Tuesday, July 7, 2020

ചുട്ട കോഴിയെ പറപറപ്പിച്ചവൻ

സ്‌കൂളിങ്ങ്  കാലഘട്ടത്തെ ഞായറാഴ്ചകൾ ഞാൻ കാത്തിരിക്കാൻ കാരണം, അന്നാണ് ടീവിയിൽ രാമായണം സീരിയൽ രാവിലെ ഉള്ളത്..എന്നതും, ഒപ്പം ആഴ്ചയിൽ അന്ന് ആണ് വീട്ടിൽ ഉച്ചയ്ക്കത്തേക്കു  ഇറച്ചിക്കറി വയ്ക്കുന്നത് എന്നതും ആയിരുന്നു.. ഇറച്ചി എന്ന് പറഞ്ഞാൽ നല്ല ഒന്നാന്തരം ബീഫ്, മസാല ഒക്കെ ചേർത്ത് കുക്കറിൽ വയ്ക്കും..ഒപ്പം ഉച്ചയ്ക്ക്  നല്ല  കുത്തരി ചോറും,കച്ചംബറും അച്ചാറും പപ്പടവും, പിന്നെ വൈകുന്നേരം കൊച്ചുകടപ്പാലത്തിനു അടുത്തുള്ള ജാസ് ഹോട്ടലിൽ നിന്ന് വാങ്ങിക്കുന്ന പൊറോട്ട വാങ്ങി ലെഫ്റ്റ്ഓവർ കറിയും കൂട്ടി തട്ടും.. (ഞായറാഴ്ച അല്ലാത്ത ചില ദിവസങ്ങളിൽ ഇടക്കാലാശ്വാസം എന്നോണം ജാസിൽ നിന്നും പൊറോട്ടയും ബീഫും വാങ്ങുമായിരുന്നു...കനൽ നിറച്ച ഒരു വട്ട സ്റ്റവ്വിൽ വച്ചിരിക്കുന്ന ബേസിനിൽ സദാ സമയവും ഗുളു ഗുളു ഗുളു എന്ന മാസ്മരിക ശബ്ദം ഉയർത്തി തിളച്ചു കൊണ്ടിരിക്കുന്ന ബീഫിൽ നിന്നും ഒരു തവിയിൽ കോരി പാർസ്സ്ൽ വാങ്ങാൻ കൊണ്ട് പോവുന്ന പാത്രത്തിലേക്ക് തട്ടുന്നതും ഒപ്പം സൈഡിൽ ഉള്ള ചില്ലലമാരയിൽ നിന്നും ചൂട് പൊറോട്ട വാഴയിലയിലും പിന്നീട് പേപ്പറിലും ആക്കി പൊതിഞ്ഞു തരുന്നതും മനസ്സിൽ തങ്ങി നിൽക്കുന്ന രുചി ഓർമ്മകളിൽ ഒന്നാണ്...)
അന്നൊക്കെ ഞായറാഴ്ചയിലെ രാമായണത്തോടൊപ്പം പകുതി ശ്രദ്ധ അടുക്കളയിൽ നിന്നും വരുന്ന മസാലക്കൂട്ടുകളുടെ മണത്തിലും ആയിരുന്നു..കുക്കറിൽ നിന്നുയരുന്ന പേടിപ്പെടുത്തുന്ന ഓരോ വിസിലും, എന്റെ മനസ്സിൽ ഒരു ഏ.ആർ.റഹ്‌മാൻ സംഗീതം പോലെ കുളിരായിമാറി ആയിരുന്നു വന്നു വീണിരുന്നത് ...വിസിലിന്റെ ശബ്ദം അല്പം പേടി ആയിരുന്നതിനാൽ ഓരോ വിസിലും കഴിഞ്ഞ ശേഷം ആ ആവിയുടെ ഗന്ധം ആവോളം വലിച്ചു കയറ്റാൻ മൂക്കുമായി ഓരോ റെയ്‌ഡ്‌ നടത്തിയിരുന്നു ഞാൻ ..
അന്നൊക്കെ, വില കാരണം ആണോ,അതോ ഇനി Deficit of Availability കൊണ്ടാണോ എന്നറിയില്ല,  ചിക്കൻ എന്നത് ഒരു ആഡംബരം ആയിരുന്നു ..പെരുന്നാളിന് പോലും ബീഫ് കറി വച്ചിരുന്ന വീടുകളിൽ ആകെപ്പാടെ ചിക്കൻ വാങ്ങുന്നത് ഗൾഫിൽ നിന്ന് വരുന്ന, അല്ലെങ്കിൽ വിവാഹം കഴിഞ്ഞു വിരുന്നിനു വരുന്നവരെപ്പോലെയോ ഒക്കെ ഉള്ള  വല്ല പ്രമുഖ വിരുന്നുകാർ വരുമ്പോൾ മാത്രമായിരുന്നു (ബ്രോയിലർ ചിക്കൻ എന്നൊന്നും അത്ര കോമൺ ആയി കേട്ടിരുന്നില്ല )..അന്ന് ഒരു ഉത്സവ പ്രതീതി ആണ്..ആയുധം വച്ചുള്ള കളിയ്ക്ക്  കാണിക്കുന്ന സൂക്ഷ്മത പോലെ ചിക്കൻ കറി വെയ്ക്കാൻ അന്ന് എല്ലാവരും അതീവ സൂക്ഷ്മതയോടെയേ ജോലി ചെയ്യൂ...കുട്ടികൾക്ക് റെയിഡ് നിരോധനം ആണ്..കടുകിട തെറ്റി കറി കുളമായാൽ,ബീഫ് പോലെ അല്ല...അതൊരു അഭിമാനക്ഷതവും പരാജയവുമായി മുദ്രചാർത്തപ്പെടും..ബീഫ് കറി, മോഡൽ എക്സാം  ആണെങ്കിൽ ചിക്കൻ കറി ഭാവി നിർണ്ണയിക്കുന്ന SSLC പരീക്ഷ ആണ് ..അന്ന് എല്ലാവരും പോയി കഴിഞ്ഞു യുദ്ധം കഴിഞ്ഞ യുദ്ധഭൂമി ആയ കുക്കറിൽ നിന്നും മുക്കി നക്കാൻ വല്ല ചാറും കിട്ടിയാൽ തന്നെ  ഈ "ജോജി" ഹാപ്പി ആവുമായിരുന്നു.എന്തുകൊണ്ടോ ബീഫിന്റെ ഡാർക്ക് കളർ പീസിനോടുള്ള ഒരു താല്പര്യം, വെള്ളക്കാരനായ ചിക്കൻ പീസിനോട്  (കിട്ടാനുള്ള സാധ്യത വിരളമായതുകൊണ്ടും കൂടി) വല്യ താല്പര്യം ഇല്ലായിരുന്നു..
അങ്ങനിരിക്കെ ഒരു വെക്കേഷൻകാലത്തു തറവാട്ടിൽ പോയ സമയത്തു പതിവ് കളികളും ബഹളങ്ങളും മരത്തിൽ കയറ്റവും ഒക്കെയായി അടിച്ചു പൊളിച്ചു നടക്കാം എന്നതിനോടൊപ്പം ,വലിയുമ്മ വളർത്തുന്ന കോഴികളിൽ ഒന്നിനെ ഇടയിൽ ഒരു ദിവസം പൊരിച്ചു  തരും എന്ന സന്തോഷവും ഉണ്ട് . ഇടയിൽ ഒരു ദിവസം ഞങ്ങൾ എല്ലാവരും ഊണ് കഴിക്കാൻ ഇരിക്കവേ,  ഇളയമാമൻ (തൊഴിൽ രഹിതൻ,22 വയസ്സ്)കൂട്ടുകാർക്കൊപ്പം പെട്ടെന്ന് വീട്ടിലേക്കു വന്നിട്ട് വലിയുമ്മയോടു  ആ അത്ഭുത പ്രഖ്യാപനം നടത്തി "ഉമ്മാ, ഒരു സ്‌പെഷ്യൽ സാധനം കിട്ടാൻ സാധ്യത ഉണ്ട്. വളരെ Rare പീസ് ആണ്,വേറൊന്നുമല്ല,'കരിങ്കോഴി' എന്നൊരു സാധനം..ഒരു രക്ഷയുമില്ലാത്ത ഔഷധ ഗുണമാണ്, കറി ആക്കിയാൽ ഗുണം പോകും,വാപ്പ തൽകാലം ഊണ് കഴിക്കണ്ട,വെറും വയറ്റിൽ ഇവനെ അങ്ങോട്ട്  ചുട്ടു കഴിച്ചാലുണ്ടല്ലോ ഫസ്റ്റ് ഗിയറിൽ നടക്കുന്ന വാപ്പ ടോപ് ഗിയറിൽ കയറ്റം വരെ കയറും..അജ്‌ജാതി സാധനം..പക്ഷെ വില അല്പം കൂടുതലാണ്..ഉമ്മ പൈസ ഒപ്പിച്ചു തന്നാൽ മാത്രം മതി, വാങ്ങി കൊണ്ടുവന്നു കഴിഞ്ഞു  ഒന്ന് അറുത്തു തന്നാൽ  പിന്നെ നിങ്ങളാരും ഒന്നും അറിയണ്ട, പൂട പറിച്ചു ശരിയാക്കി, അടുപ്പു കൂട്ടി ചുട്ടു  പ്ളേറ്റിൽ ആക്കി തരുന്നത് വരെ എന്റെ ഫുൾ responsibility. ..ഉടനെ പോയാൽ സാധനം കിട്ടും...."അങ്ങനെ ഒട്ടനവധി വാദപ്രതിവാദങ്ങൾക്കു ശേഷം വലിയമാമ കൊടുത്ത പൈസ കൊണ്ട് കക്ഷി കൂട്ടുകാരുമായി  കരിങ്കോഴിക്കായി ഇറങ്ങി തിരിച്ചു. ഒരു ശരാശരി കുടുംബത്തിന് താങ്ങാവുന്ന ബോർഡറിൽ നിൽക്കുന്ന സാദാ കോഴിയുടെ വിലയേക്കാൾ ഏകദേശം ഇരട്ടി വില ഉണ്ട് കരിങ്കോഴിക്ക്,കാരണം നേരത്തെ പറഞ്ഞപോലെ മൂപ്പരിൽ ഔഷധ ഗുണമുണ്ട്. !!
ഇത്രയേറെ Built up ഒക്കെ നല്കപ്പെട്ടതുകൊണ്ടു തന്നെ മാമൻ കോഴിയുമായി വരുന്നത് കാണാൻ, ബഷി ജൂവലേഴ്സിന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടി വരുന്നത് കാണാൻ കൂടിയ ആളുകളേക്കാൾ ഉത്ഘണ്ടയോടെ ഞങ്ങൾ  കാത്തു നിന്നു. എന്തായാലും സമയം കുറേ കഴിഞ്ഞു ഒരു ബൈക്കിന്റെ പിറകിൽ പാറിപ്പറക്കുന്ന കരിങ്കോഴിയെയും പിടിച്ചു മാമൻ എത്തി.  ഒരു കാലിൽ ചരട് കെട്ടി അറസ്റ്റു ചെയ്യപ്പെട്ട നിലയിൽ ഉള്ള കരിങ്കോഴിയെ കുറച്ചു നേരം കാണികളുടെ മുന്നിൽ നിർത്തി ഷോ നടത്തി. ഞങ്ങൾ ആരും അതിനെ തൊടാനോ, എന്തിനു, അടുത്തേക്ക് പോകാൻ പോലും പാടില്ല എന്ന് മെമോ വരെ അടിച്ചു..കോഴി വിരണ്ടാൽ ഔഷധവീര്യം കുറയുമത്രെ.ബിസ്മി ചൊല്ലി അറുക്കാൻ വല്യ മാമ വന്നു.അറുത്തു കൊടുത്തു.പിന്നെ എല്ലാം ധൃതഗതിയിലായി, മാമ പൂട പറിക്കുന്നു,കോഴിയെ കഴുകുന്നു,കൂട്ടുകാരിൽ ഒരാൾ അടുപ്പിനുള്ള വിറകു ഒരുക്കുന്നു,ഒരാൾ പച്ചമുളകും കുരുമുളകും  അരയ്ക്കുന്നു,എന്ന് വേണ്ട ആകെമൊത്തം ടോട്ടലി, സദ്യ നടക്കുന്ന പന്തലിലേക്ക്  വവ്വാൽ പറന്നു കയറിയ ഒരു ഫീൽ!! വലിയുമ്മ തന്റെ എക്സ്പീരിയൻസ് വച്ച് ഇടയ്ക്ക് ഓരോ അഡ്വൈസ് നൽകാൻ വരും,ഉടനെ മാമൻ ഓടിച്ചു വിടും.."ഉമ്മ ഒന്ന് പോയി തരാവോ ,ഇത് ഞങ്ങൾ ശരിയാക്കിക്കൊള്ളാം.."എന്ന റോളിൽ..
