നടുക്കായി ഒരുമിച്ചിരുന്നു.....
മിന്നലിന്റെ വെളിച്ചത്തില്‍ ദേവന്‍ കണ്ടു , അങ്ങ് ദൂരെയായി ഒരു കര...അവന്‍ വിളിച്ചു പറഞ്ഞു:” ദോ..ഒരു കര കാണുന്നു...കടലമ്മ കാത്തു...നുമ്മക്ക് വള്ളം അങ്ങോട്ട്‌ അടുപ്പിക്കാം....”
പക്ഷേ വര്‍ഷങ്ങളായി കടലിന്റെ ചൂട് അറിഞ്ഞ രാജന് അത് ഒരു അത്ഭുതമായി തോന്നി... ഈ കടലിന്റെ നടുക്ക് ഒരു കരയോ..പക്ഷെ സ്വന്തം കണ്ണുകളെ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ലല്ലോ...
അവര്‍ വള്ളം ആ കരയിലേക്ക് അടുപ്പിച്ചു...
കരയോടു അടുത്ത് വന്നതും പെട്ടെന്ന് അതി ഭയങ്കരമായ ഒരു മിന്നല്‍ ....
........................................
................................................
......................................................
...............................................
ആ രാത്രി കടന്നു പോയി...നേരം വെളുത്തു....
കാലില്‍ വെള്ളം വീണതിന്റെ ഞെട്ടലില്‍ ദേവന്‍ ഉറക്കമുണര്‍ന്നു ചുറ്റും നോക്കി.
ആരെയും കാണുന്നില്ല..ഇതേതാ സ്ഥലം...താന്‍ എങ്ങനെ ഇവിടെ എത്തി....എനിക്കെന്താ പറ്റിയത്...ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല...തലയില്‍ എന്തോ ഒരു ഭാരം ഉള്ളത് പോലെ...അവന്‍ എണീറ്റ്‌ നില്‍കാന്‍ ഒരു വിഫല ശ്രമം നടത്തി...ആ പ്രദേശമാകെ ഒരു പ്രത്യേക വെളിച്ചം.... മഞ്ഞിനകത്തു കൂടെ കാണുന്നത് പോലെ...മൊത്തം ഒരു മൂടല്‍....
അവന്‍ അവിടെ തന്നെ വീണ്ടും കിടന്നു...ഓര്‍മയില്‍ ഒരു വലിയ മിന്നല്‍ വരുന്നത് മാത്രം തെളിയുന്നു...ഒപ്പം ആരോ “ദേവാ...” എന്ന് വിളിച്ചതും...ആ വിളിച്ചത് രാജേട്ടന്‍ ആയിരുന്നോ?...അതെ....രാജേട്ടന്‍ തന്നെ...ഒപ്പം ബാക്കി ഉള്ളവരും ഉണ്ടായിരുന്നല്ലോ...അപ്പൊ അവരൊക്കെ എവിടെ പോയി?
അവന്‍ വിളിച്ചു നോക്കി :”രാജേട്ടാ....രാജേട്ടാ...സുകു....മധു.....”
ആരും വിളി കേള്‍ക്കുന്നില്ല....അവന്‍ ചുറ്റും നോക്കി...ഒരു വടി കിടക്കുന്നിടതെക്ക് നിരങ്ങി ചെന്ന് ആ വടി എടുത്തു അതില്‍ താങ്ങി എണീറ്റു...
ചുറ്റും നടന്നു നോക്കി...പക്ഷെ ഒന്നും കാണാന്‍ പറ്റുന്നില്ല....മുഴുവന്‍ വെള്ള മൂടിയത് പോലെ....
പെട്ടെന്ന് എവിടെ നിന്നോ കുറെ കുട്ടികളുടെ ചിരിയും കളിയും കേട്ട് അവന്‍ അങ്ങോട്ടേക്ക് നീങ്ങി...
ദേവനെ കണ്ടതും ആ കുഞ്ഞുങ്ങള്‍ ഒന്ന് നോക്കി...ഒരു നിമിഷം കഴിഞ്ഞു വീണ്ടും കളിയില്‍ മുഴുകി....അവന്‍ അതില്‍ ഒരുവനെ വിളിച്ചു ചോദിച്ചു:”മോനെ..ഇത് ഏതു സ്ഥലമാ..”
ആ കുട്ടി മറുപടി ഒന്നും പറഞ്ഞില്ല..പകരം ദൂരേക്ക്‌ ചൂണ്ടി കാണിച്ചു...
അവന്‍ അങ്ങോട്ട്‌ നോക്കി...നടക്കാന്‍ തുടങ്ങി..
അപ്പോളാണ് അവന്‍ ഒരു കാര്യം ശ്രദ്ധിച്ചത്...ആ കുട്ടികള്‍ കളിക്കുന്നുണ്ട്..പക്ഷെ സംസാരിക്കുന്നതായി തോന്നുന്നില്ല....എന്നാല്‍ എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്....അത് തനിക്ക് അറിയാവുന്ന ഭാഷയല്ല...പക്ഷെ അത് മനസ്സിലാവുന്നുമുണ്ട്...
‘ചിലപ്പോള്‍ ലക്ഷദ്വീപ്‌ ആയിരിക്കും...അവിടെയും മലയാളമാണല്ലോ ഭാഷ’ ദേവന്‍ മനസ്സില്‍ കരുതി..
അവന്‍ ആ കുട്ടി ചൂണ്ടി കാണിച്ച സ്ഥലം ലക്ഷ്യമാക്കി നടന്നു...
അങ്ങ് അകലെയായി രണ്ടു വലിയ ഗെയിറ്റുകള്‍ കണ്ടു...സ്വര്‍ണ്ണ നിറം..
‘ഹോ ഇത്രയും വലിയ ഗെയിറ്റോ?ലക്ഷദ്വീപില്‍ ഇതിനും മാത്രം പണം ഉള്ളവരും ഉണ്ടോ?’
അവന്‍ അങ്ങോട്ട്‌ നീങ്ങിയതും അവന്റെ മുന്നിലായി ഒരു വലിയ മരവും അതിന്റെ ചുവട്ടില്‍ ഒരു വയസ്സനും ഇരിക്കുന്നത് കണ്ടു....ഒരു നൂറു വയസ്സെങ്കിലും കാണും ആ അപ്പൂപ്പന്....പട്ടു പോലത്തെ താടിയും മുടിയും....ദേഹം പുതചിരുന്ന വെള്ള വസ്ത്രതെക്കാള്‍ വെളുപ്പുണ്ടായിരുന്നു ആ താടിക്കും മുടിക്കും...ഒരു നല്ല സുഗന്ധമുള്ള കാറ്റ് അവിടെ വീശാന്‍ തുടങ്ങി....അവന്‍ ആ അപ്പൂപ്പന്റെ അടുത്തേക്ക് നീങ്ങി..എന്നിട്ട് ചോദിച്ചു..:” ഇത് ഏതാ സ്ഥലം....ഞാന്‍ എങ്ങനെ ഇവിടെ വന്നെന്നു ഒരു പിടിയും കിട്ടുന്നില്ല.എന്റെ കൂടെ വന്നവരെയും കാണുന്നില്ല...എന്നെ ഒന്ന് സഹായിക്കണം..”
അപ്പൂപ്പന്‍:” മോനെ ..ഈ സ്ഥലം നീ കണ്ടിട്ടില്ല...നീ മാത്രമല്ല ലോകത്തു ജീവിച്ചിരിക്കുന്ന ഒരുത്തരും കണ്ടിട്ടില്ല ചിലര്‍ക്ക് അറിയാം ഈ സ്ഥലത്തെ പറ്റി......അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ മടിക്കും...വിശ്വസിക്കുന്നവര്‍ ഇവിടെ വരാന്‍ കൊതിക്കും...ചിലര്‍ വരാന്‍ ഭയക്കും..”
അവനു ഒന്നും മനസ്സിലായില്ല...
അപ്പൂപ്പന്‍:”ഈ സ്ഥലത്തിന്റെ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ നിനക്ക് മനസ്സിലാവും....ഈ സ്ഥലത്തിന്റെ പേര് ആണ് പരലോകം...”
അവന്‍ ഞെട്ടി തരിച്ചു...പരലോകമോ....അപ്പോള്‍ അതിനു അര്‍ത്ഥം...താന്‍....
അപ്പൂപ്പന്‍ അവന്റെ മനസ്സ് വായിചെന്ന വണ്ണം പറഞ്ഞു:”ഭൂമിയിലെ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഇവിടെ വരാനുള്ള അവകാശം...വന്നാല്‍ ഉടനെ ദോ ആ കാണുന്ന രണ്ടു കവാടങ്ങള്‍ കണ്ടില്ലേ?അതിലൂടെ വന്നവന്റെ പ്രവര്‍ത്തിക്കു അനുസരിച്ച് കയറ്റി വിടും....നല്ല പ്രവര്‍ത്തികള്‍ ചെയ്തവന് വലതു വശത്ത് കൂടെയും അല്ലാത്തവരെ ഇടതു വശത്തെ കവാടതിലൂടെയും കയറ്റി വിടും..വലതു വശത്തൂടെ പോകുന്നവര്‍ സ്വര്‍ഗത്തിലും ഇടതു വശത്തൂടെ പോകുന്നവര്‍ നരകത്തിലും ചെന്ന് ചേരും..നിന്റെ പ്രവര്‍ത്തികള്‍ എങ്ങനെ ആയിരുന്നു...”
ദേവന്‍ ഒന്നും മിണ്ടാന്‍ കഴിയാതെ നിന്നു...
അപ്പൂപ്പന്‍:”ഇത്രയും കാലം എത്രയോ ആളുകളെ ഞാന്‍ കവാടത്തിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നു....ഈ തീരത്ത് വന്നു ചേര്‍ന്നാല്‍ ഉടനെ തന്നെ നിമിഷങ്ങള്‍ക്കകം അവരെ രണ്ടില്‍ ഏതെന്കിലും ഒരു കവാടത്തിലൂടെ കയറ്റി വിടുന്നതാണ്....പക്ഷെ ഇത് ആദ്യമായാണ്‌ ഒരാള്‍ക്ക്‌ ഇത്രയും നേരം ഇവിടെ നില്‍കാന്‍ കഴിയുന്നത്....”
ദേവന്‍:” എന്ന് വച്ചാല്‍..?”
അപ്പൂപ്പന്‍:” എന്ന് വച്ചാല്‍ ..നിന്നെ ഇപ്പോളെ ഇവിടേയ്ക്ക് കൊണ്ട് വരുന്നതില്‍ നിന്നും ഭൂമിയിലെ ഒരു ശക്തി തടയുന്നു..”
ദേവന്‍:” എന്താണ് അത്?”
അപ്പൂപ്പന്‍:” അത് എന്തും ആവാം...നിന്റെ വല്ല നല്ല പ്രവര്‍ത്തികള്‍...നിന്നെ സ്നേഹിക്കുന്നവര്‍...അവരുടെ പ്രാര്‍ത്ഥനകള്‍...നീ ചെയ്യാമെന്ന് വാക്ക് കൊടുത്തിട്ട് ചെയ്യാതിരുന്ന ചില കാര്യങ്ങള്‍...ചില സ്വപ്‌നങ്ങള്‍..അങ്ങനെ എന്തും ആവാം..”
ദേവന്‍ ഓര്‍ത്തു:” നേരാണ് ഗുരു...ഞാന്‍ ഒരുപാട് സ്വപങ്ങള്‍ കണ്ടു നടന്നവനാണ്..പക്ഷെ ഒന്നും സഫലമാക്കാന്‍ കഴിഞ്ഞിട്ടില്ല...പക്ഷേ അതില്‍ എനിക്ക് വിഷമം ഒന്നും തോന്നിയിട്ടില്ല..”
അപ്പൂപ്പന്‍:”മോനെ..നിനക്ക് നിന്റെ സ്വപ്നം സാധിക്കാത്തതില്‍ വിഷമം തോന്നണമെന്നില്ല..പക്ഷെ നീ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ആശ നല്കിയിട്ടു അത് സാധിക്കാതിരുന്നാല്‍ അത് അവര്‍ക്ക് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്...അങ്ങനെ വല്ലതും ഉണ്ടോ എന്ന് ചിന്തിച്ചു നോക്കു..”
ദേവന്‍:”ഉണ്ട് ഗുരോ ഉണ്ട്....ഞാന്‍ എന്റെ ഭാര്യക്ക് ഒരുപാട് ആശകള്‍ നല്‍കിയിട്ടുണ്ട്...പക്ഷെ ഒന്നും സാധിച്ചു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല...പക്ഷെ അതൊന്നും മനപ്പൂര്‍വമല്ല...ചില സാഹചര്യങ്ങളില്‍ അങ്ങനെ ആയി പോകുന്നതാണ്..അതില്‍ എനിക്ക് അപാരമായ വിഷമവും ഉണ്ട്...പക്ഷെ ഒരിക്കല്‍ എല്ലാം സാധിച്ചു കൊടുക്കണം എന്ന് തന്നെയായിരുന്നു എന്റെ ആഗ്രഹവും....പക്ഷെ ഇനി ഇപ്പോള്‍...”
ബാക്കി വാക്കുകള്‍ അവന്റെ ഗദ്ഗദമായി പുറത്തു വന്നു...
അപ്പൂപ്പന്‍:” മോനെ...അത് തന്നെ ആണ് കാര്യം....നീ ഒരുപാട് പ്രതീക്ഷ കൊടുത്തിട്ട് സാധിക്കാത്ത ആ കാര്യങ്ങള്‍ തന്നെ ആണ് നിന്നെ കവാടത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും നിന്നെ തടയുന്നത്..”
ദേവന്‍:”ഗുരോ....ഞാന്‍ ഇനി എന്ത് ചെയ്യണം....എന്നെ രക്ഷിക്കണം..എനിക്ക് എന്റെ ഭാര്യക്ക് കൊടുത്ത ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കണം...അവള്‍ക്കു സന്തോഷം നല്‍കണം...ഞാന്‍ ഒരുപാട് പേരെ വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും മുറിവ് ഏല്പിച്ചിട്ടുണ്ട്...അതിനൊക്കെ എനിക്ക് പ്രായശ്ചിത്തം ചെയ്യണം...എന്നെ രക്ഷിക്കണം ഗുരോ..”
അവന്‍ ചങ്ക് പൊട്ടി കരയാന്‍ തുടങ്ങി....
അപ്പൂപ്പന്‍:” മോനെ അത് പ്രയാസമാണ്...സര്‍വ ശക്തനായ ദൈവമാണ് അത് തീരുമാനിക്കണ്ടത്...ഞാന്‍ വെറും ഒരു ജോലിക്കാരന്‍ മാത്രം....മനസ്സ് ഉരുകി പ്രാര്‍ഥിക്കുക...അല്ലാതെ വഴിയില്ല..”
അവന്‍ നിലത്തിരുന്നു കരഞ്ഞു കൊണ്ട് പ്രാര്‍ഥിക്കാന്‍ തുടങ്ങി...
അല്‍പ സമയം കഴിഞ്ഞു അപ്പൂപ്പന്‍ പറഞ്ഞു:”മോനെ...ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ട്.....നിനക്ക് ഒരു അവസരം കൂടി തരാം എന്ന് പറഞ്ഞു.....പക്ഷെ നിനക്ക് ഇഷ്ടമുള്ള ഒരു കാര്യം തിരികെ എടുത്തിട്ടെ നിന്നെ ഭൂമിയിലേക്ക്‌ വിടു.....അത് എന്താണ് എന്ന് അറിയാമോ..?”
ദേവന്‍ പേടിയോടു കൂടി പറഞ്ഞു:”...ദൈവമേ ഞാന്‍ സ്നേഹിക്കുന്ന വ്യക്തികളുടെ ജീവന്‍ ഒഴിച്ച് എന്ത് വേണമെങ്കിലും നീ എടുത്തോ...എനിക്ക് ഒരു അവസരം കൂടി തന്നാല്‍ ഞാന്‍ സന്തോഷമായി തിരികെ വരാം”
അപ്പൂപ്പന്‍ പറഞ്ഞു:”ഭയക്കെണ്ടാ....ആരുടേയും ജീവന്‍ എടുക്കുന്നില്ല...പകരം...നീ ഏറ്റവും അധികം ആനന്ദം കണ്ടെത്തിയ നിന്റെ സ്വപ്‌നങ്ങള്‍ ഇനി നിനക്ക് ഉണ്ടാവില്ല...നിന്റെ സ്വപ്നം കാണാനുള്ള കഴിവിനെ ദൈവം എടുക്കുകയാണ്.....സ്വപ്നമില്ലാത്ത ഒരു മനുഷ്യനായി ഇനി നിനക്ക് ഭൂമിയില്‍ തുടരാം...ഇനി നീ ഉണരുന്നത് ഭൂമിയിലായിരിക്കും..”
ഇത്രയും പറഞ്ഞു കൊണ്ട് അപ്പൂപ്പന്‍ അടുത്ത് ഇരുന്ന താലത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ സുഗന്ധമുള്ള ദ്രാവകം എടുത്തു ദേവന്റെ മുഖത്തേക്ക് തളിച്ചു.
............................................
...................................................
.........................................................
............................................................
“ദേവാ...ടാ ദേവാ..കണ്ണ് തുറക്കെടാ....ദേ ഇത് ആരൊക്കെയാണെന്ന് നോക്കിക്കേ...കണ്ണ് തുറക്കെടാ..”
മുഖത്ത് വെള്ളം വീണ ഞെട്ടലില്‍ ദേവന്‍ കണ്ണ് തുറന്നു...താന്‍ ഇത് എവിടെയാണ്....ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല...
ചുറ്റും ആളുകള്‍ കൂടി നില്‍കുന്നു...തന്റെ ശാരി അതാ നില്‍കുന്നു...അവന്‍ കൈ നീട്ടി...അവള്‍ അടുത്തേക്ക് വന്നു അവനെ കെട്ടി പിടിച്ചു കരഞ്ഞു....
രാജന്‍ പറഞ്ഞു:”ഹോ കടലമ്മ കാത്തു....ടാ...ദൈവമാടാ നിന്നെ ഞങ്ങള്‍ക്ക് തിരിച്ചു തന്നത്..”
ദേവന്‍:” രാജേട്ടാ....എന്താ എനിക്ക് പറ്റിയത്..?”
രാജന്‍:”നീ ഇപ്പോള്‍ ഒന്നും ഓര്‍ക്കണ്ടാ....നീ വിശ്രമിക്കു...മൂന്നു ദിവസമായി നിന്റെ ശാരി വല്ലതും കഴിച്ചിട്ട്...ദാ ആ പാത്രത്തില്‍ ആഹാരം ഇരിപ്പുണ്ട്..ശാരി..അവനും കൊടുത്തു....നീയും കഴിക്കണം ...ഇനി ഇവിടെ നില്‍കുന്ന എല്ലാവരും വന്നെ..അവര്‍ ഭാര്യയും ഭര്‍ത്താവും കുറച്ചു സമയം സ്വസ്ഥമായി ഇരിക്കട്ടെ..”
അവര്‍ എല്ലാവരും ആഹ്ലാദത്തോടെ പുറത്തേക്കിറങ്ങി....
...............
കാറ്റത്ത്‌ ദിശ തെറ്റി തുറയില്‍ തന്നെ തിരിച്ചെത്തിയ വള്ളത്തില്‍ ഒരു മിന്നല്‍ വന്നു അടിച്ചതും...പായ വലിച്ചു കെട്ടിയിരുന്ന തൂണ് ഒടിഞ്ഞു ദേവന്റെ തലയിലേക്ക് വീണതും..മൂന്നു ദിവസം മരണത്തോട് മല്ലിട്ട് കിടന്നതും ഒക്കെ ശാരി പറഞ്ഞു....
ദിവസങ്ങള്‍ കഴിഞ്ഞപ്പോലെക്കും അവന്റെ അസുഖം ഭേദമായി തുടങ്ങി...
അവന്‍ പതുക്കെ കടലില്‍ പോയി തുടങ്ങി...
ഓരോ ദിവസവും ശാരിക്ക് എന്തെങ്കിലും സമ്മാനങ്ങളുമായി ആണ് അവന്‍ തിരികെ വരുന്നത്...തന്നെയുമല്ല...ചില ദിവസങ്ങളില്‍ അവന്‍ ശാരിയേയും കൂട്ടി ഉത്സവങ്ങള്‍ക്കും പള്ളി പെരുന്നാളിനും ഒക്കെ പോകാന്‍ തുടങ്ങി..പക്ഷെ അതൊന്നും മുന്‍കൂട്ടി പറയാതെ ആയിരുന്നു...
അതില്‍ ശാരിക്കും ഭയങ്കര സന്തോഷമായിരുന്നു...അങ്ങനെ അവര്‍ പിന്നീടുള്ള കാലം സുഖമായും സന്തോഷമായും ജീവിച്ചു....
നടക്കാത്ത സ്വപ്‌നങ്ങള്‍ കാണാത്ത ഒരു ജീവിതം..

No comments: