Monday, October 25, 2010

കയ്യെത്തും ദൂരത്തൊരു മുറുക്കി തുപ്പ്


യൗവ്വനം....
ഒന്നൂടി റിവൈൻഡ് ചെയ്‌താൽ ബാല്യം.....
അല്പം കൂടി ഒന്ന് back arrow ഞെക്കി പിന്നോട്ട് പോയാൽ ആണ് ജീവിതത്തിലെ ഏറ്റവും സുഖകരമായ കാലഘട്ടം....
ശൈശവം!!!!!! ആഹാ അന്തസ്സ്

ഉറക്കമുണര്‍ന്നാല്‍ പിന്നെ പൊതുവേ പൊടി കുഞ്ഞുങ്ങളുടെ മെയിന്‍ പരുപാടി ഹൈ ഫ്രീക്വന്സിയില്‍ ഉള്ള കീറ്റല്‍ ആണ്...അതിപ്പോ പ്രത്യേകിച്ച് കാരണം ഒന്നും വേണം എന്നില്ല....ചിലപ്പോ പാലിന് വേണ്ടി ആവും,അത് കിട്ടി കഴിഞ്ഞാല്‍ ഒരു ദഹന പ്രക്രിയ കിട്ടാന്‍ വേണ്ടി ആവും...അതുമല്ലെങ്കില്‍ തോളത്തു എടുത്തുപുറത്തു തട്ടി പാല് കുടിച്ചപ്പോള്‍ ഇന്ബോക്സില്‍ കയറിയ സ്പാം മെയിലുകളെ ഗ്യാസ്‌ രൂപത്തില്‍ ഡിലീറ്റ്‌ ചെയ്യിക്കാന്‍ ആയിരിക്കാം..സൈക്കിൾ ബ്രാൻഡ് അഗർബതിയുടെ ടാഗ് ലൈൻ പോലെ "കരയാൻ കുഞ്ഞുങ്ങൾക്ക് ഓരോ കാരണങ്ങൾ"...എന്തരായാലും കരച്ചിൽ മസ്റ്റാണ്.
പക്ഷെ അവരില്‍ നിന്നൊക്കെ വിഭിന്നന്നായ്‌...അവർക്കൊക്കെ ഒരു മാതൃകാ പൈതലായ്‌ ലവന്‍ ഭൂമിയില്‍ ഒരു റസിഡന്റ് വിസ എടുത്തു......മറ്റാരുമല്ല...ഈ ഞാന്‍...(മോനാരാ ഞാന്‍ )

കരയാതിരിക്കുന്ന കുഞ്ഞു എന്ന് പറയുമ്പോള്‍ മിക്കവാറും എല്ലാവരും കരുതും...ലവന് കാര്യമായി എന്തരോ പ്രശ്നമുണ്ട് എന്ന്...പക്ഷെ സംഭവം അതൊന്നുമല്ല....ആദ്യ കാലങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ ഒരു ഒന്നൊന്നര കട്ടയില്‍ സംഗതി ഒക്കെ ഇട്ടു നല്ല രീതിയില്‍ കാറി കൊണ്ടിരുന്ന ഞാന്‍, പണ്ടൊരു ദീപാവലിയ്ക്ക് കൊച്ചാപ്പ റോക്കറ്റു പടക്കത്തിൽ നിന്നും ഒഴിഞ്ഞു മാറിയതിലും സ്പീഡില്‍ നിലവിളി ഉപേക്ഷിക്കാന്‍ കാരണം, എൻ്റെ വല്ലീമിച്ച ആണ് ..(റോക്കറ്റു കഥ പിന്നീട് എഴുതാം)