അങ്ങനെ,ജീവിതത്തിൽ ആദ്യമായി കോഴിയെ തന്തൂരി ആക്കുന്നത് കാണാൻ  ചുറ്റും കൗതുകത്തോടെ നിൽക്കുന്ന കാണികളുടെ ( ഞങ്ങൾ)  മുന്നിൽ വിറകടുപ്പ് ശരിയായി.  വരഞ്ഞ കോഴിയുടെ മുകളിൽ മാമന്റെ സ്‌പെഷ്യൽ റെസിപ്പി അണിഞ്ഞു കരിങ്കോഴി,പാചകറാണി ലക്ഷ്മി നായർ സാരി ഉടുക്കുന്നത് പോലെ,പൂർണ്ണമായി മസാലയിൽ മുങ്ങാതെ  ചില ഭാഗങ്ങൾ വെളിവാക്കിയും അല്ലാതെയും  ഒരുങ്ങി വന്നു . ശേഷം രണ്ടു മൂന്നു വാഴയില ഒക്കെ വാട്ടി എടുത്തു അതിൽ കോഴിയെ വച്ച് വാഴവള്ളി കൊണ്ട് കെട്ടി,മാമന്റെ കൂട്ടുകാർ ആൾറെഡി കത്തിച്ചു തുടങ്ങിയ വിറകടുപ്പിന്റെ നടുവിലേക്ക്, ആംപിയർ കറക്ട് ആക്കി ബുള്ളറ്റ് സ്റ്റാർട് ചെയ്യുന്നതിനേക്കാൾ സൂക്ഷ്മതയോടെ  വച്ചു. മുകളിൽ ചൂട് കിട്ടാൻ വേണ്ടി  കുറച്ചു വിറകു മുകളിലും ആക്കി ബാർബിക്യൂ തുടങ്ങി.
തൻ്റെ ഊണ് പോസ്റ്റ്-പോൺ ചെയ്യിച്ച ഇളയ സന്തതിയുടെ പ്രവർത്തിയിൽ കലിപ്പ് ഉണ്ടെങ്കിലും, ഒരു നല്ല കാര്യത്തിന് വേണ്ടി ആണല്ലോ എന്ന സന്തോഷം ഉള്ളതിനാൽ വലിയുപ്പ ഇടയ്ക്ക് വന്നു ഓരോ ഓൺസൈറ്റ് വിസിറ്റ് നടത്തി..ഞങ്ങൾ അക്ഷമയോടെ നോക്കി നിന്ന്...'ചുട്ട കോഴിയെ പറപ്പിച്ചവൻ' എന്നൊക്കെ അന്നും കേട്ടിട്ടുള്ള ഒരു പ്രയോഗം ആയതു കൊണ്ട് ഈ അടുപ്പിൽ നിന്നും 'കോഴി പറക്കുമോ' എന്നറിയാനായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ ആകാംക്ഷ. ഹവ്വെവർ സമയം നീണ്ടു പോയി, വലിയുമ്മ ഇടയ്ക്കു പ്രോഗ്രസ്സ് റിപ്പോർട് ചോദിക്കാൻ വരുമ്പോൾ മാമൻ വഴക്കുണ്ടാക്കി ഓടിച്ചു വിടും..'ഉമ്മാ ഇത് ആപ്പ ഊപ്പ കോഴിയല്ല, കരിങ്കോഴിയാണ് കരിങ്കോഴി..ഇത് അങ്ങനെ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല..ഓരോന്നിനും ഓരോ കണക്കുണ്ട്..ആ റെസിപ്പി എഴുതിയ പേപ്പറും കാണിച്ചു കൊടുത്തു For Solid proof. ഇടയ്ക്കു തീ അണഞ്ഞപ്പോൾ വെളിച്ചെണ്ണ തളിക്കുകയും അതിൽ നിന്ന് വരുന്ന പുകയിൽ 'പറക്കുന്ന കോഴി ഉണ്ടോ' എന്ന് നോക്കുകയും ചെയ്തു ഞങ്ങൾ നിന്നു..അവസാനം സെക്കന്റുകളും മിനുട്ടുകളും ഒക്കെ കടന്നു മണിക്കൂറുകൾ ആവാറായപ്പോൾ തീ ഒക്കെ അണഞ്ഞു 'ഉമ്മാ,ഒരു പാത്രവും രണ്ടു തവിയും ഇങ്ങു എടുത്തുകൊണ്ടുവാ"എന്ന് പറഞ്ഞതിന് പ്രകാരം വലിയുമ്മ സാമഗ്രികളുമായി എത്തി.സ്വർണ്ണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ മാമ രണ്ടു തവി ഒക്കെ വച്ചു കത്തി തീർന്ന വിറകുകൾ നീക്കി പൊതി എടുത്തു പ്ളേറ്റിൽ വച്ച്...മുകളിലെ കരിഞ്ഞ വാഴയിലയുടെ ലേയറുകൾ നീക്കി. കോഴി പറക്കുന്നത് കാണാൻ കഴിയാഞ്ഞതിൽ ഞങ്ങൾ സംഘം അതൃപ്തി പ്രകടിപ്പിച്ചു. അറ്റ്ലീസ്റ്റ് ചുട്ട കോഴി കാണാൻ എങ്ങനുണ്ടാവും എന്ന് കാണാൻ നോക്കി നിന്നു.ലേയറുകൾ മാറ്റിക്കഴിഞ്ഞു വീണ്ടും കറുത്ത ലേയർ കണ്ടു അതും  മാറ്റാൻ നോക്കിയപ്പോൾ ആണ് മാമൻ ആ നഗ്നസത്യം മനസിലാക്കിയത്..പ്രൊട്ടക്ഷൻ ലെയറും,ബോഡിയും  കടന്നു കരിങ്കോഴിയുടെ എല്ലു വരെ കരിഞ്ഞിരിക്കുന്നു (അക്ഷരാർത്ഥത്തിൽ മരിച്ച ശേഷവും ആ കോഴി കരിങ്കോഴി ആയി)
കോഴിയെ വേറെ പ്ളേറ്റിലേക്കു മാറ്റാൻ പ്ളേറ്റുമായി നിൽക്കുന്ന വലിയുമ്മയെ നോക്കുന്നതിനേക്കാൾ ഭയം, ആ സമയം ജനലിനടുത്തു ഉച്ചയൂണ് പോലും ഇതിനു വേണ്ടി ഒഴിവാക്കി വയറിനകത്തു ഗുഡ്സ് ട്രെയിൻ പോകുന്ന ഒച്ചയുമായി കാത്തിരിക്കുന്ന വല്ല്യാപ്പയെ നോക്കാൻ ആയിരുന്നു.
'അളിയാ പണി പാളി' എന്ന് പറയാൻ മാമൻ കൂട്ടുകാരെ തിരിഞ്ഞു നോക്കാൻ തുടങ്ങിയ നേരത്തു തന്നെ മുറ്റത്തു ബൈക്കുകൾ സ്റ്റാർട്ട് ചെയ്യുന്ന സൗണ്ട് കേട്ട്...അനിക്സ്പ്രേ പോലെ പിന്നീട് അവരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ.."ഇത് കരിങ്കോഴിയാണ്..അങ്ങനെ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല..ഓരോന്നിനും ഓരോ കണക്കുണ്ട്..അല്ലേടാ .." എന്ന വലിയുമ്മയുടെ ചോദ്യത്തിനും മൂപ്പർ Mute അടിച്ചു നിന്നു..മാനം പോയ സങ്കടത്തിൽ,എന്തെങ്കിലും ഒരു രക്ഷ തേടി മൂപ്പര് ആ 'കരി'ങ്കോഴിയെ കുത്തിയിളക്കി എന്തെങ്കിലും കരിയാത്ത ഭാഗം കിട്ടുമോന്നു നോക്കി..സോമൻ വീണ്ടും ഊളയായി എന്നല്ലാതെ ഒന്നുമുണ്ടായില്ല. എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും എന്നോർത്ത്, ഭാവിയിൽ ഈ സംഭവം ഒരു തീരാ കളങ്കമായി മാറുമല്ലോ എന്ന്  വ്യാകുലപ്പെട്ടു മൂപ്പര് നിലത്തു കുത്തിയിരുന്നു..
വാൽകഷ്ണം: പാചകത്തിനിടയിൽ വലിയുമ്മായെ ഓടിച്ചു വിട്ടതിനു ഒരു ഒന്നൊന്നര പ്രതികാരം വലിയുമ്മ കൊടുത്തതു അടുത്ത ദിവസമായിരുന്നു..രാവിലെ മുറ്റത്തു പണിക്കാർക്കൊപ്പം സൂപ്പർവിഷൻ നടത്താൻ നിന്ന മാമയോട് വലിയുമ്മ "ഡാ,ഇന്നലത്തെ ചുട്ട കോഴിയുടെ ബാക്കി വല്ലതും ഇരിപ്പുണ്ടോ?" എന്ന് ചോദിച്ചു..
ഇവൻ കോഴിയെ ഒക്കെ ചുടുമോ?എന്ന റോളിൽ പണിക്കാര് മാമനെ നോക്കി' അവരുടെ നോട്ടം "മാമ" എന്ന ടാർജെറ്റിനെ ലോക്ക് ചെയ്ത ഉടനെ ആണ് വലിയുമ്മായുടെ സ്‌ട്രൈക്കിങ് ഡയലോഗ് "ഇവിടെ ഉമിക്കരി തീർന്നു, പല്ലു തേക്കാനെങ്കിലും  അതെടുക്കാമല്ലോ എന്ന് കരുതിയായിരുന്നു......ഹും!!കൊടന്തിളപ്പൻറെ ഒരു കരിങ്കോഴി ചികിത്സ " എന്ന്. അതിനു മൂപ്പര് ഒന്നും മിണ്ടാതെ നിന്ന നില്പിനു് ,ശ്രീനിവാസൻ വാതിലിൽ കൈ വച്ച്  നിക്കുന്ന ഏതാണ്ട് അതെ ഭാവം ആയിരുന്നു
Plain Memes Of Sreenivasan In Kuttymama

Monday, July 6, 2020

ഓർമ്മകൾക്കെന്ത് സുഗന്ധം

പ്രസവ തീയതി നോക്കിയിരുന്നു പ്രസവിക്കാൻ കാത്തിരുന്ന യുവതിയെപ്പോലെ ആ വർഷത്തെ മഴക്കാലം,എട്ടാം ക്ലാസിലേക്കുള്ള വലിയ അവധി കഴിഞ്ഞു സ്‌കൂൾ തുറന്ന അന്ന് തന്നെ റിലീസ് ചെയ്തു ഷോ തുടങ്ങി...ലൂണാറിന്റെ, വെള്ള ബേസും നീല വള്ളിയുമുള്ള സ്ലിപ്പർ (ടിപ്പിക്കൽ ഡിസൈൻ) ചെരുപ്പും ഇട്ടു സ്‌കൂളിൽ പോയി തിരികെ വന്നിരുന്ന എൻ്റെ വെള്ള ഷർട്ടിന്റെ പിൻഭാഗം കണ്ടാൽ പുള്ളിപ്പുലിയുടെ ഡിസൈൻ പാതിക്ക് വച്ച് നിർത്തിയെന്നപോലത്തെ ഒരു ലുക്ക് ആരുന്നു..ഡോട്ട് ഡോട്ട് ആയി ചെളി, പാന്റ്‌സിന്റെ താഴ്ഭാഗത്തൂന്നു തുടങ്ങി ഉടുപ്പും കഴിഞ്ഞു കുറച്ചൊക്കെ തലയ്ക്കു വെളിയിൽ (ഉള്ളിൽ പിന്നെ പണ്ടേ ആവശ്യത്തിൽ കൂടുതൽ ഉണ്ട്, അതുകൊണ്ടു തലയിൽ ആയതു വിഷയമല്ല)വരെ ആയി.ഒരുടുപ്പ് മിനിമം 2 ദിവസം എങ്കിലും ഇടേണ്ട അവസ്ഥ ആയതുകൊണ്ട് ഇതൊരു കീറാമുട്ടിയായി മാറി. ഹോം വർക് ചെയ്യാത്തതിന് ഫസ്റ്റ് പിരീഡിൽ (10 മണിയോടുകൂടി) കിട്ടിത്തുടങ്ങേണ്ട കൈനീട്ടം, ചെളിപിടിച്ച ഉടുപ്പും ഇട്ടു സ്‌കൂളിൽ പോയാൽ അസംബ്ലി മുതലേ കിട്ടും എന്നതുകൊണ്ട് അതൊരു അന്താരാഷ്‌ട്ര ചർച്ച (ഞാനും അജ്മലും തമ്മിൽ) നടത്തേണ്ട വിഷയമായി മാറി. അവസാനം ഒരു പോംവഴി കണ്ടെത്തി. ബാറ്റ കമ്പനിയുടെ "Sandak" എന്ന പേരിൽ ഒരു ചെരുപ്പുണ്ട്, കറുത്ത നിറം,പുറകിൽ വള്ളി ഒക്കെ ഉള്ളത്. അതിന്റെ സോളിന്റെ അടിഭാഗം ഉപ്പൂറ്റിയുടെ താഴെ രണ്ടു എമണ്ടൻ കുഴി ആണ്, അതിട്ടു മണ്ണിൽ നടക്കുമ്പോൾ ചിരട്ടപുട്ട് കമഴ്ത്തിയ പോലൊരു ഡിസൈൻ ആണ് വരുന്നത്..പണ്ടേ നിലത്തു നോക്കി നടന്നിരുന്നതിനാൽ ഓരോരുത്തരുടെ ചെരുപ്പിന്റെ ഡിസൈൻ മണ്ണിൽ വീഴുന്നത് ഏതൊക്കെ സ്റ്റൈലിൽ ആണെന്നത് വീക്ഷിക്കുമായിരുന്നു..അന്ന് അതൊരു കൗതുകം. ആ ചെരുപ്പ് ആവുമ്പോൾ സ്ലിപ്പർ പോലെ വെള്ളം ഉടുപ്പിൽ ആവില്ല..
അങ്ങനെ വീട്ടിൽ ഒരു അടിയന്തിരപ്രമേയം അവതരിപ്പിച്ചു,അവസാനം ഓണപ്പരീക്ഷയ്ക്കു ആദ്യ 3 റാങ്കിൽ എത്തിപ്പെടാം എന്ന കണ്ടീഷനിൽ  ഒരുവിധത്തിൽ ബില്ല് പാസാക്കി. ഞാനും അജ്മലും കൂടി പോയി ചെരുപ്പ് വാങ്ങിച്ചു.പതിവുപോലെ എനിക്ക് മേടിക്കുന്നതുകണ്ടു അവനും ഒരെണ്ണം വാങ്ങി...
അങ്ങനെന്തായാലും ഉടുപ്പിലെ ചെളി എന്ന വിഷയം ഒരു വിഷയമേ അല്ലാതായി. പക്ഷെ പിന്നീട് ഉള്ള പ്രശ്നം മഴയത്തു നടന്നു നേരെ ക്ലാസിൽ വന്നു കയറി ഉച്ച ഒക്കെ ആവുമ്പോൾ ചെരുപ്പിനടിയിലെ ആ കുഴി ഭാഗത്തു നിന്നും നേരത്തെപറഞ്ഞ 'ചിരട്ടപ്പുട്ടുകൾ'കൊഴിഞ്ഞു വീണു ഒരു തൂമ്പായ്ക്കു (കൈക്കോട്ട്)കോരി എടുക്കാവുന്ന ക്വാണ്ടിറ്റി മണ്ണ് ഡെയിലി ഞങ്ങടെ ബെഞ്ചിന്റെ അടിയിൽ നിന്നും കിട്ടാൻ തുടങ്ങി.ഇടയ്ക്ക് യോഗേഷ് ആരും കാണാതെ കൊറിക്കാൻ  കൊണ്ടുവന്നിരുന്ന കടല ആ മണ്ണിൽ വീണു കിളിർക്കാൻ വരെ തുടങ്ങി..അജ്‌ജാതി മണ്ണ്. പിന്നെ പിന്നെ അതൊക്കെ ഒരു രസമായി മാറി. പയ്യെപ്പയ്യെ എട്ടാംക്ലാസിൽ തുടക്കത്തിൽ ഉണ്ടായിരുന്ന പഠനത്തിന്റെ ഉഷാറും ആത്മാര്ഥതയുമൊക്കെ കുറഞ്ഞു. ഓണപ്പരീക്ഷ കഴിഞ്ഞു റിസൾട്ട് വന്നു..ആദ്യ മൂന്ന് റാങ്കിൽ പെടാൻ കഴിഞ്ഞില്ലെങ്കിലും ആദ്യ പത്തിൽ കയറിപ്പറ്റി (അവസാനത്തെ റാങ്കിൽ നിന്നും എണ്ണി വന്നാൽ ആദ്യത്തെ പത്തു )
ബയോളജി പഠിപ്പിക്കാൻ വന്നിരുന്ന ടീച്ചർ മുഖത്ത് മുഴുവൻ പൗഡർ പൂശി വന്നിരുന്നത് കണ്ടു ഒരിക്കൽ അജ്മൽ 'ഇതെന്തോന്നെടേയ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞു വന്നേക്കുന്നോ?" എന്നൊരു എളിയ സംശയം എന്നോട് ചോദിക്കുകയും, എന്റെ അല്പം ഉച്ചത്തിലുണ്ടായ  ചിരി ടീച്ചർ കേൾക്കുകയും,ഞങ്ങളെ രണ്ടാളെയും അന്ന് ഫുൾ പിരീഡ് നിർത്തിക്കുകയും ചെയ്തു..എന്തുകൊണ്ടോ അതിന് ശേഷം ആ ടീച്ചറെ കാണുമ്പോൾ ചിരി അടക്കി വെക്കാൻ ഞങ്ങൾ ശ്രമിച്ചാലും ആ പഹയൻ എന്നോട് "അളിയാ ചിരിക്കണം ചിരിക്കണം എന്ന് തോന്നും പക്ഷെ ചിരിക്കരുത് "എന്ന് പറയുന്നതിനാൽ അറിയാതെ ചിരിക്കുന്നതിനാൽ ഒരിക്കൽ ടീച്ചർ സഹികെട്ട് "നീയൊന്നും ഒരുകാലത്തും നന്നാവില്ല"എന്ന ആപ്തവാക്യം പറയുകയും ചെയ്തു.
ഹവ്വെവർ ഓണപ്പരീക്ഷയ്ക്കു ബയോളജിക്ക്‌ 'ഊഞ്ഞാൽ കെട്ടി' ആടിയതിനാൽ മൊത്തം സയൻസ് വിഷയങ്ങൾക്കും മോഹൻസാറിന്റെ അടുക്കൽ ടൂഷന് ചേർത്തു. രാവിലെ 7 മണിക്ക് ക്ലാസ് തുടങ്ങും...അതിനു മുന്നേ തന്നെ  ക്ലാസിൽ കയറണം,വീട്ടിന്റെ പുറത്തു കെട്ടിയ ഒരു ഷെഡിൽ ആണ് ക്ലാസ്,കൃത്യം 7 മണി ആവുമ്പോൾ അങ്ങേരു വീട്ടിൽ നിന്നും പുറത്തു വന്നു ആദ്യമേ ഒരു പൊമറേനിയൻ പട്ടി ഉള്ളതിനെ അഴിച്ചു വിട്ടിട്ടു ക്ലാസിൽ കയറും.പട്ടി നാഗവല്ലി കൈ കെട്ടി നടക്കുന്നത് പോലെ മുറ്റത്തു ഉലാത്തും. 7 കഴിഞ്ഞു വരുന്നവനെ  വിരട്ടി ഓടിക്കും. അങ്ങനെ പട്ടിയുമായി ടൈ അപ്പിന് സാധ്യത ഇല്ലാത്തതു കൊണ്ട് ഞങ്ങൾ (അവിടെയും അജ്മൽ ഉണ്ട്,ഞാൻ ഒറ്റയ്ക്ക് ആവില്ലല്ലോ)നേരത്തെ എത്താൻ തുടങ്ങി. ഒന്ന് രണ്ടു തവണ 7 മണീടെ 'വണ്ടി' മിസ്സായപ്പോൾ ഈ പട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ ഞങ്ങൾ ചിന്തിച്ചു. "സാറേ,പട്ടി ക്ലാസിൽ കയറും,ഞങ്ങൾക്ക് നമസ്കരിക്കാൻ ഉള്ളതുകൊണ്ട് ഉടുപ്പിൽ അഴുക്കു പറ്റും" എന്നൊക്കെ പലതും പറഞ്ഞു...ഒരു കാര്യവുമുണ്ടായില്ല..
അങ്ങനിരിക്കെ ഒരിക്കൽ ക്ലാസിൽ ഞങ്ങൾ കയറി ഇരുന്നു ക്ലാസ് തുടങ്ങി...പണ്ട്, വാപ്പ ഗൾഫീന്ന്  കൊണ്ട് വന്നതാണെന്ന് പറഞ്ഞു ഉടുപ്പിൽ മുഴുവൻ ബറൂട്ടിന്റെ സ്പ്രേ കുപ്പി കമഴ്ത്തിയടിച്ചു ക്ലാസിൽ നിയാസ് വന്നപ്പോൾ റൂമിൽ സുഗന്ധം  പരന്നത് പോലെ, എവിടുന്നെന്നറിയില്ല ഒരുമാതിരി വൃത്തികെട്ട നാറ്റം ക്ലാസിൽ പടരുന്നു ,എല്ലാവരും മൂക്ക് ചൊറിയാൻ തുടങ്ങി, അവസാനം ഫ്രണ്ടിൽ ഇരുന്ന ഒരുത്തൻ പറഞ്ഞു "സാറേ പട്ടി ക്ലാസിൽ കാര്യം സാധിച്ചെന്നാ തോന്നുന്നത്,ഇരിക്കാൻ പറ്റുന്നില്ല" എന്ന്..അവസാനം ക്ലാസ് റൂം വൃത്തി ആക്കാൻ വേണ്ടി അന്ന് ക്ലാസ് ഉടനെ വിട്ടു, ഞങ്ങൾ ഹാപ്പി ആയി വീട്ടിലേക്കു പോയി കുളിച്ചു സ്‌കൂളിലേക്ക് വന്നു..പക്ഷെ അവിടെയും രാവിലെ ഉണ്ടായതുപോലത്തെ ഒരു 'നൊസ്റ്റാൾജിക്'ഗന്ധം..ഒരുപക്ഷെ രാവിലെ ആ രൂക്ഷഗന്ധം അടിച്ചു കയറി മൂക്കിന്റെ ഫിലമെന്റ് പോയതാവും എന്ന് ചിന്തിച്ചു അന്നത്തെ ദിവസം പതിവ് ഉടായിപ്പ് ഒക്കെയായി  തള്ളി നീക്കി..സ്‌കൂളൊക്കെ വിട്ടു വൈകിട്ട് വീട്ടിൽ എത്തി കളിയും കുളിയും ഒക്കെ കഴിഞ്ഞു വെളിയിലെ സ്റ്റെപ്പിൽ കൊതുകിനെ കൊല്ലാൻ വേണ്ടി ഇരുന്നു..അന്ന് അതൊരു ഹോബി ആരുന്നു,ജോസ് പ്രകാശ് മുതലക്കുഞ്ഞുങ്ങളെ തീറ്റുന്നതു പോലെ, കൊതുകിനെ കൊന്നു പേപ്പറിൽ കൂട്ടി വച്ചിട്ട് ഉറുമ്പുകൾക്കു തിന്നാൻ കൊടുക്കും...അങ്ങനെ ഇരിക്കവേ, അവിശ്വസനീയമാം വിധം വീണ്ടും രാവിലെ മുതൽ പിന്തുടർന്നിരുന്ന മണം..ഇതെന്തു ക്വോപ്പാണ് എന്ന് ചിന്തിച്ചു വട്ടായി ..ഒരു നേരിയ സംശയം കാരണം ഞാൻ നോക്കിയപ്പോ നമ്മടെ 'sandak ചെരുപ്പിന്റെ സൈഡിൽ ഒരു വശപ്പിശക് നിറത്തിൽ ചെളി,ഏതാണ്ട് പച്ച കലർന്ന വെള്ള
അത്യധികം വർധിക്കുന്ന ഹൃദയമിടിപ്പോടെ, അല്പം മുൻപ് വരെ ഞാൻ കാലിൽ ഇട്ടു വന്ന ആ ചെരുപ്പിനെ ഒരു വടിയെടുത്തു തിരിച്ചിട്ടു നോക്കി,..''സഫറോം കീ സിന്ദഗീ..കഭി നഹീ ..ഹെന്റെ ശിവനേ ."ചെരുപ്പിന്റെ അടിയിൽ മ്മടെ 'ചിരട്ടപ്പുട്ട്" ...ഇപ്രാവശ്യം പട്ടിത്തീട്ടം കൊണ്ടാണെന്നു മാത്രം..just for a change!!!
ആരോട് പറയാൻ ആര് കേൾക്കാൻ..അവസാനം തനിയെ ടാപ്പിന്റെ അടിയിൽ കൊണ്ട് ഇട്ടു വെള്ളം തുറന്നു പിടിച്ചു..രാവിലെ ഫ്രഷ് ആയി പറ്റിയ സാധനം ഇത്ര നേരത്തെ ചൂടും പ്രഷറും ഒക്കെ കൊണ്ട് അങ്ങ് സെറ്റായി..പിന്നെ ഒരു കമ്പു കൊണ്ട് കുത്തി ഇളക്കി, ഇടയിൽ കിട്ടിയ ഗ്യാപ്പിൽ ഞാൻ ആവുംവിധം വാളും പരിചയും ഒക്കെ വച്ച് ഒരുവിധത്തിൽ ക്ളീൻ ആക്കി..
അടുത്ത ദിവസം ടൂഷന് ചെന്നപ്പോ ഓവർടൈം ഡ്യൂട്ടി ചെയ്തു ക്ലാസ് റൂം കഴുകി വൃത്തിയാക്കി കുരു പൊട്ടിയ മോഹൻസാർ ഞങ്ങളോടുള്ള കലിപ്പ് (റൂം കഴുകിയെങ്കിലും പട്ടിത്തീട്ടം പോയിട്ട് പല്ലിക്കാഷ്ടം പോലും കിട്ടാത്തതിന്റെ ഡെസ്പ്) ഒരു സർപ്രൈസ് ടെസ്റ്റ് നടത്തി തീർത്തു.....
ഇനി ജന്മത്തിൽ ആ ചെരുപ്പ് വാങ്ങില്ല എന്ന് ഉറപ്പിച്ചെങ്കിലും, തേഞ്ഞു തീർന്നാൽ മാത്രമേ അടുത്ത ചെരുപ്പ് കിട്ടൂ എന്നുള്ളതുകൊണ്ട് ഒരു ആറു മാസത്തോളം ആത്മാർത്ഥമായി തറയിൽ ഉരച്ചു ഉരച്ചു നടന്നിട്ടാണ് ആ ചെരുപ്പിന്റെ ഹബ്ബ് തള്ളിച്ചത് ...നല്ല ഒന്നാന്തരം ക്വാളിറ്റി ചെരുപ്പാരുന്നു...

Saturday, June 27, 2020

ഒരു പരിചയപ്പെടലിന്റെ പരമ സുഖം


"ചായ ചായേ...ചായ ചായേ..."
"കാപി കാപ്പീ .....കാപി കാപ്പീ "
"ഈട്ലി വട ചായ്...ഈട്ലി വട ചായ് "
"ക്ലിംഗ്..ക്ലോന്ഗ്..ക്ലോന്ഗ്...യാത്രികോ കൃപയാ ധ്യാന്‍ ധീജിയെ........"

കുമാര്‍ സാനുവിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അല്പം ട്രെബിള്‍ കൂട്ടി മൂക്ക് വച്ച് വിളിച്ചു കൂവുന്നതിനോടൊപ്പം തന്നെ അസഹനീയമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുകയും....ക്ലിംഗ് കൊല്‍ന്ഗ് ക്ലോന്ഗ് എന്ന്ന ഒച്ച കൂടി വരുകയും കൂടി ചെയ്താല്‍ ഇന്ത്യാ മഹാരാജ്യത്തെ യേത് പ്രജക്കും അത് ഒരു റെയില്‍ വെ സ്റേഷന്‍ എത്തിയതിന്റെ സൂചന ആയി മനസ്സിലാക്കണം എന്നാണു പ്രമാണം....
സീറ്റില്‍ ഇരിക്കാതെ കറങ്ങി നടന്നവര്‍ , പുതിയവര്‍ വന്നു ഇരിക്കാതിരിക്കാനായി വാടകയ്ക്ക് വരെ മൂട് വാങ്ങി സീറ്റില്‍ വച്ച് ഇരിക്കും ...ഇന്ദ്രന്‍സിന്റെ ശരീര പ്രകൃതി ഉള്ളവന്‍ വരെ എന്‍....,എല്‍. ബാലക്രിഷ്ണനെക്കാള്‍ സ്ഥലം അടക്കി ആണ് ഇരിപ്പ്..
അങ്ങനെ ഫസ്റ്റ്‌ ഇയര്‍  അധ്വാനത്തിന്റെ ഇടയില്‍  കര്നാടകയിലെക്കുള്ള ഒരുയാത്രയ്ക്കായി ഞാന്‍ ട്രെയിനില്‍ കയറി ...കൂടെ ഒരു സഹ പഠിയനും ഉണ്ട്...ഒരു ഗള്‍ഫ് പ്രോടക്റ്റ്.....അവനും എന്നെപ്പോലെ ആലപ്പുഴക്കാരന്‍ ആയി എന്നാ ഒറ്റ കാരണത്താല്‍ അവന്റെ സകല കാര്യങ്ങളും നോക്കാന്‍ അവന്റെ സ്പോന്സര്‍മാരായ അവന്റെ മതാപിതാശ്രീകള്‍ എന്നെ അങ്ങ് ഏല്പിച്ചു.....(ഞാന്‍ എന്നെ ആരെ ഏല്പിക്കും എന്നും നോക്കി നടക്കുമ്പോള്‍ ആണ് ഇത് എന്ന് പ്രത്യേകം പറയേണ്ടല്ലോ...യേത്.....)

ഒരു വെക്കേഷന്‍ കഴിഞ്ഞുള്ള പോക്കാണ്.....ഈ മഹാപാപി കൂടെ ഉള്ളത് കൊണ്ട് വെക്കേഷന്‍ തീരുന്നെനു മുന്‍പേ പോകണം....കാരണം കോളേജ് പ്രിന്‍സിപ്പല്‍ ആണ് ലവന്റെ ലോക്കല്‍ ഗാര്‍ഡിയന്‍......,, അയാളുടെ കര്‍ശന ആജ്ഞ ഉണ്ട് നേരത്തെ എത്തണം എന്ന്....അങ്ങനെ ട്രെയിനില്‍ കയറി ലവന്റെ ലാത്തി കേള്കണ്ടാ എന്നാ ആഗ്രഹത്താല്‍ ഞാന്‍ ചുമ്മാ കണ്ണും പൂട്ടി അങ്ങ് ഇരുന്നു...ഒപ്പം വീട്ടില്‍ നിന്നും പോകുന്നതിന്റെ വിഷമവും ഉണ്ട്....ഒന്ന് വിഷമിച്ചു ഇരിക്കാന്‍ പോലും ലവന്‍ വിടൂല്ല....അവന്‍ ഉടനെ അപ്പുറത്തേക്ക് ഒക്കെ കറങ്ങാന്‍ വേണ്ടി എന്നേം വിളിച്ചു...വല്ല കിളിസ് ഉണ്ടെങ്കില്‍ കൊഞ്ചി കൊഞ്ചി വിളിക്കാമല്ലോ എന്നാണു പ്ലാന്‍........,
സാധാരണ ഗതിയില്‍ ട്രെയിനില്‍ പോകുമ്പോള്‍ ഫ്രണ്ട്സ് എല്ലാം ഉള്ളപ്പോള്‍ പോലും ഞാന്‍ കുറെ വിക്സ് ഒക്കെ പുരട്ടി ബര്‍ത്തില്‍ കയറി അങ്ങ് കിടക്കും.. വല്ല സീനിയര്‍ മഹാന്മാര്‍ റാഗിംഗ് കലാപരിപാടിക്കായി വരുമ്പോള്‍ "പാവം അവനു സുഖമില്ല കിടന്നോട്ടെ" എന്ന് കരുതുമല്ലോ...പോരെങ്കില്‍ ഒരു സവാള എടുത്തു കക്ഷത്തില്‍ വച്ച് ചൂട് കൂട്ടാന്‍ ഉള്ള പദ്ധതിം ഉണ്ടാക്കും (അത് വര്കുവോ ഇല്ലിയോ എന്നൊന്നും ചോദിക്കരുത്....)
പക്ഷെ ഇത് ഇപ്രാവശ്യം നേരത്തെ ഉള്ള പോക്കായത് കൊണ്ട് പ്രത്യേകിച്ച് ലവനെ ശ്രദ്ധിക്കേണ്ട ഉത്തരവധിതവും ഉള്ളത് കൊണ്ട് ഞാന്‍ ആ സൈസ് പണിക്കു ഒന്നും പോകാതെ മര്യാദക്ക് എന്റെ സീറ്റില്‍ ഇരുന്നു..ലവന്‍ ആണേല്‍ നിരങ്ങാനും തുടങ്ങി..
അവനോടു പണ്ട് ആരോ പറഞ്ഞത്രേ ലവന് മാധവന്‍ (സില്‍മാ നടന്‍))) )"} ന്റെ മുഖം  ആണെന്ന്...
ഒരു അഞ്ചു അടി പോക്കമേ ഉള്ളെങ്കിലും നാലര അടിയോളം വീതി ഉണ്ടായിരുന്നു....സൈട് തിരിഞ്ഞു നിന്നാല്‍ ജെസീബിയെ കാണുമ്പോള്‍ ഉണ്ടാവുന്ന ടൈപ്പ് ഒരു കണ്ഫ്യൂഷനും ഉണ്ടാവും...ഫ്രന്റ് ഏതാ ബാക്ക് ഏതാ എന്ന്...പിന്നെവേറെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ..പണ്ട് ഒക്കെ  പത്തു വരെ എണ്ണാന്‍ കയ്യും...ഇരുപതു വരെ എണ്ണാന്‍ കാലിലെ വിരലുകളും ആണ് സാധാരണ ഗതിയില്‍ എണ്ണാന്‍ വേണ്ടി ഉപയോഗിചിരുന്നതെങ്കില്‍ ...ലവന് ഒരു മുപ്പത്തഞ്ചു നാല്പതു വരെ ഒക്കെ നിഷ്പ്രയാസം എണ്ണാന്‍ ഒക്കുമാരുന്നു.....കയ്യും കാലും കഴിഞ്ഞാല്‍ പിന്നെ തലയിലെ മുടികളുടെ എണ്ണം എടുത്താല്‍ മതി..പെരുമഴയും ശക്തമായ കാറ്റും  ഉള്ള ഒരു ദിവസം സെക്കണ്ട് ഷോയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ കാണാന്‍ അതിലും കൂടുതല്‍ ആള് കാണും ...
അങ്ങനെ ഉള്ള ലവനെ മാധവനോട് ആണ് ഏതോ ഒരു തൊഴിലാളി ഉപമിച്ചത്....മാധവന്‍ അത് കേട്ടിരുന്ണേല്‍ ഒരുപറ്റം മാധവന്‍ സിനിമകളുടെ നായകനായി വേറെ ആരേലും അഭിനയിക്കേണ്ടി വന്നേനെ......ആത്മഹത്യ പ്രവണത സിനിമാ നടന്മാരിലും കാണുമല്ലോ ..യേത് ...

അങ്ങനെ 'മാധവന്‍ ലുക്ക്‌' ഉള്ള ലവന്‍ ഇങ്ങനെ നിരങ്ങി നടന്നു അടുത്ത കാമ്പാര്‍ത്മെന്ടിലും എന്തിനു ഏറെ ...എതിരെ പോകുന്ന ട്രെയിനിലെ വരെ പെണ്പില്ലെരെ ട്യൂണ്‍ ചെയ്തു ക്ഷീണിച്ചു തിരിച്ചു വന്നു ഇരുന്നു...
നെറ്റിയിലെ വിയര്‍പ്പു തുടച്ചു....( നെറ്റി അല്പം കൂടുതല്‍ ഉള്ളത് കൊണ്ട് തല മുഴുവനും തുടച്ചു എന്ന് വേണേല്‍ പറയാം...) എതിരെ ഇരിക്കുന്ന ആരോഗ ധ്രിഡ ഗാത്രരായ രണ്ടു മഹാന്മാരെ അങ്ങോട്ട്‌ കേറി അങ്ങ് മുട്ടി )
അവന്‍ മുട്ടിയ കാരണം എനിക്ക് പിന്നെ മിണ്ടാതിരിക്കാന്‍ നിര്‍വാഹം ഇല്ലാതായി...അവര്‍ എന്നെയും പരിചയപ്പെട്ടു...
ബിസ്കറ്റും ചായയും ഒകെ വച്ച് നീട്ടി...ട്രെയിനിലെ മോഷണം സ്ഥിരം കേട്ട് കേള്‍വി ആയോണ്ട് ട്രെയിനില്‍ വച്ച് എന്റെ വീട്ടുകാര്‍ വല്ലോം തന്നാ പോലും ഞാന്‍ തിന്നില്ല...പിന്നാ പരിചയം ഇല്ലാത്തവര്‍......( ({മോനാരാ ഞാന്‍ }
ലവന്‍ പക്ഷെ യാതൊരു ദയാ ദാക്ഷിണ്യവും കൂടാതെ അതൊക്കെ വാങ്ങി ഞണ്ണി ...എന്നിട്ട് എന്റെ ബാഗ് തുറന്നു അതില്‍ ഇരിക്കുന്ന ചിപ്സും കിടുപിടികളും ഒക്കെ എടുത്തു പൊട്ടിച്ചു അവര്‍ക്കും കൊടുത്തു....എന്റെ നിക്കര്‍ ഇട്ടോണ്ട് എന്നെ മുണ്ട് പൊക്കി കാണിക്കുന്ന പോലെ എന്റെ ചിപ്സ് ഒക്കെ എന്റെ നേരെ നീട്ടുകയും ചെയ്തു (അങ്ങനെ ഒരു നല്ല മനസ്സ് ഒക്കെ ലവനുണ്ട്) 
നേത്രാവതി എക്പ്രേസ്സില്‍ ആരുന്നു യാത്ര.....അവര്‍ മുംബയില്‍ ജോലി സ്ഥലത്തേക്ക് പോകുവാനത്രേ....ആ തടിച ശരീരവും  മുംബയ്യും ഒക്കെ കേട്ടപ്പോള്‍ പണ്ട് മോഹന്‍ലാല്‍ പറയുന്ന "ധാരാവി ധാരാവി..." ടയലോഗ് ഒക്കെ ഓര്മ വന്നു....അപ്പൊ ഞാന്‍ ഒന്ന് കൂടി ഒന്ന് വിരണ്ടു....
വീട്- വാതില്‍..
പശു-പാല്‍....
കള്ളന്‍ - പോലീസ് എന്ന് ഒക്കെ ചേരും പടി ചേര്‍ക്കും പോലെ 
മുംബൈ ' എന്ന് കേട്ടാല്‍ - അധോലോകം,ഗുണ്ട,ഇടി,മോഷണം എന്നൊക്കെ ഉള്ള വാക്കുകളെ എനിക്ക് മനസ്സില്‍ വരൂ.....
ഞാന്‍ എന്തും നേരിടാന്‍ ആയി ഇരുന്നു...വൈകിട്ട് അഞ്ചര ആവുമ്പോള്‍ ആരുന്നു അന്ന് ട്രെയിന്‍ ഞങ്ങള്‍ടെ സ്റെഷനില്‍ എത്തിയിരുന്നത്.....
ഉച്ച ആയതേ ഉള്ളു....ഇനിയും റെയില്‍വേ പാളം പോലെ സമയം നീണ്ടു നിവര്‍ന്നു ചാരി കിടക്കുന്നു..
ഫുള്ളി റിലാക്സ്ഡ് ...
അവര്‍ പിന്നെ ഞങ്ങള്‍ടെ കോളജിനെ കുറിച്ചും നാടിനെ കുറിച്ചും ഒക്കെ ചോദിച്ചു കൊണ്ടേയിരുന്നു....
നാടിനെ കുറിച്ച് ലവന് പ്രത്യേകിച്ച് ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ട് (ലവന്‍ ഗള്‍ഫ് അല്ലെ ) അവന്‍ കോളേജിനെ കുറിച്ച് അങ്ങ് വാ തോരാതെ പ്രസങ്ങിക്കാന്‍ തുടങ്ങി...
കോട്ടുവായ് ഇടാനായ് ഞാനും മറ്റേ രണ്ടു പേരും മത്സരം ആയി...
മെന്‍സ് കോളേജ്  ആയതു കൊണ്ട് പെണ്‍ പിള്ളേര്‍ ഇല്ലാത്തതിന്റെ ദുരവസ്ഥ ആരുന്നു ലവന്റെ മെയിന്‍ വിഷയം...കാന്റീനിലെ വടയെ കുറിച്ച് ചോദിച്ചാ പോലും അവന്‍ വളച്ചു തിരിച്ചു പെണ്‍ പിള്ളേരില്‍ എത്തിക്കും  
അവസാനം അവര്‍ റാഗിംഗ് എന്നാ വിഷയം ഇവന് കൊടുത്തു 
അങ്ങനെ ലവന്‍ റാഗിംഗ് എന്നാ വിഷയത്തില്‍ എത്തി...അപ്പോള്‍ അവനിലെ പ്രതിഷേധി അങ്ങ് ഉണര്‍ന്നു....രാഗിംഗിനു എതിരെ ഖോരഖോരം അവന്‍ പ്രസംഗം തുടങ്ങി...
സീനിയേര്‍സ് ചെയ്യുന്ന ക്രൂരതകള്‍..... ,സെക്കണ്ട് ഇയെര്സിന്റെ ക്രൂരത....ഇവ കണ്ടാലും ഒന്നും മിണ്ടാതെ നില്‍കുന്ന ഫൈനല്‍ ഇയെര്സിന്റെ കഴിവ് കേടു....
ഇവ ഒക്കെ കേട്ടപ്പോള്‍ അവര്‍ എന്നോടും ചോദിച്ചു.."ഇയാള്‍ക്ക് റാഗിംഗ് ഒന്നും കിട്ടിയിട്ടില്ലേ..."
പണ്ടേ ഈ നല്ല ബുദ്ധിടെ റേഷന്‍ എനിക്ക് അല്പം കുറവാരുന്നല്ലോ..അതിനും കൂടെ കൊനഷ്റ്റ് ബുദ്ധി തന്നിരുന്നത് കൊണ്ട് ഈ ചോദ്യം കേട്ടപ്പോള്‍ എനിക്ക് എവിടെ ഒക്കെയോ ഓരോ ലഡ്ഡു പൊട്ടാന്‍ തുടങ്ങി.....(ആ  ലഡ്ഡുവിന്റെ രഹസ്യം ....അത് വഴിയെ മനസിലാവും )
ഞാന്‍ പറഞ്ഞു :" അങ്ങനെ ഒന്നും ഇല്ല..റാഗിംഗ് കിട്ടാറുണ്ട്..പക്ഷെ കുറെ ഒക്കെ അത്യാവശ്യം വേണ്ടത് തന്നെ ആണ്...നമ്മിലെ അന്തര്‍ മുഖരെ ഒക്കെ ഒന്ന് സ്മാര്‍ട്ട് ആക്കാന്‍ അത് ഉപകരിക്കും..ടോര്ച്ചരിംഗ് ഒന്നും ഇല്ലല്ലോ...രസകരമായ റാഗിംഗ് ആണ്..."
അപ്പൊ ലവന്‍:": :" "'' ഡാ നിനക്ക് അങ്ങനെ ഒക്കെ പറയാം...സെക്കണ്ട് ഇയെര്സിന്റെ റാഗിംഗ് എന്ത് മോശം ആണ്...ഫൈനല്‍ ഇയെര്സ് എന്തെങ്കിലും ചെയ്യുന്നുണ്ടോ...അവര്‍ പ്രതികരിക്കുന്നു പോലും ഇല്ലല്ലോ...അല്പം ഗട്ട്സ് ഫൈനല്‍ ഇയെര്സിനു ഉണ്ടാരുന്നേല്‍ സെക്കണ്ട് ഇയെര്സ് ഇങ്ങനെ വിലസുമായിരുന്നോ "
ഞാന്‍ :" ഡാ ഫൈനല്‍ ഇയെര്സുകാര്‍ക്ക് പണ്ട് കിട്ടിയിരുന്നതിന്റെ പകുതി പോലും അവര്‍ നമുക്ക് തരുന്നില്ല...അതില്‍ നമ്മള്‍ സമാധാനിക്കണം....അവര്‍ ഇപ്പൊ ചെയ്യുന്നത് ഒക്കെ ഒരു രസം അല്ലെ..നമ്മളെ നല്ല ഒരു ഫ്രണ്ടിനെ പോലെ അല്ലെ അവര്‍ ചെയ്യുന്നേ..."
അങ്ങനെ ഫൈനല്‍ ഇയെര്സിനെ ഞാന്‍ അങ്ങ് പുകഴ്ത്തി..ഒപ്പം സെക്കണ്ടും തേര്‍ഡ് ഇയെര്സിനേം അല്‍പ സ്വല്പം.....

കാരണം വേറെ ഒന്നുമല്ല....ഇവരുടെ സംസാര രീതി ഒക്കെ വച്ച് നോക്കിയപ്പോള്‍ ഇവന്മാര്‍ ഞങ്ങടെ സൂപ്പര്‍ സീനിയേര്‍സ് ആണോഓഓഓ എന്നൊരു സംശയം എന്നില്‍ ഉണ്ടായിരുന്നു...ഇവന്‍ ഫൈനല്‍ ഇയെര്സിനെ കുറ്റം പറയുമ്പോള്‍ ഉണ്ടാവുന്ന അവരുടെ ഭാവ വ്യത്യാസം ഞാന്‍ ശ്രദ്ധിക്കുകയും ചെയ്തു....

അങ്ങനെ എന്തായാലും വണ്ടി സ്റെഷനില്‍ എത്താറായി ...ഒരു ടണല്‍ കഴിഞ്ഞാല്‍ അടുത്തത് ഞങ്ങടെ സ്റേഷന്‍ ആണ്....

ടണല്‍ എത്തുന്നെനു മുന്‍പേ മറ്റവന്‍ മുഖം ഒക്കെ കഴുകാനായി പോയി....ടണലില്‍ കയറി ട്രെയിനില്‍ മുഴുവന്‍ ഇരുട്ട്....ടണല്‍ കഴിഞ്ഞു വെളിച്ചം വീണതും ഞാന്‍ നോക്കിയപ്പോള്‍ മറ്റേ രണ്ടു ഗുണ്ടുമണികളെ കാണ്മാനില്ല .....
മറ്റവന്‍ തിരിച്ചെത്തി അവനും ഇവരെ കാണാഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി...ഇനി ബാഗോ മറ്റോ അടിച്ചോണ്ട് പോകാന്‍ വന്നവര്‍ ആണോ...

നോക്കിയപ്പോള്‍ അവരുടെ ബാഗും കാണുന്നില്ല...
ഞങ്ങള്‍ ഞങ്ങള്‍ടെ ബാഗും എടുത്തു നേരെ ഡോറിന്റെ അങ്ങോട്ടേക്ക് നീങ്ങി....നോക്കിയപ്പോള്‍ ലവന്മാര്‍ സഞ്ചിയും തൂക്കി അവിടെ നില്കുന്നു ...
എന്റെ സഹ പഠിയന്‍ :" അല്ല മുംബയില്‍ എത്താന്‍ ഇനിയും സമയം ഉണ്ടല്ലോ....എന്താ ഇപ്പോളെ ഇറങ്ങുന്നെ..."
ലവരില്‍ ഒരുവന്‍ :" മുംബയിലേക്ക് പോകണം...പക്ഷെ അതിനു മുന്‍പ് ഇവിടെ ഒരു ചെറിയ ജോലി തീര്‍ക്കാന്‍ ഉണ്ട്..ഒരു ഡിഗ്രീ കമ്പ്ലീറ്റ് ചെയ്യാന്‍ ഉണ്ട്...."
അത് കേട്ടതേ എന്റെ അടി വയറ്റില്‍ നിന്നും ഒരു തീഗോളം ഉരുണ്ടു വന്നു....ലവന്റെ മുഖത്തെ ചിരി ഒക്കെ അങ്ങ് മാഞ്ഞു ....(ഇതാണ് ഞാന്‍ പറഞ്ഞ ലഡ്ഡു ) 
വണ്ടി നിര്‍ത്തി..ഞങ്ങള്‍ ഇറങ്ങി..ഒപ്പം അവരും.....
അവരില്‍ ഒരുത്തന്‍ എന്റെ സുഹ്രത്തിനെ ഒരു ധൃതരാഷ്ട്രാലിംഗനം അങ്ങ് ചെയ്തു 
എന്നിട്ട് ഒരു ചോദ്യവും.."&^** മോനെ...ഫൈനല്‍ ഇയെര്സ് കഴിവ് ഇല്ലാത്തവര്‍ ആണ് അല്ലെ....കഴിവ് ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ മനസ്സിലാക്കി തരാം....കേട്ട....കോളേജില്‍ വച്ച് നമുക്ക് കാണാം..."

അങ്ങനെ അവര്‍ ഞങ്ങടെ റൂം നമ്പരും ദിപാര്‍ത്മെന്റും  ഒക്കെ മേടിച്ചു....
പിന്നീടുള്ള കാര്യം നിങ്ങള്ക്ക് ഊഹിക്കാന്‍ ഉള്ള ഒരു അസുലഭ ചാന്‍സ് ഞാന്‍ നിങ്ങള്ക്ക് തരികയാണ് .... ഒരു ക്ലൂ തരാം....."പാറ നിറഞ്ഞ കുന്നിന്‍ മുകളില്‍ ഒരു പാര കൊടുത്തിട്ട് ലവനോട് രണ്ടര മീറ്റര്‍  നീളം വരുന്ന ഒരു കുഴി കുഴിപ്പിചിട്ടുണ്ട്....അതാണ്‌ അവനു കിട്ടിയ ശിക്ഷകളില്‍ ഏറ്റവും മയം ഉള്ളത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് .....

Wednesday, June 24, 2020

കേശ വര്‍ദ്ധിനീ തൈലവും കുറെ ആശംസകളും


സ്കൂള്‍ കാലഘട്ടം .....
ഒന്‍പതാം ക്ലാസില്‍ 'ചുമ്മാ ഇരിക്കുന്ന സമയം' (ഇനി 'പഠിക്കുന്ന സമയം' എന്നെഴുതിയിട്ടു നിങ്ങളെ വെറുതെ നെറ്റി ചുളിപ്പിക്കണ്ടല്ലോ)
ഓരോ ദിവസവും എന്തേലുംഏടാകൂടം നമ്മള്‍ എങ്ങനെ എങ്കിലും ഒപ്പിക്കുമായിരുന്നല്ലോ ...ഏത്‌ ?

ഒരു ബെഞ്ചില്‍ നാല് പേര്‍ ആണ് അന്ന് ഇരിക്കുന്നത്...നാലല്ല പത്തു പേര്‍ ആയാലും ഞാന്‍ ഉണ്ടേല്‍ അജ്മല്‍ കാണും അജ്മല്‍ ഉണ്ടേല്‍ ഞാന്‍ കാണും....അങ്ങനെ ആ വര്‍ഷവും ഞങ്ങള്‍ ഒരുമിച്ചു ഇരിക്കുന്നു....
ഒപ്പം ഇരിക്കുന്ന മഹാന്മാര്‍ ഞങ്ങളെയും സഹിച്ചു ഇരിക്കും. സാര്‍ ഇല്ലാത്ത പിരീഡില്‍ സംസാരിക്കുന്നവരുടെ പേര് എഴുതാന്‍ ലീഡര്‍ പോയി നില്‍കും....എന്തുകൊണ്ടോ എന്തോ,ഒരു നിയമം ഉണ്ടാക്കിയാല്‍ അത് ലംഘിചില്ലേല്‍ ഞങ്ങക്ക് പെട്രോൾ വില കൂട്ടാതെ ഇരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടി വരുന്ന നമോയെപ്പോലെയാ,വല്ലാത്ത ഒരു വൈക്ലബ്യം . 'ക്ലാസിൽ സംസാരിക്കരുത്' എന്ന് പറയുമ്പോള്‍ ഞാനും അവനും ചുണ്ട് അനക്കാതെ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കും..എന്നിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കും .ഞങ്ങടെ ആ ടെക്നിക്‌ ഞങ്ങടെ ഒപ്പം ഇരിക്കുന്ന ജോസ്‌ ലീഡർക്ക് പറഞ്ഞു കൊടുത്തു....അതോടെ ആ പണി പാളി...രണ്ടു പ്രാവശ്യം അടി കിട്ടിയപ്പം ഞങ്ങള്‍ സ്ട്രാറ്റജി മാറ്റി. വറുത്ത പുളിങ്കുരു അജ്മല്‍ വീട്ടീന്നു കൊണ്ട് വരും..എന്നിട്ട് ക്ലാസ്‌ നിശബ്ദം ആയി ഇരിക്കുമ്പോള്‍ ഞങ്ങള്‍ കറുമുറാ എന്ന് വായിലിട്ട് ചവയ്ക്കും .ലീഡർ പേര് എഴുതാമെന്നു കരുതിയാൽ, ഞങ്ങൾ സംസാരിക്കുന്നതും ഇല്ല എന്നാല്‍ ഒച്ച ഉണ്ടാവുന്നും ഉണ്ട്...
അപ്പൊ ലീഡര്‍ക്ക് ആകെ ചൊറിച്ചില്‍ ആയി...
ഞങ്ങടെ സംസാരം നിര്‍ത്തിച്ച ജോസിനെ അന്നെ ഞാനും അജ്മലും സ്കെച്ച് ചെയ്തു എന്ന് ജോസിന് മനസിലായതോട് കൂടി അവന്‍ ഞങ്ങളില്‍ നിന്നും ഒരു പാര പ്രതീക്ഷിച്ചു ആണ് നടപ്പ്....
ദേഹോപദ്രവം വഴി ആണോ,വേറെ വല്ല ഏണിയും ആണോ എന്നാ കണ്ഫ്യൂശന്‍ മാത്രമേ അവനു ഉള്ളു ....
ഈ ജോസിന്റെ അപ്പച്ചൻറെ  തല നല്ല ഒന്നാന്തരം തരിശുഭൂമി ആണ് ലോക്ക്ഡൗൺ കാലത്തെ ഹൈവേ പോലെ അവിടെയും ഇവിടെയും ഓരോ മുടികൾ കാണാം  ...ആ ഒരു ഗുണം ദൈവം സഹായിച്ചു അവനും ആവുംവിധം  ഉണ്ട്....ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം തന്നെ അവൻ്റെ തലയില്‍ റണ്‍വേ തെളിയാന്‍ തുടങ്ങി.....
ഇക്കാര്യത്തിൽ ആൾറെഡി ചെറിയ ഒരു കോംപ്ലക്സിൽ നിൽക്കുന്ന അവനെ ചൂടാക്കാൻ എരിതീയില്‍ എണ്ണ എന്നത് പോലെ ഞാനും അജ്മലും കൂടി വൈകുന്നേരം ആവുമ്പോള്‍ ''അളിയാ നിൽ!!" എന്ന് പറഞ്ഞു അവനെ പിടിച്ചു നിർത്തി  അവൻ്റെ മുഖത്ത് നോക്കി മുടി ചീകാന്‍ തുടങ്ങി...അവനു ആകെ ഡൌട്ട് അടിച്ചു ഞങ്ങളോട് ചോദിച്ചു “എന്തോന്നെടെയ്‌ %$%$% നീ ഒക്കെ എന്തിനാ എന്റെ മുഖത്ത് നോക്കി മുടി ചീകുന്നെ?”
സ്വാഭാവികം ആയ സംശയം...
ഞാന്‍ പറഞ്ഞു “അളിയാ...ഇവിടെ വേറെ കണ്ണാടി ഇല്ല,നിൻറെ നെറ്റിയില്‍ ആണേല്‍ നല്ല റിഫ്ലക്ഷന്‍ ഉണ്ട്,അതില്‍ ഞങ്ങടെ മുഖം ശരിക്കും കാണാം...”

മച്ചാന്‍ ആകെ ഡെസ്പ് അടിച്ചു....
രണ്ടു ദിവസം കഴിഞ്ഞു ഞാനും അജ്മലും ഞങ്ങളുടെ പ്ലാനിന്റെ രണ്ടാം ഘട്ടം തുടങ്ങി...
അവനും ഞാനും ഇരുന്നു ഒരു സാങ്കല്പിക വൈദ്യനെ അങ്ങ് സൃഷ്ടിച്ചു...ഒരു പേരും നല്‍കി “അഗസ്ത്യന്‍ വൈദ്യന്‍” എന്നിട്ട് അയാളുടെ മരുന്നുകളെ കുറിച്ച് ചര്‍ച്ചയും...
പയ്യെ പയ്യെ ലവന്‍ ഇത് ശ്രദ്ധിച്ചു...
ശ്രദ്ധ ഇങ്ങോട്ട് ആയപ്പോള്‍ ഞങ്ങള്‍ അവൻ കേൾക്കെ അയാളുടെ “കേശവര്‍ധിനീ  തൈല,” ത്തെ കുറിച്ച് ചര്‍ച്ച തുടങ്ങി...
ലവന്‍ അങ്ങ് ആകാംക്ഷ കൊണ്ട് തലയിലെ ഉള്ള മുടികള്‍ വരെ എണീറ്റ്‌  നിന്ന് മുക്കാലാ മുക്കാബലാ  പാടാന്‍ തുടങ്ങി (അന്ന് ആ പാട്ടാ ഹിറ്റ്‌ )
അവന്‍ ഞങ്ങളോട് ആ മരുന്നിനെ കുറിച്ച് ചോദിച്ചു
ഞാന്‍ പറഞ്ഞു “അളിയാ അതൊരു തൈലം ആണ്...നല്ല വില ഉള്ളതാണ് അതിനു,ഏതൊക്കെയോ നാട്ട് മരുന്നുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാ,കരടി നെയ്‌ ഒക്കെ ചെര്‍ക്കുന്നോണ്ട് സംഭവം കിട്ടാന്‍ വലിയ പാടാണ്....”
അവന്‍ :” അളിയാ നീ എങ്ങനെ എങ്കിലും എനിക്ക് അല്പം ഒപ്പിച്ചു താടെയ്‌...പൈസ ഒക്കെ നമുക്ക്‌ ശരിയാക്കാം “

ഞാന്‍ :”നോക്കട്ടെ അളിയാ...പക്ഷെ ആദ്യമേ തന്നെ ഫുള്‍ മരുന്ന് കിട്ടില്ല...ഇത്തിരി സാമ്പിള്‍ കിട്ടുമോ എന്ന് നോക്കട്ടെ,അത് ഫലിച്ചാല്‍ മാത്രം പൈസ കൊടുത്തു ഫുള്‍ മേടിച്ചാ മതി,അല്ലാതെ ചുമ്മാ പൈസ കളയണ്ടാ” (പൈസ വച്ച് പറ്റിക്കാന്‍ അന്നും ഇന്നും ഒരു വിഷമം ഞങ്ങള്‍ക് ഉള്ളത് ലവന്റെ ഭാഗ്യം)
അങ്ങനെ ലവന്‍ എല്ലാ ദിവസവും “സാമ്പിള്‍” തിരക്കാന്‍ തുടങ്ങി...അത് ഡിലെ ആക്കാന്‍ തുടങ്ങിയപ്പോള്‍ അവനു അതിനോടുള്ള മോഹം വര്‍ദ്ധിച്ചു.(കേട്ടിട്ടില്ലേ "Scarcity of a commodity always creates Demand" എക്കണോമിക്സ് )
അങ്ങനെ ഒരു ശനിയാഴ്ച ഞാനും അജ്മലും കൂടി അജ്മലിന്റെ വീട്ടില്‍ വച്ച് ആ “തൈലം” ഉണ്ടാക്കി.
അതിനു ഉപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ ചുവടെ പറയുന്നു ( ആര്‍കും പരീക്ഷിക്കാം..ബട്ട് അണ്ടര്‍ ദെയർ  ഓണ്‍ റിസ്ക്‌ )
കരി ഓയില്‍ - അര സ്പൂണ്‍ (കിട്ടിയില്ലെങ്കിൽ മീൻ വറുത്ത ശേഷം ബാക്കി വന്ന എണ്ണ ആയാലും ഓക്കേ)
വിനാഗിരി – അര സ്പൂണ്‍
അരച്ച മഞ്ഞള്‍ - ഒരു നുള്ള് (കിട്ടിയില്ലെങ്കിൽ മഞ്ഞപ്പൊടിയിൽ വെള്ളം ചേർത്ത് എടുത്താലും മതി )
തുപ്പല്‍ (എന്റെയോ അജ്മലിന്റെയോ) – ഒന്ന്
കാന്താരി മുളകിന്റെ സത്ത് - എതിരാളിയോടുള്ള ദേഷ്യത്തിന് പാകം ആവും വിധം
കാമെല്‍ കമ്പനിയുടെ പശ – രണ്ടു സ്പൂണ്‍
വാർണിഷ് - ഒരു തുള്ളി(വീട്ടില്‍ പെയിന്റിങ്ങ് നടക്കുന്നുണ്ടെങ്കിൽ മാത്രം,ഇല്ലേല്‍ അത് ഒഴിവാക്കാം )
ഇവ എല്ലാം കൂടി ഒരു ചിരട്ടയിൽ ഇട്ടു മിക്സ് ചെയ്തു ഒരു ചെറിയ കുപ്പിയില്‍ ആക്കുക..ഹോമിയോ ഗുളിക കിട്ടുന്ന കുപ്പി ആണ് ഉത്തമം
+++
ഞങ്ങള്‍ അടുത്ത വെള്ളിയാഴ്ച  ആയപ്പോ ഈ മരുന്ന് അവനു കൊണ്ട് കൊടുത്തു. വിശ്വാസം വരാന്‍ വേണ്ടി കുപ്പിയുടെ പുറത്തു വല്ല്യുമ്മ ഉപയോഗിച്ചിരുന്ന ഏതോ ഒരു തൈലവും പുരട്ടി...അപ്പൊ കുപ്പിക്ക് ആ മണം കിട്ടും...
എന്നിട്ട് ഉപയോഗ ക്രമം പറഞ്ഞു
“ഡേയ് , ഈ മരുന്ന് നീ നെറ്റിയിലും നെറ്റിയുടെ ഭാഗത്ത്‌ ഉള്ള മുടിയിലും പുരട്ടുക...രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെയ്യണം, എന്നിട്ട് നേരെ വെളിയില്‍ പോയി ഏഴര മണി മുതല്‍ ഉള്ള വെയില് കൊള്ളിക്കണം,ഒരു ഒന്‍പതര വരെ വെയിലത്ത്‌ ഇരിക്കണം,ആരോടും മിണ്ടരുത് ...മിണ്ടിയാല്‍ ഫലം പൂര്‍ണം ആവില്ല.എന്നിട്ട് ഒരു പത്തു മണി വരെ പിന്നെ വീടിന്റെ ഉള്ളില്‍ ഇരിക്കണം എന്നിട്ട് ഫാനിന്റെ കാറ്റ് കൊള്ളിക്കണം..എന്നിട്ട് ഉച്ച ആവുമ്പോള്‍ കുളിക്കണം,ഷാംപൂ ഉപയോഗിക്കുകയേ ചെയ്യരുത്‌....”

അങ്ങനെ തിങ്കളാഴ്ച ആയി..ഞാനും അജ്മലും വല്ലപ്പോഴും ഒക്കെ ഉണ്ടാവുന്ന പോലെ വളരെ സന്തോഷത്തോടെ സ്കൂളിലേക്ക് പോയി,ലവനെ കാണാന്‍....

അവന്‍ വന്നു..പക്ഷെ മുന്‍ ഭാഗത്ത്‌ ഉണ്ടാരുന്ന രണ്ടു ഇഞ്ച് നീളം ഉള്ള മുടികളില്‍ ഭൂരിഭാഗവും അഞ്ചു എമ്മെമ്മില്‍ താഴെ സൈസില്‍ ആയി മാറിയിരുന്നു....ഒട്ടിപ്പോയ മുടികള്‍ കത്രിക വച്ച് മുറിച്ചത് കൊണ്ട് പറ്റിയതാണ്...
ഔഷധകൂട്ടിന്റെ ഗുണം കൊണ്ട് ആവണം നെറ്റിയുടെ കുറച്ചു ഭാഗം അല്പം നിറ  വ്യത്യാസം കൂടി ഉണ്ടായി!!
കറുപ്പല്ല...ചുവപ്പ്...ചൊറിഞ്ഞു ചൊറിഞ്ഞു ചുവപ്പ് ആയതാണ് പോലും....
അന്ന് അവന്‍ ഞങ്ങളോട് പറഞ്ഞ സ്നേഹ സംഭാഷണം ഞാന്‍ വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ച് വിട്ടു തരുന്നു ....
ഇപ്പോളും അവന്‍ ഞങ്ങളോട് പറയും,” ഡേയ്...ശത്രുക്കളോട് പോലും ഇങ്ങനെ കാണിക്കല്ലേ “ എന്ന്

ഒരു പാവത്തിന്റെ മറ്റൊരു തല്ലുകൊള്ളി ഐഡിയ

സീൻ ഒന്ന് :
ഭട്കൽ എന്ന് പേരുള്ള അതി മനോഹരമായ ഒരു ഗ്രാമം
(ടൂഫ് ട്ടു ടൂഫ്‌  ട്ടു ടുടു    ടൂഫ് ട്ടു ടൂഫ്‌  ട്ടു ടുടു )
കന്നുകാലികളും പട്ടികളും ഒക്കെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു മൊട്ട കുന്ന്....(ഔ!!! ഡാർക്)
ലഡ്ഡുവിന്റെ മുകളിലെ ഉണക്കമുന്തിരി പോലെ ആ ആളു കേറാ മലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ്‌ (വിത്ത്‌ ഹോസ്റ്റല്‍) )),)
അവിടെ നേരത്തെ പറഞ്ഞ 'ടിയാന്‍'മാര്‍ക്ക് കമ്പനി കൊടുക്കാനായി ഭാവിയിൽ ബിരുദം   ധരിക്കാം എന്ന മോഹത്താൽ അവിടെ പഠിക്കുന്ന (??) പ്രീ-ബിരുദധാരികൾ ആയ ഞങ്ങളെ പോലുള്ള കുറെ എണ്ണം...
 
എല്ലാ സ്വാതന്ത്ര്യതോടെയും കൂടി അന്യ നാട്ടില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍  പോയപ്പോള്‍,പണ്ട് ആദ്യമായി സൈക്കിളിൽ ഒറ്റയ്ക്ക് മാർക്കറ്റിൽ പോകാൻ വിട്ടപ്പോൾ ഉണ്ടായ അതേ  മൂഡ് ആയിരുന്നു...
പലവിധ ആവറേജ് പൂവാലൻ  തീമിലുള്ള മലയാളം-ഹിന്ദി-തമിഴ് സിനിമകൾ ഒക്കെ മനസിലൂടെ ലോങ്ങ് ഷോട്ടും ക്ലോസ് ഷോട്ടും  ഒക്കെയായി മിന്നി നിറഞ്ഞു...അഡ്മിഷൻ എടുക്കാൻ ഫോമുകൾ ഫിൽ ചെയ്യുമ്പോഴും സർട്ടിഫിക്കറ്റുകൾ കൊടുക്കുമ്പോഴും ഒക്കെ ഒരു മായാലോകത്തു വിരാജിച്ചിരുന്ന ഞാൻ അവസാനം കോളേജിന്റെ പേരിൻറെ അറ്റത്തുള്ള വാൽ കണ്ടപ്പോൾ ഷാജി കൈലാസിന്റെ പടം ആണെന്ന് കരുതി അടൂരിന്റെ പടത്തിനു കയറിയവൻറെ അവസ്ഥയിൽ ആയി...ആ വാൽ ഇതാരുന്നു  "For  Men "
അന്ന് ശിവാജി സിനിമ ഇറങ്ങിയിരുന്നെങ്കിൽ "..ആമ്പൽ ആമ്പൽ.." പാട്ട് ബാക്ഗ്രൗണ്ടിൽ ബിജിഎം ആയി  ഉയർന്നേനെ..ഈ കോളേജിന്റെ സ്ഥാപകന്‍ പെണ്ണ് കെട്ടിയ ശേഷം ഉണ്ടായ ബോധോദയം കൊണ്ടാവണം...ആ കോളേജ് ഒരു മെന്‍സ്‌ കോളേജ്‌ ആക്കി അങ്ങ് മാറ്റിയത്...

വീട്ടിൽ നിന്ന് ദൂരെ പോയി പഠിക്കണം (?) എന്ന ആഗ്രഹം, അത് വീട്ടുകാർ അനുവദിച്ചു തന്നു,,അപ്പോൾ ഉണ്ടായിരുന്ന മോഹം 'കുറെ നാളായി നാളും വീട്ടുകാരുടെ സൂപ്പർവിഷനിൽ ബോയ്സ് സ്‌കൂളിൽ ഒക്കെ ആയി പഠിച്ചതല്ലേ..ഇനി ഒരു ഫ്രീഡം ഒക്കെ ഉള്ള കളർഫുൾ ലൈഫ് ഒക്കെ ആസ്വദിക്കാം..എന്നതും കൂടി ആയിരുന്നു...ഇതിപ്പോ വീടും വിട്ടു ദൂരെ എത്തി മെൻസ് കോളേജിൽ ജോയിൻ ചെയ്തപ്പോ ഒരുമാതിരി  DTS  തീയേറ്ററില്‍ ‌ അവാര്‍ഡ്‌ സിനിമ കാണാന്‍ കേറിയവന്റെ അവസ്ഥ...
കളര്‍ഫുള്‍ എന്ന് പറയാന്‍ ആയി ആകെപ്പാടെ  ഉണ്ടായിരുന്നത് ഹോസ്റ്റലിന്റെ  ജനാലകളില്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന കുറച്ചു ഷഡ്ഢികൾ മാത്രം  (നാട്ടിൽ പോകുമ്പോളും നാട്ടിൽ നിന്ന് വരുമ്പോളും മാത്രം ഇടുന്ന ഒരു തിരുവസ്ത്രം...അലക്കിയവയ്ക്ക് ഡിമാൻഡ് ഇല്ല,അലക്കാത്തവ ഉണ്ടെങ്കിൽ ഡിമാൻഡ് കൂടുതൽ ആണ്, കാരണം ചീട്ടു കളിക്കുമ്പോ ആവശ്യം വരും .....ഇതിനു രണ്ടിനും അല്ലാതെ അല്ലാതെ പരീക്ഷയ്ക്ക് പോകുമ്പോ പോലും ഈ സംഭവം ഒറ്റ ഒരുത്തനും ഉപയോഗിക്കില്ല ......


ഒരു കൊച്ചു ഗള്‍ഫ്‌ പോലത്തെ സ്ഥലം ആയിരുന്നു അത്...വെള്ളിയാഴ്ച ദിവസം മാത്രം അവധി....അല്ലേലും എന്തിനാ ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ ദിവസത്തെ അവധി..സുരേഷ് ഗോപിക്ക് ഷാജി കൈലാസിന്റെ പടത്തില്‍ ഊമയുടെ റോള്‍ കൊടുത്താൽ എന്ന പോലത്തെ ഒരു സ്ഥിതി ......ഒന്ന് പഞ്ചാര അടിക്കാന്‍ ഒരു ചെറിയ മൈന പോലും ഇല്ലാത്ത ആ മൊട്ടക്കുന്നിന്റെ മുകളില്‍ ആഴ്ചയില്‍ ഒരു ദിവസത്തെ അവധി കിട്ടുന്നത് തന്നെ തുണി അലക്കിയും കത്തി അടിച്ചും ഒക്കെ അങ്ങ് തീര്‍ക്കും...



അങ്ങനിരിക്കെ എങ്ങനെയോ ഒരു നാല് ദിവസത്തെ അവധി വീണു കിട്ടി..കാസര്‍ഗോട് മുതല്‍ കോഴിക്കോട് വരെ ഉള്ള മഹാന്മാര്‍ നാട്ടിലേക്ക് തിരിച്ചു....അതിനപ്പുറം ഉള്ളവര്‍ ആ മോഹം ഉപേക്ഷിച്ചു...പത്തു പന്ത്രണ്ടു മണിക്കൂര്‍ യാത്ര ഉണ്ട് അവിടുന്ന് ആലപ്പുഴ വരെ...അങ്ങനെ ഈ നാല് ദിവസത്തെ അവധിക്കു ഞാന്‍ അങ്ങോട്ടേക്ക് പോയാല്‍ പിന്നെ നേരെ റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി,എന്നെ പിക്ക് ചെയ്യാൻ  വരുന്ന വീടുകാരോട്..."എന്നാ പിന്നെ അങ്ങനാവട്ടെ,ഞാന്‍ അവിടെ ചെന്നിട്ട് വിളിക്കാം" എന്നും പറഞ്ഞു അടുത്ത വണ്ടിയേല്‍ കേറി തിരിച്ചു പോരേണ്ടി വരും.....

സോ..ഞങ്ങള്‍ ഹോസ്റ്റലില്‍ തന്നെ നില്‍കാന്‍ തീരുമാനിച്ചു....പോകുന്നവന്മാരുടെ കയ്യില്‍ നിന്നും കിട്ടിയ "സീ ഓഫ് "എന്നാ പേരില്‍ കിട്ടിയ കാശിനു കാന്റീനില്‍ നിന്നും മിക്സ്ചര്‍ വാങ്ങി കൊറിചോണ്ടിരുന്നു.

കുറെ എന്‍ ആര്‍ ഐ ക്ണാപ്പ്ന്മാര്‍ ഉടനെ പോയി ഐഡി കാര്‍ഡ്‌ ഒക്കെ ജാമ്യം വച്ച് കുറെ ബൈക്കും വാടകയ്ക്ക് എടുത്തു കൊണ്ട് വന്നു...എല്ലാരും ജോഗ് ഫാള്‍സ് എന്നാ വെള്ള ചാട്ടത്തിലേക്ക് ട്രിപ്പ്‌ പോകുന്നു....
ഞങ്ങളെയും വിളിച്ചു..ഷെയര്‍ ഇട്ടു പോകാന്‍ വേണ്ടി...
ഒന്നാമത് വെള്ളച്ചാട്ടം...
രണ്ടാമത് വിവരവും ബോധവും യുക്തിയും ഒക്കെ ഗള്‍ഫില്‍ ഉള്ള പെരന്റ്സിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ ഏല്പിച്ചിട്ടു നാട്ടില്‍ പഠിക്കാന്‍ വന്നേക്കുന്ന ഹിഡുംബന്മാർ ...
മോർ ഓവർ  കയം കണ്ട കന്നിനെ  പോലെ ബൈക്കും എടുത്തു പറക്കാന്‍ വെമ്പുന്ന ചെറിയ മനസ്സും വലിയ ശരീരങ്ങളും...
സോ...ആ ട്രിപ്പില്‍ ബൈക്കില്‍ ഇരുന്നു പോയാല്‍ പിന്നെ എന്റെ നാട്ടിലെ പള്ളിയില്‍  കുഴിവെട്ടുന്ന ഉമ്മർ ഇക്കായ്ക്ക്  ഒരു ചെറിയ പണി ആവും......അങ്ങനിപ്പം ഞാന്‍ മൂലം ഉമ്മർ കാക്ക കാഷ്‌ ഉണ്ടാക്കണ്ട..അങ്ങേരെ എനിക്ക് പണ്ടേ കണ്ടു കൂടാ ...
എനി വേ ...ഞങ്ങള്‍ എഴെട്ടെണ്ണം പോയില്ല...!!!
അടുത്ത ദിവസം വേണമെങ്കിൽ അഞ്ചു രൂപ വീതം ഇട്ട് ടൌണില്‍ നിന്നും വാടകയ്ക്ക് സൈക്കിള്‍ എടുത്തു ബൈന്ദൂര്‍ ബീച്ചില്‍ പോയി വരാം എന്ന് പ്ലാന്‍ ഇട്ടു ...അത് ഞാനും സമ്മതിച്ചു...കാരണം ആ പ്ലാന്‍ കൊണ്ട് വന്നത് എന്നെക്കാള്‍ പ്രായവും പക്വതയും ഒക്കെ ഉള്ള ഡിപ്ലോമയും കഴിഞ്ഞു എഞ്ചിനീയറിംഗ് പഠിക്കാന്‍ വന്ന എന്റെ ക്ലാസ്‌ മേറ്റ്സ് ആയിരുന്നു....അതാവുമ്പം കുഴപ്പമില്ല...എന്നെ ഇടം വലം  തിരിയാന്‍ സമ്മയിക്കില്ല ( സ്‌കൂളിൽ ഉണ്ടായിരുന്ന അതെ കയ്യിലിരുപ്പ് തന്നെ ആരുന്നുഅവിടെയും..)
പക്ഷെ അവരെ ഇച്ചിരി പേടി ഉണ്ടാരുന്നു  
സന്ധ്യ ആയി .....അങ്ങനെ ഞങ്ങള്‍ അടുത്ത ദിവസം ബീച്ചില്‍ പോകുന്നതിനെ കുറിച്ച്  ഒരു ചര്‍ച്ച നടത്തിക്കൊണ്ട് ഇരിക്കുവായിരുന്നു...ഹോസ്റ്റലിന്റെ വെളിയില്‍ ആയി കുറെ മരങ്ങള്‍ ഉണ്ട്...നമ്മുടെ നാട്ടിലെ ആല്‍ത്തറ പോലെ ഓരോ മരത്തിന്റെയും ചുവട്ടില്‍ ഭിത്തി കെട്ടി ഇട്ടിട്ടുണ്ടായിരുന്നു,...അതില്‍ ഇരുന്നാണ് സംസാരം....


ഞങ്ങള്‍ നാലഞ്ചു പേര്‍ ഇരിക്കുന്നു...ഇതിനിടയിൽ ഒരുത്തന്‍ നേരെ വന്നു അന്തസ്സായി ഞങ്ങൾ ഇരിക്കുന്നതിന്റെ ഇടയിൽ ആ അരമതിലിൽ ഇരുന്നു, കുറച്ചു കഴിഞ്ഞു പയ്യെ ഒന്ന് ചാഞ്ഞു, ഫൈനലി അങ്ങ് കിടന്നു...!!

എന്തായാലും വരാൻ ഉള്ളത് വഴിയിൽ താങ്ങില്ലല്ലോ..... കൂലംകഷമായി ട്രിപ്പ് പ്ലാൻ സംസാരിച്ചു കൊണ്ടിരിക്കെ...ഞാന്‍ ഇടയില്‍ ഓര്‍ത്തു..."ശോ...ഈ ദിവസം ഇത്രേം നേരം ആയിട്ടും ആരുടേയും  കയ്യില്‍ നിന്നും ഒന്നും മേടിച്ചില്ലല്ലോ...മിനിമം രണ്ടു തെറി എങ്കിലും കേട്ടില്ലേല്‍ എങ്ങനാ..ദിവസത്തിന് ഒരു കംപ്ലീറ്റ്‌നെസ്സ് കിട്ടുന്നില്ല ."
അങ്ങനെ ലവര്‍ സംസാരിച്ചും ഞാന്‍ ചിന്തിച്ചും ഇരിക്കെ എന്റെ നോട്ടം ആ കിടക്കുന്നവനിലേക്ക് നീണ്ടു ....

അവന്‍ പതുക്കെ കണ്ണൊക്കെ അടയ്ക്കുന്നു...ഉറങ്ങാൻ ഉള്ള സെറ്റപ്പാണോ  എന്ന് എനിക്ക് വർണ്ണ്യത്തിൽ ആശങ്ക!!!
.മനസ്സിൽ ഒരു ചെറിയ ലഡ്ഡുവിന്റെ തിരി കത്തി തുടങ്ങി..എപ്പ വേണേലും പൊട്ടും...
ഞാന്‍ ബാക്കി സംസാരിച്ചു കൊണ്ടിരുന്ന ഇക്കാമാരോടും ചേട്ടന്മാരോടും (അക്കൂട്ടത്തില്‍ ജൂനിയര്‍ ഞാനായിപ്പോയി) പതുക്കെ കൈ വച്ച് ആംഗ്യം കാണിച്ചു.."സംസാരത്തിന്റെ ഒച്ച കുറച്ചു കൊണ്ട് വാ" എന്ന്
അങ്ങനെ സംസാരം നേര്‍ത്ത് നേര്‍ത്ത്‌ വന്നു പയ്യെ മ്യൂട്ട് ആയപ്പോള്‍,  കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന മച്ചാന്‍ , മൂത്താപ്പാടെ പഴേ ബെന്‍സ്‌ ലോറി സ്റ്റാര്‍ട്ട്‌ ആക്കുന്ന പോലെ ഉള്ള ശബ്ദത്തിൽ പതുക്കെ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി....
ഇപ്പൊ ലഡ്ഡു പൊട്ടി!!!!
ഞാന്‍ പയ്യെ എണീറ്റു ‌....,..ലവന്മാരോടും എണീക്കാന്‍ പറഞ്ഞു...
അവരും അത് അനുസരിച്ചു  (പറഞ്ഞത് ഞാന്‍ ആയതുകൊണ്ടു എവിടെയോ ഒരു അപകടം മണത്തതിനാൽ പരസ്പരം നോക്കി കൊണ്ട് "എന്താ സംഭവം" എന്നാ എക്സ്പ്രേഷനും മുഖത്ത് ഉണ്ട്)...
അവരോട് അവിടെ നില്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ നേരെ ഹോസ്റ്റലിന്റെ അകത്തേക്ക് ഓടി....കോറിഡോറില്‍ അയയില്‍ കിടന്നിരുന്ന കുറെ തോര്‍ത്തും (വെള്ള മുതല്‍ കഴുകാതെ കറുപ്പ് ആയത് വരെ ഉണ്ട് പല പല വര്‍ണ്ണങ്ങളില്‍),) ഒരു വെളുത്ത മുണ്ടും എന്റെ റൂമില്‍ നിന്ന് കുറച്ചു കിടുപിടി ഐറ്റംസും എടുത്തു കൊണ്ട് വെളിയിലേക്ക് ഓടി.ഗാർഡനിൽ ഉള്ള കുറച്ചു പൂക്കളും കമ്മ്യൂണിസ്റ് പച്ച പോലത്തെ കുറച്ചു ഇലകളും സംഘടിപ്പിച്ചു...(ചെയ്യുന്ന പണിയിലെ ആത്മാർഥത! അത് പണ്ടേ മ്മടെ കൂടെപ്പിറപ്പാ) .
നേരെ അവരുടെ അടുത്ത് എത്തി....എന്നിട്ട് ആദ്യമേ ഈ വെള്ള മുണ്ട് എടുത്തു ആ ഉറങ്ങുന്ന മച്ചാനെ പതുക്കെ അങ്ങ് പുതപ്പിച്ചു...മുഖം മൂടിയില്ല ....
കയ്യില്‍ ഇരുന്ന തോര്‍ത്തുകള്‍ വട്ടത്തില്‍ ചുറ്റി ഏകദേശം ഒരു റീത്ത് പോലെ ആക്കി അവന്റെ നെഞ്ചത്തും സൈഡിലും ഒക്കെ ആയി പതുക്കെ  വച്ചു..മുകളിൽ പൂക്കളും വൃക്ഷലതാദികളും കൊണ്ട് ആവുന്ന പോലെ ഒക്കെ ഡെക്കറേഷനും നടത്തി  ....എന്നിട്ട് എന്റെ റൂമില്‍ നിന്നും എടുത്തോണ്ട്  വന്ന  ചന്ദനത്തിരികള്‍ രണ്ടു മൂന്നെണ്ണം കത്തിച്ചു സൈഡില്‍ കുത്തി വച്ചു ....എന്നിട്ട് ഒരു ഇക്കയെ പറഞ്ഞു വിട്ടു ബാക്കി കൂട്ടുകാരെ ഒക്കെ വിളിപ്പിച്ചു...
രണ്ടു പഞ്ഞി കിട്ടിയാരുന്നേല്‍ അത് ലവന്റെ മൂക്കിന്റെ അടുത്തെങ്കിലും വച്ചേനെ...ഒരു ആവശ്യത്തിന് നോക്കുമ്പം ഒന്നും കിട്ടില്ല!!!
ഹൗവെവർ , ഒരു ഡെഡ് ബോഡിക്ക് കൊടുക്കേണ്ട സകല ബഹുമാനത്തോടെയും ആളുകളെ വരി വരിയായി കൊണ്ട് വന്നു ഈ മുതലിനെ കാണിപ്പിച്ചു ...

..ഞാൻ കൈ കെട്ടി ദുഃഖഭാവത്തോടു കൂടി തന്നെ സൈഡിൽ നിന്നു ....

എല്ലാ മുഖത്തും ഒരു ശോക ഭാവം.....
ചിലർ ആണെങ്കിൽ ഒരു പടി കൂടി കടന്നു "എപ്പോഴായിരുന്നു? എന്ത് പറ്റിയതാ?" എന്നൊക്കെ ചോദ്യങ്ങളും ചോദിച്ചു രംഗം ഒന്നുകൂടി നാച്ചുറൽ ആക്കി ..അതിനു ഞാൻ "വാതിൽ അടച്ചപ്പോ വിരൽ ഇടയിൽ പോയതാ"എന്നും "ലാബ് കഴിഞ്ഞു വന്നു സോക്സ് മണത്തു നോക്കിയതാ" എന്നുമൊക്കെ   അന്നേരം വായിൽ വരുന്ന മറുപടികളും ഒക്കെ കൊടുത്തു സെന്റിമെന്റ്സ് കൂട്ടി..

ഏകദേശം പത്തു മിനുട്ട് ഈ ദുഃഖ കാഴ്ച എല്ലാവരും കണ്ടു...

ഉറക്കം മതി ആയിട്ടാണോ, അതോ വല്ല ഉൾവിളിയും വന്നതിനാൽ ആണോ എന്നറിയില്ല,
ഉറക്കം തീര്‍ന്നു....ലവന്‍ കണ്ണ് തുറന്നു,..ആൾക്കൂട്ടം കണ്ടതും ചാടി എണീറ്റു....സംഭവം എന്താണെന്നറിയാതെ ചുറ്റിലും നില്കുന്നവരെ,പണ്ട് മുളക് ബജി കടിച്ചപ്പോ അതിൽ നിന്ന് ആണി കിട്ടിയ ജോസിനെപ്പോലെ  നോക്കി.....
എല്ലാവരും വന്‍ ചിരി....അവന്റെ കൈവാക്കിനു നിന്നവർ ചിതറി ഓടി...

ഞാന്‍ എന്റെ റൂമിലെ ജനലിലൂടെ ഈ കാഴ്ചകള്‍ കണ്ടു കൊണ്ട്  അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു  (note the point!! ഞാൻ സീൻ വിട്ടു!!! ...ലവന്‍ ഉണര്ന്നപ്പോഴേ ഞാന്‍ ഓടി  )

"എടാ &@ $**** അഫ്സലെ....നിന്നെ ഞാന്‍ ....@@ എവിടെടാ പുല്ലേ നീ ...ഇറങ്ങിവാടാ @@@%*&*****^%%"എന്ന വിളി ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ അവിടെ മുഴങ്ങി....(സ്നേഹം ഉള്ളവനാ..'മോനേ'ന്നു ചേർത്തേ വിളിക്കൂ)

അവധി ആയത് കാരണം പത്തമ്പത് പേര്‍ മാത്രം ഉള്ള ഹോസ്റ്റലില്‍ ഈ സൈസ് പണി കാണിക്കുന്നവരിൽ മിക്കവരും നാട്ടിൽ പോയതിനാലും, എന്നെ ആ പരിസരത്തൊക്കെ അന്ന് കണ്ടതിനാലും.. ഇമ്മാതിരി പരിപാടി നടത്തിയത് ആരാണ് എന്ന് അറിയാന്‍ കവടി നിരത്തേണ്ട ആവശ്യമേ വന്നില്ല....

ശേഷം ചിന്ത്യം.....

(വാൽക്കഷ്ണം: ഒരു ടിപ്പ്..:മുതുകത്തെ നീര് മാറ്റാൻ ടൈഗർ ബാം ഇട്ടു തടവിയ ശേഷം ഉപ്പിട്ട ചൂട് വെള്ളത്തിൽ കുളിച്ചാൽ ബെസ്റ്റാ..)

Wednesday, June 17, 2020

സിഗരറ്റ്‌ പുരാണം....സസ്പെന്സ് ത്രില്ലര്‍


Statutory Warning "Cigarette smoking is injurious to health" 😏


 “ജില്ലേലെ ജില്ലേലെ ആയോ ആയോ ജില്ലേലെ
മസ്തീരെ മസ്തീരെ ആയോ ആയോ മസ്തീരെ
ബുബ ബുബ ബുബാ ബുബാ ദിൽ രൂബാ............”
ടേപ്പ് റിക്കാര്ടരില്‍ നിന്നും ഗാനം ഒഴുകി എത്തിക്കൊണ്ടിരുന്നു


“ തുറുപ്പ് ഇറക്കെഡാ @@....”
ഹോസ്ടലിലെ റൂമുകളില്‍ ഒന്നില്‍ ചീട്ട് കളി തകൃതിയായ് പുരോഗമിക്കുന്നു.....
പതിവുപോലെ കാഴ്ച്ചക്കാരനായ്‌ ഞാനും ഉണ്ട്......


കളിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും “കുണുക്കു” കേറുന്ന ആൾക്ക് കൊടുക്കുന്ന കിരീടം എന്നെ അതില്‍ നിന്നും  പിന്തിരിപ്പിച്ചു....
നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും മറ്റും ചീട്ടു കളിക്കുമ്പോള്‍ കുണുക്കു (അതൊരു ചീട്ടു കളിയുടെ ടേം ആണ്,തോറ്റു കൊണ്ടിരിക്കുന്ന ആള്കുള്ള പേര്) കയറുന്ന ആള്‍ ഒരു വെള്ളയ്ക്കായില്‍ ഈർക്കില്‍ വളച്ചു കുത്തി അത് കാതില്‍ തൂക്കും......കഴുത ആവുക എന്ന് ചില സ്ഥലങ്ങളില്‍ പറയും....
കാതില്‍ കുണ്‌ക്കുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാള്‍ തോറ്റു കൊണ്ടിരിക്കുവാനെന്നാണ്....
പക്ഷെ കര്ണാടകയിലെ ഹോസ്റലില്‍ വെള്ളയ്കായും ഈര്കിലും ഒന്നും കിട്ടാന്‍ വകുപ്പില്ലാത്തത് കൊണ്ട് വല്ലവന്റെയും അലക്കാത്ത ജട്ടി എടുത്തു തലയില്‍ ഇടും...അതാണ്‌ കുണുക്കു.....

ഞാന്‍ കളിക്കാന്‍ തുടങ്ങിയാല്‍ (അതും അവന്മാരെപോലത്തെ പ്രഗല്ഭന്മാരുടെ കൂടെ) എനിക്ക് പിന്നെ അത് (“കുണുക്കു”) തലയില്‍ നിന്നും ഊരാനെ പറ്റാതാവും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടും,മോർ-ഓവർ സ്വതവേ സ്വതന്ത്രൻ ആവാൻ ആഗ്രഹിക്കുന്ന ഞാൻ കണ്ടവൻറെ "പാർട്ടി ചിഹ്നങ്ങൾ" തലയിൽ ചുമക്കാൻ താല്പര്യം ഇല്ലാത്തവൻ ആയതിനാലും  ഞാന്‍ ആ ആഗ്രഹം മനസ്സില്‍ ഒതുക്കി......
കളിയുടെ ഇടയില്‍ ഒരു ഉഷാറിനു വേണ്ടി എല്ലാവരും ബീഡി,സിഗരറ്റ്‌ മുതലായവ വലിക്കും...ഷെയര്‍ ഇട്ടു ചിപ്സ് ഒക്കെ വാങ്ങി അടിക്കും....
പുകവലി ഒഴികെ ഉള്ള ഫുഡ്‌ അടി കാര്യത്തില്‍ ഞാനും കൂടും....പക്ഷെ സിഗരറ്റിനു ഷെയര്‍ പോലും നല്കാതോണ്ട് എന്നെകൊണ്ടും വലിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.....

അങ്ങനെ ഹോസ്ടലിലെ സഹറൂമന്മാര്‍ പല പണി നോക്കിയിട്ടും ഞാന്‍ സിഗരറ്റ്‌ വലിക്കുന്നില്ല......അവസാനം അവര്‍ അതില്‍ നിന്നും പിന്മാറി...
“എടാ,നീ വലിക്കുന്നില്ല,,എന്നാ ഒരെണ്ണം മേടിച്ചെങ്കിലും താടെയ്‌..”
ഒരുത്തന്‍ പറഞ്ഞു...
ഞാന്‍ :” അളിയാ സോറി...നീയൊക്കെ നന്നായ്‌ കാണാന്‍ ഉള്ള ആഗ്രഹം കൊണ്ടല്ല....നീയൊക്കെ വലിച്ചു നശിക്കും....അത് കണ്ടു നിന്റെ ഒക്കെ അമ്മയും അച്ഛനും ഒരിക്കലെങ്കിലും വേദനയോടെ പറയും...’അവന്റെ കൂട്ട് കെട്ട് ആണ്  അവനെ നശിപ്പിച്ചത്’ എന്ന്...ആ ശാപം മേടിക്കാന്‍ എനിക്ക് തീരെ താല്പര്യം ഇല്ല..”
അങ്ങനെ അവര്‍ പിന്മാറി എന്ന് ഞാന്‍ ധരിചിരിക്കെ....
ഒരിക്കല്‍ അവന്മാര്‍ എന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു...അത് അവര്‍ കയ്യില്‍ വച്ച് എന്നോട് മോചനദ്രവ്യം ആവശ്യപ്പെട്ടു..
.
“പൈസ ഞങ്ങള്‍ തരും...നീ ഒരു പാക്കറ്റ്‌ സിഗരറ്റ്‌ ഞങ്ങള്ക്. മേടിച്ചു കൊണ്ട് തരണം..അന്നാരം ഫോണ്‍ തരാം.....ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ വിളിച്ചു നിന്റെ ജീവിതം കോഞ്ഞാട്ട ആക്കും.....”
എന്നെ എന്റെ വീട്ടുകാർക്ക് നന്നായി അറിയാവുന്നത് കൊണ്ടും..ഇവന്മാര്‍ ഫോണില്‍ കൂടി എന്ത് വിവരക്കേടും പറയാന്‍ ധൈര്യമുള്ളവര്‍ ആണെന്നത് കൊണ്ടും മറ്റൊരു വഴിയുമില്ലാതെ ഞാന്‍ പൈസയും മേടിച്ചു പോയി....
ടൌണില്‍ പോയി അഞ്ചു വിൽസ് മേടിചോണ്ട് വന്നു ....അത് ഒരു കാലി പാക്കറ്റില്‍ ഇട്ടു തന്നു....സിഗരറ്റ്‌ മേടിച്ചപ്പോ തന്നെ എന്നിലെ ലുട്ടാപ്പി ഉണര്ന്നു ...ഞാന്‍ ഒരു പാക്കറ്റ്‌ തീപ്പെട്ടി കൂടി വാങ്ങി......

"ചീട്ടുകളി ക്ലബ്ബി"ലേക്ക് പോവാതെ ഞാന്‍ നേരെ എൻറെ റൂമിലേക്ക്‌ വിട്ടു...എന്റെ റൂമില്‍ കയറി വാതില്‍ അടച്ചു പൂട്ടി....


ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍ ടന്‍

ഞാന്‍ സിഗരറ്റുമായി എന്റെ ടേബിളില്‍ ഇരുന്നു...നോട്ബൂക്കില്‍ നിന്നും ഒരു പേജ് കീറി...
തീപ്പെട്ടി തുറന്നു കുറെ കൊള്ളികള്‍ അവിടെ ഇട്ടു....എന്നിട്ട് ഒരു ബ്ലെയിട് എടുത്തു ആ തീപ്പെട്ടി കോലുകളിലെ മരുന്ന് ചുരണ്ടി ആ പേപ്പറിലേക്ക് ഇട്ടു....
അത്യാവശ്യത്തിനുള്ള മരുന്ന് ആയപ്പോ ഞാന്‍ സിഗരറ്റ്‌ എടുത്തു......ഒരു കൊമ്പസ്സും കണാ കുണാന്നു ഇരിക്കുന്ന ഒരു കത്രികയും എടുത്തു സിഗരറ്റില്‍ നിന്നും പുകയില എടുത്തു മാറ്റാന്‍ തുടങ്ങി...ഏകദേശം പകുതി പുകയില മാറിയപ്പോള്‍ ഞാന്‍ നിര്ത്തി .....അതിലേക്കു തീപ്പട്ടിയുടെ മരുന്ന് നിറച്ചു.....
എന്നിട്ട് അതിലേക്കു തിരിച്ചു പുകയില നിറയ്ക്കാന്‍ തുടങ്ങി......
അത് പക്ഷെ ഇത്തിരി ബുദ്ധിമുട്ടാരുന്നു...കാരണം ആ പേപ്പറിനു ഒട്ടും കട്ടി ഇല്ലാത്തോണ്ട് കീറാന്‍ സാധ്യത ഉണ്ട്....
പക്ഷെ ഒരു വാച്ച് റിപ്പയര്കാാരന്റെ കൈ വഴക്കത്തോടെ ഞാന്‍ ആ സ്പെഷല്‍ സിഗരറ്റ്‌ തയ്യാറാക്കി....

മെനകെട്ട പരുപാടി ആയത് കൊണ്ട് ബാക്കി ഉള്ളതില്‍ ഒന്നും ചെയ്യാന്‍ പോയില്ല....
എന്നിട്ട് അത് പോലെ പാക്കറ്റില്‍ ഇട്ടിട്ടു നേരെ അവന്മാരുടെ മുറിയിലേക്ക് പോയി....
സ്പെഷല്‍ സിഗരറ്റിനു ഇച്ചിരി ചളുക്ക് ഉള്ളത് കൊണ്ട് എനിക്ക് പെട്ടെന്ന് തിരിച്ചറിയാം....
നേരെ ചെന്നിട്ട് ഞാന്‍ പറഞ്ഞു:”എന്റെ ഫോണ്‍ താ...”
അവന്മാര്‍:”നീ സിഗരറ്റ്  താ...”
ഞാന്‍:”സിഗരറ്റ്‌ കാണിക്കാം...അന്നാരം ഫോണ്‍ തരണം...അന്നാരം സിഗരറ്റ്  നിങ്ങടെ കയ്യില്‍ തരാം...ok ??.”

പക്ഷെ അവന്മാര്‍ സമ്മതിച്ചില്ല....അവസാനം ഞങ്ങള്ക്ക് പൊതു സമ്മതനായ ഒരുവന്റെ കയ്യില്‍ സിഗരറ്റും ഫോണും ഏല്പിച്ചു...അവന്‍ തട്ടി എടുത്ത മുതലും മോച്ചനദ്രവ്യവും കൈമാറി....
ഞാന്‍ സസൂക്ഷ്മം വീക്ഷിച്ചു....അവന്മാര്‍ ഇപ്പം കത്തിക്കും....
എപ്പോളും ഉള്ളത് പോലെ ഒരെണ്ണം കത്തിക്കും അത് എല്ലാവന്മാരും കൂടി വലിച്ചു തീര്ക്കും ...അതിനു ശേഷം അടുത്തത്....അങ്ങനെ ആണ്....
പക്ഷെ അവന്മാര്‍ സ്പെഷല്‍ ആണോ എടുത്തത്‌ എന്ന് ദൂരെ നിന്ന് അറിയാന്‍ പറ്റുന്നില്ല ....
ഞാന്‍ ഏതായാലും കുറച്ചു മാറി  വാതിലിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു "ചീട്ട്കളി കാണാൻ" എന്ന ലുക്കിൽ നിന്നു ....ഒരു “അപകടം” ഉണ്ടായാല്‍ ഒടണമല്ലോ...യേത്....


ടിംഗ് ടിംഗ്.....ടിംഗ് ടിംഗ്.....ടിംഗ് ടിംഗ്....


ഞാന്‍ ആകാംക്ഷാ ഭരിതനായ്‌ കാത്തിരുന്നു..എസ.എസ.എല്‍.സി പരീക്ഷേടെ രിസല്ടിനു പോലും ഞാന്‍ ഇങ്ങനെ കാത്തിരുന്നിട്ടില്ല..
മണിക്കൂറുകള്‍ കടന്നു പോകുന്നു...ഞാന്‍ പെടുക്കാന്‍ പോലും പോവാതെ കാത്തിരുന്നു.....


ഠണ്ടടെൻ !!!!!

അവര്‍ നായകനെ പൊക്കി....
ഒരുത്തന്‍ ചുണ്ടില്‍ വച്ചു ........

കത്തിച്ചു........
ഞാന്‍ ഒന്നൂടി എണീറ്റ്‌ മൂരി ഒക്കെ നിവർത്തി ഒരു DEEP BREATH ഒക്കെ എടുത്തു  തയാറായ്‌.....ഇപ്പം ഓടാനുള്ള വെടി പൊട്ടും......
കോറിഡോർലേക്ക് ഒന്ന് നോക്കി....തടസങ്ങള്‍ ഒന്നും ഇല്ല....


ഒരുത്തന്‍ ആഞ്ഞു വലിച്ചു ഒരു പഫ് എടുത്തു.....
“ഫൂ.......”
അവന്‍ വിട്ട പുക അന്തരീക്ഷത്തില്‍ ഉയര്ന്നു .......


എന്റെ നെഞ്ചിടിപ്പ് കൂടി......രക്തയോട്ടം വര്ധിച്ചു.....
ഹോസ്പിറ്റലിൽ ഇഞ്ചക്ഷന്‍ എടുക്കാന്‍ പോകുമ്പോള്‍ ഉള്ള അതേ വികാരം......


അടുത്തവന് കൈമാറി.....
അവനും വലിച്ചു.................വിട്ടു......
മൂന്നാമാത്തവന്‍.........വലിച്ചു...............വിട്ടു..........


കോളേജിൽ പഠിച്ച പ്രോബബിളിറ്റി തിയറി പ്രകാരം ഇനി  റിസ്ക്‌ കൂടുതല്‍ ആണ്...........

നാലമത്തവന്‍
ആഞ്ഞു ഒരു വലി.......
“ഭുശും...” തീപ്പെട്ടിടെ മരുന്ന് ആളി അങ്ങ് കത്തി......ഒരു പൂത്തിരി കത്തുന്ന ഒച്ചയും കേട്ട്...
“അയ്യോ.....”വലിച്ചവന്‍ കൂവി....കൂടെ എന്താ സംഭവിച്ചത് എന്ന് പിടികിട്ടാത്ത സഹ വലിയന്മാരും ഞെട്ടി...

എല്ലാം വളരെ പെട്ടെന്നായിരുന്നു........
“ഭു ഹ ഹ ഹ ഹ ഹാ....” കിളി പോവാതിരുന്ന ഞാന്‍ മാത്രം  അലറി ചിരിച്ചു.....
അടുത്തിരുന്നവന്മാര്ക്ക് പോലും ഒന്നും പിടി കിട്ടിയില്ല...അന്നരം പിന്നെ ഇങ്ങനെ സംഭവിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ ഉള്ളിലേക്ക് പോകുന്ന പൊകയെ മനസ്സില്‍ കണ്ടു ആഞ്ഞു വലിച്ച അവനു വല്ലതും പിടികിട്ടുവോ?


പക്ഷെ പണി ഇച്ചിരി പാളി....
ക്ളൈമാക്സ് വലിയന്റെ മീശ,പുരികം,കണ്പീലി ആന്ഡ്‌ മുന്നിലേക്ക്‌ വീണു കിടന്നിരുന്ന അത്യാവശ്യം കുറച്ചു മുടി.....ഇവ ചാരമായി മാറി.......അവ ചെമ്മരിയാടിന്റെ രോമം പോലെ ചുവന്നു ചുരുണ്ട് കിടന്നു....


ഒരു അഞ്ചു സെക്കന്റിനുള്ളില്‍ എല്ലാവര്ക്കും കാര്യം പിടി കിട്ടി...അത് പിടികിട്ടാന്‍ എന്റെ ചിരി ഒരു Catalystന്റെ സഹായം ചെയ്തു......

അവര്ക്ക് പിടി കിട്ടി എന്ന് എനിക്ക് പിടി കിട്ടി......പിന്നെ എന്നെ പിടികിട്ടാതിരിക്കാന്‍ ഞാന്‍ ഓടി......
ഫസ്റ്റ് ഫ്ലോറില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിന്റെ ഇടയിലെക്കുള്ള ലാന്റിങ്ങില്‍ ഞാന്‍ ചാടി.....പിന്നെ കണ്ട വഴികളിലൂടെ ഒക്കെ ഞാന്‍ ഓടി.......
പുറകീന്നു വരുന്നവന്മാര്‍ ഒക്കെ കൂവാന്‍ തുടങ്ങി


“എടാ...പിടിയെടാ ആ.......$#$#@$$$$ നെ”

ഞാനും ചുമ്മാ മുന്നോട്ടു നോക്കി കൂവി “ഡാ നില്ലെടാ...പിടിയെടാ അവനെ”
അപ്പോള്‍ കണ്ടു നിന്നവര്ക്ക് തോന്നി..ഞാനും എന്റെ പുറകില്‍ ഉള്ളവന്മാരും കൂടി ആരെയോ ഓടിക്കുവാണെന്ന്......
എനിക്കുള്ള പ്ലസ്‌ പോയിന്റെന്താന്നു വച്ചാ കടയിൽ പോവാൻ വേണ്ടി ഞാൻ പാന്റ്സ് ആണ് ഇട്ടിരുന്നത് ........പക്ഷെ അവന്മാര്‍ ലുങ്കി മാത്രമാ.........പിന്നെ ട്രാന്സ്പെര ന്റ്റ്‌ അന്തര്‍ ദേശീയം...എന്ന് വച്ചാ ഉള്ളിൽ ഒന്നും ഇല്ല ശുദ്ധ ശൂന്യം ..


അപ്പൊ ഒരു പരിധി വിട്ടു ഓടാന്‍ പറ്റില്ല.....
ഓടുന്നതിനിടയിലും ഒരു കാര്യം എനിക്ക് ഉറപ്പാണ്...തിരിച്ചെത്തുമ്പോള്‍ ഒരു പണി കിട്ടും....പക്ഷെ ഈ ചൂടോടെ കിട്ടുന്നതിനു ഒരു സുഖവും കാണില്ല...
അവസാനം ഞാന്‍ തളര്ന്നു ....അവന്മാരും തളര്ന്നപ്പോള്‍ ഞാന്‍ നിന്ന്....
ഞങ്ങള്‍ നിന്ന് കിതച്ചു.......
ഞാന്‍ പറഞ്ഞു:”അളിയാ....എന്റെ ഫോണ്‍ അടിച്ചു മാറ്റിയോണ്ടാല്ലേ ഞാന്‍ അങ്ങനെ ചെയ്തെ.....ഇനി ചെയ്യില്ല....പ്ലീസ്‌...എന്നെ ഒന്നും ചെയ്യരുത്‌”
ഞാന്‍ അവന്മാരുടെ അടുത്തേക്ക് പോവാതെ വിളിച്ചു പറഞ്ഞു.....



സ്നേഹമുള്ള അവന്മാര്‍ എന്നോട് ക്ഷമിച്ചു....പിന്നെ ഞങ്ങള്‍ തോളത് കയ്യിട്ടു ഒരുമിച്ചു പാട്ടും പാടി റൂമിലേക്ക്‌ പോയി.......
(ഈ കഥയില്‍ രണ്ടു വരികള്‍ ഞാന്‍ എഴുതിയത് കള്ളം ആണ്.....അത് ഏതാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല...)