എൻ്റെ മാസ് എൻട്രിക്ക്  മുമ്പേ ഭൂമിയില്‍ മെമ്പര്‍ഷിപ് എടുത്ത വല്ല്യമാമാടെ മോന്‍ (വല്ല്യ അളിയന്‍) മൂപ്പരുടെ ഉമ്മയുടെയും വാപ്പായുടെയും കുടുംബക്കാരുടെ ജീനില്‍ നിന്നും നല്ല വെളുവെളാ വെളുത്ത നിറവും കൂടി അടിച്ചു മാറ്റി ആണ് ഇമ്മിഗ്രേഷന്‍ ക്ലിയറന്സും കടന്നു ഭൂമിയില്‍ എൻട്രി ആയതു ..... എനിക്ക് പക്ഷെ ഒരു സാവകാശം കിട്ടിയില്ല....സ്വർഗ്ഗലോകത്തു സകല മാന തരികിടയും കാട്ടി നടന്ന എന്നെ
“ യെവനെ ആരേലും ഒന്ന് കൊണ്ട് പോകാമോ..” എന്ന് പറഞ്ഞു ഭൂമിയില്‍ അവതരിപ്പിക്കാനുള്ള പേപ്പറുകള്‍,അള്ളാഹു ശരി ആക്കുന്നതിനിടയില്‍ .......കയ്യില്‍ കിട്ടിയ, ഞാന്‍ പൊന്ന് പോലെ സൂക്ഷിച്ചു വച്ചിരുന്ന, മ്മടെ സ്ഥാവരജംഗമങ്ങൾ ആയ കുരുത്തകേടുകള്‍ അടക്കമുള്ള കിടുപിടികൾ  എടുത്തു ധൃതഗതിയില്‍ പായ്ക്ക് ചെയ്യുന്നതിനിടയില്‍ ജീനും നിറവും ഒന്നും എനിക്ക് പ്രശ്നമാവില്ല എന്ന് കരുതി ആ സൈഡിലോട്ടു ഞാന്‍ നോക്കിയതെ ഇല്ല.....
ജനിച്ചു വീണപ്പോള്‍ എനിക്ക് മനസ്സിലായ്‌ ''മോനെ മുട്ടൻ പണി കിട്ടി'' ...എന്ന് .....
മഴു പോയ വിറകു വെട്ടുകാരന് മൂന്ന് മഴുകള്‍ കൊടുത്ത ജല ദേവതയെ പോലെ പിരിഞ്ഞു പോകുന്നതിനുള്ള സന്തോഷ സൂചകമായി അല്ലാഹു എനിക്ക് ഒരു കോംപ്ലിമെന്ററി ഗിഫ്ട് എന്നോണം വാപ്പാടെ മുന്‍ തലമുറക്കാരുടെ കളര്‍ നല്കി്....[വാപ്പാടെ വെളുപ്പ്‌ കളര്‍ എങ്കിലും തന്നിരുന്നെങ്കില്‍ ഞാന്‍ ഹാപ്പി ആയേനെ :( ]
അങ്ങനെ കറുപ്പ് ആണോ എന്ന് ചോദിച്ചാല്‍ അല്ല...വെളുപ്പ് ആണോ എന്ന് ചോദിച്ചാല്‍ ഏയ്‌ ഒരിക്കലുമല്ല...എന്ന ഉത്തരം കിട്ടുന്ന ഒരു തരം ഡ്യുവല്‍ ടോണുമായ് ഞാന്‍ റിലീസ്‌ മേടിച്ചു....

സ്വാഭാവികമായുള്ള കരച്ചില്‍ നല്ല അന്തസായി ആലപിച്ചു കൊണ്ടിരുന്ന കാലം...ചുമ്മാ ബോറടിച്ചാല്‍ വരെ ഞാന്‍ കിടന്നു കൂവും..
ഇടയ്ക്കിടയ്ക്ക് എണ്ണ തേപ്പിച്ചു ചെറു ചൂട് വെള്ളത്തിലുള്ള കുളിപ്പിക്കലും ,...പാല് കുടിക്കാന്‍ വേണ്ടി മാത്രം ഉണരലും...പാല് കുടിച്ചാല്‍ ഉറങ്ങുന്നത് വരെ ഉള്ള കീറലും...കുളിപ്പിക്കുമ്പോള്‍ ദേഷ്യം കൊണ്ടുള്ള കീറലും അങ്ങനെ എന്ന് വേണ്ട..ഫുള്‍ സ്വിങ്ങില്‍ ഞാന്‍ ലൈഫ്‌ എഞ്ചോയ് ചെയ്തു നടന്നിരുന്ന കാലം.....
വല്ല്യളിയനെ കുളിപ്പിക്കുന്ന കോൺട്രാക്ട് ഏറ്റെടുത്ത വല്ലീമിച്ച...ഒരു ഓഫര്‍ എന്നോണം എന്നെയും കുളിപ്പിക്കും എന്ന പ്രഖ്യാപനം നടത്തി....
മിച്ചയും സഹോദരങ്ങളും ഉള്‍പെടുന്ന 6 എണ്ണത്തിനെ പോറ്റി എക്സ്പീരിയന്സ് നേടിയ വല്ലീമിച്ച...ന്യു ജനറേഷനിൽ (അന്തക്കാലത്തെ ന്യൂ ജനറേഷൻ ) ഉൾപ്പെടുന്ന  അളിയനെയും കുളിപ്പിക്കുന്നു...അപ്പൊ പിന്നെ എന്നെയും കുളിപ്പിക്കാന്‍ വല്ലീമിച്ച കഴിഞ്ഞേ  ഉള്ളു ആരും  എന്ന സ്ഥിതി വന്നു...
പക്ഷെ...അത് ഒരു ഒന്നൊന്നര തീരുമാനമാരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്‌.....
വല്ല്യളിയനെ അഞ്ചു മിനുറ്റ് കൊണ്ട് കുളിപ്പിച്ചിരുന്ന വല്ലീമിച്ച.. എന്നെ കുളിപ്പിക്കാന്‍ ഒരു അര മണിക്കൂറെങ്കിലും എടുക്കും....
എൻ്റെ മിച്ചയോ വാപ്പാടെ ഉമ്മയോ ആരെങ്കിലും ഒക്കെ ആയിരുന്നെങ്കിൽ ഒരു അഞ്ചു മിനിറ്റിനുള്ളിൽ നീരാട്ട് കഴിഞ്ഞു ഷെഡിൽ കയറിയിരുന്ന എനിക്ക് ഇത് വന്‍ അടിയായ്....അത് മാത്രവുമല്ല...ചെറിയ കറുപ്പ് നിറമുള്ള എന്നെ,വല്ലീമിച്ച ആദ്യമേ എണ്ണ ഒക്കെ പുരട്ടി മാഗ്നെറ് ചെയ്തു വച്ചിട്ട് കുറെ നേരത്തിനു ശേഷം ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ ഇഞ്ചയും മറ്റു ഐടംസും ഒക്കെ വച്ച് ആശാരി തടി ചിന്തേര് ഇടുന്ന രീതിയില്‍ ഉരച്ചു കുളിപ്പിക്കും....ഇങ്ങനെ കുളിപ്പിച്ചില്ലെങ്കിൽ, പിന്നെ അന്നത്തെ രീതിയിലുള്ള തീറ്റയും കൂടി തുടര്‍ന്ന് അവസാനം ഞാന്‍ ഒരുമാതിരി ടാർ വീപ്പയ്ക്ക് ഒന്നൂടി  ജപ്പാന്‍ ബ്ലാക്ക്‌ അടിച്ച മാതിരി ഉള്ള ഒരു രൂപത്തിൽ ആയി പോകും എന്ന് ഭയന്നിട്ടാണോ എന്തോ...
എന്തായാലും എൻ്റെ "കാറല്‍" അതിൻറെ  "മാക്സിമം" ആയി മാറുന്ന ഒരു സമയമായി കുളി സമയം മാറി.....
അങ്ങനെ വന്നു വന്നു പകല്‍ ഉണർന്നിരുന്നാല്‍ ഞാന്‍ കരയുന്ന പരുപാടി നിർത്തി  ...വേറൊന്നുമല്ല..ഏതായാലും ചെമ്പൈ സംഗീതോത്സവത്തിന്(കുളി) പോകണം..ഉള്ള എനർജി ഇപ്പോഴേ കളയണോ ..എന്ന് കരുതി കരച്ചിലുകള്‍ ഞാന്‍ ശേഖരിച്ചു വച്ചിട്ട് കുളി ടൈമില്‍ മാത്രമായി ക്രമീകരിച്ചു....

അങ്ങനെ പകൽ സമയത്തു  കുഞ്ഞിനെ കാണാൻ വരുന്ന ആളുകൾ ചുറ്റും നിൽകുമ്പോൾ പോലും കഴിയുന്നത്ര കണ്ണും പൂട്ടി , ഇനി ട്രമ്പ് വന്നാലും ഉണരില്ല' എന്ന ലൈനിൽ ഉറങ്ങുകയും,  ആർക്കും എടുത്തൊന്നു ലാളിക്കാൻ അവസരം കൊടുക്കാതിരിക്കുകയും, രാത്രി ആയാൽ എല്ലാവരും കണ്ണിൽ ഉറക്കം പിടിച്ചു എന്ന് മനസ്സിലായാൽ 'മേരെ പ്യാരേ ദേശവാസിയോം'' എന്ന ലൈനിൽ ആളുകളെ ഞെട്ടിച്ചും ഞാൻ സുഖലോലുപൻ ആയി ജീവിച്ചു.. ഉറങ്ങുന്ന കുഞ്ഞിനെ ഉണർത്തി കൊണ്ടുപോയി കുളിപ്പിക്കാൻ സാധ്യത ഇല്ല എന്നൊരു 'ലോജിക്'എങ്ങനെയോ മ്മക്ക് കിട്ടി. .എത്രയും പെട്ടെന്ന് വലുതാവണം ഇല്ലേല്‍ എന്റെ ചീട്ടു കീറും എന്ന് ഉത്തമ ബോധ്യമുള്ളതു പോലെ ചിന്താമാഗ്നനായ്‌ ഇരിക്കാന്‍ തുടങ്ങി....വരുന്നവരെയും പോകുന്നവരേയും ഒന്നും മൈന്ഡ് ചെയ്യത്തില്ല...കാരണം അവര്‍ എങ്ങാനും എടുത്ത് ലാളിച്ചാല്‍ ..എനിക്ക് വല്ല മുന്തിരി നീരോ വെള്ളമോ വല്ലതും തീറ്റിച്ചാല്‍ എനിക്ക് അതിനെ "ഡൌൺലോഡ്" ചെയ്യണമെന്നു തോന്നിയാല്‍ ഒരു റെഗുലര്‍ കുളിക്ക് പകരം രണ്ടോ മൂന്നോ ഒക്കെ കുളിക്കണ്ടി വരും...
അങ്ങനെ വന്‍ പ്ലാനിങ്ങില്‍ (അന്നെ ഞാന്‍ പ്ലാനിങ്ങുകാരനാ...മോനാരാ ഞാന്‍!!!!) ജീവിതം ഉന്തി നീക്കി....
വിധിയുടെ വിളയാട്ടതിനേക്കാള്‍ ഉപരി,വല്ലീമിച്ചയുടെ ഉരച്ചു കുളിപ്പിക്കലിന്റെ ഫലമായ്‌..കണ്മഷി നിറം ആവേണ്ട ഞാന്‍ അങ്ങനെ ആയില്ല.....അല്പം വെളുപ്പിനോടടുത്തുള്ള ഒരു നിറം കിട്ടി......
(വീട്ടിലെ സീനിയർ മെംബേർസ്  ഒക്കെ പറഞ്ഞു കേട്ടിട്ടുള്ള അറിവ് വച്ച് അല്പം മസാല ഒക്കെ പുരട്ടി എഴുതിയതാണ് ഇത്രയും)

ഇത് ഇപ്പോള്‍ എഴുതാനുണ്ടായ കാരണം വേറൊന്നുമല്ല....
ഒരിക്കൽ ഞാൻ വാമഭാഗവുമായി തിരുവനന്തപുരതൂന്നു കൊല്ലത്തേക്ക് വരുന്ന വഴിയില്‍..ഇടയ്ക്ക് വച്ച് ഒന്ന് നടുവ് നിവർത്താനായി വണ്ടി ഹൈവേ സൈഡിൽ വണ്ടി നിർത്തി ഒന്ന് ഇറങ്ങിയ നേരത്തു ..ഹൈവേയിലൂടെ ചീറി പാഞ്ഞു പോയ ഒരു കെ.എസ.ആര്‍.ടി.സി ബസ്സില്‍ നിന്നും,ഏതാണ്ട് എക്സ്പയറി ഡേറ്റ്   കാത്തിരിക്കുന്ന ഒരു മൂപ്പിലാന്‍..വായില്‍ കിടന്ന മുറുക്കാന്‍ സകലമാന രക്തം കഫം മലം മൂത്രം ഉൾപ്പടെ അടിവേര് മുതൽ കാറി ഒരു ......“.....ധുഫൂ......” എന്നൊരു സൌണ്ട് പുറപ്പെടുവിച്ചു കൊണ്ട് ഒരു തുപ്പ് തുപ്പി..(വൃത്തികെട്ടവന്‍)...അത് വന്നു വീണതോ...മൂരി നിവർത്തിക്കൊണ്ട്..'ഊ ....ഉം.....” എന്നും പറഞ്ഞു നിന്ന എൻ്റെ വലതു ഭാഗത്ത് (വിത്ത് ingredients)‌...
”ഫുൾ സ്ലീവ് ഷർട്ട് കൈ മടക്കി വയ്ക്കുന്നതാ ഇക്കായ്ക്ക് ചേർച്ച ..” എന്ന് പറഞ്ഞു,ഭാര്യാജി ‌ എന്നെ കൊണ്ട് കൈ മടക്കിപ്പിച്ചു വച്ചിരുന്നത് കൊണ്ട് ആ ലോഡ് കൃത്യമായി കയ്യിലും ഷിർട്ടിലുമായി ഇറങ്ങി ..

‘ഇതിനു വേണ്ടിയാണ് മകളേ ,,ഞാന്‍ ഇവിടെ തന്നെ വണ്ടി നിർത്തിയത് ....’ എന്ന ഒരു ഭാവവുമായി ഞാന്‍ വണ്ടിയിൽ ഇതൊന്നും അറിയാതെ ഇരുന്ന ഭാര്യയെ നോക്കി..
 കുപ്പിയും വെള്ളവും മേടിച്ചു കൈ കഴുകി....ഒരു മനപ്രയാസം മാറാനായി അകത്തു കയറി ഷർട്ട് ഊരി ബന്യന്‍ ഇട്ടു കൊണ്ട് വണ്ടി ഓടിക്കാന്‍ തുടങ്ങി. ബന്യനിൽ ചുവപ്പു കറയും വെള്ളവും കണ്ടു കക്ഷി കാര്യം തിരക്കി :”എന്താ ഇക്ക എന്ത് പറ്റി..”
ഞാന്‍ : “ഒന്നുമില്ല വെറ്റില വീണതാ ...”
ഭാര്യ : " പിന്നെ !!! ചുമ്മാ പറ്റിക്കാൻ!!! വെറ്റിലയ്ക്ക് പച്ച നിറമല്ലേ..ഇത് ചുവപ്പ് ആണല്ലോ "
ഞാൻ: " കൂടെ ചുണ്ണാമ്പും ഉണ്ടായിരുന്നു.അത് മിക്സ് ആവുമ്പം ചുവപ്പ് കളർ വരും ."
ഭാര്യ : "അതിനു ഇക്ക ഇതൊക്കെ എവിടെ നിന്ന് മിക്സ് ചെയ്തു വാങ്ങി ?"
ഞാൻ : "കുറച്ചു മുന്നേ പാസ് ചെയ്തു പോയ ബസ്സിലെ ഒരമ്മാവൻ മിക്സ് ചെയ്തു തന്നു"
മൂപ്പത്തിയ്ക്ക് ഒരു പിടിയും കിട്ടിയില്ല ...അവസാനം കാര്യങ്ങൾ വിശദമായി പറഞ്ഞു  കൊടുത്തു
അപ്പോഴാണ് പുള്ളിക്കാരിക്ക് സംഭവം പിടികിട്ടിയത്.....കക്ഷി ചിരിയോടു ചിരി.....അങ്ങ് വീടെത്തുന്നത് വരെ....
അങ്ങനെ ഒരു വിധം വീട്ടിലെത്തി.'..ഷർട്ടും പാൻറ്സും ഇട്ടു രാവിലെ പോയ ഞങ്ങടെ മരുമഹനെ !!...നിനക്കിത് എന്തോ പറ്റി..'..എന്നും പറഞ്ഞുള്ള ഭാര്യാമാതാവിന്റെ ഒരു ഇമോഷണൽ വയലൻസ് സീന്‍ കാണണ്ടാ എന്ന് കരുതി ഞാന്‍ ഷർട്ട് ഇട്ടു കൊണ്ട് പുറത്തിറങ്ങി നേരെ ഓടി റൂമില്‍ പോയി ഷർട്ട് ‌ ഊരി വലിച്ചെറിഞ്ഞിട്ട് കൈ കഴുകാന്‍ തുടങ്ങി....
എത്ര മണത്തു നോക്കിയിട്ടും എന്ത്രോക്കെ സോപ്പും ഷാമ്പുവും ഒക്കെ ഇട്ടിട്ടും എനിക്ക് ആ മുറുക്കാന് മണം മാത്രമേ കിട്ടുന്നുള്ളൂ ..
അന്നരമാണ് ഫാര്യാജി ഒരു ബുദ്ധിയുമായി എത്തിയത്..”ഇക്ക..ഞാന്‍ ഒരു ചകിരിയും ആയി വരാം എന്നിട്ട് കൈ ഉരച്ചു കഴുകി തരാം...അന്നരം വൃത്തി ആവും" എന്ന്...
ഞാന്‍ സമ്മതിച്ചതിന്‍ പ്രകാരം ഒരു രണ്ടു മൂന്നു മിനുറ്റ് കഴിഞ്ഞപ്പോള്‍ കക്ഷി വന്നു..മുപ്പത്തി തന്നെ  സോപ്പോ ശംപൂവോ ഏതാണ്ട് വച്ച് എൻ്റെ തോളിൽ ഒരു ഉര ഉരച്ചപ്പോള്‍ എനിക്ക് വന്‍ നോസ്ടാല്ജിയ...പണ്ട് വല്ലീമിച്ച കുളിപ്പിചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതെ വേദന....
അവസാനം വേദന കൊണ്ട്  സഹി കെട്ടു ഞാന്‍ നോക്കിയപ്പോള്‍ കക്ഷിയുടെ കയ്യില്‍ നല്ല ഒന്നാന്തരം പ്ലാസ്ടിക്കിന്റെ സ്ക്രബ്ബര്‍ ...."Scotch Brite " പാത്രം കഴുകുന്നതു. ഹെൻറെ പൊന്നോ !!!!...
ഹോ ഇതിലും ഭേദം അത്രയും ഭാഗത്തെ തൊലി അങ്ങ് ചെത്തി കളയുന്നതാരുന്നല്ലോഡേയ്" ...ഹൗവെവർ നേരത്തെ ഉണ്ടാരുന്ന ആ ഉളുമ്പ് നാറ്റം മാറി കിട്ടി...

ഇയ്യിടെ വീട്ടിലേക്കു സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ മെറ്റൽ സ്ക്രബ്ബർ വാങ്ങുന്നത് കണ്ടപ്പോ പെട്ടെന്ന് ഞാൻ ഓർത്തു  'ഇനി നോക്കിയും കണ്ടും വേണം നാട്ടിൽ ഒക്കെ റോഡ് സൈഡിൽ നിൽക്കാൻ പ്ലാസ്റ്റിക് അല്ല, മെറ്റൽ സ്ക്രബ്ബർ ആണ് കയ്യിൽ ഉള്ളത് ...തമ്പുരാനെ..ഇനി മുഖതെങ്ങാനും തുപ്പ് കിട്ടിയാല്‍ ഞാൻ തീർന്നെടാ ഞാൻ തീർന്ന് ..........

No comments: